Review 2021 : ഈ വര്‍ഷം അമ്മയായ താരങ്ങളും കുട്ടി സെലിബ്രിറ്റികളും

By Web Team  |  First Published Dec 20, 2021, 5:05 PM IST

2021 ജനുവരിയില്‍ ബോളിവുഡ് നടി അനുഷ്ക ശര്‍മയും ഫെബ്രുവരിയില്‍ കരീന കപൂറും അമ്മയായി. മലയാളത്തില്‍ അവതാരികയും നടിയുമായ പേളി മണി മുതല്‍ സൗഭാഗ്യ വരെയാണ് അമ്മയായ താരങ്ങള്‍. 


നിരവധി താരങ്ങളുടെ (celebrities) ജീവിതത്തിലേയ്ക്ക് പുതിയൊരു അതിഥി കൂടി വന്ന വര്‍ഷമായിരുന്നു 2021. അങ്ങ് ബോളിവുഡ് (bollywood) മുതല്‍ ഇങ്ങ് മലയാളത്തില്‍ വരെ നിരവധി താരങ്ങള്‍ ഈ വര്‍ഷം അമ്മയായി. 2021 ജനുവരിയില്‍ ബോളിവുഡ് നടി അനുഷ്ക ശര്‍മയും (Anushka sharma) ഫെബ്രുവരിയില്‍ കരീന കപൂറും (Kareena Kapoor) അമ്മയായി. മലയാളത്തില്‍ അവതാരികയും നടിയുമായ പേളി മാണി മുതല്‍ സൗഭാഗ്യ വെങ്കിട്ടേഷ് വരെ ഈ വര്‍ഷം അമ്മയായ താരങ്ങളാണ്. 

2021ല്‍ ജനിച്ച കുട്ടി സെലിബ്രിറ്റികൾ ആരൊക്കെയാണെന്ന് നോക്കാം...

Latest Videos

വാമിക കോലി...

ജനുവരി 11നാണ് ബോളിവുഡ് നടി അനുഷ്ക ശർമയുടെയും ക്രിക്കറ്റ് നായകന്‍ വിരാട് കോലിയുടെയും മകളായി വാമിക ജനിച്ചത്. വാമികയുടെ സ്വകാര്യത ഉറപ്പുവരുത്താൻ താരദമ്പതികള്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. വാമികയുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങളോ വീഡിയോകളോ ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമില്ല. അതുകൊണ്ടുതന്നെ, വാമികയുടെ മുഖം ഇന്നോളം ആരും വ്യക്തമായി കണ്ടിട്ടുമില്ല.  

 

 

ജെ....

ഫെബ്രുവരി 21നാണ് ബോളിവുഡ് താരദമ്പതിമാരായ  കരീന കപൂറിനും സെയ്ഫ് അലി ഖാനും രണ്ടാമത്തെ ആൺകുഞ്ഞ് ജനിക്കുന്നത്. ജെ (Jeh) എന്നാണ് കരീനയും സെയ്ഫും ഇളയ മകന് നൽകിയിരിക്കുന്ന പേര്. മകന്‍റെ പേരിനെ ചൊല്ലി വലിയ വിവാദങ്ങളുമുണ്ടായിരുന്നു. എന്തായാലും മൂത്ത മകന്‍ തൈമൂറിനെ പോലെ നിരവധി ആരാധകരുള്ള ഒരു കുട്ടി സെലിബ്രിറ്റി തന്നെയാണ് ജെയും. 

നില ശ്രീനിഷ്...

മാര്‍ച്ചിലാണ് നടിയും അവതാരകയുമായ പേളി മാണിയ്ക്കും ഭര്‍ത്താവ് ശ്രീനിഷിനും പെണ്‍കുഞ്ഞ് പിറന്നത്. “ദൈവം ഞങ്ങൾക്കായി അയച്ച സമ്മാനം, സന്തോഷത്തോടെ പ്രഖ്യാപിക്കുന്നു. എന്റെ വലിയ കുഞ്ഞും ചെറിയ കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും എല്ലാവർക്കും നന്ദി”- എന്നാണ് അന്ന് ശ്രീനിഷ് ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സെലിബ്രിറ്റി കുട്ടിയും നില തന്നെയാണ്. കുഞ്ഞിന്റെ ആദ്യ ചിത്രം മുതൽ എല്ലാ വിശേഷങ്ങളും താരദമ്പതികള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ജനിച്ചു മാസങ്ങൾക്കുള്ളിൽ തന്നെ ഇൻസ്റ്റാഗ്രാം നിറയെ ഫാൻ പേജുകളാണ് നിലാ ബേബിക്കുള്ളത്. രണ്ട് മതത്തിലുള്ള താരദമ്പതികള്‍ കുഞ്ഞിന് ഒരേ സമയം മാമ്മോദീസയും ചോറൂണും നടത്തിയതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 

കമല...

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും നടിയുമായ അശ്വതി ശ്രീകാന്തും അടുത്തിടെയാണ് രണ്ടാമതും അമ്മയായത്. മകള്‍ കമല ജനിച്ച അടുത്ത ദിവസമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച നടിക്കുള്ള ടെലിവിഷന്‍ പുരസ്‌കാരം താരത്തെ തേടിയെത്തിയത്. കമലയുടെ വിശേഷങ്ങളുമായി തന്‍റെ യൂട്യൂബ് ചാനലിലൂടെ അശ്വതി എത്താറുണ്ട്. 

 

നേഹ ധൂപിയയുടെ മകന്‍...

രണ്ടാമത്തെ കുഞ്ഞ് പിറന്നതിന്‍റെ സന്തോഷത്തിലാണ് ഇപ്പോള്‍ ബോളിവുഡ് നടി നേഹ ധൂപിയ. രണ്ടുവയസ്സുകാരിയായ മകൾ മെഹറിന് കൂട്ടായി ആൺകുഞ്ഞ് പിറന്ന വിവരം ഭര്‍ത്താവ് അങ്കത് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. കുഞ്ഞിന് മുലയൂട്ടുന്ന ചിത്രവും നേഹ അടുത്തിടെ പങ്കുവച്ചിരുന്നു. 

ദിയ മിര്‍സയുടെ അവ്യയാന്‍ ആസാദ് രേഖി

ഇക്കഴിഞ്ഞ ജൂലൈലാണ് ദിയ മിര്‍സ അമ്മയായത്. അവ്യയാന്‍ ആസാദ് രേഖി എന്നാണ് കുഞ്ഞിന് പേര് നല്‍കിയത്. കുഞ്ഞിനെ നോക്കിയിരിക്കുമ്പോള്‍ മാതൃത്വത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം പഠിക്കുകയാണെന്നാണ് നടി കുറിച്ചത്. 

ശ്രേയയുടെ മകന്‍...

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് ശ്രേയ ഘോഷാല്‍. ശ്രേയയുടെ ജീവിതത്തിലേയ്ക്കും പുതിയൊരു അതിഥി വന്ന വര്‍ഷം ആയിരുന്നു 2021. ദേവ്‍യാന്‍ മുഖോപാധ്യായ എന്നാണ്  ശ്രേയയുടെ മകന്‍റെ പേര്. 

 

സുദർശന അർജുൻ...

ഏറ്റവും ഒടുവില്‍ മലയാളികളുടെ പ്രിയപ്പെട്ട കുരുന്നായി മാറിയത് സൗഭാഗ്യ-അർജുൻ ദമ്പതികളുടെ മകള്‍ സുദർശന അർജുനാണ്. അമ്മുമ്മ താരാ കല്യാൺ കുഞ്ഞിനെ കൊഞ്ചിക്കുന്ന വീഡിയോ മുതല്‍ അര്‍ജുന്‍ കയ്യിലെടുത്ത് നൃത്തം ചെയ്യുന്ന വീഡിയോ വരെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

 

പ്രീതി സിന്‍റയുടെ ഇരട്ടക്കുഞ്ഞുങ്ങള്‍...

ബോളിവുഡ് താരം പ്രീതി സിന്റക്കും ഭര്‍ത്താവ് ജീന്‍ ഗൂഡനൗവിനും ഈ നവംബറിലാണ് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞുങ്ങൾ ജനിച്ചത്. നടി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ജിയ, ജയ് എന്നാണ് കുഞ്ഞുങ്ങളുടെ പേരെന്നും താരം വ്യക്തമാക്കി.

 

Also Read: 'കൊവിഡ്, ഞാൻ നിന്നെ വെറുക്കുന്നു'; മക്കളെ പിരിയേണ്ടി വന്നതിന്‍റെ സങ്കടത്തില്‍ കരീന

click me!