'നഗരത്തില്‍ വേറെ എവിടെയെങ്കിലും ആശുപത്രിയില്‍ പോകാൻ ഞങ്ങള്‍ക്ക് പേടിയാണ്. എങ്ങനെയായിരിക്കും ഇവിടങ്ങളിലെ അനുഭവമെന്നത് പ്രവചിക്കാൻ സാധിക്കില്ല. ഡോക്ടര്‍മാരാണെങ്കില്‍ പോലും ലൈംഗികത്തൊഴിലാളി ആണെന്ന് മനസിലാക്കിയാല്‍ പിന്നെ മറ്റൊരു രീതിയിലാണ് പെരുമാറുക. പ്രധാനമായിട്ടും ഭയങ്കര വേര്‍തിരിവാണ് ഞങ്ങള്‍ നേരിടുക...'- ഇവിടെ താമസിക്കുന്ന ലൈംഗികത്തൊഴിലാളിയായ ഒരു സ്ത്രീ പറയുന്നു.
സമൂഹത്തില്‍ പലപ്പോഴും ഏറെ വേര്‍തിരിവ് നേരിടുന്നൊരു വിഭാഗമാണ് ലൈംഗിക തൊഴിലാളികള്‍. എല്ലായ്പോഴും സദാചാര വിചാരണകള്‍ നേരിടുകയും മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്നു എന്നതിനാല്‍ തന്നെ സാധാരണനിലയില്‍ വ്യക്തികള്‍ വിനിയോഗിക്കുന്ന പല അവകാശങ്ങളും നേടിയെടുക്കുന്നതിന് ഇവര്‍ നിത്യേന പ്രയാസമനുഭവിക്കുന്നു.
ഇക്കൂട്ടത്തില്‍ ഇവര്‍ നേരിടുന്ന വലിയൊരു പ്രശ്നമാണ് ചികിത്സ. ലൈംഗികത്തൊഴിലാളികളോടുള്ള തൊട്ടുകൂടായ്മയുടെ ഒരു കാരണം, ഇവരില്‍ ഏതെങ്കിലും വിധത്തിലുള്ള ലൈംഗികരോഗങ്ങള്‍ കണ്ടേക്കുമെന്ന ആശങ്ക തന്നെയാണ്. എന്നാല്‍ ലൈംഗികത്തൊഴില്‍ ചെയ്യുന്നുവെന്നത് മൂലം ഇത്തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധമില്ല.
ആരോഗ്യപ്രവര്‍ത്തകര്‍ പോലും ഇങ്ങനെ ഇവരെ മാറ്റിനിര്‍ത്താറുണ്ട്. അതിനാല്‍ തന്നെ ഇവര്‍ക്ക് വേണ്ടി മാത്രമായുള്ള ചികിത്സാകേന്ദ്രങ്ങള്‍ ഏറെക്കാലമായി ഉയര്‍ന്നുകേള്‍ക്കുന്ന ആവശ്യങ്ങളിലൊന്നാണ്. ഇപ്പോഴിതാ ദില്ലിയില്‍ അങ്ങനെയൊരു ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്.
ദില്ലിയില്‍ റെഡ്‍ലൈറ്റ് ഏരിയയില്‍- ജി ബി റോഡിലായാണ് ക്ലിനിക് പുതുവര്‍ഷപ്പിറവി ദിനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. 'സേവാഭാരതി'യും 'ഉത്കര്‍ഷ്' ഉം സംയുക്തമായാണ് ക്ലിനിക്കിന് തുടക്കമിട്ടിരിക്കുന്നത്.
ധാരാളം ലൈംഗികത്തൊഴിലാളികളുള്ള ഇടമാണ് ജിബി റോഡ്. ഒരുപാട് ബ്രോത്തലുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഏതാണ്ട് ആയിരത്തിലധികം ലൈംഗികത്തൊഴിലാളികള്‍ ഇവിടെ കഴിയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
'നഗരത്തില്‍ വേറെ എവിടെയെങ്കിലും ആശുപത്രിയില്‍ പോകാൻ ഞങ്ങള്‍ക്ക് പേടിയാണ്. എങ്ങനെയായിരിക്കും ഇവിടങ്ങളിലെ അനുഭവമെന്നത് പ്രവചിക്കാൻ സാധിക്കില്ല. ഡോക്ടര്‍മാരാണെങ്കില്‍ പോലും ലൈംഗികത്തൊഴിലാളി ആണെന്ന് മനസിലാക്കിയാല്‍ പിന്നെ മറ്റൊരു രീതിയിലാണ് പെരുമാറുക. പ്രധാനമായിട്ടും ഭയങ്കര വേര്‍തിരിവാണ് ഞങ്ങള്‍ നേരിടുക...'- ഇവിടെ താമസിക്കുന്ന ലൈംഗികത്തൊഴിലാളിയായ ഒരു സ്ത്രീ പറയുന്നു.
ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് വേണ്ടി മാത്രമായി ഒരു ക്ലിനിക് വരുന്നുവെന്നത് ഇവരെ സംബന്ധിച്ച് ഏറെ സന്തോഷമുണ്ടാക്കുന്നത് തന്നെയാണ്. ലൈംഗികത്തൊഴിലാളികള്‍ക്ക് മാത്രമല്ല, ഇവരുടെ വീട്ടുകാര്‍ക്കും ക്ലിനിക്കില്‍ ചികിത്സ തേടിയെത്താം. ഏഴ് ഡോക്ടര്‍മാരാണ് തുടക്കത്തില്‍ ക്ലിനിക്കിലുണ്ടാവുക.
'ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്ന- മാറ്റിനിര്‍ത്തപ്പെടുന്ന ഒരു വിഭാഗത്തിന് പരിഗണന ഉറപ്പാക്കിക്കൊണ്ട് ഈ വര്‍ഷം തുടങ്ങുകയെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതുകൊണ്ടാണ് ഇത്തരമൊരു ആശയത്തിലേക്ക് തന്നെയെത്തിയത്. ഈ ഭാഗത്ത് ഇത്തരമൊരു ക്ലിനിക് തുടങ്ങുന്നത് ഇതാദ്യമായാണ്. ആരോഗ്യപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുക, ചികിത്സ നല്‍കുക എന്നതില്‍ക്കവിഞ്ഞ് ഇതെല്ലാം മാന്യമായി ഉറപ്പാക്കുകയെന്നതാണ് ഈ ക്ലിനിക്കിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത്...'- ദില്ലി സേവാഭാരതി ജനറല്‍ സെക്രട്ടറി സുശീല്‍ ഗുപ്ത പറയുന്നു.
Also Read:- മെട്രോ സ്റ്റേഷനില്‍ അപരിചിതന്‍റെ നഗ്നതാപ്രദര്‍ശനം; ദുരനുഭവം പങ്കിട്ട് യുവതി