മകളുടെ ചിത്രമെടുക്കരുതെന്ന് പലപ്പോഴും പാപ്പരാസികളോടും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കുന്ന കോലിയുടെയും അനുഷ്കയുടെയും വീഡിയോകള്‍ നാം കണ്ടിട്ടുണ്ട്.
ബോളിവുഡ് നടി അനുഷ്ക ശർമയും ക്രിക്കറ്റ് നായകന്‍ വിരാട് കോലിയും പാപ്പരാസികളുടെ കണ്ണില്‍പെടാതെ തങ്ങളുടെ മകള്‍ വാമികയുടെ സ്വകാര്യത ഉറപ്പുവരുത്താൻ കഷ്ടപ്പെടുന്നത് നാം കാണുന്നതാണ്. മകളുടെ ചിത്രമെടുക്കരുതെന്ന് പലപ്പോഴും പാപ്പരാസികളോടും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കുന്ന കോലിയുടെയും അനുഷ്കയുടെയും വീഡിയോകള്‍ നാം കണ്ടിട്ടുണ്ട്.
സെലിബ്രിറ്റികൾ പലപ്പോഴും നേരിടുന്ന ഒരു പ്രശ്നമാണിത്. ഇപ്പോഴിതാ അത്തരമൊരു സാഹചര്യത്തിലേയ്ക്ക് മകൾ വളർന്നു വരുന്നതിനെക്കുറിച്ചുള്ള ആശങ്ക പങ്കുവയ്ക്കുകയാണ് ബോളിവുഡ് നടി ആലിയ ഭട്ടും. ഒരു മാഗസീന് നല്‍കുയ അഭിമുഖത്തിലാണ് അമ്മയായ ആലിയ തന്‍റെ ആശങ്ക പങ്കുവച്ചത്.
പാപ്പരാസികളുടെ കണ്ണില്‍പെടാതെ മകളെ വളർത്തുന്നത് എങ്ങനെയെന്ന കാര്യത്തിൽ താൻ അൽപം ആശങ്കാകുലയാണ് എന്നാണ് ആലിയ പറഞ്ഞത്. ഇതിനെ കുറിച്ച് കുടുംബത്തോടും ഭർത്താവിനോടും സുഹൃത്തുക്കളോടുമൊക്കെ സംസാരിച്ചിരുന്നു. മകളുടെ ജീവിതത്തിലേയ്ക്ക് ഒരുതരത്തിലുള്ള കടന്നുകയറ്റവും ഉണ്ടാകാൻ താൻ ആഗ്രഹിക്കുന്നില്ല. താൻ ഈ പാതയാണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്നുകരുതി കുഞ്ഞ് വളരുമ്പോൾ, അവളും ഈ വഴി തിരഞ്ഞെടുക്കണമെന്നില്ലല്ലോ. അതുകൊണ്ടു തന്നെ അക്കാര്യത്തിൽ താൻ വളരെ കരുതൽ പാലിക്കുമെന്ന് ആലിയ പറയുന്നു. ഭാവിയിൽ മകൾ അഭിനേത്രിയായാലോ എന്ന് ഇപ്പോഴേ ചിന്തിച്ച് അതിന് തയ്യാറെടുക്കല്‍ നടത്തേണ്ട കാര്യമില്ല. പ്രതീക്ഷ വച്ചതിന് ശേഷം നിരാശപ്പെടുകയോ മറ്റോ ചെയ്യേണ്ട കാര്യമില്ലല്ലോ എന്നും ആലിയ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ആലിയ കുഞ്ഞിന് പേരിട്ട വിവരം ആരാധകരുമായി പങ്കുവച്ചത്. ഇൻസ്റ്റഗ്രാമിലൂടെയാണ് മകൾക്കും രൺബീറിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം പേര് പങ്കുവച്ചത്. 'റാഹ' എന്നാണ് മകളുടെ പേര്. കുഞ്ഞിന്‍റെ മുഖം വ്യക്തമാകാത്ത ചിത്രമാണ് ആലിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. റാഹ എന്ന പേരിന്‍റെ അര്‍ത്ഥങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. സന്തോഷം, സമാധാനം തുടങ്ങിയവയാണ് പല ഭാഷകളിലായി റാഹയുടെ അര്‍ത്ഥങ്ങള്‍.
അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഈ വര്‍ഷം ഏപ്രില്‍ പതിനാലിനായിരുന്നു ആലിയയുടെയും രണ്‍ബീറിന്‍റെയും വിവാഹം. നവംബര്‍ ആറിനാണ് താരദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്.
Also Read: ലോകകപ്പില്‍ കളിക്കുന്ന മകനെ ടിവിയില്‍ കാണുന്ന അമ്മയുടെ പ്രതികരണം; വൈറലായി വീഡിയോ