Women's Day 2023: 'ഞാനിപ്പോള്‍ ഇൻഡിപ്പെന്‍ഡന്‍റ് ആയ, വെല്‍-സെറ്റില്‍ഡ് ആയ, നാല്‍പത് വയസായ ഒരു സ്ത്രീയാണ്...'

By hyrunneesa A  |  First Published Mar 8, 2023, 11:50 AM IST

''വിവാഹത്തെ പറ്റി പറയുമ്പോള്‍ മുമ്പൊക്കെ ഒരുപാട് പേര്‍ എന്നോട് എന്താ കല്യാണം കഴിക്കാത്തെ എന്ന് ചോദിക്കുമായിരുന്നു. ഇപ്പോള്‍ പക്ഷേ കല്യാണം കഴിക്കാതിരുന്നത് നന്നായി മോളെ എന്ന് എന്നോട് പറയുന്നവര്‍ കൂടിയിട്ടുണ്ട്. അത് രസമാണ്. എനിക്ക് എന്‍റെ പാസ്റ്റ്- എക്സ്പീരിയൻസ് വച്ച് ഒരു ആണിനെ ഡിപ്പൻഡ് ചെയ്താല്‍ മാത്രമേ മുന്നോട്ട് പോകാൻ സാധിക്കൂ എന്ന തോന്നല്‍ ഉണ്ടായില്ല- അതാണ് കാര്യം. പക്ഷേ പ്രണയത്തില്‍ എനിക്ക് ഡിപ്പൻഡൻസിയുണ്ട്. തീര്‍ച്ചയായും ഞാൻ അങ്ങനെയൊരു കാമുകിയാണ്...''


നമ്മളെന്ന വ്യക്തിയെ ഉണ്ടാക്കുന്നത് നമ്മുടെ അനുഭവങ്ങളാണല്ലോ. നമ്മള്‍ വളര്‍ന്ന രീതി, പഠിച്ച രീതി, കാണുന്ന ആള്‍ക്കാര്‍,  യാത്ര ചെയ്ത സ്ഥലങ്ങള്‍. ഓരോ നിമിഷവും നമ്മള്‍ ജീവിക്കുകയാണ്. ഞാൻ ജീവിതത്തില്‍ എന്തെല്ലാമായിട്ടുണ്ടോ അതെല്ലാം എന്തുതരം ജീവിതമായിരുന്നു എന്‍റേത് എന്നതിന് അനുസരിച്ചാണുള്ളത്. 'സ്റ്റാര്‍ സിംഗറി'ല്‍ വരുന്നത് വരെ എനിക്ക് എന്നെ കുറിച്ച് പ്രത്യേകിച്ച് വ്യത്യസ്തമായിട്ട് ഒന്നും തോന്നിയിരുന്നില്ല. എന്നുവച്ചാല്‍ ഞാൻ ഏത് സ്പെയ്സില്‍ കയറി ചെന്നാലും അവിടെയുള്ളവര്‍ പെട്ടെന്ന് അതില്‍ കോണ്‍ഷ്യസാകുന്നത് പോലെ എനിക്ക് തോന്നുമായിരുന്നു. ചെറുപ്പത്തിലെ ഇത് ഞാൻ മനസിലാക്കിയിട്ടുള്ളതാണ്.  അതിന്‍റെ കാരണം എനിക്ക് ഇന്നും അറിയില്ല. പക്ഷേ 'സ്റ്റാര്‍ സിംഗര്‍' വന്നതോടെ എനിക്കൊരുപാട് നെഗറ്റീവ് കമന്‍റ്സ് കിട്ടാൻ തുടങ്ങി. 

സ്വന്തമായി അഭിപ്രായം പറയുന്ന, വെസ്റ്റേണ്‍ ഉടുപ്പ് ധരിക്കുന്ന, കാലകറ്റി വയ്ക്കുന്ന, ആണുങ്ങളെയും പെണ്ണുങ്ങളെയും ഒരുപോലെ കെട്ടിപ്പിടിക്കുന്ന പെണ്ണുങ്ങളെ ആളുകള്‍ അങ്ങനെ കാണുന്നില്ല എന്നത് അപ്പോഴാണ് മനസിലാക്കുന്നത്. എന്‍റെ വീട്ടിലെ സാഹചര്യം എന്ന് പറയുമ്പോള്‍ വളരെ ലിബറലാണ്. പെണ്ണുങ്ങള്‍ അങ്ങനെ ചെയ്യരുത്- ഇങ്ങനെ ചെയ്യരുത് എന്നൊന്നും ഇല്ല. അതുകൊണ്ടൊക്കെ തന്നെ എനിക്കീ കമന്‍റ്സൊക്കെ ഭയങ്കര തമാശയായി തോന്നിയിരുന്നു. പക്ഷേ എനിക്കതിന് അനുസരിച്ച് മാറാൻ പറ്റില്ലല്ലോ!

Latest Videos

എന്‍റെ ഹാപ്പിനെസിന് അല്ലാതെ ഞാൻ എന്‍റെ വ്യക്തിത്വത്തില്‍ ഒരു മാറ്റവരും വരുത്തില്ല. എന്‍റെ മോട്ടോ വളരെ സിമ്പിളാണ്. എനിക്ക് സന്തോഷങ്ങള്‍ തരുന്ന കാര്യങ്ങള്‍ ‍ഞാൻ ചെയ്യും. അതിപ്പോ എനിക്ക് പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണ്. വേണമെങ്കില്‍ എനിക്കെന്‍റെ ദേഷ്യം കണ്‍ട്രോള്‍ ചെയ്യാം. പക്ഷേ എനിക്കതിഷ്ടമാണ്. (ഞാൻ ദേഷ്യപ്പെടുന്ന കാര്യങ്ങള്‍ എനിക്ക് ജസ്റ്റിഫൈഡ് ആകുന്ന കാര്യങ്ങളായിരിക്കും കെട്ടോ). 

എന്‍റെ വ്യക്തിത്വുമായി ബന്ധപ്പെട്ട് ഇങ്ങനെ പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. എനിക്ക് വലിയ ശബ്ദമാണ്, ലൗഡാണ്. ഞാൻ സാധാരണ സംസാരിക്കുമ്പോള്‍ തന്നെ ആളുകള്‍ ഞാൻ ദേഷ്യപ്പെടുകയാണെന്ന് വിചാരിക്കും. അപ്പോള്‍ ദേഷ്യപ്പെട്ടാല്‍ കുറച്ചൂടി ശബ്ദം ആകുമല്ലോ. ഇങ്ങനെ രസകരമായ സംഭവങ്ങളും ഒരുപാടുണ്ടായിട്ടുണ്ട്. പിന്നെ അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന ആളാകുന്നത് കൊണ്ട് കൂടിയിയാരിക്കും ആളുകള്‍ക്ക് പെട്ടെന്ന് അണ്‍കംഫര്‍ട്ടബിളാകുന്നത്. 

നമ്മുടെ ജീവിതത്തില്‍ തീരുമാനങ്ങളെടുക്കേണ്ടത് മറ്റുള്ളവരല്ലല്ലോ, നമ്മള്‍ തന്നെയല്ലേ? അപ്പോള്‍ നമ്മുടെ ഹാപ്പിനെസിന് പ്രശ്നം വരുന്ന എന്തെങ്കിലും സംഭവിച്ചാല്‍ പ്രതികരിക്കും. പക്ഷേ ഇപ്പോള്‍ ഒരുപാട് മാറി. പണ്ടൊക്കെ എല്ലാത്തിനും കയറി അഭിപ്രായം പറയുമായിരുന്നു. നമ്മള്‍ പറയാറില്ലേ വയസ് കൂടുമ്പോള്‍ മെച്യൂരിറ്റി വരും- ഇരുത്തം വരും എന്നൊക്കെ. അത് ശരിയാണ്. ഇപ്പോള്‍ ഞാൻ അങ്ങനെ ആരെങ്കിലും പറയുന്നതൊന്നും ബോദര്‍ ചെയ്യാറില്ല. ഞാനെന്‍റെ കാര്യങ്ങള്‍ ചെയ്യും. എന്നാലും തീരെ പ്രതികരിക്കില്ല എന്നല്ല. പണ്ട് കൂടുതല്‍ പ്രതികരിക്കുമായിരുന്നു എന്ന് മാത്രം. അങ്ങനെ എന്‍റെ ക്യാരക്ടറില്‍ എനിക്ക് ഒരുപാട് കോംപ്രമൈസ് ചെയ്യാനൊന്നും എനിക്ക് പറ്റാറില്ല. അന്നും ഇന്നും. 

ബോള്‍ഡ് എന്ന് വിളിക്കപ്പെടുന്നത്...

ആളുകള്‍ എന്നെപ്പറ്റി എപ്പോഴും 'ബോള്‍ഡ്' ആണെന്നാണ് പറയാറ്. പക്ഷേ എന്നെ അറിയാവുന്നവര്‍ക്കെല്ലാം അറിയാം ഞാൻ വളരെ സെൻസിറ്റീവായ ഒരാളാണ്. ചെറുപ്പത്തിലേ ഒരു തൊട്ടാവാടിയാണ്. പെട്ടെന്ന് കരയും... അങ്ങനെയൊക്കെ... പക്ഷേ ചുറ്റുപാടുകളിലും ഉള്ള ആളുകളില്‍ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഞാൻ സ്വയം സുരക്ഷിതമാക്കുന്ന സ്വഭാവത്തിലെത്തിയെന്ന് മാത്രം. ഇപ്പോ ഞാനുണ്ടാക്കിയെടുത്തിട്ടുള്ള ര‍ഞ്ജിനി ഹരിദാസ് ബോള്‍ഡ് തന്നെയാണ്. എന്‍റെ ഉള്ളിലുള്ള തൊട്ടാവാടി കുട്ടിയിലേക്ക് പോകാൻ ഇപ്പോള്‍ എനിക്ക് തന്നെ പറ്റാറില്ല. 

മുമ്പൊക്കെ എന്ന് പറഞ്ഞാല്‍ പബ്ലിക് മീഡിയം ഇത്ര ഓപ്പണല്ല. ഇപ്പോഴത്തെ പോലെ എല്ലാവര്‍ക്കും ഒപ്പീനിയൻ പറയാനുള്ള അവസരമില്ല. അതുകൊണ്ട് നമ്മള്‍ പറയുന്ന കാര്യങ്ങള്‍ കുറച്ചുകൂടി ആളുകള്‍ ശ്രദ്ധിക്കും. ഇന്ന് അങ്ങനെയല്ല, അഭിപ്രായങ്ങള്‍ കൂടുതലാണ്. അതില്‍ വിദ്യാഭ്യാസം ഉള്ളവര്‍ അഭിപ്രായം പറയും, അറിവുള്ളവര്‍ പറയും, അനുഭവങ്ങളില്‍ നിന്ന് പറയുന്നവരുണ്ട്, ഒന്നും അറിയാത്തവരും പറയും. ഇതില്‍ കുറച്ചൊക്കെ അഭിപ്രായങ്ങള്‍ സിമിലറാകും. ബാക്കി വ്യത്യസ്തമായിരിക്കും. എന്നാല്‍ അഭിപ്രായങ്ങള്‍ അടിച്ചേല്‍പിക്കുന്നൊരു രീതി കൂടിയുണ്ട്. അത് എല്ലായിടത്തും ഉണ്ട്. 

ഇപ്പോള്‍ ദുര്‍ബലരായ ഒരു വിഭാഗം പേരുടെ പ്രശ്നം ഉറക്കെ പറഞ്ഞാലേ കേള്‍ക്കപ്പെടു എന്നുണ്ടെങ്കില്‍ അതങ്ങനെ പറയണം. അവര്‍ ചിലപ്പോള്‍ ഏതെങ്കിലും രീതിയില്‍ അടിച്ചമര്‍ത്തപ്പെട്ടവരാണെങ്കില്‍ അവര്‍ അഭിപ്രായം പറയുമ്പോള്‍ ഇമോഷണലാകാം- അഗ്രഷനുണ്ടാാകം. അത് മനസിലാക്കാം. അല്ലാതെ പൊളിറ്റിക്കല്‍ കറക്ട്നെസ് അമിതമാകുമ്പോള്‍ ഉണ്ടാകുന്ന അഗ്രസീവ് നേച്ചര്‍ - അത് തെറ്റാണോ ശരിയാണോ എന്ന് പറയാൻ നമ്മളാര്! 

ചില സമയത്തൊക്കെ വ്യക്തിപരമായി എനിക്കും തോന്നാറുണ്ട്. പൊളിറ്റിക്കല്‍ കറക്ട്നെസ് കൂടുതലാണെന്ന്. പക്ഷേ നമുക്ക് എന്ത് ചെയ്യാൻ പറ്റും. അത് അവരുടെ ഇഷ്ടം ഇല്ലേ. നിയമത്തിന്‍റെ അകത്ത് നിന്നുകൊണ്ട് എല്ലാം ചെയ്യാൻ എല്ലാവര്‍ക്കും അവതാശമുണ്ട്. കുറച്ചുകാലം മുമ്പ് വരെ ഞാനിതിനെ പറ്റിയൊക്കെ ആലോചിച്ചിരുന്നു. പിന്നെ ഞാൻ ജീവിക്കുന്ന പോലെ ജീവിച്ചുപോവുക, എന്നെ സന്തോഷിപ്പിക്കുന്ന ഒന്നും ഇല്ലെങ്കില്‍ അതൊന്നും ശ്രദ്ദിക്കേണ്ട- അവഗണിക്കുക എന്ന തീരുമാനത്തിലെത്തി.

സീ, ഞാനിപ്പോള്‍ ഇൻഡിപ്പെന്‍ഡന്‍റ് ആയ, വെല്‍-സെറ്റില്‍ഡ് ആയ, നാല്‍പത് വയസായ ഒരു സ്ത്രീയാണ്. എന്‍റെ വീടും അമ്മയെയും നോക്കുന്നതൊക്കെ ഞാനാണ്. എന്‍റെ സ്വന്തം അധ്വാനത്തില്‍ നിന്നാണ് ഇതെല്ലാം ഞാൻ ഉണ്ടാക്കിയത് എന്ന കാരണം കൊണ്ട് തന്നെ എനിക്ക് ബഹുമാനം തരുന്നവരുണ്ട്. എനിക്ക് ബഹുമാനം ആവശ്യമുണ്ടായിട്ടല്ല, പക്ഷേ ഈ കാരണം കൊണ്ട് അവരെന്നെ ബഹുമാനിക്കുന്നു. പക്ഷേ അപ്പോഴും എന്‍റെ ക്യാരക്ടറില്‍ അസ്വസ്ഥതപ്പെടുന്നവരുണ്ട് എന്നതാണ്. 

ആണ്‍-പെൺ സൗഹൃദങ്ങള്‍

ഈ അഭിപ്രായങ്ങള്‍ പറയുന്ന കാര്യത്തില്‍ തന്നെ ഇപ്പോഴും ആണുങ്ങള്‍ പ്രശ്നത്തിലാകുന്നത് സാധാരണമാണ് കെട്ടോ. എന്‍റെ ചുറ്റും ഉള്ള സുഹൃത്തുക്കള്‍, കൂടെ ജോലി ചെയ്യുന്നവര്‍, ഞാൻ എപ്പോഴും ഇടപെടുന്നവര്‍ - ഈ വിഭാഗത്തിലെ ആണുങ്ങള്‍ ഭാഗ്യം കൊണ്ടോ എന്തോ എല്ലാവരും എനിക്ക് ഭയങ്കര കംഫര്‍ട്ടബിളാണ്. ഇതിന് പുറത്തുള്ളവരുടെ കാര്യമാണ് പറയുന്നത്. ചെറുപ്പത്തില്‍ ഞാൻ പെണ്ണുങ്ങളെക്കാള്‍ കൂട്ട് കൂടിയിരുന്നത് ആണുങ്ങളോടായിരുന്നു. വളരെ ബെറ്ററായ ആണുങ്ങളുമായി ഇടപഴകാൻ എനിക്ക് പറ്റിയിട്ടുണ്ട്. ഒരു മുപ്പത് വയസൊക്കെ കഴിഞ്ഞപ്പോള്‍ തന്നെ പെണ്‍- സുഹൃത്തുക്കള്‍ ഒരു ആവശ്യം ആണെന്ന തിരിച്ചറിവുണ്ടായി വന്നു. ഇപ്പോള്‍ എനിക്ക് കൂട്ട് കൂടാൻ എന്‍റേതായ സ്ത്രീ സൗഹൃദങ്ങളുണ്ട്. ഞങ്ങള്‍ ഒരുമിച്ച് യാത്രകള്‍ പോകും. വളരെ സ്ട്രിക്ട് ആയ ഒരാളായത് കൊണ്ട്- എന്‍റെ കൂടെ ശല്യമാണെന്നൊക്കെ അവര്‍ പറയും. എങ്കിലും ഞങ്ങള്‍ ഒരുമിച്ച് പോകും. ഞാൻ തനിയെയും പോകാറുണ്ട്. എനിക്ക് യാത്ര ചെയ്യാനൊക്കെ വളരെ ഇഷ്ടമാണ്. പക്ഷേ എവിടെ പോയാലും തിരിച്ച് വീട്ടിലേക്ക് എത്തണം. കാരണം അമ്മയുള്ളത് അവിടെയാണല്ലോ. 

അമ്മയും ബ്രദറും എപ്പോഴും നല്ല സപ്പോര്‍ട്ടാണ്. അവരാണ് എന്‍റെ പില്ലേര്‍സ്. എന്‍റെ അമ്മയില്‍ നിന്നാണ് ഞാനെന്‍റെ ലൈഫ് ഡിസൈൻ ചെയ്തത് എന്ന് പറയാം. എനിക്ക് ഒരിക്കലും അമ്മയെ പോലെ ആകരുത് എന്നായിരുന്നു ആഗ്രഹം. കാരണം അവര്‍ അത്രമാത്രം അനുഭവിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. മുപ്പത് വയസില്‍ ഭര്‍ത്താവ് മരിച്ചു. രണ്ട് ചെറിയ കുട്ടികള്‍, കയ്യില്‍ കാശില്ല. പിന്നെ അമ്പത് വയസ് വരെ അമ്മയുടെ ലൈഫ് അപ്പൂപ്പന്‍റെയും അമ്മൂമ്മയുടെയും തീരുമാനങ്ങളിലൂടെയായിരുന്നു. എനിക്കൊരിക്കലും മുപ്പത് വയസില്‍ എന്‍റെ ജീവിതം ആരെങ്കിലും കണ്‍ട്രോള്‍ ചെയ്യുന്നത് ഓര്‍ക്കാനേ ഇഷ്ടമല്ല. ഇപ്പോള്‍ എന്‍റെ അമ്മ എന്നെക്കാളും സ്ട്രോംഗ് ആയ സ്ത്രീയാണ്. ഒരു സ്ത്രീക്ക് വേറൊരു സ്ത്രീ സപ്പോര്‍ട്ട് ചെയ്താല്‍ തന്നെ എത്ര മുന്നില്‍ വന്ന് നിക്കാമെന്ന് എന്‍റെ വീട്ടില്‍ നിന്ന് തന്നെ എനിക്ക് മനസിലായി. 

എനിക്ക് എല്ലാ കാര്യങ്ങളും അമ്മ തന്നെ നിന്ന് ചെയ്ത് തന്നിരുന്നത് കൊണ്ടും അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം ഞാൻ കണ്ടിട്ടില്ലാത്തത് കൊണ്ടും ആണ് ജീവിതത്തില്‍ ഒരു പുരുഷൻ നിര്‍ബന്ധമാണ്- അല്ലെങ്കില്‍ വിവാഹം നിര്‍ബന്ധമാണ് എന്നൊരു കാഴ്ചപ്പാട് എനിക്കുണ്ടാകാതിരുന്നത്. 

വിവാഹം...

വിവാഹത്തെ പറ്റി പറയുമ്പോള്‍ മുമ്പൊക്കെ ഒരുപാട് പേര്‍ എന്നോട് എന്താ കല്യാണം കഴിക്കാത്തെ എന്ന് ചോദിക്കുമായിരുന്നു. ഇപ്പോള്‍ പക്ഷേ കല്യാണം കഴിക്കാതിരുന്നത് നന്നായി മോളെ എന്ന് എന്നോട് പറയുന്നവര്‍ കൂടിയിട്ടുണ്ട്. അത് രസമാണ്. എനിക്ക് എന്‍റെ പാസ്റ്റ്- എക്സ്പീരിയൻസ് വച്ച് ഒരു ആണിനെ ഡിപ്പൻഡ് ചെയ്താല്‍ മാത്രമേ മുന്നോട്ട് പോകാൻ സാധിക്കൂ എന്ന തോന്നല്‍ ഉണ്ടായില്ല- അതാണ് കാര്യം. പക്ഷേ പ്രണയത്തില്‍ എനിക്ക് ഡിപ്പൻഡൻസിയുണ്ട്. തീര്‍ച്ചയായും ഞാൻ അങ്ങനെയൊരു കാമുകിയാണ്. പല റിലേഷൻഷിപ്പുകളും വിവാഹത്തിലെത്തുമെന്ന് ഞാൻ പോലും വിചാരിച്ചിട്ടുണ്ട്. പക്ഷേ കുറച്ച് കഴിയുമ്പോള്‍ മനസിലാകും അയ്യോ വേണ്ട എന്ന്. അതൊക്കെ മനസിലാക്കി തീരുമാനമെടുക്കാനുള്ള ബുദ്ധി എനിക്കുണ്ട്. പിന്നെ ഇതുവരെ വിവാഹം കഴിച്ചില്ല എന്നതേയഉള്ളൂ. ഫ്യൂച്ചറിലേക്ക് നോക്കി ഇല്ല എന്ന് എനിക്ക് പറയാൻ സാധിക്കില്ല. ഇന്ന് ഞാൻ വിവാഹിതയല്ല അതില്‍ ഞാൻ സന്തുഷ്ടയാണ് എന്നേ പറയാൻ പറ്റൂ. വിലവില്‍ റിലേഷൻഷിപ്പൊന്നും ഇല്ല എന്ന് തന്നെ പറയാം.

ഇപ്പോള്‍ ഞാൻ ചിന്തിക്കുന്ന കാര്യങ്ങള്‍ എന്താണെന്നോ, എനിക്ക് നാല്‍പത്  വയസായി. ഇത്രയും കാലം ഞാനൊരിക്കലും കുട്ടികളെ ഉണ്ടാക്കില്ല എന്ന് പറഞ്ഞിട്ടുള്ള ഒരാളാണ്. ഇപ്പോഴും എനിക്ക് കുട്ടികളെ വേണം എന്ന് തോന്നുന്നില്ല. പക്ഷേ ഇന്നുവരെ എനിക്ക് ഒരു ചോയ്സുണ്ടായിരുന്നു. വേണമെന്ന് വിചാരിച്ചാല്‍ കുട്ടി ആകാം. ഇപ്പോള്‍ എനിക്ക് തോന്നും പ്രായം എനിക്ക് ഇനി വളരെ കുറച്ച് വര്‍ഷങ്ങളേ എനിക്കതിന് അനുവദിച്ച് തരുമായിരിക്കൂ എന്ന്. അതൊരു ബയോളജിക്കലായ പ്രതിസന്ധിയാണ്. അപ്പോള്‍ ഞാനിപ്പോള്‍ ഒരു സ്ത്രീയെന്ന നിലയില്‍ സീരിയസായി ഇതിനെപ്പറ്റി ചിന്തിക്കുകയാണ്.  ഞാൻ അമ്മയോടൊക്കെ ഇത് ഡിസ്കസ് ചെയ്യും. ഞാൻ കുട്ടിയെ ഉണ്ടാക്കണോ, അതിന് വിവാഹം കഴിക്കണോ എന്നൊക്കെ സീരിയസായി ചിന്തിക്കും. 

പിന്നെ എല്ലാ തീരുമാനങ്ങളും നമ്മുടേതിന് അനുസരിച്ച് തന്നെ നടക്കില്ലല്ലോ. യൂണിവേഴ്സിനൊരു തീരുമാനമുണ്ടാകുമല്ലോ. എനിക്ക് അതിലും വിശ്വാസമാണ്. വിശ്വാസി എന്ന് പറയുമ്പോള്‍ ചെറുപ്പത്തിലേ അമ്മയുടെ കൂടെ അമ്പലങ്ങളിലൊക്കെ പോയിട്ടുള്ളതാണ് കുറെ. പിന്നെ ഒരുപാട് വര്‍ഷങ്ങള്‍ വിശ്വാസോം ഒന്നുമുണ്ടായിരുന്നില്ല. ഇപ്പോളെനിക്ക് യൂണിവേഴ്സിലും എനര്‍ജികളിലും വിശ്വാസമുണ്ട്. ഈ എനര്‍ജിയെ ദൈവം എന്ന് പേരിട്ട് വിളിക്കാമോ എന്നറിയില്ല. ദൈവത്തെ പോസിറ്റീവായി പ്രതിനിധാനം ചെയ്യുന്ന എന്തിനോടും ഏത് ആശയത്തോടും ഇഷ്ടമാണ്. 

സ്ത്രീകളറിയേണ്ട സാമ്പത്തികശാസ്ത്രം...

പറഞ്ഞുവന്നത്- അവിവാഹിതയായി തുടരുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട് എന്നതാണ്. നമ്മുടെ എല്ലാ കാര്യങ്ങളം നമ്മള്‍ തന്നെ ചെയ്യും. അത് നമ്മുടെ ആത്മവിശ്വാസം കൂട്ടും. നമ്മളെ കൂടുതല്‍ ശക്തരാക്കും.  കൂടുതല്‍ സന്തോഷിക്കും. കാരണം ഒന്നിന്‍റെയും ക്രെഡിറ്റ് ആര്‍ക്കുമില്ല. എല്ലാത്തിന്‍റേയും അവകാശി നമ്മള്‍ തന്നെ. ഞാൻ ഫാമിലിയെ കൂടി നോക്കുന്ന ആളാണ്. അപ്പോള്‍ മനസിലാക്കാമല്ലോ. അവിവാഹിതരെന്ന് മാത്രമല്ല ഇൻഡിപ്പെൻഡന്‍റാണെന്നതാണ് പ്രധാനം. നമ്മുടെ സ്വന്തം പണത്തിന് നമ്മള്‍ ജീവിക്കുന്ന സാഹചര്യം വേണം. സാമ്പത്തിക സുരക്ഷയ്ക്ക് ഞാൻ ഏറ്റവും ആദ്യം പ്രാധാന്യം കൊടുക്കുന്നു എന്ന് പറയാം. പ്രത്യേകിച്ച് സ്ത്രീകള്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യവും ഇതുതന്നെയാണ്.

വരുമാനമുണ്ടാക്കിയാല്‍ പോര, അത് സേവ് ചെയ്യുകയും വേണം. ഞാൻ കരിയര്‍ തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ കിട്ടുന്ന പണത്തില്‍ വലിയൊരു പങ്ക് സേവിംഗ്സ് ആയി മാറ്റിവച്ച് ശീലിച്ചയാളാണ്. വരവിന്‍റെ 25 ശതമാനമെങ്കിലും സേവ് ചെയ്യണം എന്നാണ് എപ്പോഴും പറഞ്ഞുകേള്‍ക്കാറ്. ഞാൻ കിട്ടുന്നതില്‍ എഴുപതും എണ്‍പതും ശതമാനം സൂക്ഷിച്ചിരുന്നു.  അതുകൊണ്ട് തന്നെ ഇപ്പോള്‍ എനിക്ക് ആത്മവിശ്വാസത്തോടെ പറയാം, എനിക്കിനി ജോലി ചെയ്തില്ലെങ്കിലും ജീവിക്കാം. എന്നുവച്ചാല്‍ അതിസമ്പന്നമായി ജീവിക്കാമെന്നല്ല. എന്നിട്ടും ഞാനിപ്പോഴും ജോലി ചെയ്യുന്നത് എനിക്കിനിയും ലക്ഷൂറി വേണമെന്നത് കൊണ്ടാണ്. എനിക്കെന്‍റെ പ്രൊഫഷനോട് ഇഷ്ടവും ഉണ്ട്. ആ സംതൃപ്തിയും തീര്‍ച്ചയായും ഒരു ഘടകമാണ്. 

'പ്രായം ഇംപോര്‍ട്ടന്‍റാണ്...'

ഇപ്പോ പറഞ്ഞ കാരണങ്ങള്‍ കൊണ്ടെല്ലാം തന്നെ അവിവാഹിതയായി തുടരുന്നതില്‍ ഞാനൊരു ചലഞ്ചും കാണുന്നില്ല. പക്ഷേ നേരത്തെ പറഞ്ഞത് പോലെ പ്രായം ഇംപോര്‍ട്ടന്‍റാണ്. ഞാന്‍ ഈ അടുത്ത് ഒരു വീഡിയോയില്‍ എന്‍റെ പ്രായം സംബന്ധിക്കുന്ന ഒരു കാര്യം പങ്കുവച്ചപ്പോള്‍ കുറെ പേര്‍ എനിക്ക് മാനസിക പ്രശ്നങ്ങളാണ് എന്ന് പറ‍ഞ്ഞ് ആ വീഡിയോ പൊക്കിക്കൊണ്ടുവന്നിരുന്നു. അങ്ങനെയല്ല- ഇതൊക്കെ എല്ലാവര്‍ക്കുമുള്ള - എല്ലാവരും അനുഭവിക്കുന്ന കാര്യങ്ങളാണ്. എനിക്കതൊന്നും തുറന്ന് പറയുന്നതില്‍ വിഷമമില്ല എന്നതാണ് സത്യം. ഞാൻ ഈ കഴിഞ്‍ വര്‍ഷം ഒരുപാട് മോശം സമയത്തിലൂടെ കടന്നുപോയി. അതങ്ങനെ മാസങ്ങളോളം അനുഭവിച്ചപ്പോള്‍ ഞാൻ ചിന്തിച്ചു, അതെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചു. അപ്പോഴാണ് ഒരുപക്ഷേ നാല്‍പതിലേക്ക് കടന്നതിന്‍റെ ഭാഗമായിട്ടുള്ള പ്രയാസം ആകാം എന്ന നിഗമനത്തിലെത്തിയത്. അല്ലെങ്കില്‍ ഒരുപക്ഷേ നേരത്തെ മെനോപോസ് (ആര്‍ത്തവവിരാമം) വരുന്നതാകാം. 

ആളുകള്‍ അവവരവര്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ അറിയണമെന്ന് തന്നെയില്ല. എന്നിട്ട് വേണ്ടേ അതിനെ പറ്റി സംസാരിക്കാൻ. ഞാൻ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കും. ഇപ്പോള്‍ തന്നെ മെനോപോസിന്‍റെ കാര്യം പറഞ്ഞില്ലേ, ഞാൻ ഒരു ഗൈനക്കിനെ കണ്ട് പരിശോധിക്കാൻ തന്നെയാണ് വിചാരിക്കുന്നത്. കാരണം എനിക്കത് അറിയണം. എനിക്ക് വളരെ ആക്ടീവായ ലൈഫ്സ്റ്റൈലാണ് പൊതുവിലുള്ളത്. ജിമ്മില്‍ പോകും, മെഡിറ്റേറ്റ് ചെയ്യും, ഡയറ്റ് ചെയ്യും. വളരെ നേരത്തെ തന്നെ നടുവിനും കാലിനും നെക്കിനും ഒക്കെ പ്രശ്നങ്ങളുണ്ടായിരുന്നത് കൊണ്ട് എനിക്ക് ഇതെല്ലാം ചെയ്യാതെ പറ്റില്ല. എന്നാല്‍പ്പോലും പ്രായമുണ്ടാക്കുന്ന വ്യത്യാസം എനിക്ക് മനസിലാകാറുണ്ട്. ഇതൊക്കെ എല്ലാവരുടെ ജീവിതത്തിലും ഉള്ളത് തന്നെയാണ്. 

ഞാൻ ആ വീഡിയോ ഇട്ട ശേഷം ഒരാള്‍ എന്‍റെ അടുത്ത് വന്നുപറഞ്ഞിട്ടുണ്ട്, അയാള്‍ ഇതുപോലൊരു മാനസികാവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട് എന്ന്. ഈ പ്രശ്നങ്ങളൊക്കെ എക്സ്ട്രീം ലെവലിലേക്ക് പോവുകയാണെങ്കില്‍ തീര്‍ച്ചയായും അതിന് വേണ്ട ട്രീറ്റ്മെന്‍റ് എടുക്കണം. 

ഞാൻ മോശം സമയത്തിലൂടെ കടന്നുപോകുമ്പോഴൊക്കെ എന്താണ് ഇനിയെനിക്ക് ചെയ്യാനുള്ളത് എന്നാണ് ആലോചിക്കുക. അന്ന് വീഡിയോയില്‍ ഞാൻ പറഞ്ഞിരുന്നു എനിക്ക് ജീവിക്കാനൊരു കാരണം തോന്നുന്നില്ല എന്ന്. നേരത്തെയാണെങ്കില്‍ ഒരുപാട് ആഗ്രഹങ്ങളുണ്ടായിരുന്നു. വീട് വേണം, വണ്ടി വേണം, ബാങ്ക് ബാലൻസ് ലേണം.... അതൊക്കെ ഇപ്പോളുണ്ട്. ഇനിയെനിക്ക് എന്താണ് വേണ്ടത് എന്ന് കണ്ടെത്തണം- ആ കണ്ടെത്തല്‍ തന്നെ അടുത്ത ദിവസത്തേക്കുള്ള, അല്ലെങ്കില്‍ നാളത്തേക്കുള്ള ഡ്രൈവ് എന്ന് തോന്നുന്നു. 

സക്സസ്ഫുള്‍ ആണെന്ന് വിശ്വസിക്കുന്നു...

സന്തോഷത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ഒരാള്‍ ജീവിതത്തില്‍ സക്സസ് ആണോ അല്ലയോ എന്ന് പറയുന്നതെങ്കില്‍ ഞാൻ സക്സസ്ഫുള്‍ ആയ ഒരാളാണെന്ന് പറയാം. സന്തോഷം എന്ന് പറയുന്നത് ഓരോരുത്തര്‍ക്കും ഡിഫറന്‍റായ കാര്യമായിരിക്കും. എനിക്ക് എല്ലാം കുറച്ച്- കുറച്ച് വേണം. നല്ല ആള്‍ക്കാര്‍ ചുറ്റും വേണം. ഞാൻ എന്നില്‍ തന്നെ സംതൃപ്തമാകണമെങ്കില്‍ എനിക്ക് ആരോഗ്യം വേണം. പണം എനിക്ക് പ്രധാനമാണ്. എന്‍റെ വീട്, യാത്രാസൗകര്യം, ചെലവാക്കാൻ കാശ്, പിന്നെ അമ്മ- സഹോദരൻ, എന്‍റെ ഡോഗ്സ്, എന്‍റെ ആനിമല്‍ വെല്‍ഫെയര്‍, എന്‍റെ ഫ്രണ്ട്സ് എല്ലാം.... 

ഇതില്‍ പലതും എനിക്ക് നേരത്തെ ഉണ്ടായിരുന്നില്ല. ഇതൊക്കെ നല്ലരീതിയില്‍ ബോധപൂര്‍വം ഞാൻ എനിക്ക് ചുറ്റും ഉണ്ടാക്കിയെടുത്തതാണ്.  എന്‍റെ സന്തോഷത്തിനാണ് എനിക്ക് പ്രാധാന്യം. ഇഷ്ടമുള്ള സ്ഥലങ്ങളില്‍ പോകുന്നത്, ഇഷ്ടമുള്ള വസ്ത്രം ഇടുന്നത്, ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നത് അങ്ങനെ എന്തുമാകാം സന്തോഷം. അല്ലെങ്കില്‍ എന്‍റെ ജോലിയാകാം എന്നെ സന്തോഷിപ്പിക്കുന്നത്. എല്ലാ മനുഷ്യര്‍ക്കും ഇതൊക്കെ വേണെമന്നാണ് എനിക്ക് തോന്നന്നത്. എല്ലാവരും സന്തോഷത്തിന് പിന്നാലെ തന്നെയാണ്. പക്ഷേ സന്തോഷങ്ങള്‍ക്ക് വേണ്ടിയുള്ള സമീപനങ്ങള്‍ മാറുന്നുവെന്ന് മാത്രം. 

Also Read:- 'സ്നേഹം പുറത്തുനിന്ന് ലഭിക്കേണ്ട ഒന്നാണെന്ന ചിന്തയിൽ ജീവിക്കുന്ന എന്നെ കണ്ട് എനിക്ക് പുച്ഛം തോന്നി'

click me!