വിവാഹബന്ധം വേർപെടുത്താനുള്ള തീരുമാനം സാനിയ മിർസയുടേതായിരുന്നെന്ന് സാനിയയുടെ പിതാവ് ഇമ്രാൻ മിര്‍സ തന്നെ വെളിപ്പെടുത്തുകയും ചെയ്തു. മുസ്‌ലിം സ്ത്രീക്ക് ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാനുള്ള ‘ഖുൽഅ്’വഴിയാണ് സാനിയ വിവാഹ മോചനം നേടിയതെന്നും ഇമ്രാൻ മിര്‍സ പറഞ്ഞു.
പാക് ക്രിക്കറ്റ് താരവും ഇന്ത്യൻ ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവുമായ ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇതിന് പിന്നാലെ വിവാഹബന്ധം വേർപെടുത്താനുള്ള തീരുമാനം സാനിയ മിർസയുടേതായിരുന്നെന്ന് സാനിയയുടെ പിതാവ് ഇമ്രാൻ മിര്‍സ തന്നെ വെളിപ്പെടുത്തുകയും ചെയ്തു. വാർത്താ ഏജൻസിയായ പിടിഐയോടാണ് സാനിയയുടെ പിതാവിന്റെ ആദ്യ പ്രതികരണം. മുസ്‌ലിം സ്ത്രീക്ക് ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാനുള്ള ‘ഖുൽഅ്’ വഴിയാണ് സാനിയ വിവാഹ മോചനം നേടിയതെന്നും ഇമ്രാൻ മിര്‍സ പറഞ്ഞു.
എന്താണ് ഖുൽഅ്?
ഇസ്ലാമിൽ ഒരു സ്ത്രീക്ക് തന്‍റെ ഭർത്താവിനെ വിവാഹമോചനം ചെയ്യാൻ സാധിക്കുന്ന ഒരു രീതിയാണ് ഖുൽഅ്. പുരുഷന്മാര്‍ വിവാഹബന്ധം അഥവാ നിക്കാഹ് വേർപ്പെടുത്തുന്നതിന് ഇസ്‌ലാമിക ശരീഅത്ത് പ്രകാരം ത്വലാഖ് (മൊഴി) ചൊല്ലുമ്പോള്‍ ഇവിടെ ഒരു ജുഡീഷ്യൽ ഉത്തരവിലൂടെ മാത്രം വിവാഹമോചനം ലഭിക്കുന്ന രീതിയാണ് ഖുൽഅ് എന്നാണ് മതപണ്ഡിതനായ വി എ കബീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഇവിടെ സ്ത്രീയാണ് വിവാഹ മോചനത്തിന് മുൻകൈ എടുക്കുന്നത്. വരൻ നൽകിയ മഹര്‍ (വിവാഹമൂല്യമായി നല്‍കുന്ന സ്വര്‍ണം) തിരികെ നൽകിയാണ് ഇവിടെ ഖുൽഅ് അനുവദിക്കുന്നത്.
ഇത്തരത്തില്‍ ഖുൽഅ് വഴി വിവാഹ മോചനം നേടിയതിന് പിന്നാലെയാണ് ഷൊയ്ബ് മാലിക്ക് പാക്ക് നടി സനാ ജാവേദിനെ വിവാഹം ചെയ്തത്. ഷൊയ്ബ് മാലിക്ക് തന്നെയാണ് വിവാഹ വിവരം തന്‍റെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 2022 മുതൽ സാനിയയും ഷൊയ്ബും അകൽച്ചയിലാണെന്നും വിവാഹ മോചനത്തിന് തയാറെടുക്കുന്നതായും അഭ്യൂഹമുയർന്നിരുന്നു. ഇതിനിടെ രണ്ട് ദിവസം മുമ്പ് സാനിയ ഷൊയ്ബ് മാലിക്കുമായുള്ള ബന്ധം സൂചിപ്പിക്കുന്ന രീതിയില്‍ പോസ്റ്റ് ചെയ്ത ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ആരാധകരിപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ്.
''വിവാഹം ബുദ്ധിമുട്ടാണ്. വിവാഹമോചനവും ബുദ്ധിമുട്ടാണ്. നിങ്ങള്‍ക്ക് ഏറ്റവും ബുദ്ധിമുട്ടേറിയത് തിരഞ്ഞെടുക്കുക. പൊണ്ണത്തടി ബുദ്ധിമുട്ടാണ്, അതുപോലെ ഫിറ്റായിരിക്കുകയെന്നുള്ളതും, ഏറ്റവും ബുദ്ധിമുട്ടേറിയത് തിരഞ്ഞെടുക്കുക. കടക്കെണിയിലാകുന്നത് ബുദ്ധിമുട്ടാണ്. അതുപോലെ തന്നെ സാമ്പത്തിക അച്ചടക്കം പാലിക്കുന്നതും, ഏറ്റവും ബുദ്ധിമുട്ടേറിയത് തിരഞ്ഞെടുക്കുക. ആശയവിനിമയം ബുദ്ധിമുട്ടാണ്. അതുപോലെ ആശയവിനിമയം നടത്താത്തതും. ഏറ്റവും ബുദ്ധിമുട്ടേറിയത് തിരഞ്ഞെടുക്കുക. ജീവിതം ഒരിക്കലും എളുപ്പമല്ല. അത് എപ്പോഴും ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കും. അതുകൊണ്ട് നമുക്ക് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം തെരഞ്ഞെടുക്കാം. പക്ഷെ വിവേകത്തോടെ തിരഞ്ഞെടുക്കുക''- എന്നായിരുന്നു സാനിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.