കേരളത്തില്‍ പബ്ബുകള്‍ ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന പ്രതിവാര പരിപാടിയിലാണ് സംസ്ഥാനത്ത് പബ്ബുകള്‍ വരുന്നതിനെ കുറിച്ച് സൂചന നല്‍കി മുഖ്യമന്ത്രി സംസാരിച്ചത്.
കേരളത്തില്‍ പബ്ബുകള്‍ ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന പ്രതിവാര പരിപാടിയിലാണ് സംസ്ഥാനത്ത് പബ്ബുകള്‍ വരുന്നതിനെ കുറിച്ച് സൂചന നല്‍കി മുഖ്യമന്ത്രി സംസാരിച്ചത്. സര്‍ക്കാരിന്‍റെ ഈ നിലപാടിനോട് ജനങ്ങള്‍ക്കിടയിലും സാമൂഹിക-സാംസ്കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയിലും സമ്മിശ്ര അഭിപ്രായമാണുളളത്. ഈ വിഷയത്തെ കുറിച്ച് ചിലരുടെ പ്രതികരണം നോക്കാം.
' മദ്യമാഫികളുടെ കയ്യിലേക്ക് കേരളത്തെ ഇട്ടുകൊടുക്കുന്ന തീരുമാനം' : രമ്യ ഹരിദാസ്
'ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ബാറുകളുടെ എണ്ണം കുറിച്ചിരുന്നു. എന്നാല്‍ ഈ സര്‍ക്കാരിന്‍റെ വരവിലൂടെ കേരളത്തില്‍ ബാറുകളുടെ എണ്ണം വളരെയധികം കൂടി. 'മദ്യനിരോധനം' വരുമെന്ന് പറഞ്ഞിരുന്ന സര്‍ക്കാര്‍ മദ്യപിക്കാനുളള സൗകര്യം കൂട്ടി. പിണറായി സര്‍ക്കാരിന്‍റെ ഏറ്റവും വലിയ ലക്ഷ്യം ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്നയിടമായി കേരളത്തെ മാറ്റുക എന്നതാണ്. പബ്ബുകള്‍ കൂടി വരുമ്പോള്‍ അത് പുതിയ തലമുറയെ ആണ് ബാധിക്കുന്നത്.
ഇപ്പോള്‍ തന്നെ സഹോദരിയെ സഹോദരിയായി കാണാന്‍ പറ്റാത്ത സമൂഹമായി മാറി പോവുകയാണ്. ലഹരിയുടെ ഉപയോഗം മൂലമാണിത് സംഭവിക്കുന്നത്. അതിന് കൂടുതല്‍ വഴിയൊരുക്കുകയാണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലൂടെ ചെയ്യുന്നത്. പബ്ബുകള്‍ കൂടി വന്നാല്‍ സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ കൂടും. പബ്ബുകളെ ആസ്വാദിക്കുന്നവരും അനുകൂലിക്കുന്നവരും ഉണ്ടാകാം. പക്ഷേ കേരളത്തിനൊരു സംസ്കാരമുണ്ട്. എതിര്‍ക്കുന്നവരായിരിക്കും കൂടുതല്‍. കോണ്‍ഗ്രസ് ഇതിനെ ശക്തമായി എതിര്‍ക്കുന്നു. മദ്യമാഫികളുടെ കൈയിലേക്ക് കേരളത്തെ ഇട്ടുകൊടുക്കുന്ന ഈ തീരുമാനത്തെ ശക്തമായി എതിര്‍ക്കും.'
'കേരളത്തിന്‍റെ യുവതയെ വഴിതെറ്റിക്കാനുളള ഭരണപരിഷ്കാരമാണിത്' : ബിന്ദു കൃഷ്ണ
'പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ കേരളത്തില്‍ 29 ബാറുകളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ അവിടെ 535 ബാറുകളായി മാറി. അതുമാത്രമല്ല പെട്ടികട പോലെ മുക്കിന് മുക്കിന് ബിയര്‍ പാര്‍ലറുകളും വന്നു. വിവിധ രൂപത്തിലും ഭാവത്തിലുമായി മദ്യശാലകള്‍ തുടങ്ങി. കേരളത്തിന്‍റെ യുവതയെ നശിപ്പിക്കാന്‍ വേണ്ടി പിണറായി ഒരുക്കുന്ന ഒരു ഭരണപരിഷ്കാരമാണിത്. കേരളത്തിന്‍റെ സ്ത്രീകളെ കണ്ണുനീര്‍ കുടിപ്പിക്കാനും കേരളത്തിലെ കുഞ്ഞുങ്ങളെ വഴിതെറ്റിക്കാനും സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന പരിപാടിയാണിത്. കേരളത്തെ മദ്യശാലയാക്കി മാറ്റുക എന്നതാണ് ഈ സര്‍ക്കാരിന്‍റെ ലക്ഷ്യം.
ഇന്നസെന്‍റിനെയും കെപിഎസി ലളിതയെയും ഞങ്ങള്‍ ഒരുപാട് ബഹുമാനിക്കുന്നു. എന്നാല്‍ അവരെ ഉപയോഗിച്ച് കൊണ്ട് പിണറായി സര്‍ക്കാരിന്‍റെ പാര്‍ട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയൊരു പ്രചരണമുണ്ട്. അതായത് മദ്യത്തിന്‍റെ ലഭ്യതയും ഉപയോഗവും കുറയ്ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വേണ്ടത് ചെയ്യുമെന്ന്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ മദ്യരഹിത കേരളമാക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അതിന് വിരുദ്ധമായാണ് അവര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
ജനങ്ങളെ ചൂഷണം ചെയ്യുന്ന രീതിയാണിത്. ഇതിനെതിരെ അതിശക്തമായി പ്രതിഷേധം ഉയര്‍ന്നുവരേണ്ടതാണ്. കേരളത്തിന് തനതായ ഒരു സംസ്കാരിക മൂല്യമുണ്ട്. അത് നശിപ്പിക്കുന്ന തീരുമാനമാണിത്.'
'പബ്ബ് സംസ്കാരം കൂടി നമ്മുക്ക് വേണ്ട' : ദീപ രാഹുല്‍ ഈശ്വര്‍
'ഒരു ഐടി കമ്പനിയിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ കേരളത്തില്‍ പബ്ബുകള്‍ ഇല്ല എന്നത് പലരും പറയുന്നത് ഞാനും കേട്ടിട്ടുണ്ട്. എന്നാല്‍ പബ്ബുകള്‍ കൊണ്ടുവരുക എന്നത് ഒരു ആരോഗ്യകരമായ ജീവിതശൈലിയാണോ എന്നത് നാം ചിന്തിക്കേണ്ട ഒരു കാര്യമാണ്. സര്‍ക്കാരിന്‍റെ ഈ തീരുമാനം നല്ലതാണോ എന്നും ഇപ്പോള്‍ ഇതാണോ അത്യവിശ്യമെന്നുമുളള കാര്യത്തെ കുറിച്ചും സര്‍ക്കാര്‍ ഒന്നുകൂടി ആലോചിക്കണം. പബ്ബുകള്‍ കൊണ്ടുവരുന്നത് ആരോഗ്യകരമായ കാര്യമല്ല. അത് ഒരു വീടുകളിലും പ്രോത്സാഹിപ്പിക്കുകയുമില്ല. യുവതലമുറയില്‍ മദ്യപിക്കുന്നവര്‍ എവിടെ പോയാലും മദ്യപിക്കും.
എന്നാല്‍ പബ്ബുകള്‍ വരുന്നതിലൂടെ അവര്‍ക്ക് കൂടുതല്‍ ഇതിനുളള അവസരം ഒരുക്കി കൊടുക്കുകയല്ലേ ചെയ്യുന്നത് ? അക്രമങ്ങള്‍ കൂടന്ന സാഹചര്യങ്ങളില്‍ പബ്ബ് സംസ്കാരം കൂടി നമ്മുക്ക് വേണ്ട എന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം.'
'ഗേ, ലെസ്ബിയന്‍ , ട്രാന്‍സ് പബ്ബുകള്‍ കൂടി വരണം': ദിയ സന
'പബ്ബുകള്‍ വരണമെന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. ഒപ്പം തന്നെ ഗേ പബ്ബുകള്‍, ലെസ്ബിയന്‍ പബ്ബുകള്‍, ട്രാന്‍സ് പബ്ബുകള്‍ അങ്ങനെ പ്രത്യേകം പബ്ബുകള്‍ വരണമെന്നാണ് അഭിപ്രായം. കുടിക്കുന്നവര്‍ കുടിക്കും, അത് എവിടെ നിന്നായാലും അവര്‍ കുടിക്കും. പബ്ബുകള്‍ വരുന്നത് കൊണ്ട് കുടിക്കുന്നവരുടെ എണ്ണം ഒന്നും കൂടില്ല. പബ്ബുകള്‍ വന്നാല്‍ കേരളത്തിന്‍റെ സംസ്കാരത്തിന് എന്തിങ്കിലും സംഭവിക്കുമോ എന്ന ചോദ്യത്തിന് ഞാന്‍ മറുപടി പറയില്ല. ഞാന്‍ എന്‍റേതായ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുന്നയാളെന്ന രീതിയില്‍ സദാചാരം, സംസ്കാരം എന്നീ വിഷയങ്ങളില്‍ ഞാന്‍ മറുപടി പറയാറില്ല. സദാചാരത്തിനൊക്കെ എതിരുളളയാളാണ് . അതുകൊണ്ട് ഇത്തരം വിഷയങ്ങളെ അവഗണിക്കുകയാണ് പതിവ്.'