രണ്ട് ദുരനുഭവങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് പ്രീതി. ഈ രണ്ട് കാര്യങ്ങളും തന്നെ ഭയപ്പെടുത്തിയെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയ്ക്കൊപ്പം കുറിച്ചു. അപരിചിതയായ ഒരു സ്ത്രീ തന്റെ അനുവാദമില്ലാതെ മകള്‍ ജിയയെ ചുംബിച്ചതാണ് ഒരു സംഭവം.
സിനിമകളില്‍ സജീവമല്ലെങ്കില്‍ പോലും സോഷ്യല്‍ മീഡിയയിലൂടെ എപ്പോഴും ആരാധകരുമായി സംവദിക്കാറുള്ള ബോളിവുഡ് നടിയാണ് പ്രീതി സിന്‍റ. തന്റെ വ്യക്തിപരമായ വിശേഷങ്ങളും മറ്റുമെല്ലാം പ്രീതി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. ഐപിഎല്‍ ടീം കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സഹഉടമയാണ് പ്രീതി. ടീമിന്റെ എല്ലാ മത്സരങ്ങള്‍ക്കും താരം യുഎസില്‍ നിന്ന് ഇന്ത്യയിലെത്താറുണ്ട്.
ഇപ്പോഴിതാ ഇന്ത്യ സന്ദര്‍ശനത്തിനിടെ ഈ ആഴ്ച്ചയില്‍ സംഭവിച്ച രണ്ട് ദുരനുഭവങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് പ്രീതി. ഈ രണ്ട് കാര്യങ്ങളും തന്നെ ഭയപ്പെടുത്തിയെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയ്ക്കൊപ്പം കുറിച്ചു. അപരിചിതയായ ഒരു സ്ത്രീ തന്റെ അനുവാദമില്ലാതെ മകള്‍ ജിയയെ ചുംബിച്ചതാണ് ഒരു സംഭവം. ഭിന്നശേഷിക്കാരനായ ഒരാള്‍ പണത്തിന് വേണ്ടി കാറിന് പിന്നാലെ ചക്രക്കസേരയുള്ള സൈക്കിള്‍ ഉരുട്ടി വന്നതും അക്രമസ്വഭാവം കാണിക്കുകയും ചെയ്തതിനെ കുറിച്ചാണ് രണ്ടാമത്തെ പോസ്റ്റ്. ഇതിന്റെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.
'ഈ ആഴ്ച്ച നടന്ന രണ്ട് സംഭവങ്ങള്‍ എന്നെ ഭയപ്പെടുത്തി. ഒന്നാമത്തേത് എന്റെ മകള്‍ ജിയയുമായി ബന്ധപ്പെട്ടതാണ്. ഒരു സ്ത്രീ അവളുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. പറ്റില്ല എന്ന് ഞാന്‍ അവരോട് മര്യാദയോടെ പറഞ്ഞു. എന്നാല്‍ അവര്‍ പെട്ടെന്ന് എന്റെ മകളെ വാരിയെടുത്ത് കവിളില്‍ ഉമ്മവെച്ചു. 'എന്തൊരു ക്യൂട്ട് ബേബി' എന്ന് പറഞ്ഞ് ഓടിപ്പോയി. ഞാന്‍ ഒരു സെലിബ്രിറ്റി അല്ലായിരുന്നെങ്കില്‍ അവരോട് ഇങ്ങനെയാവില്ല പെരുമാറുക. ഒരു സീന്‍ ഉണ്ടാക്കേണ്ട എന്നു മാത്രം കരുതി ഞാന്‍ പരമാവധി ക്ഷമിച്ചതാണ്.
രണ്ടാമത്തെ സംഭവം ഈ വീഡിയോ കണ്ടാല്‍തന്നെ നിങ്ങള്‍ക്ക് മനസിലാകും. എന്റെ ഫ്‌ളൈറ്റിന്റെ സമയം ആയതിനാല്‍ വേഗത്തില്‍ വിമാനത്താവളത്തില്‍ എത്തണമായിരുന്നു. അങ്ങനെ കാറിലേയ്ക്ക് കയറിയ എന്നെ ഭിന്നശേഷിക്കരാനായ ഒരു വ്യക്തി പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചു. കുറേ വര്‍ഷങ്ങളായി അയാള്‍ പണത്തിനുവേണ്ടി എന്നെ ശല്ല്യം ചെയ്യുന്നുണ്ട്. എന്റെ കൈയിലുള്ളപ്പോഴെല്ലാം ഞാന്‍ പണം അയാള്‍ക്ക് നല്‍കിയിട്ടുമുണ്ട്. ഇന്ന് പണം ചോദിച്ചപ്പോള്‍ എന്റെ കൈയില്‍ ഇല്ലായിരുന്നു. ക്രെഡിറ്റ് കാര്‍ഡ് മാത്രമേ ഉള്ളൂ എന്ന് അയാളോട് പറഞ്ഞു. കൂടാതെ എന്റെ കൂടെയുള്ള സ്ത്രീ അവരുടെ പേഴ്‌സില്‍ നിന്ന് കുറച്ചു പണം അയാള്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ ആ പണം കുറവാണെന്ന് പറഞ്ഞ് അയാള്‍ അവരുടെ നേരെ നോട്ടുകള്‍ വലിച്ചെറിഞ്ഞു. ശേഷം അയാള്‍ എന്റെ കാറിന് പിന്നാലെ വേഗത്തില്‍ വന്നു.
അവിടെ ഉണ്ടായിരുന്നു ഫോട്ടോഗ്രാഫര്‍മാരെല്ലാം ആ സംഭവം തമാശയായാണ് കണ്ടത്. എന്നെ സഹായിക്കുന്നതിന് പകരം അവര്‍ പൊട്ടിച്ചിരിക്കുകയും ആ രംഗം ഷൂട്ട് ചെയ്യുകയുമായിരുന്നു. ഞങ്ങളെ ഉപദ്രവിക്കരുതെന്നും കാറിനെ പിന്തുടരുതെന്നും അയാളോട് ആരും പറഞ്ഞില്ല. എന്തെങ്കിലും അപകടം സംഭവിച്ചിരുന്നെങ്കില്‍ എല്ലാവരും എന്നെ കുറ്റപ്പെടുത്തിയേനെ. ഞാന്‍ ഒരു സെലിബ്രിറ്റി ആയത് ചോദ്യം ചെയ്യപ്പെടുമായിരുന്നു. ബോളിവുഡിനെ കുറ്റപ്പെടുത്തുകയും ചെയ്യുമായിരുന്നു.
ഞാന്‍ ഒരു മനുഷ്യ സ്ത്രീയാണെന്നും അമ്മയാണെന്നും ആളുകള്‍ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ ഈ രാജ്യത്തെ ഓരോ പൗരനുമുള്ള അവകാശം എനിക്കുമുണ്ട്. എല്ലാ കാര്യങ്ങള്‍ക്കും സെലിബ്രിറ്റികളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കുക. എന്റെ കുട്ടികള്‍ ഒരു പാക്കേജ് ഡീലിന്റേയും ഭാഗമല്ല. അവരെ വെറുതെ വിടുക. അവര്‍ ചെറിയ കുട്ടികളാണ്. സെലിബ്രിറ്റികളല്ല. ഞങ്ങളുടെ ഫോട്ടോയ്ക്കും വീഡിയോക്കും ബൈറ്റിനും വേണ്ടി പിന്നാലെ വരുന്ന ഫോട്ടോഗ്രാഫര്‍മാരും ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ മനുഷ്യത്വത്തോടെ പെരുമാറാന്‍ ശ്രമിക്കുക. എപ്പോഴും ഇത്തരം കാര്യങ്ങള്‍ ചിരിക്കാനുള്ള തമാശ മാത്രമായിരിക്കില്ല'- പ്രീതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
Also Read: യെല്ലോ ഔട്ട്ഫിറ്റില്‍ മനോഹരിയായി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍