കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള ശാരീരിക മാറ്റങ്ങളെ കുറിച്ചും ആരോഗ്യസ്ഥിതിയെക്കുറിച്ചും ആരാധകരോട് പങ്കുവയ്ക്കുമെന്ന് സമീറ വാക്കു നൽകിയിരുന്നു. കുഞ്ഞിന് ജന്മം നൽകി അഞ്ചാം ദിവസം തന്നെ ആ വാക്ക് പാലിച്ചിരിക്കുകയാണ് സമീറ.
ഗർഭകാലം ഏറെ ആഘോഷിച്ച നടിയാണ് സമീറ റെഡ്ഢി. കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള ശാരീരിക മാറ്റങ്ങളെ കുറിച്ചും ആരോഗ്യസ്ഥിതിയെക്കുറിച്ചും ആരാധകരോട് പങ്കുവയ്ക്കുമെന്ന് സമീറ വാക്കു നൽകിയിരുന്നു. കുഞ്ഞിന് ജന്മം നൽകി അഞ്ചാം ദിവസം തന്നെ ആ വാക്ക് പാലിച്ചിരിക്കുകയാണ് സമീറ. #imperfectlyperfect ( ഇംപെർഫെക്റ്റ്‌ലി പെർഫെക്റ്റ്) എന്ന ഹാഷ്ടാഗോടെയാണ് സമീറ പുതിയ ക്യാംപെയിന് തുടക്കമിട്ടിരിക്കുന്നത്. അമ്മയായതിന് ശേഷം ഉണ്ടായ ശാരീരിക മാനസിക പ്രയാസങ്ങളെ കുറിച്ച് സമീറ പറയുന്നതിങ്ങനെ...
'' പ്രസവശേഷമുള്ള എന്റെ ആരോഗ്യത്തെക്കുറിച്ച് ആരാധകരോട് പങ്കുവയ്ക്കുമെന്ന് ഞാൻ വാക്കു നൽകിയിരുന്നു. സിസേറിയന് ശേഷം വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെയാണ് ശരീരം കടന്നു പോകുന്നത്. തുന്നലുകൾ എന്നെ ഭ്രാന്തമായി വേദനിപ്പിക്കുന്നുണ്ട്. ഉറക്കമില്ലാത്ത ദിവസങ്ങൾ, തുടർച്ചയായുള്ള മുലയൂട്ടലും ശരീരത്തിന് ക്ഷീണമുണ്ടാക്കുന്നുണ്ട്. വയറിലെ നീരു കുറയാൻ കുറച്ചു ദിവസമെടുക്കും. ഇത് സിസേറിയനു ശേഷം അഞ്ചു ദിവസം കഴിഞ്ഞപ്പോഴുള്ള അവസ്ഥയാണ്. മകളെ കിട്ടിയതിന്റെ സന്തോഷം തീർച്ചയായും എനിക്കുണ്ട്. പക്ഷേ ഹോർമോൺ മാറ്റങ്ങൾ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്.''.
അമ്മയായ ശേഷം മകളുടെ ചിത്രം സമീറ പങ്കുവച്ചിരുന്നു. ആ ചിത്രത്തിനൊപ്പം സമീറ കുറിച്ചതിങ്ങനെ...
'' ഈ കുഞ്ഞ് എനിക്ക് നൽകുന്നത് കാട്ടുകുതിരയുടെ ശക്തിയാണ്. എന്നെ വീണ്ടും കണ്ടെത്താൻ അവളെന്നെ സഹായിച്ചു. അവൾക്കറിയാമായിരുന്നു എന്നെ എനിക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന്. ഇപ്പോൾ അവളാണ് എന്നിലേക്കുള്ള വഴികൾ കാട്ടിത്തരുന്നത്. അമ്മയാകുന്ന സന്തോഷം കണ്ടെത്തി ഞാൻ ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പെൺകുഞ്ഞാണ് ആഗ്രഹിച്ചിരുന്നത്. ഇപ്പോൾ ഞങ്ങൾ ഏറെ സന്തോഷത്തിലാണ്''.