കഴിഞ്ഞ നവംബര്‍ ആറിനാണ് ആലിയ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇപ്പോള്‍ റാഹയ്ക്ക് എട്ടു മാസം കഴിഞ്ഞു. ഇപ്പോഴിതാ മകള്‍ റാഹയ്‌ക്കൊപ്പമുള്ള ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് ആലിയ.
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. അമ്മയായതിനുശേഷം ആലിയയുടെ വിശേഷങ്ങൾ അറിയാന്‍ ആരാധകര്‍ക്ക് ഏറെ താല്‍പര്യവുമുണ്ട്. കഴിഞ്ഞ നവംബര്‍ ആറിനാണ് ആലിയ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇപ്പോള്‍ റാഹയ്ക്ക് എട്ടു മാസം കഴിഞ്ഞു. ഇപ്പോഴിതാ മകള്‍ റാഹയ്‌ക്കൊപ്പമുള്ള ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് ആലിയ. മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രയില്‍ തന്റെ ബാഗില്‍ നിറയെ റാഹയുടെ സാധനങ്ങളാണ് ഉണ്ടാകാറുള്ളതെന്നും ഇപ്പോള്‍ തന്റെ ബാഗ് റാഹയുടെ ബാഗ് പോലെയായെന്നും താരം പറഞ്ഞു. വോഗ് ഇന്ത്യയുടെ 'ഇന്‍ ദ ബാഗ് വിത്ത് ആലിയ ഭട്ട്' എന്ന യുട്യൂബ് വീഡിയോയിലാണ് ആലിയ മനസ് തുറക്കുന്നത്.
ബാഗില്‍ ഇപ്പോള്‍ കൂടുതലും റാഹയുടെ സാധനങ്ങളാണ് ഉണ്ടാകാറുള്ളത്. അവളുമായി ഇവിടെ ലണ്ടണിലെ പാര്‍ക്കിലെല്ലാം പോകാറുണ്ടെന്നും അപ്പോള്‍ ആവശ്യം വരുന്ന സാധനങ്ങളാണ് ബാഗ് നിറയേയുള്ളതെന്നും ആലിയ പറഞ്ഞു. നാപ്കിനുകളും കളിപ്പാട്ടങ്ങളും ചെറിയ കൈയുറകളും സോക്‌സുകളും പസിഫയറുകളും ബാഗിലുണ്ടാകുമെന്നും ആലിയ കാണിക്കുന്നുണ്ട്. കൈയുറകള്‍ എപ്പോഴും രണ്ട് ജോഡി വെയ്ക്കും. റാഹ വായില്‍ എപ്പോഴും കൈയിടുന്നതിനാല്‍ അത് ഇടയ്ക്ക് മാറ്റേണ്ടിവരും. അതിനാല്‍ ഒന്നില്‍ കൂടുതല്‍ എണ്ണം എപ്പോഴും വേണമെന്നും ആലിയ കൂട്ടിച്ചേര്‍ത്തു.
അടുക്കും ചിട്ടയും ഇല്ലാത്ത വ്യക്തിയാണ് താനെന്നും അതിനാല്‍ ബാഗില്‍ പല സാധനങ്ങളും വാരി വലിച്ചിടാറാണുള്ളതെന്നും ആലിയ പറയുന്നു. യാത്രക്കിടെ വിമാനത്തില്‍ പലപ്പോഴും സണ്‍ഗ്ലാസ് മറന്നുവയ്ക്കും. വിമാനം ഇറങ്ങിയ ശേഷമാകും അത് ഓര്‍ക്കുന്നത്. പുറത്തുകടക്കുന്നതിന് മുമ്പ് അതെടുക്കാനായി വീണ്ടും ഓടും. അതുകണ്ട് ആളുകളെല്ലാം തന്നെ തുറിച്ചുനോക്കുമെന്നും പാസ്‌പോര്‍ട്ട് മറന്നുവെച്ചോ എന്ന് ചോദിക്കുമെന്നും ആലിയ വീഡിയോയില്‍ പറയുന്നുണ്ട്. മോയ്‌സ്ച്ചുറൈസറും സണ്‍സ്‌ക്രീനും താന്‍ എപ്പോഴും കൈയില്‍ കരുതാറുണ്ടെന്നും താരം പറയുന്നു. അഞ്ചോളം ഹെയര്‍ ടൈയും ഒരു കൂട്ടം ലിപ് ബാമും ആലിയ ബാഗില്‍ നിന്ന് പുറത്തെടുക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനൊപ്പം ഒരു ഐ മാസ്‌ക്കും ലിപ്സ്റ്റിക്കും ഐ ഡ്രോപ്‌സും കാണാം.
ഭര്‍ത്താവും ബോളിവുഡ് നടനുമായ രണ്‍ബീര്‍ കപൂര്‍ സമ്മാനിച്ച സ്വര്‍ണ ബ്രേസ്‌ലെറ്റും ആലിയ എപ്പോഴും ബാഗില്‍ കൊണ്ടുനടക്കാറുണ്ട്. ഒരു പിറന്നാളിന് രണ്‍ബീര്‍ തന്ന സമ്മാനമാണെന്നും അത് തന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണെന്നും ആലിയ പറയുന്നു.