വനിതാദിനത്തില്‍ ഗസല്‍ ഗായിക ഇംതിയാസ് ബീഗം സംസാരിക്കുന്നു...
ഒരു സ്ത്രീ ആത്മബോധത്താൽ ഏറ്റവും നന്നായി പാകപ്പെടുന്നതും, തന്‍റെ ഇഷ്ടങ്ങളെയും, സ്വപ്നങ്ങളെയും, പിഴവുകളെയും, തിരുത്തലുകളെയുമെല്ലാം തിരിച്ചറിയുന്നതും തന്‍റെ മുപ്പതുകളിലാണ് എന്നാണ് എന്‍റെ വ്യക്തിപരമായ വിശ്വാസവും അനുഭവവും.
അതുപോലെ ഉടഞ്ഞുതുടങ്ങിയ തന്‍റെ യൗവനത്തെ അതുപോലെ അംഗീകരിച്ച് അതിനെ സ്നേഹിക്കാനും, അല്ലെങ്കിൽ അതിനെക്കാൾ നന്നായി ശരീരവും മനസ്സും മെച്ചപ്പെടുത്തിക്കൊണ്ട് അവർ സുന്ദരിയായി അണിഞ്ഞൊരുങ്ങുന്നതും തന്‍റെ മുപ്പതുകളിൽ തന്നെയാണ്. എന്നാല്‍ ഈ കാഴ്ചപ്പാട് എപ്പോഴും ചുറ്റുമുള്ളവരില്‍ സംശയത്തിന്‍റെ ഒരു കരിനിഴൽ വീഴ്ത്തുന്നത് കാണാം. അതേസമയം സ്വയം ആഘോഷിക്കുന്ന സ്ത്രീയാകട്ടെ അവരുടെ ജീവിതം ആസ്വദിക്കുകയും ചെയ്യും.
undefined
അവൾക്ക് മറ്റാരുമായോ അടുപ്പമുണ്ടെന്നോ, അവന്‍റെ സ്നേഹമാണ് അവളെ സുന്ദരിയാക്കുന്നതെന്നോ സന്തോഷവതിയാക്കുന്നതെന്നോ പറഞ്ഞ്, അവൾ സ്വയം നേടിയെടുത്ത അവളുടെ സന്തോഷത്തിന്‍റെ ക്രെഡിറ്റ് പോലും ഏതോ ഒരു പുരുഷന് (അതും ഇല്ലാത്ത ഒരാള്‍ക്ക്) ചാർത്തിക്കൊടുക്കും.
പക്ഷേ ഞാൻ മനസിലാക്കിയിടത്തോളം ഇത്തരം സ്ത്രീകള്‍ മറ്റുള്ളവരുടെ കുശുകുശുക്കലൊന്നും കാര്യമാക്കാതെ ജീവിക്കുക തന്നെ ചെയ്യും. അതാണ് അവളുടെ ആസ്വാദനം.
ആസ്വദിക്കുക, സന്തോഷത്തോടെ ജീവിക്കുക, അണിഞ്ഞൊരുങ്ങുക, യാത്ര പോവുക, തന്‍റെ സുഹൃത്തുക്കളോട് ഒന്നിച്ച് സമയം ചിലവിടുക, സ്വയം മറന്ന് നൃത്തം ചെയ്യുക എന്നൊക്കെ പറയാനും കേൾക്കാനും അതുപോലെ ചെയ്യാനും എളുപ്പമാണ്.
ഇതൊന്നും തന്‍റെ കുടുംബജീവിതത്തിനോ മറുപാതിക്കോ യാതൊരു വേദനയും ബുദ്ധിമുട്ടും ഇല്ലാത്ത വിധത്തിൽ വളരെ നന്നായി, ഓരോ ഇടങ്ങളും ക്രമീകരിച്ച് പരിഗണിച്ച് കൊണ്ട് പോകുന്ന കാര്യത്തിൽ സ്ത്രീകൾ വളരെ മിടുക്കരാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
തന്‍റെ യൗവ്വനത്തിൽ അവർ കരുതും, പുരുഷന്മാരോടൊത്തുള്ള സൗഹൃദമാണ് ഏറ്റവും സന്തോഷപരം എന്ന്, മുപ്പതുകളിൽ അവൾ സ്ത്രീകൾക്കിടയിലേക്ക് തന്‍റെ സൗഹൃദം ചുരുക്കുന്നത് കാണാം.
സൗഹൃദത്തിനോ സന്തോഷത്തിനോ വേണ്ടിയുള്ള വാതിലുകൾ മലർക്കെ തുറന്നുകിടക്കുന്ന കാലമാണിത്. സ്ത്രീകൾ തന്‍റെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാൻ തുടങ്ങി.സാമ്പത്തികസ്ഥിരത, മനോബലം, സൗഹൃദങ്ങൾ ഇവയൊക്കെ ഇന്നത്തെ സ്ത്രീകളെ കൂടുതൽ കൂടുതൽ ഉയർത്തുകയാണ് ചെയ്തിട്ടുള്ളത്.
ഇന്നത്തെ കാലത്ത് തിരിച്ചറിവിന്‍റെ മുപ്പതുകളിൽ അവൾക്കൊരു പ്രണയമുണ്ടായാൽ, എന്തും തുറന്നുപറയാനും എല്ലാ സ്വപ്നങ്ങൾക്കും കൂട്ട് നിൽക്കുന്ന തന്‍റെ ഭർത്താവിനോട് അത് തുറന്നു പറഞ്ഞുകൊണ്ട് ആ ബന്ധം മുന്നോട്ട് കൊണ്ട് പോവുകയും ചെയ്യുന്ന ഒരു സ്ത്രീയെ എനിക്കറിയാം.
വ്യക്തിസ്വാതന്ത്ര്യം, സന്തോഷങ്ങൾ, യാത്രകൾ... ഇവയൊക്കെ ആസ്വദിക്കുമ്പോഴും നമ്മുടെ കുടുംബബന്ധം ശിഥിലമാകാതെ, സമയക്രമീകരണത്തോടെ, എല്ലാവരെയും പരിഗണിച്ച് സ്നേഹത്തോടെ മുന്നോട്ട് പോയാലെ നാളെ തിരിഞ്ഞുനോക്കുമ്പോൾ നമ്മൾ ജീവിച്ചു എന്നും, ആരെയും വേദനിപ്പിച്ചില്ല എന്നും ഓർത്ത് സംതൃപ്തി നേടാൻ പറ്റൂ. എല്ലാവര്‍ക്കും അതിന് കഴിയട്ടെ ...
എല്ലാ സ്ത്രീകൾക്കും, സ്ത്രീകളെ സ്ത്രീകൾ ആക്കുന്ന പുരുഷന്മാർക്കും "വനിതാ ദിനാശംസകൾ "...