Women's Day 2023 ; 'ലെസ്‍ബിയൻ' തുറന്നുപറച്ചിലുകളും, പിന്നാലെയുള്ള ചര്‍ച്ചകളും...

By hyrunneesa A  |  First Published Mar 8, 2023, 1:36 PM IST

ഈ വിഷയങ്ങളിലെല്ലാം വിപുലമായതും സമഗ്രമായതുമായ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നു എന്നത് തന്നെ ഇക്കാലത്തിന്‍റെ മാറ്റമായോ, മുന്നേറ്റമായോ പരിഗണിക്കാം. ഒരു പരിവര്‍ത്തനത്തിന് ഇനിയും ഏറെ ദൂരം മുന്നോട്ടുപോകേണ്ടതായി വരാം. ആ പരിവര്‍ത്തം ആര്‍ക്കെല്ലാം - എത്തരത്തിലെല്ലാം ഗുണകരമാകുമെന്നോ ദോഷമാകുമെന്നോ നമുക്ക് പ്രവചിക്കുകയും സാധ്യമല്ല. എന്തായാലും കൂടുതല്‍ 'ലെസ്ബിയൻ' ബന്ധങ്ങളുടെ സ്വതന്ത്രമായ പ്രകാശനവും, സ്വാതന്ത്ര്യപ്രഖ്യാപനങ്ങളും ഉണ്ടാകാൻ നിലവിലെ പരിസ്ഥിതി അവസരമൊരുക്കിയിട്ടുണ്ട് എന്നതില്‍ സംശയമില്ല. 


ഇന്ന് മാര്‍ച്ച്, 8 ലോകവനിതാദിനത്തില്‍ സ്ത്രീകളുടെ മുന്നേറ്റത്തെ കുറിച്ചും, സ്ത്രീകള്‍ ഇന്നും നേരിടുന്ന പ്രതിസന്ധികളെ കുറിച്ചുമെല്ലാം ഏറെ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും ആശയസംവാദങ്ങളും നടക്കുന്നുണ്ട്. ഇതിനിടെ പലപ്പോഴും അധികമാളുകള്‍ പരാമര്‍ശിച്ച് കാണാത്തൊരു വിഷയമാണ് 'ലെസ്‍ബിയൻ' (സ്വവര്‍ഗാനുരാഗികളായ സ്ത്രീകളുടെ) പ്രണയങ്ങള്‍. 

അന്താരാഷ്ട്രതലത്തില്‍ വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ 'ലെസ്ബിയൻ' പ്രണയങ്ങള്‍ മുഖ്യധാരാ ചര്‍ച്ചകളില്‍ വന്നെത്തുകയും, ഇത്തരത്തിലുള്ള സിനിമകളും ആര്‍ട്ടുകളുമെല്ലാം ഏറെ സ്വാഭാവികമായി വന്നുപോവുകയുമെല്ലാം ചെയ്തിട്ടുള്ളതാണ്.

Latest Videos

എന്നാല്‍ ഇന്ത്യയില്‍ ഈ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് ചൂട് പിടിച്ചിട്ട് അധികമായിട്ടില്ലെന്ന് തന്നെ പറയാം. ഈ വിഷയത്തില്‍ രാജ്യത്തിനകത്തും സിനിമാവിഷ്കാരങ്ങളും, എഴുത്തുകളും, പഠനങ്ങളും, ആര്‍ട്ടും എല്ലാം വന്നിട്ടുണ്ട്. പക്ഷേ അത് മറ്റൊരു പാതയില്‍ സമാന്തരമായി - വലിയൊരു പരിധി വരെ നിശബ്ദമായി എന്നും പറയാം- അങ്ങനെയാണ് പോകുന്നത്. 

പ്രത്യേകിച്ച് ഈ വനിതാദിനത്തില്‍ 'ലെസ്ബിയൻ' പ്രണയങ്ങളെയും ചര്‍ച്ചകളെയും കുറിച്ച് പറയുമ്പോള്‍ മലയാളികളുടെയെല്ലാം ഓര്‍മ്മയില്‍ ആദ്യം വന്നെത്തുക നൂറ- നസ്റീൻ എന്നിവരുടെ പേരായിരിക്കും. 

നൂറയും നസ്രിനും...

'ലെസ്‍ബിയൻ' പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ ഏറെ വിവാദങ്ങളിലും ദുരിതത്തിലുമായ ആദില നസ്രീനൻ- ഫാത്തിമ നൂറ എന്നീ മലയാളി പെൺകുട്ടികളെ അത്ര പെട്ടെന്നൊന്നും ആരും മറന്നുപോകില്ല. സൗദിയില്‍ ഒരുമിച്ച് പഠിച്ച ഇരുവരും വേര്‍പിരിയാനാകാത്ത വിധം അടുക്കുകയും നാട്ടിലെത്തിയ ശേഷം ആ അടുപ്പം മുന്നോട്ട് തന്നെ കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുകയായിരുന്നു. 

എന്നാല്‍ വീട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ ഇവര്‍ ഒരുമിക്കാൻ നിയമത്തിന്‍റെ കാവല്‍ വേണ്ടിവന്നു. കോടതിയെ സമീപിച്ചതോടെയാണ് ഇവരുടെ കഥ മാധ്യമങ്ങളിലൂടെ പുറംലോകമറിയുന്നത്.

തുടര്‍ന്ന് പല തരത്തിലുമുള്ള ചര്‍ച്ചകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഉയര്‍ന്നു. ഒരുപാട് പേര്‍ നസ്രീനും നൂറയ്ക്കുമൊപ്പം പിന്തുണയായി നിന്നു. അതേസമയം ഒരുപാട് പേര്‍ ഇവരെ വിമര്‍ശിച്ചും കുറ്റപ്പെടുത്തിയും ഇവരുടെ ചുറ്റും നിരന്നു. എല്ലാ എതിര്‍പ്പുകളെയും മറികടന്ന് ഇവര്‍ തങ്ങളുടെ ജീവിതത്തിലേക്ക് ഒരുമിച്ച് യാത്ര തിരിച്ചുവെന്നത് കഥയുടെ മറ്റൊരു വശം. സ്വന്തമായി ജോലി ചെയ്ത്- സ്വാതന്ത്ര്യത്തോടെ മുന്നോട്ടുപോവുകയാണിപ്പോള്‍ ഇരുവരും. തങ്ങള്‍ സന്തോഷത്തിലാണെന്ന് തന്നെയാണ് വിവാദങ്ങള്‍ക്ക് ഒരാണ്ട് തികയാൻ പോകുമ്പോഴും ഇരുവരും ആവര്‍ത്തിച്ച് പറയുന്നത്. 

'ലെസ്ബിയൻ'- 'ഗേ' തുറന്നുപറച്ചിലുകളിലെ വ്യത്യാസം

എന്താണ് സ്വവര്‍ഗാനുരാഗമെന്നോ, എന്താണ് ജൈവികമായി അതിന്‍റെ നിലനില്‍പെന്നോ മനസിലാക്കാൻ സാധിക്കാതെ ഇത് മാനസികവൈകല്യമാണെന്ന രീതിയിലുള്ള പ്രചാരണങ്ങളായിരുന്നു ഏറെയും നടന്നത്. സാമൂഹ്യപ്രവര്‍ത്തകര്‍, ജൻഡര്‍ ആക്ടിവിസ്റ്റുകള്‍, സെലിബ്രിറ്റികള്‍, രാഷ്ട്രീയ നേതാക്കള്‍ അടക്കം പല മേഖലകളിലുള്ളവരും ഈ ചര്‍ച്ചകളില്‍ 'ലെസ്ബിയൻ' ബന്ധങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ശബ്ദമുയര്‍ത്തിയെങ്കിലും ഇതിനെല്ലാം വേണ്ടത്ര ഫലമുണ്ടായോ എന്നത് ഉറപ്പ് പറയാൻ സാധിക്കില്ല. 

ഇവിടെയാണ് ഈ വിഷയത്തില്‍ 'സ്ത്രീ', അല്ലെങ്കില്‍ 'പെണ്ണ്' എന്ന വീക്ഷണത്തിന്‍റെ പ്രാധാന്യം വരുന്നത്. നമ്മുടെ സമൂഹത്തില്‍ ഉറച്ച അഭിപ്രായങ്ങളും ഇഷ്ടാനിഷ്ടങ്ങളും ഉറക്കെ പറയുന്ന സ്ത്രീകള്‍-ഏത് മേഖലയിലും വിമര്‍ശിക്കപ്പെടുന്നത് സാധാരണമാണ്. ധാര്‍മ്മികമായും അതിനെ സാധാരണമായി കണക്കാക്കാൻ സാധിക്കില്ലെങ്കിലും ഇതൊരു പൊതുപ്രവണതയാണെന്ന് പറയാം. 

ഇതേ അളവുകോല്‍ തന്നെയാണ് 'ലെസ്ബിയൻ' വ്യക്തികളുടെ കാര്യത്തിലും പ്രയോഗിക്കപ്പെടുന്നത്. 'ഗേ' അഥവാ സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരെ കുറിച്ച് പറയുമ്പോഴും വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയരാറുണ്ട്. എന്നാല്‍ 'ലെസ്ബിയൻ' ബന്ധങ്ങളുടെ കാര്യത്തിലേക്ക് വരുമ്പോള്‍ അതിലേക്ക് കൂടുതല്‍ കൂടുതല്‍ എത്തിനോക്കുന്നതിനും, അഭിപ്രായം പറയുന്നതിനും, ഇഴകീറി പരിശോധിക്കുന്നതിനുമുള്ള താല്‍പര്യങ്ങള്‍ വളരെ കൂടുതലാണെന്ന് കാണാം. 

പുതിയ കേസുകള്‍...

ഈ വിഷയങ്ങളിലെല്ലാം വിപുലമായതും സമഗ്രമായതുമായ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നു എന്നത് തന്നെ ഇക്കാലത്തിന്‍റെ മാറ്റമായോ, മുന്നേറ്റമായോ പരിഗണിക്കാം. ഒരു പരിവര്‍ത്തനത്തിന് ഇനിയും ഏറെ ദൂരം മുന്നോട്ടുപോകേണ്ടതായി വരാം. ആ പരിവര്‍ത്തം ആര്‍ക്കെല്ലാം - എത്തരത്തിലെല്ലാം ഗുണകരമാകുമെന്നോ ദോഷമാകുമെന്നോ നമുക്ക് പ്രവചിക്കുകയും സാധ്യമല്ല. എന്തായാലും കൂടുതല്‍ 'ലെസ്ബിയൻ' ബന്ധങ്ങളുടെ സ്വതന്ത്രമായ പ്രകാശനവും, സ്വാതന്ത്ര്യപ്രഖ്യാപനങ്ങളും ഉണ്ടാകാൻ നിലവിലെ പരിസ്ഥിതി അവസരമൊരുക്കിയിട്ടുണ്ട് എന്നതില്‍ സംശയമില്ല. 

ഇതിന് തെളിവാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തന്‍റെ പങ്കാളിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സ്വവര്‍ഗാനുരാഗിയായ കൊല്ലം സ്വദേശിനി കോടതിയെ സമീപിച്ച സംഭവം. വീട്ടുകാര്‍ തടഞ്ഞു എന്നത് തന്നെയാണ് ഇവിടെ ഇവരുടെയും പ്രതിസന്ധി. ഒരുപക്ഷേ വരുംദിവസങ്ങളില്‍ വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറിയേക്കാവുന്നൊരു കേസ് ആണിത്. 

അതത് സര്‍ക്കാരുകളും, ജൻഡര്‍ ആക്ടിവിസ്റ്റുകളും, മനുഷ്യാവകാശ പ്രവര്‍ത്തകരുമെല്ലാം ഇത്തരം വിഷയങ്ങളില്‍ പുരോഗമനപരമായ ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുകയും അവബോധപരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയുമെല്ലാം ചെയ്യുമ്പോഴും സമൂഹത്തിന്‍റെ ഏറ്റവും താഴെത്തട്ടിലുള്ള 'സാധാരണക്കാര്‍' എന്ന് സൗകര്യപൂര്‍വം സ്വയവും അല്ലാതെയും രേഖപ്പെടുത്തപ്പെടുന്ന വിശാലമായ ഒരു ജനതയുടെ ചിന്താധാരയില്‍ എന്നാണ് സമൂലമായ മാറ്റമുണ്ടാവുക എന്നതാണ് അവശേഷിക്കുന്ന ചോദ്യം.

Also Read:- 'ഞാനിപ്പോള്‍ ഇൻഡിപ്പെന്‍ഡന്‍റ് ആയ, വെല്‍-സെറ്റില്‍ഡ് ആയ, നാല്‍പത് വയസായ ഒരു സ്ത്രീയാണ്...'; രഞ്ജിനി ഹരിദാസ്

click me!