ഡെവൻ വില്യംസൺ എന്ന യുവതിയാണ് അമ്മയുടെ സര്‍പ്രൈസ് വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. യുവതി പങ്കുവച്ച വീഡിയോ പിന്നീട് 'ഗുഡ്ന്യൂസ്' എന്ന ഇൻസ്റ്റഗ്രാം പേജിലും എത്തി.
വിവാഹം എന്നത് പലരുടെയും ഒരു സ്വപ്ന ദിവസമാണ്. പ്രത്യേകിച്ച് വിവാഹ വസ്ത്രത്തെ കുറിച്ചൊക്കെ പെണ്‍കുട്ടികള്‍ക്ക് പല കാഴ്ചപ്പാടുകളും ഉണ്ടാകും. വിവാഹ വസ്ത്രത്തില്‍ താന്‍ ഏറ്റവും മനോഹരിയായിരിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അത്രയും പ്രാധാന്യമുള്ള വിവാഹ വസ്ത്രം തെരഞ്ഞെടുക്കുന്ന ദിനം തങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ കൂടെയുണ്ടാകണം എന്ന് ആഗ്രഹിക്കാത്തവരും കുറവാണ്.
അത്തരത്തിൽ ഒരു വധുവിന് അവരുടെ അമ്മ ഒരുക്കിയ സർപ്രൈസിന്‍റെ വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മറ്റൊരു സംസ്ഥാനത്ത് താമസിക്കുന്ന അമ്മ, മകൾ വിവാഹ വസ്ത്രം തിരഞ്ഞെടുക്കുന്നതിനിടെ അവൾക്കു സർപ്രൈസായി അവിടെ എത്തുകയായിരുന്നു. ഡെവൻ വില്യംസൺ എന്ന യുവതിയാണ് അമ്മയുടെ സര്‍പ്രൈസ് വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. യുവതി പങ്കുവച്ച വീഡിയോ പിന്നീട് 'ഗുഡ്ന്യൂസ്' എന്ന ഇൻസ്റ്റഗ്രാം പേജും പങ്കുവച്ചു. 'വിലമതിക്കാനാകാത്ത നിമിഷം' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
'മറ്റൊരു സ്ഥലത്തുള്ള നിങ്ങളുടെ അമ്മ അപ്രതീക്ഷിതായി വന്നപ്പോൾ'- എന്ന കുറിപ്പോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വെഡ്ഡിങ് ഗൗൺ ധരിച്ച് ഡ്രസിങ് റൂമില്‍ നിന്നിറങ്ങി വരുന്ന മകള്‍ പെട്ടെന്ന് അമ്മയെ കാണുകയാണ്. ശേഷം ഇരുവരുടെയും വൈകാരികമായ മുഹൂർത്തങ്ങളും വീഡിയോയില്‍ കാണാം. സമൂഹമാധ്യമങ്ങളിലെത്തി മണിക്കൂറുകൾക്കകം തന്നെ വീഡിയോ വൈറലായി. നിരവധി കമന്‍റുകളും വീഡിയോയ്ക്ക് താഴെ ലഭിച്ചു. ഇതു കാണുമ്പോൾ കണ്ണുകൾ നിറയുന്നു എന്നാണ് പലരും കമന്‍റ് ചെയ്തത്.