ഇപ്പോൾ സ്ത്രീകൾ എടുക്കുന്ന ചില തീരുമാനങ്ങളെ കുറിച്ചു പറയുകയാണ് സമീറ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യങ്ങളിൽ വിശദീകരിച്ചത്.
ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് നിരന്തരം സംസാരിക്കുന്ന തെന്നിന്ത്യന്‍ നടിയാണ് സമീറ റെഡ്ഡി. സ്വന്തം ശരീരത്തിലെ മാറ്റങ്ങളെ മറച്ചു വയ്ക്കാതെ ഫോട്ടോകളും വീഡിയോകളും താരം എപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. പ്രസവത്തോടെ വിഷാദരോഗത്തിന് അടിമപ്പെട്ടതിനെക്കുറിച്ചും അമിതവണ്ണത്തെക്കുറിച്ച് നേരിട്ട പരിഹാസങ്ങളെക്കുറിച്ചുമൊക്കെ മനസ്സുതുറന്ന നടിയാണ് സമീറ.
ഇപ്പോൾ സ്ത്രീകൾ എടുക്കുന്ന ചില തീരുമാനങ്ങളെ കുറിച്ചു പറയുകയാണ് താരം. 'ഇത് എനിക്ക് കഴിയില്ല' എന്ന മനോഭാവത്തോടെ സ്ത്രീകൾ കാര്യങ്ങളെ സമീപിക്കരുത്. ഇത് തനിക്ക് കഴിയും എന്ന് ചിന്തിച്ച് ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കണമെന്നും പറയുകയാണ് സമീറ.
'എനിക്ക് വയസ്സായി' എന്നു പറഞ്ഞ് പലകാര്യങ്ങളിൽ നിന്നും സ്ത്രീകൾ മാറി നിൽക്കും. എന്നാൽ അതിന്റെ ആവശ്യമില്ലെന്നാണ് സമീറ പറയുന്നത്. 'പ്രായം നിങ്ങൾക്ക് പരിധികൾ നിശ്ചയിക്കുന്നില്ല. ഒരിക്കലും അങ്ങനെ ചിന്തിക്കരുത്. പരാജയത്തെ കുറിച്ചോർത്ത് നിങ്ങൾ ഭയപ്പെടരുത്. നിങ്ങൾ പരാജയപ്പെടുമെന്ന് കരുതി ഒരു കാര്യത്തിൽ നിന്നും പിൻതിരിയരുത്. പരിശ്രമിക്കണം. പരിശ്രമത്തിലൂടെ മാത്രമേ നമുക്ക് വിജയിക്കാനാകൂ. മറ്റുള്ളവർ എന്തു ചിന്തിക്കുമെന്നു കരുതി ജീവിക്കരുത്'- സമീറ പറയുന്നു.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യങ്ങളിൽ വിശദീകരിച്ചത്. നിരവധി സ്ത്രീകളാണ് സമീറയുടെ വീഡിയോയ്ക്ക് സ്നേഹം അറിയിച്ച് രംഗത്തെത്തിയത്. ഇത്തരത്തില്‍ ബോഡി പോസിറ്റിവിറ്റിയെ കുറിച്ചുള്ള വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്.