നാടകീയരംഗങ്ങളുമായി സൗന്ദര്യമത്സരത്തിന്റെ സമാപനം; വൈറലായ വീഡിയോ

By Web Team  |  First Published Apr 7, 2021, 10:58 PM IST

കൊളംബോയില്‍ വച്ച് നടന്ന പരിപാടിയില്‍ 2019ലെ ജേതാവായ കരോളിന്‍ ജൂറിയാണ് പുതിയ സുന്ദരിക്ക് കിരീടം സമ്മാനിക്കാന്‍ എത്തിയത്. വിജയിയായി പുഷ്പിക ഡിസില്‍വയെ പ്രഖ്യാപിച്ചതോടെ കരോളിന്‍ ജൂറി അവര്‍ക്ക് കിരീടം വച്ചുനല്‍കി. വേദിയില്‍ ആരവം തീര്‍ത്ത് പശ്ചാത്തലസംഗീതം മുഴങ്ങി


ശ്രീലങ്കയില്‍ നടന്ന മിസിസ് ശ്രീലങ്ക സൗന്ദര്യമത്സരത്തിന് നാടകീയമായ സമാപനം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വിവാഹിതരായ വനിതകളാണ് മിസിസ് ശ്രീലങ്കയായി തെരഞ്ഞെടുക്കപ്പെടേണ്ടത്. എന്നാല്‍ അവസാനവട്ട മത്സരത്തിന് ശേഷം മിസിസ് ശ്രീലങ്ക പട്ടം കരസ്ഥമാക്കിയ സുന്ദരിയുടെ വിവാഹജീവിതവുമായി ബന്ധപ്പെട്ട സംശയങ്ങളാണ് വേദിയില്‍ നാടകീയരംഗങ്ങള്‍ സൃഷ്ടിച്ചത്. 

കൊളംബോയില്‍ വച്ച് നടന്ന പരിപാടിയില്‍ 2019ലെ ജേതാവായ കരോളിന്‍ ജൂറിയാണ് പുതിയ സുന്ദരിക്ക് കിരീടം സമ്മാനിക്കാന്‍ എത്തിയത്. വിജയിയായി പുഷ്പിക ഡിസില്‍വയെ പ്രഖ്യാപിച്ചതോടെ കരോളിന്‍ ജൂറി അവര്‍ക്ക് കിരീടം വച്ചുനല്‍കി. വേദിയില്‍ ആരവം തീര്‍ത്ത് പശ്ചാത്തലസംഗീതം മുഴങ്ങി. 

Latest Videos

എന്നാല്‍ അധികം വൈകാതെ തന്നെ രംഗം മാറിമറിഞ്ഞു. ചെറിയൊരു അപേക്ഷയുണ്ട് എന്ന മുഖവുരയുമായി കരോളിന്‍ ജൂറി സംസാരിച്ചുതുടങ്ങി. വിവാഹിതരും വിവാഹമോചനം തേടാത്തവരുമായ വനിതകളെയാണ് വിജയി ആക്കേണ്ടത്. അതാണ് നിയമം. അതുകൊണ്ട് തന്നെ കിരീടത്തിന്റെ അവകാശി ഫസ്റ്റ് റണ്ണറപ്പാണ് എന്നായിരുന്നു കരോളിന്‍ ജൂറിയുടെ തുടര്‍ന്നുള്ള പ്രഖ്യാപനം. 

ശേഷം അവര്‍ തന്നെ പുഷ്പികയുടെ കിരീടം ഊരിമാറ്റി, ഫസ്റ്റ് റണ്ണറപ്പിനെ അണിയിച്ചു. ഉടന്‍ തന്നെ പുഷ്പിക വേദി വിട്ട് പോവുകയും ചെയ്തു. എന്നാല്‍ കഥ ഇവിടെയും അവസാനിച്ചില്ല. താന്‍ വിവാഹമോചിതയല്ലെന്നും ഭര്‍ത്താവിനൊത്തല്ല താമസിക്കുന്നത് എന്ന് മാത്രമേയുള്ളൂവെന്നും പുഷ്പിക വ്യക്തമാക്കി. ഇതിന് പിന്നാലെ കിരീടത്തിന്റെ അവകാശി പുഷ്പിക തന്നെയാണെന്ന് പരിപാടിയുടെ സംഘാടകരും വ്യക്തമാക്കി. ഇതോടെ കരോളിന്‍ ജൂറി വെട്ടിലായെന്ന് പറഞ്ഞാല്‍ മതിയല്ലോ. 

മറ്റൊരു സ്ത്രീയുടെ കിരീടം പിടിച്ചുപറിക്കുന്നവരല്ല യഥാര്‍ത്ഥ 'ക്വീന്‍' എന്ന അഭിപ്രായവുമായി പുഷ്പിക കരോളിനെതിരെ സോഷ്യല്‍ മീഡിയയില്‍ പോരാട്ടവും തുടങ്ങിവച്ചിട്ടുണ്ട്. എന്തായാലും ഇതുവരെ ആയിട്ടും സംഭവത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താന്‍ കരോളിന്‍ തയ്യാറായിട്ടില്ല. നാടകീയരംഗങ്ങളടങ്ങിയ സൗന്ദര്യമത്സരത്തിന്റെ സമാപനവേദിയുടെ വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. 

വീഡിയോ കാണാം...

Also Read:- ബൈക്ക് റൈഡറെ റോഡില്‍ തടഞ്ഞുനിര്‍ത്തി പൊലീസ്; രസകരമായ വീഡിയോ...

click me!