സംസാരിക്കാൻ കഴിയുന്നതു വരെയുള്ള ഏക ആശയവിനിമയ മാർഗമാണ് കുഞ്ഞുങ്ങളുടെ കരച്ചിൽ.
കുഞ്ഞുങ്ങൾ ചില സമയങ്ങളിൽ നിർത്താതെ കരയാറുണ്ട്. പല കാരണങ്ങൾ കൊണ്ടാകാം കരയുന്നത്. കുഞ്ഞുങ്ങൾക്ക് കരച്ചിൽ പ്രയോജനപ്രദമായ ഒരു പ്രവൃത്തിയാണ്. കരയുന്ന കുഞ്ഞ് കൂടുതൽ ഓക്സിജൻ അകത്തേക്ക് വലിച്ചെടുക്കും. കരയുമ്പോൾ എല്ലാ മസിലുകൾക്കും വ്യായാമം ലഭിക്കുമെന്നതിനാൽ ശരിയായ ശാരീരിക വികാസത്തിന് സഹായകമാവുകയും ചെയ്യും. സംസാരിക്കാൻ കഴിയുന്നതു വരെയുള്ള ഏക ആശയവിനിമയ മാർഗമാണ് കുഞ്ഞുങ്ങളുടെ കരച്ചിൽ.
വയർ നിറയെ പാലൂട്ടിയിട്ടും കുഞ്ഞ് കരയുന്നുണ്ടെങ്കിൽ ഗ്യാസ് കെട്ടിക്കിടക്കുന്നതു മൂലമുള്ള വയറുവേദനയാകാം കാരണം. അമ്മയുടെ ഭക്ഷണത്തിൽ എന്തെങ്കിലും വ്യത്യാസമുണ്ടാകുമ്പോൾ കുട്ടിയുടെ വയറിന് അസ്വസ്ഥത തോന്നാം. കൂർക്ക പോലെ ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണ പദാർഥങ്ങൾ അമ്മ കഴിച്ചാൽ കുട്ടിക്കും പ്രശ്നമുണ്ടാകും. പനിയോ ജലദോഷമോ മൂലം മൂക്കടഞ്ഞിരുന്നാലുള്ള അ സ്വസ്ഥതയിലും കുഞ്ഞുങ്ങൾ കരയാറുണ്ട്.
undefined
ഇത്തരം അവസ്ഥയിൽ കുഞ്ഞിനു പാൽ വലിച്ചു കുടിക്കാൻ ബുദ്ധിമുട്ടുണ്ടാകും. കുഞ്ഞിനു മൂക്കടപ്പ് കാരണമുള്ള ബുദ്ധിമുട്ടാണെങ്കിൽ സലൈൻ വാട്ടർ മൂക്കിലൊഴിക്കാം. ചെറിയ തോതിൽ ആവി പിടിക്കുന്നതും നല്ലതാണ്. മുതിർന്നവർ ആവി പിടിക്കുന്നതു പോലെ കുഞ്ഞുങ്ങളെ നേരിട്ട് ആവി പിടിപ്പിക്കുകയല്ല വേണ്ടത്. കൈ കൊണ്ട് വീശി ചെറുതായി ആവി മൂക്കിന്റെ ഭാഗത്തേക്ക് വിടുക. ഇത് കുഞ്ഞിന് ആശ്വാസമേകും.
തന്റെ വിവിധ ആവശ്യങ്ങളിലേക്ക് അമ്മയുടെ ശ്രദ്ധക്ഷണിക്കാനായിരിക്കും കുഞ്ഞ് കരയുന്നത്. സമാശ്വസിപ്പിക്കൽ വേണ്ടിവരുമ്പോഴും താഴെ പറയുന്ന ഏതെങ്കിലും കാരണത്താൽ അസ്വസ്ഥത തോന്നുമ്പോഴും ആണ് സാധാരണയായി കുഞ്ഞുങ്ങൾ കരയുന്നത്.
1. വിശപ്പ്
2. ശരീരവേദന മൂലം അസ്വസ്ഥത തോന്നുമ്പോൾ
3. നനഞ്ഞ ഡയപ്പർ അടക്കം പുറമേ നിന്നുള്ള ഏതെങ്കിലും വസ്തുക്കൾ മൂലം അസ്വസ്ഥത തോന്നുമ്പോൾ
4. ഉറക്കം വരുമ്പോൾ
വളരുന്ന കുഞ്ഞിന്റെ മൂന്ന് അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ് പരിപോഷണത്തിനു വേണ്ടിയുള്ള ആഹാരം. ഇത് ആദ്യത്തെ കുട്ടിയല്ല എങ്കിൽ കുഞ്ഞ് ഉറക്കെ കരയുന്നതിനു മുമ്പ് കാണിക്കുന്ന സൂചനകളിൽ നിന്ന് അമ്മയ്ക്ക് കാര്യം മനസ്സിലാവും. അടക്കിപ്പിടിക്കുമ്പോൾ കുഞ്ഞ് തലതിരിച്ച് അമ്മയുടെ കൈകളിലേക്ക് നോക്കുകയാണെങ്കിൽ കുഞ്ഞിന് വിശക്കുന്നുവെന്നും ആഹാരം ആവശ്യമാണെന്നുമുള്ള സൂചനയായി കണക്കാക്കാം.
കൈകൾ കുടിക്കുന്നതും വിശപ്പിന്റെ ലക്ഷണമായേക്കാം. ഇത്തരം സൂചനകൾ അമ്മയ്ക്ക് മനസ്സിലായില്ലെങ്കിൽ കുഞ്ഞ് ഉടൻ കരച്ചിൽ ആരംഭിക്കും. പാൽ നൽകിക്കഴിഞ്ഞാൽ കുഞ്ഞ് ശാന്തമാവും. ഇതോടെ, കുഞ്ഞ് ആഹാരത്തിനു വേണ്ടി കരയുന്നത് തിരിച്ചറിയാൻ അമ്മയ്ക്ക് സാധിക്കും.
കുഞ്ഞ് തന്റെ സന്ദേശങ്ങൾ കൈമാറുന്നത് വാക്കുകളിലൂടെയല്ല, കരഞ്ഞു കൊണ്ടാണ്, ഉറക്കെ കരഞ്ഞുകൊണ്ട്. കരച്ചിൽ പെട്ടെന്നുള്ളതും തുടർച്ചയായുള്ളതുമായിരിക്കാം. കരയുന്നത് പല കാരണങ്ങൾകൊണ്ടാവാം. എന്നാൽ അതേക്കുറിച്ചൊന്നും ആലോചിക്കാതെ നിങ്ങൾ മരുന്നു കൊടുക്കാൻ ശ്രമിച്ചേക്കാം. കുട്ടിക്ക് മരുന്നുകൾ ഒന്നും ആവശ്യമില്ല എന്നു മാത്രമല്ല കടകളിൽ നിന്ന് നേരിട്ടു ലഭിക്കുന്ന മരുന്നുകളിൽ ഭൂരിഭാഗത്തിലും ഉറക്കമരുന്നുകൾ അടങ്ങിയിരിക്കുന്നു എന്നകാര്യവും മനസ്സിലാക്കുക.
ദഹനക്കേട്, വയറുവേദന അല്ലെങ്കിൽ ചെവി, തൊണ്ട, മൂക്ക് എന്നിവിടങ്ങളിൽ എവിടെയെങ്കിലും ഉള്ള അണുബാധ മൂലമാകാം കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നത്. അത് ഒരു പക്ഷേ, എന്തെങ്കിലും പ്രാണി കടിച്ചതുമൂലവും ആയിക്കൂടെന്നില്ല. ചൂട്, ചുവപ്പുനിറം, തടിപ്പ് മുതലായവ ഉണ്ടോയെന്ന് വിശദമായി പരിശോധിക്കുന്നത് അസ്വസ്ഥതയുള്ള ശരീരഭാഗം തിരിച്ചറിയാൻ സഹായിക്കും.
കൂടുതലും പുലർച്ചെയാണു ചെറിയ കുട്ടികൾ ചെവിവേദന മൂലമുള്ള അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നത്. ജലദോഷമുള്ള കുട്ടികൾക്കു ചെവിവേദനയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചെവിവേദനയുള്ളപ്പോൾ കുട്ടികൾ നിർത്താതെ കരയും. കുഞ്ഞുങ്ങൾ കരയുന്നതിനിടെ ചെവിയിൽ പിടിച്ചു വലിക്കുന്നുണ്ടെങ്കിൽ ചെവിവേദനയാകാം കാരണം.