ശില്‍പ ഷെട്ടി, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സണ്ണി ലിയോണ്‍, പ്രീതി സിന്റെ തുടങ്ങി ബോളിവുഡിലെ പ്രമുഖരായ പലരും വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കിയവരാണ്. ഈ പട്ടികയിലേക്കാണ് ഏറ്റവും ഒടുവിലായി ഇപ്പോള്‍ പ്രിയങ്കയും എത്തിയിരിക്കുന്നത്
വാടക ഗര്‍ഭധാരണത്തിലൂടെ ( Surrogacy Process ) ഒരു കുഞ്ഞിന്റെ മാതാപിതാക്കളായി എന്ന വിവരം കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ( Priyanka Chopra ) ഭര്‍ത്താവും ഗായകനുമായി നിക്ക് ജൊനാസും അറിയിച്ചത്. വാടക ഗര്‍ഭധാരണത്തിലൂടെ തങ്ങള്‍ക്ക് കുഞ്ഞ് പിറന്നിരിക്കുന്നു. ഏറെ സന്തോഷത്തിലാണ്. ഈ സമയത്ത് കുടുംബത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാല്‍ സ്വകാര്യത അനുവദിക്കണമെന്നും ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വാര്‍ത്ത വ്യാപകമായി പ്രചരിച്ചു. ദമ്പതികള്‍ക്ക് ജനിച്ചത് പെണ്‍കുഞ്ഞ് ആണെന്ന വിവരം പോലും പിന്നീടാണ് പുറത്തെത്തിയത്.
2018ലായിരുന്നു പ്രിയങ്കയും നിക്ക് ജൊനാസും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷവും കരിയറില്‍ ശ്രദ്ധ പുലര്‍ത്തിയാണ് ഇരുവരും മുന്നോട്ടുപോയിരുന്നത്. ഇതിനിടെ ഒരുമിച്ച് സമയം പങ്കിടാനും എപ്പോഴും ശ്രമിച്ചിരുന്നു. ഇത് രണ്ടുപേരുടെയും സോഷ്യല്‍ മീഡിയ പേജുകള്‍ കാണുമ്പോള്‍ തന്നെ മനസിലാകും.
എന്തായാലും ഒരു കുഞ്ഞിന് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു പ്രിയങ്കയും നിക്കും എന്ന വിവരം അധികമാരും അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം. കുഞ്ഞ് ജനിച്ച വിവരം അറിഞ്ഞപ്പോള്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം ഇരുവര്‍ക്കും ആശംസകളറിയിച്ചിരുന്നു.
ഇതിനിടെ വാടക ഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കളാകുന്ന പ്രവണതയ്ക്കതെിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു. ബോളിവുഡിലെ സെലിബ്രിറ്റികള്‍ക്കിടയില്‍ ഇത് വളരെ സാധാരണമാണ്. എങ്കില്‍പ്പോലും വിമര്‍ശനങ്ങള്‍ ഉയരാതിരിക്കില്ലല്ലോ. പ്രമുഖ എഴുത്തുകാരി തസ്ലീമ നസ്രീന്‍ വരെ വാടക ഗര്‍ഭധാരണത്തിന്റെ പേരില്‍ പ്രിയങ്കയെ വിമര്‍ശിച്ച് രംഗത്തെത്തി.
ഇപ്പോഴിതാ വിവാദങ്ങള്‍ക്കിടെ പ്രിയങ്കയ്ക്ക് പിന്തുണയാവുകയാണ് കസിന്‍ സഹോദരി മീര ചോപ്രയുടെ വാക്കുകള്‍. പ്രിയങ്കയ്ക്ക് എപ്പോഴും കുട്ടികളോട് താല്‍പര്യമായിരുന്നുവെന്നും, അവര്‍ക്ക് വീട് മുഴുവന്‍ കുട്ടികള്‍ വേണമെന്ന ആഗ്രഹമായിരുന്നു എപ്പോഴുമെന്നും മീര പറയുന്നു.
'ഇപ്പോള്‍ അവളുടെ ജീവിതത്തില്‍ സംഭവിച്ചിരിക്കുന്ന ഈ മാറ്റത്തില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു. ആ കുഞ്ഞിന് അവള്‍ നല്ലൊരു അമ്മയായിരിക്കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. ജീവിതത്തിലെ എല്ലാ മേഖലകളിലും അവള്‍ ശോഭിച്ചിട്ടേയുള്ളൂ. അതിന്റെ തുടര്‍ച്ച തന്നെയായിരിക്കും അമ്മ എന്ന നിലയിലുള്ള അവളുടെ സമയവും. ഞങ്ങളെല്ലാവരും തന്നെ അവളെയോര്‍ത്ത് അഭിമാനിക്കുകയാണ്...'- 'ഇന്ത്യ ടുഡേ'യ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മീര ചോപ്ര പറഞ്ഞു.
എന്തായാലും വിവാദങ്ങളില്‍ ഇതുവരെയും പ്രിയങ്കയോ നിക്കോ പ്രതികരണങ്ങള്‍ അറിയിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് കാര്യമായ ചര്‍ച്ചകള്‍ തുടരുകയും ചെയ്യുകയാണ്. ശില്‍പ ഷെട്ടി, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സണ്ണി ലിയോണ്‍, പ്രീതി സിന്റെ തുടങ്ങി ബോളിവുഡിലെ പ്രമുഖരായ പലരും വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കിയവരാണ്. ഈ പട്ടികയിലേക്കാണ് ഏറ്റവും ഒടുവിലായി ഇപ്പോള്‍ പ്രിയങ്കയും എത്തിയിരിക്കുന്നത്.
Also Read:- വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കിയ ബോളിവുഡ് സെലിബ്രിറ്റികള്‍...