താൻ നേരത്തെ കാണാൻ ഒരു ഭംഗിയുമില്ലാത്ത ഒരു പെണ്‍കുട്ടിയായാണ് സ്വയം കണ്ടിരുന്നതെന്നും അന്ന് ഒരുപാട് അപകര്‍ഷത അനുഭവിച്ചിരുന്നുവെന്നും പ്രിയങ്ക പറയുന്നു. സൗന്ദര്യത്തെ അടിസ്ഥാനപ്പെടുത്തി സ്വയം വിലയിരുത്തി അപകര്‍ഷത നേരിടുന്ന പലര്‍ക്കും പ്രചോദനം നല്‍കുന്ന വാക്കുകളാണ് പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്.
ബോളിവുഡില്‍ നിന്ന് ഹോളിവുഡിലേക്ക് ചേക്കേറി അവിടെയും ഏറെ ആരാധകരെ നേടിയൊരു താരമാണ് പ്രിയങ്ക ചോപ്ര. താൻ സിനിമയില്‍ വരുന്നതിന് മുമ്പ് സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുത്ത കാലത്തെ കുറിച്ചും അതിന് ശേഷം ബോളിവുഡില്‍ അരങ്ങേറിയ സമയത്ത് താൻ നേരിട്ട ബോഡി ഷെയിമിംഗ് പോലുള്ള പ്രശ്നങ്ങളുമെല്ലാം പിന്നീട് പലപ്പോഴായി പ്രിയങ്ക പരസ്യമായി വെളിപ്പെടുത്തിയിട്ടുള്ളതാണ്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ പ്രിയങ്ക തുറന്ന് പങ്കുവച്ച കാര്യങ്ങളാണ് ഏറെ ശ്രദ്ധേയമാകുന്നത്. വ്യക്തിജീവിതത്തെ കുറിച്ചും കരിയറിനെ കുറിച്ചും സിനിമാമേഖലയെ കുറിച്ച്- പ്രത്യേകിച്ച് ബോളിവുഡിലെ അനുഭവങ്ങളെ കുറിച്ചുമെല്ലാം പ്രിയങ്ക ഈ അഭിമുഖത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്.
താൻ നേരത്തെ കാണാൻ ഒരു ഭംഗിയുമില്ലാത്ത ഒരു പെണ്‍കുട്ടിയായാണ് സ്വയം കണ്ടിരുന്നതെന്നും അന്ന് ഒരുപാട് അപകര്‍ഷത അനുഭവിച്ചിരുന്നുവെന്നും പ്രിയങ്ക പറയുന്നു. സൗന്ദര്യത്തെ അടിസ്ഥാനപ്പെടുത്തി സ്വയം വിലയിരുത്തി അപകര്‍ഷത നേരിടുന്ന പലര്‍ക്കും പ്രചോദനം നല്‍കുന്ന വാക്കുകളാണ് പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്.
'ചെറുപ്പത്തില്‍ ഒരുപാട് കാലം ഞാൻ ചിന്തിച്ചിരുന്നത് ഞാൻ കാണാൻ ഒരു ഭംഗിയുമില്ലാത്ത കുട്ടിയാണെന്നായിരുന്നു. ഞാൻ കറുത്തിട്ടാണ്. അത് അഴകല്ലെന്ന് ഞാൻ ചിന്തിച്ചു.ഹൈസ്കൂളില്‍ പഠിക്കുമ്പോഴും എന്‍റെ ദേഹത്ത് പുറത്തേക്ക് കാണുംവിധത്തിലുള്ള പാടുകളൊക്കെ ഉണ്ടായിരുന്നു. ഒരു ടോംബോയ് ആയാണ് ഞാൻ നടന്നിരുന്നത്. എന്‍റെ കാലുകള്‍ പ്രദര്‍ശിപ്പിക്കാൻ എനിക്ക് ഇഷ്ടമുണ്ടായിരുന്നില്ല. ആ സമയങ്ങളൊന്നും എനിക്ക് നല്ലതേ ആയിരുന്നില്ല. എന്‍റെ മുടി എപ്പോഴും ഡ്രൈ ആയി പൊങ്ങിയിരിക്കും. ആകെ ഒരു ആത്മവിശ്വാസവും എനിക്കുണ്ടായിരുന്നില്ല...' -പ്രിയങ്ക പറയുന്നു.
ഇത്തരമൊരു കൗമാരകാലത്തില്‍ നിന്ന് പതിനെട്ട് വയസായപ്പോഴേക്ക് മിസ് വേള്‍ഡ് കിരീടം (2000) ചൂടാനായി എന്നതാണ് പ്രിയങ്കയുടെ വലിയൊരു നേട്ടം.
ഒരു വ്യക്തിയുടെ തൊലിയുടെ നിറമോ, മുടിയുടെ ഘടനയോ അല്ലെങ്കില്‍ ദേഹത്തുള്ള പാടുകളോ വണ്ണമോ ഒന്നുമല്ല ആ വ്യക്തിയുടെ മൂല്യം നിശ്ചയിക്കുന്നത്. എന്നാല്‍ സിനിമാമേഖലയില്‍ സൗന്ദര്യം എന്നാല്‍ എന്താണെന്നതിന് കൃത്യമായ സങ്കല്‍പങ്ങളുണ്ടായിരുന്നു, അതിലൊന്നും പാകമാകുന്ന ആളല്ലായിരുന്നു താനെന്നും പ്രിയങ്ക പറയുന്നു.
'ഫാഷൻ- സിനിമാമേഖലയില്‍ ജോലി ചെയ്യണമെങ്കില്‍ ശരീരഭാരം പോലും ഇത്ര - ഇത്ര എന്ന അളവില്‍ മുൻകൂട്ടി നിശ്ചയിക്കപ്പെടുമായിരുന്നു. ഒരു കോസ്റ്റ്യൂം തരും. അതിന്‍റെ അളവിലേക്ക് നമ്മള്‍ നമ്മുടെ ശരീരത്തെ പാകപ്പെടുത്തണം. അതൊക്കെ അന്ന് തീര്‍ത്തും നോര്‍മലായ അവസ്ഥയായിരുന്നു. ഇപ്പോഴും ഇങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ ഉണ്ട്. പക്ഷേ വാതിലുകള്‍ക്ക് പിന്നിലാണെന്ന് മാത്രം...'- പ്രിയങ്ക പറയുന്നു.
2018ല്‍ അമേരിക്കൻ ഗായകൻ നിക്ക് ജൊനാസിനെ വിവാഹം ചെയ്ത പ്രിയങ്ക ഇപ്പോള്‍ ഒരു പെണ്‍കുഞ്ഞിന്‍റെ അമ്മയാണ്. ഇന്നലെ മാതൃദിനത്തില്‍ നിക്ക് പ്രിയങ്കയുടെയും മകള്‍ മാല്‍തിയുടെയും ഫോട്ടോയും വീഡിയോയുമെല്ലാം പങ്കുവച്ചിരുന്നു. നേരത്തെ ഇതേ അഭിമുഖത്തില്‍ തന്‍റെ പ്രണയബന്ധങ്ങളെ കുറിച്ചും അവയില്‍ നിന്നെല്ലാം താൻ ഉള്‍ക്കൊണ്ട പാഠങ്ങളെ കുറിച്ചുമെല്ലാം പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു.