ഡ്രൈവറില്ലാതെ ഓട്ടോ തിരക്കുള്ള റോഡിലേക്ക് ഉരുണ്ടിറങ്ങി; തടഞ്ഞ് നിർത്തി ദുരന്തം ഒഴിവാക്കിയ മിടുമിടുക്കി ഇതാ...

By Web Team  |  First Published Oct 11, 2023, 12:32 PM IST

സ്ത്രീകളും കുട്ടികളും ഇരിക്കവേയാണ് ഓട്ടോ റോഡിലേക്ക് തനിയെ ഇറങ്ങിയത്


സ്ത്രീകളും കുട്ടികളും ഇരിക്കവേ, ഡ്രൈവറില്ലാത്ത സമയത്ത് നിർത്തിയിട്ട ഓട്ടോ റോഡിലേക്ക് ഉരുണ്ടിറങ്ങി. പ്ലസ് ടു വിദ്യാർത്ഥിനിയുടെ അവസരോചിത ഇടപെടലില്‍ വൻ അപകടമാണ് ഒഴിവായത്. ദൃശ്യം വൈറലായതോടെ സോഷ്യല്‍ മീഡിയ തിരഞ്ഞ ആ മിടുക്കിക്കുട്ടി ഇതാ ഇവിടെ മലപ്പുറത്തുണ്ട്. 

മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് റോഡിൽ ഐശ്വര്യ ഗോൾഡ് പാലസിന് മുന്നിലാണ് സംഭവം നടന്നത്. ഓട്ടോയെ പിടിച്ച് നിർത്തി വൻ അപകടം ഒഴിവാക്കിയ ആ മിടുക്കിയെ കണ്ടെത്തി. മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവ ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിനി അനഘയാണ് ആ താരം. ചങ്ങരംകുളം ചെറവല്ലൂർ നെടിയോടത്ത് സുകുമാരൻ - രജി ദമ്പതികളുടെ മകളാണ് അനഘ.

Latest Videos

ഓട്ടോ പിറകോട്ട് ഇറങ്ങുന്നത് കണ്ട് ഓടിച്ചെന്ന് പിടിക്കുകയായിരുന്നു അനഘ. ബഹളം കേട്ട് മറ്റ് വഴിയാത്രക്കാരും നാട്ടുകാരും ഓടിവന്ന് ഓട്ടോ പിടിച്ച് നിർത്തി. തൊട്ടടുത്ത ജ്വല്ലറിയിൽ നിന്നുള്ള സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. 

തൃശൂർ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ചു; കാറിലുണ്ടായിരുന്നത് ഒരാൾ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പരീക്ഷയ്ക്ക് പോകാനായി ഇറങ്ങിയതായിരുന്നു മൂക്കുതല ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ അനഘ. ചങ്ങരംകുളത്ത് എത്തിയപ്പോഴാണ് ഹാൾ ടിക്കറ്റ് എടുക്കാൻ മറന്ന വിവരം അനഘ അറിയുന്നത്. തിരിച്ച് വീട്ടിലേക്കു പോകുന്നതിനിടെ ചങ്ങരംകുളം ടൗണിൽ ചിറവല്ലൂർ റോഡിൽ ഒരു നിലവിളി കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് ഡ്രൈവറില്ലാതെ പുറകോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന ഓട്ടോയാണ്. അതിൽ യാത്രക്കാരുണ്ടായിരുന്നു. 

ഉടൻ അങ്ങോട്ടു ചെന്ന് ഓട്ടോ പിടിച്ചുനിർത്താൻ അനഘ ശ്രമിച്ചു. പിന്നാലെ ആളുകളെത്തി. ഉടൻ ഓട്ടോ സുരക്ഷിതമായി റോഡരികിലേക്ക് മാറ്റുകയും ചെയ്തു. അനഘ അപ്പോൾ തന്നെ അവിടെ നിന്നു പോയി. പിന്നീടാണ് സംഭവത്തിന്‍റെ വീഡിയോ പ്രചരിച്ചത്. വിദ്യാർഥിനിയുടെ ധീരത ചര്‍ച്ചയാവുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!