എച്ച്പിവി വൈറസ് ബാധ ഇത്രമാത്രം സാധാരണമായതിനാല്‍ തന്നെ അത് സെര്‍വിക്കല്‍ ക്യാൻസര്‍ സാധ്യതയും അത്രകണ്ട് ഉയര്‍ത്തുകയാണ്. ഈയൊരു സാഹചര്യത്തില്‍ എച്ച്പിവി വൈറസിനെതിരായ വാക്സിനെടുക്കുക എന്നതാണ് നമുക്കാകെ ചെയ്യാവുന്നത്
നടിയും മോഡലുമായ പൂനം പാണ്ഡെയുടെ മരണം ഏവരെയും ഒരുപോലെ ഞെട്ടിക്കുന്ന വാര്‍ത്തയാവുകയാണ്. മുപ്പത്തിരണ്ട് വയസ് മാത്രമുള്ളപ്പോഴാണ് ക്യാൻസര്‍ ബാധിതയായി പൂനത്തിന്‍റെ വിയോഗം. അതും കരിയറില്‍ തിളങ്ങിനില്‍ക്കുന്ന ഘട്ടത്തില്‍.
സ്ത്രീകളെ ബാധിക്കുന്ന സെര്‍വിക്കല്‍ (ഗര്‍ഭാശയമുഖ ) ക്യാൻസര്‍ ആണ് പൂനത്തിന്‍റെ മരണത്തിന് കാരണമായിരിക്കുന്നത്. ഇതോടെ സെര്‍വിക്കല്‍ ക്യാൻസറുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഏറെ ഉയരുകയാണ്.
ഗര്‍ഭപാത്രത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് സെര്‍വിക്സ്. ഇതിലെ കോശങ്ങളില്‍ നിന്നാണ് ക്യാൻസര്‍ ബാധ തുടങ്ങുന്നത്. 'ഹ്യൂമണ്‍ പാപിലോമ വൈറസ്' എന്ന വൈറസാണ് ഭൂരിഭാഗം കേസുകളിലും സെര്‍വിക്കല്‍ ക്യാൻസറുണ്ടാക്കുന്നത്. ഈ വൈറസാണെങ്കില്‍ സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം വളരെ സാധാരണമായി കാണപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്.
എന്നാല്‍ എല്ലാ എച്ച്പിവി വൈറസും ഒരുപോലെ ക്യാൻസര്‍ ഭീഷണി ഉയര്‍ത്തില്ല. ആകെ എച്ച്പിവി വൈറസ് ബാധയുണ്ടായിട്ടുള്ളവരില്‍ 50 ശതമാനം ക്യാൻസര്‍ ഭീഷണി ഉയര്‍ത്തുന്നതാണ്. ലൈംഗികബന്ധത്തിലൂടെയാണ് ഇത് പടരുന്നത്. അല്ലാതെയും പടരാനുള്ള മാര്‍ഗങ്ങളുള്ളതായി പറയപ്പെടുന്നു. എന്നാല്‍ പ്രധാനമായും വ്യാപനമുണ്ടാകുന്നത് ലൈംഗികബന്ധത്തിലൂടെയാണ്.
എച്ച്പിവി വൈറസ് ബാധ ഇത്രമാത്രം സാധാരണമായതിനാല്‍ തന്നെ അത് സെര്‍വിക്കല്‍ ക്യാൻസര്‍ സാധ്യതയും അത്രകണ്ട് ഉയര്‍ത്തുകയാണ്. ഈയൊരു സാഹചര്യത്തില്‍ എച്ച്പിവി വൈറസിനെതിരായ വാക്സിനെടുക്കുക എന്നതാണ് നമുക്കാകെ സെര്‍വിക്കല്‍ ക്യാൻസറിനെ പ്രതിരോധിക്കാൻ ചെയ്യാവുന്ന മാര്‍ഗം.
ഇക്കഴിഞ്ഞ ദിവസം ഇടക്കാല ബജറ്റ് അവതരണത്തിനിടെ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമൻ 9-14 വയസ് വരെയുള്ള പെണ്‍കുട്ടികള്‍ക്ക് എച്ച്പിവി വാക്സിൻ നല്‍കുന്നത് നിര്‍ബന്ധമാക്കുമെന്ന് അറിയിച്ചിരുന്നു. രാജ്യത്തെ സെര്‍വിക്കല്‍ ക്യാൻസര്‍ കേസുകളുടെ തോത് നിരീക്ഷിച്ചുവരികയാണെന്നും ഇത് സംബന്ധിച്ച് സംസ്ഥാനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഒരു മാസം മുമ്പ് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് ഇടക്കാല ബജറ്റ് അവതരണത്തിനിടെ എച്ച്പിവി വാക്സിൻ നിര്‍ബന്ധമാക്കുന്ന കാര്യം മന്ത്രി അറിയിച്ചത്.
സര്‍ക്കാരിന്‍റെ ശ്രദ്ധേയമായ തീരുമാനം ഇന്നലെ വന്നതിന് പിന്നാലെയാണ് ഇന്ന് സെര്‍വിക്കല്‍ ക്യാൻസര്‍ ബാധയെ തുടര്‍ന്ന് പൂനം പാണ്ഡെ മരിച്ചുവെന്ന വാര്‍ത്ത വരുന്നത്. പൂനം പാണ്ഡെയുടെ കേസ് മുൻനിര്‍ത്തി രാജ്യത്ത് ഇതുവരെ എച്ച്പിവി വൈറസ് വ്യാപകമാക്കാതിരുന്നതിനെതിരെ പല കോണുകളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.
'നാഷണല്‍ ക്യാൻസര്‍ രജിസ്ട്രി പ്രോഗ്രാം' കണക്കനുസരിച്ച് രാജ്യത്ത് സ്ത്രീകളെ ബാധിക്കുന്ന ക്യാൻസറുകളില്‍ ഏറ്റവും മുന്നിലുള്ളത് സെര്‍വിക്കല്‍ ക്യാൻസറും സ്തനാര്‍ബുദവുമാണ്. അത്രമാത്രം ആളുകളെ ബാധിക്കുന്നുവെന്ന് സാരം. മരണനിരക്കിന്‍റെ കാര്യത്തിലും ഇന്ത്യയില്‍ സെര്‍വിക്കല്‍ ക്യാൻസര്‍ മുന്നില്‍ തന്നെ. എന്നാല്‍ ഇതുവരെയായിട്ടും സര്‍ക്കാര്‍ മുൻകയ്യെടുത്ത് എച്ച്പിവി വാക്സിനേഷൻ വ്യാപകമാക്കുകയോ അതെക്കുറിച്ച് ബോധവത്കരണം നടത്തുകയോ ചെയ്തിട്ടില്ല.ഇതിന്‍റെ പേരിലാണ് പ്രതിഷേധമുയരുന്നത്.
എന്തായാലും ഇനിയെങ്കിലും പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സെര്‍വിക്കല്‍ ക്യാൻസറിനെ പ്രതിരോധിക്കാനുള്ള എച്ച്പിവി വാക്സിൻ ലഭ്യമാകുമെന്ന പ്രതീക്ഷയും ഇന്നലത്തെ സര്‍ക്കാര്‍ തീരുമാനത്തെ മുൻനിര്‍ത്തി നിരവധി പേര്‍ പങ്കുവയ്ക്കുന്നുണ്ട്. വലിയൊരു വിഭാഗം ആളുകള്‍ക്കും സെര്‍വിക്കല്‍ ക്യാൻസറിനെ കുറിച്ചോ, എച്ച്പിവി വൈറസിനെ കുറിച്ചോ, ഇതിനുള്ള വാക്സിനേഷനെ കുറിച്ചോ ഒന്നും പ്രാഥമികമായ അറിവ് പോലുമില്ല എന്നതാണ് വാസ്തവം. അതിനാല്‍ കൃത്യമായ ബോധവത്കരണ പരിപാടികളാണ് ആദ്യം നടത്തേണ്ടത് എന്ന ആവശ്യവും ഉയരുന്നുണ്ട്.
(Disclaimer: പൂനം പാണ്ഡെ സെർവിക്കൽ ക്യാൻസർ ബാധിച്ച് മരിച്ചതായി മാനേജറുടെ പേരിൽ താരത്തിന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിൽ വന്ന കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ വാർത്ത. പോസ്റ്റിന്റെ ലിങ്ക്: https://www.instagram.com/p/C21T9Hcoobz/. ഇത് പുറത്ത് വന്ന് 24 മണിക്കൂറൂകൾക്ക് ശേഷം താൻ മരിച്ചിട്ടില്ലെന്നും കാൻസർ അവബോധത്തിനായാണ് നുണപ്രചാരണം നടത്തിയതെന്നും താരം വീഡിയോയിലൂടെ വ്യക്തമാക്കി.
Also Read:- പതിവായി സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നത് ക്യാൻസറിന് കാരണമാകുമോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-