'പ്രസവം കഴിഞ്ഞപ്പോൾ വളരെ പെട്ടെന്നാണ് ഭാരം കൂടിയത്. പലർക്കും എന്നെ കണ്ടാൽ പോലും മനസിലാകാത്ത അവസ്ഥയായിരുന്നു അന്ന്. ഇഷ്ടമുള്ള വസ്ത്രങ്ങൾ ഇടാൻ അന്ന് പറ്റില്ലായിരുന്നു...' - ഫിറ്റ്നസ് ട്രെയിനറും സുംബ ഇൻസ്ട്രക്ടർ കൂടിയായ രാഖി ചന്ദ്രകാന്ത് പറയുന്നു.
തിരക്കുപിടിച്ച ജീവിതത്തിലൂടെയാണ് നാം ഓരോ വ്യക്തികളും കടന്നു പോകുന്നത്. അത് കൊണ്ട് തന്നെ വിവിധ ജീവിതശെെലി രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണവും ദിനംപ്രതി കൂടിവരികയാണ്. ഇന്ന് മിക്കവരിലും കണ്ട് വരുന്ന ആരോഗ്യപ്രശ്നമാണ് അമിതവണ്ണം. ശരീരഭാരം കൂടുന്നത് ഹൃദ്രോഗ, പക്ഷാഘാതം, പ്രമേഹം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
അമിതവണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് മാത്യകയാവുകയാണ് രാഖി ചന്ദ്രകാന്ത്. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് രാഖി. ശരീരഭാരം 75 കിലോയിൽ നിന്ന് 52 ലേക്ക് കുറച്ചതിനെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് എറണാകുളം വെെപ്പിനിലെ ഫിറ്റ്നസ് ട്രെയിനറും സുംബ ഇൻസ്ട്രക്ടർ കൂടിയായ രാഖി. വെെപ്പിനിൽ 'ഇൻസൈറ്റ് ഫിറ്റ്നസ്' എന്ന ഫിറ്റ്നസ് സെന്റർ നടത്തി വരികയാണ് രാഖി.
എട്ട് മാസം കൊണ്ട് ഭാരം കുറച്ചു...
എട്ട് മാസം കൊണ്ടാണ് 23 കിലോ കുറച്ചത്. ഞാൻ തന്നെ സ്വന്തമായി കണ്ടെത്തിയ ഡയറ്റ് പ്ലാൻ പിന്തുടർന്നാണ് ഭാരം കുറച്ചത്. പ്രസവം കഴിഞ്ഞപ്പോൾ 75 കിലോ വരെ എത്തി. ഭാരം കൂടിയപ്പോൾ ഒരു ജിമ്മിൽ പോകാൻ തുടങ്ങി. അങ്ങനെയാണ് ആദ്യമൊക്കെ ഭാരം കുറഞ്ഞത്. വണ്ണം കുറയാൻ തുടങ്ങിയപ്പോൾ എങ്ങനെയാണ് ഇത്രയും വണ്ണം കുറച്ചതെന്ന് പലരും ചോദിച്ചു. എന്നാൽ ഡയറ്റ് മാത്രമല്ല സെെക്കിംഗും ശരീരഭാരം കുറയ്ക്കാൻ ഏറെ സഹായിച്ചു.
ഫിറ്റ്നസ് ട്രെയിനർ ആകാൻ കാരണം....
സ്വന്തമായി ജിം തുടങ്ങണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. അപ്രതീക്ഷിതമായാണ് ഫിറ്റ്നസ് ട്രെയിനറിന്റെ ഒരു കോഴ്സിനെ പറ്റി അറിയുന്നത്. ഭർത്താവാണ് ആ കോഴ്സിനുള്ള ഫീസ് അടച്ച ശേഷം എന്നോട് പോകണമെന്ന് പറയുകയായിരുന്നു. അങ്ങനെ അടുത്ത ദിവസം തന്നെ കോഴ്സിൽ ജോയിൻ ചെയ്തു. ആദ്യമൊക്കെ ഈ മേഖലയെ കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു. കോമ്പറ്റീഷൻ വന്ന സമയത്ത് ഒരു മത്സരത്തിനും പങ്കെടുത്തു. കോമ്പറ്റീഷൻ പങ്കെടുത്തപ്പോൾ പിന്നീട് വളരെ പെട്ടെന്ന് ഭാരം കുറയ്ക്കാനായി. രണ്ട് വർഷമായി ഈ മേഖലയിലോട്ട് വന്നിട്ട്. ശരിക്കും ഈ മേഖല പാഷനാണെന്ന് തന്നെ പറയാം. ഇതിന് മുമ്പ് എറണാകുളത്ത് ഒരു പ്രെെവറ്റ് സ്ഥാപനത്തിൽ ഇന്റീരിയർ ഡിസെെനറായിരുന്നു.
Read more അന്ന് 89 കിലോ, ഇന്ന് 70 കിലോ ; ഭാരം കുറച്ചത് ഇങ്ങനെ ; ഫിറ്റ്നസ് ടിപ്സ് പങ്കുവച്ച് നീതു ശ്യാം
ഒഴിവാക്കിയ ഭക്ഷണങ്ങൾ..
ചോറും പഞ്ചസാരയും പൂർണമായും ഒഴിവാക്കിയിരുന്നു. കാർബ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കി. മറിച്ച് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്തി. ചിക്കന്റെ കഷ്ണങ്ങൾ കഴിക്കുകയും ഗ്രേവി പൂർണമായും ഒഴിവാക്കുകയാണ് ചെയ്തതു. മറ്റൊന്ന്, എരിവുള്ള ഭക്ഷണങ്ങളും പൂർണമായും ഒഴിവാക്കി. സാലഡുകൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കൂടുതലായി ഉൾപ്പെടുത്തി. ഗ്രീൻ ടീയിൽ അൽപം നാരങ്ങ നീര് ചേർത്ത് കഴിക്കുകയും ചെയ്തിരുന്നു. കലോറി കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഭാരം കൂട്ടുകയേയൂള്ളൂ. ശരീരത്തിന് ആവശ്യമായ കലോറിയുടെ അളവ് എപ്പോഴും ശ്രദ്ധിക്കണം.
അന്ന് ബോഡി ഷെയിമിംഗ് നേരിട്ടു...
പ്രസവം കഴിഞ്ഞപ്പോൾ വളരെ പെട്ടെന്നാണ് ഭാരം കൂടിയത്. പലർക്കും എന്നെ കണ്ടാൽ പോലും മനസിലാകാത്ത അവസ്ഥയായിരുന്നു അന്ന്. ഇഷ്ടമുള്ള വസ്ത്രങ്ങൾ ഇടാൻ അന്ന് പറ്റില്ലായിരുന്നു. ഒരു പരിപാടിക്കോ ഫംഗഷനോ പോലും പോകാൻ മടിയായിരുന്നു. വണ്ണം ഉണ്ടായിരുന്നപ്പോൾ ആത്മവിശ്വാസക്കുറവും ഉണ്ടായിരുന്നു.
സുംബ കൊണ്ടുള്ള ഗുണങ്ങൾ...
സുംബ ശരിക്കും നല്ലൊരു വ്യായാമം ആണെന്ന് തന്നെ പറയാം. ഡാൻസ് അറിയുന്നവർക്ക് മാത്രമേ സുംബ ചെയ്യാൻ പറ്റു എന്നൊന്നുമില്ല. ശരീരം മുഴുവനായി വർക്കൗട്ടിലേക്ക് പോവുകയാണ്. അത് കൊണ്ട് തന്നെ ഫാറ്റ് ലോസിന് ഏറെ സഹായകമാണ്. ഒരു സെക്ഷനിൽ സുംബ ചെയ്യുമ്പോൾ തന്നെ 500 കാലറി കുറയുകയാണ്. സിറ്റിയിൽ
സുംബ നടത്തുന്ന നിരവധി സ്ഥലങ്ങളുണ്ട്. എന്നാൽ ലെെസൻസ് ലഭിച്ചിട്ടുള്ള സുംബ സെന്റർ പോവുക എന്നുള്ളത് വളരെ പ്രധാനമാണ്.
Read more 45 കിലോ കുറച്ചത് 10 മാസം കൊണ്ട് ; ഭാരം കുറയ്ക്കാൻ സഹായിച്ചത് ആ ഡയറ്റ് പ്ലാൻ...
അടുത്ത മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്...
സൗത്ത് ഇന്ത്യ ലെവൽ മത്സരം വരുന്നുണ്ട്. അതിന്റെ തയ്യാറെടുപ്പിലാണ്. വീട്ടിൽ ഭർത്താവ്, രണ്ട് ആൺ മക്കൾ, അച്ഛൻ, അമ്മ എന്നിവർ ഉണ്ട്. ഭർത്താവ് ചന്ദ്രകാന്ത് പൊലീസിലാണ്. മക്കൾ ചന്ദ്രോദൈ, ചന്ദ്രധ്യാൻ.
ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള വിവരങ്ങൾ webteam@asianetnews.in എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ Weight Loss stories എന്ന് എഴുതാൻ മറക്കരുത്.