Miss Universe : ഇനി വിവാഹിതകള്‍ക്കും അമ്മമാര്‍ക്കും ലോകസുന്ദരിയാകാം

By Web Team  |  First Published Aug 22, 2022, 11:09 AM IST

ഇതുവരെയും 18 മുതല്‍ 28 വയസ് വരെ പ്രായമുള്ള അവിവാഹിതകളും അമ്മമാര്‍ ആകാത്തവരുമായ സ്ത്രീകളെയാണ് ലോകസുന്ദരി പട്ടത്തിനായി പരിഗണിച്ചിരുന്നത്. ഈ നയത്തിനോട് പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ വിപ്ലകരമായൊരു തീരുമാനം വന്നിരുന്നില്ലെന്ന് മാത്രം


ലോകസുന്ദരി പട്ടത്തിനായി ഇനി വിവാഹിതകള്‍ക്കും അമ്മമാര്‍ക്കും മത്സരിക്കാമെന്ന് തീരുമാനം. ചരിത്രപരമായ തീരുമാനം അടുത്ത വര്‍ഷം മുതല്‍ തന്നെ നടപ്പിലാകും. അതായത് 2023ല്‍ മിസ് യൂണിവേഴ്സ് മത്സരത്തില്‍ വിവാഹിതരായ സ്ത്രീകള്‍ക്കും അമ്മമാരായ സ്ത്രീകള്‍ക്കുമെല്ലാം പങ്കെടുക്കാം. എന്നാല്‍ നിലവിലുള്ള പ്രായപരിധി അതുപോലെ തന്നെ തുടരും. 18 മുതല്‍ 28 വയസ് വരെയാണ് പ്രായപരിധി. 

ഇതുവരെയും 18 മുതല്‍ 28 വയസ് വരെ പ്രായമുള്ള അവിവാഹിതകളും അമ്മമാര്‍ ആകാത്തവരുമായ സ്ത്രീകളെയാണ് ലോകസുന്ദരി പട്ടത്തിനായി പരിഗണിച്ചിരുന്നത്. ഈ നയത്തിനോട് പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ വിപ്ലകരമായൊരു തീരുമാനം വന്നിരുന്നില്ലെന്ന് മാത്രം. ഇപ്പോള്‍ വന്നിരിക്കുന്ന തീരുമാനത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 

Latest Videos

പുതിയ തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായും നേരത്തെയുള്ള നയം സ്ത്രീവിരുദ്ധമായിരുന്നുവെന്നും മിസ് യൂണിവേഴ്സ് 2020 ആൻഡ്രിയ മെസ പറഞ്ഞു. 

'എനിക്കിതില്‍ ആത്മാര്‍ത്ഥമായ സന്തോഷമാണുള്ളത്. സ്ത്രീകള്‍ ഇന്ന് എല്ലാ മേഖലകളിലും നേതൃനിരയിലെത്തുന്ന കാലമാണ്. മുമ്പ് ഇതെല്ലാം പുരുഷന്മാര്‍ക്ക് മാത്രമുള്ള അവസരങ്ങളായിരുന്നു. സമൂഹം മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ സൗന്ദര്യമത്സരങ്ങളും കുടുംബവുമായി നില്‍ക്കുന്ന സ്ത്രീകള്‍ക്ക് കൂടി പങ്കാളികളാകാൻ സാധിക്കുന്ന തരത്തിലേക്ക് മാറുകയാണ്...'- ആൻഡ്രിയ മെസ പറ‍ഞ്ഞു. 

ഇതുവരേക്കും ലോകസുന്ദരി പട്ടത്തിന് മത്സരിക്കുമ്പോള്‍ മാത്രമല്ല, ലോകസുന്ദരി പട്ടം നേടിയാല്‍ അടുത്ത ലോകസുന്ദരിയെ തെരഞ്ഞെടുക്കും വരെയും ജേതാവായ യുവതിക്ക് വിവാഹം കഴിക്കുവാനോ ഗര്‍ഭിണിയാകുവാനോ അവസരമുണ്ടായിരുന്നില്ല. ഈ നയത്തെയാണ് ആൻഡ്രിയ മെസ സ്ത്രീവിരുദ്ധമെന്ന് വിശേഷിപ്പിച്ചത്.

'ഇപ്പോള്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ക്ക് എതിരെ നില്‍ക്കുന്ന ഒരു വിഭാഗവുമുണ്ട്. കാഴ്ചയ്ക്ക് ഭംഗിയുള്ള സിംഗിള്‍ ആയ പെണ്‍കുട്ടികളെ കണ്ടുകൊണ്ടിരിക്കാനാണ് ഇവരെല്ലാം താല്‍പര്യപ്പെടുന്നത്...'- ആൻഡ്രിയ മെസ പറഞ്ഞു. 

160 ലോകരാജ്യങ്ങളില്‍ നിന്നും പ്രവിശ്യകളില്‍ നിന്നുമായാണ് വിശ്വസുന്ദരി പട്ടത്തിന് മാറ്റുരയ്ക്കാൻ മത്സരാര്‍ത്ഥികളെത്താറ്. 2021ല്‍ ഇന്ത്യയുടെ ഹര്‍നാസ് സന്ധുവാണ് വിശ്വസുന്ദരി പട്ടം നേടിയിരുന്നത്. പഞ്ചാബ് സ്വദേശിയാണ് ഇരുപത്തിരണ്ടുകാരിയായ ഹര്‍നാസ്. 

Also Read:- നാടകീയരംഗങ്ങളുമായി സൗന്ദര്യമത്സരത്തിന്റെ സമാപനം; വൈറലായ വീഡിയോ

click me!