നിഷ്കളങ്കത നിറഞ്ഞ ശബ്ദത്തോടെ അയാൾ അതെല്ലാം പാടെ നിഷേധിച്ചു.. " ഞാൻ ഒരു വേശ്യാലയത്തിലും പോയില്ല. ഓഫീസിൽ ഒരു കാർ ഡീൽ ഉറപ്പിക്കുകയായിരുന്നു..."
കാർ പാർക്കിങ്ങിൽ മങ്ങിയ നിയോൺ വെളിച്ചത്തിലൂടെ നടന്നു നീങ്ങിയ ആ രൂപം സാലി ഒറ്റ നോട്ടത്തിന് തിരിച്ചറിഞ്ഞു. തിരിച്ചറിയാതെ പിന്നെ..? മുപ്പതുവർഷമായി, ഉടുത്തും ഉടുക്കാതെയും ഊണിലും ഉറക്കത്തിലും കാണുന്നതാണ് ആ രൂപം. അത് അവളുടെ ഭർത്താവ് റിച്ചാർഡ് ആയിരുന്നു. പാർക്കിങ്ങ് യാർഡിന്റെ ഒരു മൂലയിൽ തന്റെ കാർ ഒതുക്കി, ലോക്ക് ചെയ്ത്, തികഞ്ഞ ആത്മവിശ്വാസത്തോടെ അയാൾ റോഡ് മുറിച്ചു കടന്ന് അപ്പുറത്തേക്ക് നടന്നുപോയി. അവളെ അയാൾ കണ്ടിരുന്നില്ല.
അയാൾ നടന്നുകേറിയത് നാട്ടിലെ ഏറ്റവും കുപ്രസിദ്ധമായ വേശ്യാലയങ്ങളിൽ ഒന്നിലേക്കായിരുന്നു. അവളുടെ സിരകളിലൂടെ ഒരേസമയം രണ്ടുവികാരങ്ങളാണ് ഒരുമിച്ച് തള്ളിക്കേറി വന്നത്. ആദ്യം വന്നത് കോപമായിരുന്നു. വഞ്ചന, അതും ഇത്രയും കാലം കൂടെ നടന്ന തന്നോട്. ലോകത്തിലേക്കും വെച്ച് ഏറ്റവും വിശ്വസ്തയായ ഭാര്യയാണ് താനെന്നാണ് സാലി കരുതിയിരുന്നത്. രണ്ടാമത്, വെറുപ്പ് - എന്തിനും തയ്യാറായി താൻ വീട്ടിലുള്ളപ്പോൾ, തെരുവ് വേശ്യകൾക്ക് സെക്സിനായി പണം ചെലവിടുന്നു തന്റെ ഭർത്താവ്. ഒടുവിൽ കള്ളത്തരം കയ്യോടെ പിടികൂടിയതിൽ അവൾക്ക് നേരിയ ഒരു സന്തോഷവും ഒപ്പം തോന്നി.
undefined
അങ്ങനെ പരസ്പരവിരുദ്ധമായ വികാരങ്ങൾ സിരകളിലൂടെ നുരഞ്ഞുപൊന്തിയപ്പോൾ അവളുടെ നെഞ്ചിനുള്ളിൽ ഒരു പെരുമ്പറ മുഴക്കം കേട്ടുതുടങ്ങി. ഇല്ല, ഇത്തവണ എന്തായാലും അയാളെ രക്ഷപ്പെട്ടു പോകാൻ അനുവദിക്കില്ല. അവൾ മനസ്സിലുറപ്പിച്ചു. ഒരു മണിക്കൂർ നേരം അവൾ അവിടെത്തന്നെ കാത്തുകെട്ടിക്കിടന്നു. ഒടുവിൽ അയാൾ പോയ അതേ വാതിലിലൂടെ തിരിച്ചു വന്നു. കാറിലേക്ക് കയറുന്നതിനു തൊട്ടുമുമ്പ് അവരുടെ കണ്ണുകൾ ഇടഞ്ഞു. അയാൾ അവളെ കണ്ടു. ആക്സിലറേറ്ററിൽ കാലുകൾ അമർത്തി അയാൾ വണ്ടി കത്തിച്ചുവിട്ടു. തന്നെ കണ്ടതുകൊണ്ടുള്ള പാഞ്ഞുപോക്കാണ് അതെന്ന് സാലിക്ക് മനസ്സിലായി. അവളും പിന്നാലെ വിട്ടു. ഇരുവരും തമ്മിൽ ഒരു റേസ് തന്നെ നടന്നു. ക്രിസ്മസ് ആയതുകൊണ്ട് സർബിറ്റൻ ദീപാലംകൃതമായിരുന്നു. അവരുടെ സറേയിലുള്ള വിലയ്ക്കുമുന്നിൽ അവളുടെ കാർ പാഞ്ഞുവന്ന് സഡൻബ്രേക്കിട്ടുനിന്നു. ഒരു നിമിഷം മുമ്പ് റിച്ചാർഡ് അവിടെ എത്തിയിട്ടുണ്ടായിരുന്നു.
വാതിൽ വലിച്ചു തുറന്ന് അകത്തേക്ക് ചെന്ന സാലി അവിടെയെല്ലാം റിച്ചാർഡിനെ തിരഞ്ഞു. സ്വീകരണമുറിയിലോ ബെഡ് റൂമിലോ അയാളുണ്ടായിരുന്നില്ല. ഒടുവിൽ അടുക്കളയിൽ ചെന്നപ്പോൾ അവിടെ ശാന്തസ്വരൂപനായി നിന്ന് ചായയുണ്ടാക്കുന്ന റിച്ചാർഡിനെ കണ്ടു. " നിങ്ങൾ.. നിങ്ങളെന്നെ വഞ്ചിച്ചു അല്ലെ..! ആ വേശ്യാലയത്തിൽ പോകാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു.. പറ..! " സാലി റിച്ചാർഡിന്റെ കോളറിന് പിടിച്ചു കൊണ്ട് അയാളോട് ചോദിച്ചു.
റിച്ചാർഡിന്റെ മുഖത്ത് തികഞ്ഞ അവിശ്വാസഭാവം. നിഷ്കളങ്കത നിറഞ്ഞ ശബ്ദത്തോടെ അയാൾ അതെല്ലാം പാടെ നിഷേധിച്ചു.. " ഞാൻ ഒരു വേശ്യാലയത്തിലും പോയില്ല. ഓഫീസിൽ ഒരു കാർ ഡീൽ ഉറപ്പിക്കുകയായിരുന്നു. നിനക്കെവിടെ നിന്നാണ് സാലീ ഇങ്ങനെയുള്ള കഥകളൊക്കെ കിട്ടുന്നത്..? നിനക്ക് ഭ്രാന്തായോ..? " അയാൾ ചോദിച്ചു.
അയാളുടെ നിഷേധങ്ങൾക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നു. തികഞ്ഞ സ്വാഭാവികതയും. ഒടുവിൽ അവർക്കുതന്നെ സംശയമാകാൻ തുടങ്ങി. "ഇനി എനിക്ക് വല്ല ഭ്രാന്തുമാണോ..? " അത്രയ്ക്ക് ഉറപ്പോടെ ഭർത്താവ് നിഷേധിച്ചാൽ ഏത് ഭാര്യയാണ് സ്വന്തം ഓർമശക്തിയെ സംശയിച്ചു പോകാത്തത് ?
സാലിക്കുമേൽ റിച്ചാർഡ് എന്ന ഭർത്താവ് ചെലുത്തിയിരുന്ന മാനസികമായ സമ്മർദ്ദങ്ങൾക്കും, അവളെ വിധേയയാക്കിയിരുന്ന പറ്റിക്കലുകൾക്കും ഒരുദാഹരണം പറയണമെന്നുണ്ടെങ്കിൽ, അതൊരു പക്ഷേ, ഇതുതന്നെയായിരിക്കും.
പുറമേ നിന്ന് നോക്കുന്നവർക്ക്, സാലിയുടെ ജീവിതം സൗഭാഗ്യങ്ങൾ നിറഞ്ഞതായിരുന്നു. എല്ലാം തികഞ്ഞ ഒരു ദാമ്പത്യമായിരുന്നു അവളുടേത്. അറിയപ്പെടുന്ന ഒരു കാർ സെയിൽസ്മാന്റെ ഭാര്യ. ഒരു മില്യൺ പൗണ്ടിന്റെ നാല് ബെഡ്‌റൂം വില്ല. പോഷ് സ്‌കൂളുകളിൽ പഠിക്കുന്ന രണ്ട് ആൺമക്കൾ. ആനന്ദലബ്ധിക്കിനിയെന്തുവേണം എന്നാണ് നാട്ടുകാർ ചോദിച്ചിരുന്നത്. പൊലീസ് ഫെഡറേഷനിൽ സാലിക്കും ഉണ്ടായിരുന്നു ഒരു ഓഫീസ് ജോലി. ആർക്കും അറിയാത്ത ഒരു രഹസ്യം മാത്രമാണ് അവളുടെ ജീവിതത്തിൽ ഉണ്ടായിരുന്നത്. സ്വന്തം ഭർത്താവിൽ നിന്ന് അവൾക്ക് നിരന്തരമേൽക്കേണ്ടി വന്നിരുന്ന മാനസികവും ലൈംഗികവുമായ ചൂഷണങ്ങൾ.
സാലി സഹിച്ചുകൊണ്ടിരുന്ന പീഡനങ്ങൾ പുറമേക്ക് ഒരു മുറിവുകളും വടുക്കളും അവശേഷിപ്പിക്കുന്ന ഒന്നായിരുന്നില്ല. 2010 -ലെ ആ അഭിശബ്ദദിനത്തിൽ, നിമിഷാർദ്ധനേരത്തെ കോപത്തിന്റെ പുറത്ത്, അവൾ സ്വന്തം ഭർത്താവിനെ ഒരു ചുറ്റിക കൊണ്ട് തല തച്ചുതകർത്ത് കൊന്നുകളയുന്നതുവരെ ഒന്നും ആരും അറിഞ്ഞില്ല..! ഡൈനിങ് ടേബിളിൽ വെച്ചായിരുന്നു അവർ ഇരുവരും വാക്കേറ്റത്തിലായത്. കയ്യിൽ തടഞ്ഞ ചുറ്റിക കൊണ്ട് അവൾ അയാളുടെ തലക്കു പറ്റിച്ചത് 18 അടികളാണ്. തലയോട്ടി തകർന്നു, തലച്ചോർ പുറത്തുചാടി ചത്തുമലച്ചുകിടന്ന അയാളെ ഒരു ബ്ലാങ്കെറ്റുകൊണ്ട് മൂടി. ഒന്ന് കുളിച്ച് വന്ന്, ചോരപറ്റിയ കുപ്പായവും മാറ്റി, സാലി കാറുമെടുത്ത് പുറത്തേക്കിറങ്ങി, ജീവനൊടുക്കാൻ..!
എന്നാൽ അതിൽ വിജയിക്കും മുമ്പ് അവൾ പൊലീസ് പിടിയിലായി. കോടതിയിൽ വിചാരണയ്ക്കിടെ, പ്രോസിക്യൂഷൻ അവളെ പ്രതികാരദാഹിയായ, അസൂയാലുവായ, പൊസസീവ് ആയ ഒരു ഭാര്യയായി ചിത്രീകരിച്ചു. കൊലക്കുറ്റത്തിന് സാലി ഒമ്പതു വർഷത്തെ കഠിനതടവ് അനുഭവിച്ചു.
2015-ൽ നിയമത്തിൽ മാറ്റമുണ്ടായി ഗാർഹികമായ പീഡനങ്ങൾ ക്രിമിനൽ കുറ്റകരമാക്കി. അവൾക്ക് അപ്പീൽ ചെയ്യാനുള്ള വഴി തെളിഞ്ഞു. സാലിക്കുമേൽ ചാർത്തപ്പെട്ട കുറ്റത്തിന്റെ കാഠിന്യം കുറഞ്ഞു. വർഷങ്ങൾ കൊണ്ട് റിച്ചാർഡ് സാലിക്കുമേൽ നടത്തിയിരുന്ന മാനസിക പീഡനങ്ങൾകൊണ്ട് സാലിക്ക് സ്വന്തമായി ഒരു ഗൂഡാലോചന നടത്താനുള്ള കഴിവ് അവശേഷിച്ചിരുന്നില്ല എന്ന് അവളുടെ വക്കീൽ കോടതിയിൽ വാദിച്ചു. അത് ആ സമയം ഉണ്ടായ താൽക്കാലികമായ വിഭ്രാന്തിയുടെ പുറത്ത് അവൾ സ്വയം നിയന്ത്രണമില്ലാതെ ചെയ്തുപോയ ഒരു അബദ്ധം മാത്രമാണ് എന്ന വാദം കോടതി അംഗീകരിച്ചു. സാലിക്കുവേണ്ടി ജനം തെരുവിലിറങ്ങി അവളുടെ ശിക്ഷ ഇളവുചെയ്യപ്പെട്ടു. സാലി ജയിൽ മോചിതയായി.
യുകെയിലെ വീടുകളിൽ നടക്കുന്ന ഗാർഹിക പീഡനസംബന്ധിയായ കേസുകളിൽ നാഴികക്കല്ലായ ഒരു വിധിയായിട്ടാണ് ഇന്ന് സാലിയുടെ കേസിനെ കണക്കാക്കുന്നത്. പുറമേക്ക് എല്ലാം ഭദ്രമെന്നു തോന്നിക്കുന്ന പല വീടുകളുടെയും അകത്തളങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പായും.
ജയിലിൽ നിന്നും ഇറങ്ങിയ ശേഷം സാലി തന്റെ അനുഭവങ്ങൾ തുറന്നുപറഞ്ഞിട്ടുണ്ട്. പല മാധ്യമങ്ങളോടുമായി. പതിനേഴാം വയസ്സിൽ ആദ്യമായി അബോർഷന് റിച്ചാർഡ് നിർബന്ധിച്ചത്. അതിനുശേഷം അവളെ അയാൾ നിരന്തരം പറ്റിച്ചുകൊണ്ടിരുന്നത്. നാല്പതുവർഷത്തോളം തന്നോട് കള്ളങ്ങൾ മാത്രം തുടർച്ചയായി പറഞ്ഞുകൊണ്ടിരുന്നത്. തന്നെ ഒരിക്കൽ ബലാത്സംഗം ചെയ്തതിനെപ്പറ്റി. അമ്മ നേരിട്ടുകൊണ്ടിരുന്ന പീഡനങ്ങളെപ്പറ്റി അച്ഛന്റെ മരണത്തിനുശേഷം മാത്രം തിരിച്ചറിഞ്ഞ മക്കൾ, അമ്മയോടൊപ്പം തന്നെ എല്ലാ പിന്തുണയോടും നിന്നതിനെപ്പറ്റി. ഇപ്പോൾ സമാനമായ പീഡനങ്ങൾ അനുഭവിക്കുന്നവർക്ക് കൗൺസിലിംഗ് അടക്കമുള്ള സഹായങ്ങൾ നല്കുന്നതിനെപ്പറ്റി.
'സാലി മക്കളോടൊപ്പം '
അറുപത്തി മൂന്നു വയസ്സുണ്ട് ഇപ്പോൾ സാലിക്ക്. ഒരു ഉറുമ്പിനെപ്പോലും നോവിക്കാതെ അത്ര പാവമായിരുന്നു സാലി എന്ന് 2011-ൽ സാലിയുടെ കേസ് കോടതിയിൽ വിചാരണ നടക്കുമ്പോൾ വിസ്തരിക്കപ്പെട്ട പല സാക്ഷികളും കോടതിയെ ബോധിപ്പിച്ചിരുന്നു. അങ്ങനെ ഒരു സ്ത്രീ സ്വന്തം ഭർത്താവിന്റെ തല അടിച്ചു പൊളിക്കുന്ന സാഹചര്യത്തിലേക്ക് എത്തിപ്പെട്ടു എങ്കിൽ അത് നാളെ ആർക്കും വരാവുന്ന ഒരു ദുരവസ്ഥയാണ്. യുകെയിൽ മാത്രമല്ല, ഇന്ത്യയിലും, ലോകത്തിന്റെ മറ്റേതു കോണിൽ വേണമെങ്കിലും അത് നാളെ അവർത്തിക്കപ്പെടാം.
തന്റെ നിമിഷനേരത്തെ കോപം, ഭർത്താവിന്റെ ജീവനാശത്തിന് കാരണമായതിൽ ഇന്ന് സാലിക്ക് കടുത്ത പശ്ചാത്താപമുണ്ട്. ഇന്നും അതോർക്കുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പും. അഞ്ചുതവണ വിവാഹമോചനത്തിനുള്ള നടപടികൾ തുടങ്ങി, പാതിവഴി എത്തി, കുട്ടികളെപ്പറ്റി ഓർത്ത് വേണ്ടെന്നുവെച്ചതാണ് സാലി. സ്വന്തം ഭർത്താവിനെ പോയിട്ട്, മക്കളെപ്പോലും ഒന്ന് തല്ലിയിട്ടില്ലായിരുന്നു സാലി അന്നുവരെ. അന്ന് എന്ത് ക്ഷോഭമാണ് തന്നെ ആവേശിച്ചത് എന്ന് സാലി ഓർക്കുന്നില്ല. ബോധം വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. 'ഓട്ടോ പൈലറ്റ്' മോഡിൽ പോവുന്ന പോലെയാണ് തോന്നിയത് എന്നാണ് ആ കൊലയെപ്പറ്റി പിന്നീട് സാലി പറഞ്ഞത്. ബ്ലാങ്കറ്റുകൊണ്ട് ചോരയിൽ കുളിച്ച അയാളുടെ ജഡം മൂടിയിട്ട്, അതിനുമുകളിൽ സാലി ഒരു കടലാസ്സിൽ " I LOVE YOU ' എന്നെഴുതിയിട്ടു.
അതുതന്നെയാണ് അവർ ഇപ്പോഴും ആവർത്തിക്കുന്നത്. റിച്ചാർഡിനെ കൊല്ലണമെന്ന് ഞാനൊരിക്കലും കരുതിയിട്ടില്ല. ഇപ്പോഴും, അയാൾ എന്റെ ജീവിതത്തിലെ ഒരേയൊരു പുരുഷനാണ്..!