Sameera Reddy : 'ഞാന്‍ എങ്ങനെയാണോ അതെനിക്കിഷ്ടമാണ്';കുട്ടികള്‍ക്കൊപ്പമുള്ള വീഡിയോയുമായി സമീറ റെഡ്ഡി

By Web Team  |  First Published Feb 9, 2022, 10:06 PM IST

'വാരണം ആയിരം' എന്ന ഒരേയൊരു ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ സമീറയ്ക്ക് ലഭിച്ചിരുന്നു. അക്കാലത്ത് മെലിഞ്ഞ്, 'സീറോ സൈസി'ലായിരുന്നു സമീറ. എന്നാല്‍ പിന്നീട് വിവാഹം കഴിഞ്ഞ് മകന്‍ പിറന്ന ശേഷം വണ്ണം വച്ചതോടെ സമീറ വലിയ രീതിയിലാണ് വിമര്‍ശനങ്ങള്‍ നേരിട്ടത്


വണ്ണം കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് ( Weight Gain ) ബന്ധുക്കളുടെയോ നാട്ടുകാരുടെയോ കുറ്റപ്പെടുത്തും വിധത്തിലുള്ള കമന്റുകള്‍ ( Body shaming ) കേള്‍ക്കാത്തവര്‍ കുറവായിരിക്കും. പ്രത്യേകിച്ച് സ്ത്രീകളാണ് എല്ലായ്‌പോഴും ഈ വിലയിരുത്തലുകള്‍ക്ക് വിധേയമാകാറ്. 

സെലിബ്രിറ്റികള്‍, സവിശേഷിച്ച് നടിമാര്‍ ആണെങ്കില്‍ ശരീരത്തിലുണ്ടാകുന്ന പ്രകടമായ മാറ്റങ്ങളുടെ പേരില്‍ എപ്പോഴും വിമര്‍ശനത്തിന് പാത്രമാകാറുണ്ട്. ഇന്ന് സൈബറിടങ്ങളിലും ഈ പ്രവണത സജീവമാണ്. 

Latest Videos

ഇതിനെതിരെ പ്രമുഖരായ പല വനിതാ സെലിബ്രിറ്റികളും രംഗത്ത് വന്നിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ശ്രദ്ധേയയാണ് നടി സമീറ റെഡ്ഡി. ബോളിവുഡിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് തമിഴ്, തെലുങ്ക്, ബംഗാളി, കന്നഡ, മലയാളം സിനിമയില്‍ വരെയെത്തിയ സമീറയ്ക്ക് ഏറെ ആരാധകരുണ്ട്. 

'വാരണം ആയിരം' എന്ന ഒരേയൊരു ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ സമീറയ്ക്ക് ലഭിച്ചിരുന്നു. അക്കാലത്ത് മെലിഞ്ഞ്, 'സീറോ സൈസി'ലായിരുന്നു സമീറ. എന്നാല്‍ പിന്നീട് വിവാഹം കഴിഞ്ഞ് മകന്‍ പിറന്ന ശേഷം വണ്ണം വച്ചതോടെ സമീറ വലിയ രീതിയിലാണ് വിമര്‍ശനങ്ങള്‍ നേരിട്ടത്. 

ഇത് കഴിഞ്ഞ് മകള്‍ കൂടി ജനിച്ചപ്പോള്‍ ഇതേ വിമര്‍ശകര്‍ തന്നെ സമീറയെ വീണ്ടും ആക്രമിക്കാന്‍ തുടങ്ങി. എന്നാല്‍ അപ്പോഴേക്കും ഈ വിമര്‍ശനങ്ങളെയെല്ലാം ചെറുത്തുനില്‍ക്കാനുള്ള കഴിവ് സമീറ ആര്‍ജ്ജിച്ചിരുന്നു. വണ്ണം കൂടുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും 'സീറോ സൈസ്' കാത്തുസൂക്ഷിക്കാന്‍ സിനിമയില്‍ സജീവമായിരുന്ന കാലത്ത് താന്‍ ഏറെ കഷ്ടപ്പെട്ടിട്ടുണ്ടെന്നും അതിനെക്കാള്‍ സന്തോഷം ഇപ്പോഴാണെന്നുമെല്ലാം സമീറ പരസ്യമായി തുറന്നടിച്ചു.

സമൂഹമാധ്യമങ്ങളില്‍ മേക്കപ്പില്ലാത്ത ഫോട്ടോകള്‍ പങ്കുവച്ചും. വണ്ണം കൂടിയ ശരീരത്തിന് അപാകതകളൊന്നുമില്ലെന്ന് വാദിച്ചും അനവധി സ്ത്രീ ആരാധകരെ സമീറ ഇന്ന് സമ്പാദിച്ചിരിക്കുന്നു. വ്യക്തിത്വവും, മനോഭാവവും, മാനസികാവസ്ഥയുമെല്ലാമാണ് വലുതെന്നും ആരോഗ്യത്തോടെ തുടരുകയെന്നത് മാത്രമാണ് ശരീരത്തോടുള്ള ധര്‍മ്മമെന്നും സമീറ എപ്പോഴും ആവര്‍ത്തിക്കുന്നു. ഇത്തരത്തിലുള്ള പോസ്റ്റുകളാണ് മിക്കവാറും സമീറ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുള്ളത്.

ഇപ്പോഴിതാ മക്കള്‍ക്കൊപ്പമുള്ള രസകരമായൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് സമീറ. ഇതും ശരീരത്തെ കുറിച്ചുള്ളത് തന്നെ. വയറ് ചാടിയാലും, കയ്യിന്റെ വണ്ണം തൂങ്ങിയാലുമൊന്നും തനിക്കത് പ്രശ്‌നമല്ലെന്നും, താന്‍ എങ്ങനെയിരിക്കുന്നോ അത് തനിക്ക് ഇഷ്ടമാണെന്നുമാണ് സമീറ വീഡിയോയിലൂടെ പറയുന്നത്.

തന്റെ കുഞ്ഞുങ്ങള്‍ തന്റെ ശരീരം ആസ്വദിക്കുന്നുവെന്നും അതില്‍ താന്‍ സന്തുഷ്ടയാണെന്നും വീഡിയോയിലൂടെ സമീറ പറഞ്ഞുവയ്ക്കുന്നു. നിരവധി പേരാണ് വീഡിയോ കണ്ട സന്തോഷം കമന്റുകളിലൂടെ പങ്കുവച്ചിരിക്കുന്നത്. ജീവിതത്തെ കുറിച്ച് വളരെയധികം പ്രതീക്ഷകളും ശുഭാപ്തിവിശ്വാസവും നല്‍കുന്നതാണ് സമീറയുടെ വീഡിയോ എന്നാണ് മിക്കവരും അഭിപ്രായപ്പെട്ടിരിക്കുന്നത്.

വീഡിയോ കാണാം...

 

 

Also Read:-  'ഇതാണ് ഞാന്‍'; രൂപം മുന്‍നിര്‍ത്തി പരിഹസിക്കുന്നവരോട് നടി ഇല്യാന

click me!