ചരിത്ര തീരുമാനം; സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് 35% സംവരണം, വമ്പൻ പ്രഖ്യാപനവുമായി ഈ സര്‍ക്കാര്‍!

By Web Team  |  First Published Oct 5, 2023, 6:11 PM IST

സംസ്ഥാനത്തെ അധ്യാപക തസ്തികകളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. തൊട്ടുപിന്നാലെ‌യാണ് സർക്കാർ സർവീസുകളിൽ 35 ശതമാനം സ്ത്രീ സംവരണം ഏർപ്പെടുത്തിയത്.


ഭോപ്പാൽ: തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ചരിത്ര തീരുമാനവുമായി മധ്യപ്രദേശ് സർക്കാർ. സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് 35 ശതമാനം സംവരണമേർപ്പെടുത്തിയെന്ന് സർക്കാർ അറിയിച്ചു. മധ്യപ്രദേശ് സിവിൽ സർവീസ് നിയമങ്ങളിൽ മാറ്റം വരുത്തിയാണ് സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തിയത്. അതേസമയം, വനംവകുപ്പിൽ സംവരണം ബാധകമാകില്ല. സ്ത്രീകളെ സാമൂഹികവും സാമ്പത്തികവുമായി മുൻനിരയിലെത്തിക്കാനാണ് സർക്കാർ ചരിത്രപരമായ തീരുമാനമെടുക്കുന്നതെന്നും ഉത്തരവിൽ പറയുന്നു.  സംസ്ഥാനത്തെ പൊലീസ് വകുപ്പിലും സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ വാ​ഗ്ദാനം നൽകിയിരുന്നു.

സംസ്ഥാനത്തെ അധ്യാപക തസ്തികകളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. തൊട്ടുപിന്നാലെ‌യാണ് സർക്കാർ സർവീസുകളിൽ 35 ശതമാനം സ്ത്രീ സംവരണം ഏർപ്പെടുത്തിയത്. തദ്ദേശ സ്ഥാപനങ്ങളിലും സ്ത്രീ സംവരണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം സ്ത്രീസംവരണ ബിൽ കേന്ദ്ര സർക്കാർ പാസാക്കിയതിന് പിന്നാലെയാണ് മധ്യപ്രദേശ് സർക്കാറിന്റെയും ചരിത്ര തീരുമാനം. 

Latest Videos

രാഷ്ട്രപതി ദ്രൗപതി മു‍ര്‍മു ഒപ്പ് വെച്ചതോടെ ചരിത്രപരമായ വനിത സംവരണ ബിൽ യാഥാര്‍ത്ഥ്യമായിരുന്നു.  നീണ്ട ചർച്ചകൾക്കു ശേഷം ലോക്സഭയും, രാജ്യസഭയും ബിൽ പാസാക്കിയിരുന്നു. രാജ്യസഭയിൽ 215 പേർ ബില്ലിലെ അനുകൂലിച്ചിരുന്നു. എന്നാൽ ആരും എതിർത്തില്ല. അതിനു മുമ്പ് ലോക്സഭയിലും ബിൽ പാസായിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊര്‍ജ്ജമാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. രാജ്യത്തിന് പുതിയ ദിശാബോധം നൽകുന്ന ബില്ലാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ നേടാനായെന്നും മോ​ദി പറഞ്ഞു. ബിൽ പാസായ ശേഷം പിന്തുണച്ച് വോട്ടുചെയ്ത എംപിമാർക്ക് മോദി നന്ദി അറിയിച്ചിരുന്നു.

അതേസമയം, വനിത സംവരണം 2026 ന് ശേഷമേ നടപ്പാകൂവെന്നാണ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്. സെൻസസ് നടപടികൾ 2026 ലേ പൂർത്തിയാകൂവെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. സെന്‍സെസ്, മണ്ഡല പുനര്‍ നിര്‍ണ്ണയ നടപടികള്‍ പൂര്‍ത്തിയായാലേ നിയമം നടപ്പാക്കാനാകൂ. വരുന്ന ലോക് സഭ തെരഞടുപ്പിന് ശേഷമേ ഈ നടപടികള്‍ തുടങ്ങൂയെന്ന് അമിത്ഷായും വ്യക്തമാക്കിയതോടെ  വനിത സംവരണം 2024ലുണ്ടാകില്ലെന്ന് സ്ഥിരീകരണമായി. 

click me!