ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ട്രാഫിക് സിഗ്നലുകള്‍ക്ക് സമീപം യാചിക്കേണ്ടി വന്നിട്ടുണ്ട്. നേരിടേണ്ടി വന്ന അപമാനവും പരിഹാസവും ലയ ഓർത്തെടുത്തു. വിജയിച്ചാല്‍ എന്തെല്ലാം ചെയ്യണമെന്നതിനെ കുറിച്ച് ലയയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്
ട്രാന്‍സ്‍ജെന്‍ഡേഴ്സ് ഇന്ന് സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും സ്വന്തം ഇടം കണ്ടെത്തുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇന്നും അവര്‍ അദൃശ്യരാണ്. ഇത്തവണ തെലങ്കാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു മുഖ്യധാരാ രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നത്തില്‍ ഒരു ട്രാന്‍സ് പേഴ്സണ്‍ ജനവിധി തേടുന്നുണ്ട്. ചിത്രപു പുഷ്പിത ലയ എന്ന 33കാരി. ബിഎസ്പി സ്ഥാനാര്‍ത്ഥിയായാണ് ലയ ജനവിധി തേടുന്നത്.
വാറങ്കൽ ഈസ്റ്റ് മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ത്ഥിയാണ് ലയ. വാറങ്കലിലെ രാമണ്ണപേട്ടയിലെ പ്രിയദർശിനി കോളനിയിലാണ് താമസം. ദളിത് ട്രാന്‍സ്ജെന്‍ഡറാണ് ലയ. ദില്ലിയില്‍ യാചിച്ചും മറ്റും ജീവിക്കേണ്ടിവന്ന ഭൂതകാലത്തെ കുറിച്ച് 'സൗത്ത് ഫസ്റ്റ്' എന്ന പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ ലയ വിശദീകരിച്ചു.
വാറങ്കൽ കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പൂർത്തിയാക്കിയ ശേഷമാണ് ദില്ലിക്ക് പോയതെന്ന് ലയ പറഞ്ഞു. അവിടെ ഒരു കോൾ സെന്ററിൽ ജോലി ചെയ്തു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ട്രാഫിക് സിഗ്നലുകള്‍ക്ക് സമീപം യാചിക്കേണ്ടി വന്നിട്ടുണ്ട്. തുടക്കം മുതല്‍ നേരിടേണ്ടി വന്ന അപമാനവും പരിഹാസവും ലയ ഓർത്തെടുത്തു. ആളുകൾ പ്രത്യേകിച്ച് പുരുഷന്മാർ പിന്നോട്ടുവലിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഒരു ഉത്തരവാദിത്തം ഏറ്റെടുക്കാനോ എന്തെങ്കിലും ചെയ്യാനോ ശ്രമിക്കുമ്പോഴെല്ലാം, തന്നെക്കൊണ്ട് കഴിയില്ലെന്ന് അവര്‍ തോന്നിപ്പിക്കാറുണ്ടായിരുന്നെന്ന് ലയ പറഞ്ഞു.
ട്രാൻസ്‌ജെൻഡർ സമൂഹത്തെ പ്രതിനിധീകരിക്കാനും മാറ്റങ്ങൾ കൊണ്ടുവരാനും കൂടുതൽ പേര്‍ സജീവ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ലയ ആവശ്യപ്പെട്ടു- “നമ്മുടെ ആളുകൾക്ക് യാചിക്കേണ്ടിവരരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവർ എല്ലാ മേഖലകളിലും എത്തണം. ഡോക്ടർമാരോ എഞ്ചിനീയർമാരോ പൊതുപ്രവർത്തകരോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ ആകട്ടെ... അവസരങ്ങൾ നൽകേണ്ടത് പ്രധാനമാണ്"
വോട്ട് തേടി ചെല്ലുമ്പോള്‍ ജനങ്ങള്‍ തന്നെ സ്വാഗതം ചെയ്യുന്നുണ്ട്. ദരിദ്രരുടെ കുട്ടിയായ താന്‍ സമൂഹത്തില്‍ മാറ്റം വരുത്താൻ നിയമസഭയിലെത്തണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ട്. ജാതിയുടെ പേരില്‍ അവര്‍ തന്നെ മാറ്റിനിര്‍ത്തുന്നില്ലെന്നും ലയ പറഞ്ഞു. തൊഴിലില്ലായ്മയാണ് തന്‍റെ മണ്ഡലത്തിലെ പ്രധാന പ്രശ്നമെന്ന് ലയ അഭിപ്രായപ്പെട്ടു. യുവാക്കള്‍ വിദ്യാസമ്പന്നരാണ്. അതേസമയം തൊഴില്‍ രഹിതരുമാണ്. നിലവിലെ ബിആര്‍എസ് എംഎല്‍എ മണ്ഡലത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും ലയ വിമര്‍ശിച്ചു. ബിആര്‍എസ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത രണ്ട് മുറിയുള്ള വീടുകള്‍ മിക്കവര്‍ക്കും ലഭിച്ചിട്ടില്ല. മാലിന്യത്തിന് നടുവിലാണ് പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവരും മറ്റ് പിന്നാക്ക വിഭാഗങ്ങളിലുള്ളവരും താമസിക്കുന്നത്. താന്‍ വിജയിച്ചാല്‍ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കുന്നതിനൊപ്പം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും പ്രയത്നിക്കുമെന്ന് ലയ പറഞ്ഞു.
എന്തുകൊണ്ടാണ് ബിഎസ്പി ടിക്കറ്റിൽ മത്സരിക്കുന്നത് എന്ന ചോദ്യത്തിനും ലയ മറുപടി പറഞ്ഞു. മറ്റെല്ലാ പാർട്ടികളും സ്ത്രീകളോടും ലൈംഗിക ന്യൂനപക്ഷങ്ങളോടും വിവേചനം കാണിക്കുന്നുവെന്ന് ലയ പറഞ്ഞു. എല്ലാ പാർട്ടികളും കൊടി പിടിക്കാൻ തന്നെപ്പോലുള്ളവരെ ഉപയോഗിക്കുന്നു. എന്നാൽ ഒരിക്കലും നേതൃ സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നില്ല. ട്രാൻസ് കമ്മ്യൂണിറ്റി അവഹേളനം നേരിടുന്ന സമയത്ത്, ബിഎസ്പി തനിക്ക് മത്സരിക്കാന്‍ ടിക്കറ്റ് നൽകിയത് അവര്‍ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണെന്ന് ലയ പറഞ്ഞു. സ്ത്രീകൾക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി എന്നും നിലകൊള്ളുന്ന പാർട്ടിയാണിത്. തന്‍റെ പാര്‍ട്ടിയുടെ നേതാവ് മായാവതി എന്ന സ്ത്രീയാണെന്നും ലയ പറഞ്ഞു. വിരമിച്ച ഐപിഎസ് ഓഫീസർ ആർ എസ് പ്രവീൺ കുമാറാണ് തെലങ്കാനയിൽ ബിഎസ്പിക്ക് നേതൃത്വം നല്‍കുന്നത്.
തെലങ്കാനയില്‍ ഇത്തവണ മറ്റൊരു ട്രാന്‍സ്ജെന്‍ഡര്‍ കൂടി മത്സരിക്കുന്നുണ്ട്, മഹബൂബ്‌നഗർ ജില്ലയിലെ ജാഡ്‌ചെർല മണ്ഡലത്തിൽ രാഷ്ട്ര സമന്യ പ്രജാ പാർട്ടിയുടെ സ്ഥാനാർത്ഥിയായ മാതാ ശ്രീ ജനകമ്മ. നവംബർ 30നാണ് തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം