'ആ വസ്ത്രം ധരിച്ചതുകൊണ്ടെന്താ? ഇഷ്ടമുള്ള കാര്യം ചെയ്തതിനെന്താ?' ഉള്ളുലഞ്ഞ് ക്വീർ ആർട്ടിസ്റ്റിന്‍റെ അമ്മ

By Web Team  |  First Published Nov 26, 2023, 6:14 PM IST

"എന്റെ കുട്ടി എങ്ങനെയായിരുന്നോ അതുപോലെ ഞാൻ സ്വീകരിച്ചു. ഞാൻ എപ്പോഴും എന്‍റെ കുട്ടിക്കൊപ്പം നിലകൊണ്ടു. ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്കാണ്"- പ്രീതി പറഞ്ഞു


"എന്‍റെ കുട്ടി വളരെ കഴിവുള്ളയാളായിരുന്നു. ഒരു തെറ്റും ചെയ്തിട്ടില്ല. ഞാൻ എന്‍റെ കുഞ്ഞിനെയോര്‍ത്ത് അഭിമാനിക്കുന്നു. 16 വയസ്സുള്ള ഒരാള്‍  തനിക്കിഷ്ടമുള്ള കാര്യം ചെയ്തതിന് വിദ്വേഷം നേരിടേണ്ടി വരുന്നു"- സൈബറിടത്തിലെ വിദ്വേഷ കമന്‍റുകള്‍ക്കും ട്രോളുകള്‍ക്കും പിന്നാലെ ജീവനൊടുക്കിയ ക്വീർ മേക്കപ്പ് ആർട്ടിസ്റ്റ് പ്രാംശുവിന്റെ അമ്മ പ്രീതി യാദവ് കണ്ണീരോടെ പറഞ്ഞു.

തനിക്ക് മേക്കപ്പ് ആര്‍ട്ടിസ്റ്റാവാനാണ് ആഗ്രഹമെന്ന് ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ പ്രാംശു പറഞ്ഞിട്ടുണ്ട്. സാധാരണയായി ഈ പ്രായത്തിലെ കുട്ടികൾ എഞ്ചിനീയറും ആർക്കിടെക്‌റ്റുമൊക്കെ ആകാൻ ആഗ്രഹിക്കുന്നുവെന്നാണ് മാതാപിതാക്കളോട് പറയുക. പക്ഷെ മേക്കപ്പ് ആർട്ടിസ്റ്റാകാൻ ആഗ്രഹിക്കുന്നുവെന്ന് പ്രാംശു പറഞ്ഞെന്ന് പ്രീതി വിശദീകരിച്ചു. അമേരിക്കൻ യൂട്യൂബറും മേക്കപ്പ് ആർട്ടിസ്റ്റുമായ ജെയിംസ് ചാൾസിനെ പോലെ ആവാന്‍ ആഗ്രഹിച്ചു. ആദ്യമൊക്കെ അൽപ്പം അമ്പരന്നെങ്കിലും സ്വന്തം സ്വപ്നത്തിന് പിന്നാലെ പോകാന്‍ പ്രാംശുവിനോട് താന്‍ പറഞ്ഞതായി അമ്മ വ്യക്തമാക്കി. മെഡിക്കൽ റെപ്രസെന്റേറ്റീവായാണ് പ്രീതി ജോലി ചെയ്യുന്നത്. 

Latest Videos

ദീപാവലി സമയത്ത് സാരി ധരിച്ച് ഒരു റീല്‍സ് ചെയ്തിരുന്നു പ്രാംശു. ശേഷം ഓണ്‍ലൈനില്‍ 4000 ല്‍ അധികം വിദ്വേഷ കമന്‍റുകളും ട്രോളുകളും ആ വീഡിയോയ്ക്ക് താഴെയുണ്ടായി. ഇത് പ്രാംശുവിനെ വേദനിപ്പിച്ചെന്നും ഇതാണ് മരണ കാരണമെന്നും എല്‍ജിബിടിക്യു സമൂഹത്തിലുള്ളവര്‍ പറയുന്നു. ശരീരം മുഴുവന്‍ മറച്ചുള്ള ആ വസ്ത്രത്തില്‍ തെറ്റായിട്ട് എന്താണുള്ളതെന്ന് അമ്മ ചോദിക്കുന്നു.

കൊവിഡ് കാലത്തു മുതല്‍ പ്രാംശു ഫോണില്‍ വീഡിയോകള്‍ ചിത്രീകരിക്കാറുണ്ടായിരുന്നു. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്നു. സ്കൂളിലെ അധ്യാപകർക്കൊക്കെ പ്രാംശുവിനെ വലിയ ഇഷ്ടമായിരുന്നുവെന്ന് അമ്മ പറഞ്ഞു. വിവിധ ബ്രാൻഡുകളുമായി സഹകരിച്ച് പ്രവർത്തിക്കാറുണ്ടായിരുന്നു. മേക്കപ്പ് ചെലവുകള്‍ക്കുള്ള വരുമാനം പ്രാംശു സ്വയം കണ്ടെത്തിയിരുന്നു. 

'ഇന്നലെ വേദനിച്ചു, ഇന്ന്...': സുപ്രീംകോടതിയെ സാക്ഷിയാക്കി മോതിരം കൈമാറി വിവാഹ നിശ്ചയം നടത്തി സ്വവർഗാനുരാഗികൾ

തന്‍റെ ഒരേയൊരു കുട്ടിയുടെ വേര്‍പാടില്‍ സങ്കടമുള്ളപ്പോഴും പ്രാംശുവിന്റെ കഴിവുകളോര്‍ത്ത് അഭിമാനമുണ്ടെന്ന് പ്രീതി പറഞ്ഞു- "ഓരോ കുട്ടിയും അതുല്യമാണ്. എന്റെ കുട്ടി എങ്ങനെയായിരുന്നോ അതുപോലെ ഞാൻ സ്വീകരിച്ചു. ഞാൻ എപ്പോഴും എന്‍റെ കുട്ടിക്കൊപ്പം നിലകൊണ്ടു. ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്കാണ്"- പ്രീതി പറഞ്ഞു.

പൊലീസ് പ്രാശുവിന്‍റെ പിതാവ് രാജേന്ദ്ര യാദവിന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും അയൽക്കാരുടെയും മൊഴി എടുത്തെന്ന് നാഗ്‌സിരി പൊലീസ് സ്റ്റേഷൻ ഇൻചാർജ് കമൽ സിംഗ് ഗെലോട്ട് പറഞ്ഞു. പ്രാംശുവിന്‍റെ ഫോണും പൊലീസ് പരിശോധിക്കുന്നുണ്ട്. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

click me!