കേൾവിയും സംസാരശേഷിയുമില്ല; ആം​ഗ്യ ഭാഷയിൽ കേസ് വാദിച്ച് സാറാ സണ്ണി, സുപ്രീംകോടതിയില്‍ പിറന്നത് പുതുചരിത്രം!

By Web Team  |  First Published Sep 26, 2023, 12:41 PM IST

ആംഗ്യഭാഷ വ്യാഖ്യാതാവ് സൗരവ് റോയ്‌ ചൗധരിയാണ് സാറാ സണ്ണിക്ക് വേണ്ടി ആം​ഗ്യ ഭാഷ മൊഴി മാറ്റിയത്.


ദില്ലി: ചരിത്രം രചിച്ച് സുപ്രീം കോടതിയിൽ വനിതാ അഭിഭാഷക. കേൾവി-സംസാര പരിമിതിയുള്ള അഭിഭാഷകയായ സാറാ സണ്ണി സുപ്രീം കോടതിയിൽ  ആദ്യമായി കേസ് വാദിച്ചു. ആം​ഗ്യഭാഷയിലായിരുന്നു യുവ അഭിഭാഷക കേസ് വാദിച്ചത്. ജഡ്ജിക്ക് മനസ്സിലാകാൻ മൊഴി മാറ്റാൻ മറ്റൊരാളുടെ സഹായത്തോടെയായിരുന്നു വാദം. ആംഗ്യഭാഷ (ഐഎസ്എൽ) വ്യാഖ്യാതാവ് സൗരവ് റോയ്‌ ചൗധരിയാണ് സാറാ സണ്ണിക്ക് വേണ്ടി ആം​ഗ്യ ഭാഷ മൊഴിമാറ്റിയത്.

ഓൺലൈനായിട്ടായിരുന്നു കേസ് പരി​ഗണിച്ചത്. അഭിഭാഷകക്കൊപ്പം വ്യാഖ്യാതാവിനെ പങ്കെടുക്കാൻ ആദ്യം മോഡറേറ്റർ അനുവദിച്ചില്ലെങ്കിലും പിന്നീട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇടപെട്ടു. വ്യാഖ്യാതാവിന് നടപടി ക്രമങ്ങളിൽ പങ്കെടുക്കുന്നതിൽ പ്രശ്നമില്ലെന്ന് വ്യക്തമാക്കിയ ഡി വൈ ചന്ദ്രചൂഡ്, സാറക്കൊപ്പം റോയ്‌ ചൗധരിക്കും സ്‌ക്രീനിൽ പ്രത്യക്ഷപ്പെടാൻ അനുമതി നൽകുകയായിരുന്നു. അഡ്വക്കേറ്റ് ഓൺ റെക്കോർഡ് സഞ്ജിത ഐൻ ആണ് സാറയെ വെർച്വൽ കോടതിയിൽ ഹാജരാക്കിയത്.

Latest Videos

undefined

മൊഴിമാറ്റത്തിന്റെ വേ​ഗതയിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉൾപ്പെടെയുള്ളവർ അഭിനന്ദനമറിയിച്ചു. തുല്യ നീതി ഉറപ്പാക്കാനുള്ള ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ശ്രമമായിട്ടാണ് നടപടിയെ മാധ്യമങ്ങൾ വിലയിരുത്തിയത്. ഭിന്നശേഷിക്കാരായ അഭിഭാഷകരെ ഉൾക്കൊള്ളുന്ന അന്തരീക്ഷമായി രാജ്യത്തെ കോടതികൾ മാറ്റണമെന്ന് ചീഫ് ജസ്റ്റിസ് മുമ്പ് പറ‍ഞ്ഞിരുന്നു. ചീഫ് ജസ്റ്റിസിന്റെ തുറന്ന മനസ്സ് മാതൃകയാണ്. ഭിന്നശേഷിക്കാർക്കായി അദ്ദേഹം വാതിലുകൾ തുറന്നു. ഇത്തവണ കേസിന്റെ വാദത്തിനായി ഞാൻ അവിടെ ഉണ്ടായിരുന്നില്ല. എങ്കിലും, സുപ്രീം കോടതിയുടെ നടപടിക്രമങ്ങൾ മനസ്സിലാക്കുന്നതിന് അഭിഭാഷക സഞ്ജിത എന്നെ സഹായിച്ചു. ഭിന്നശേഷിക്കാർ പിന്നിലല്ലെന്ന് തെളിയിക്കാൻ ഇതുവഴിയായെന്നും സാറ സണ്ണി മാധ്യമങ്ങളോട് പറഞ്ഞു.

സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഈ ദിവസം പ്രധാനപ്പെട്ടതാണെന്ന് സ‍ഞ്ജിത വ്യക്തമാക്കി. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട രണ്ട് ദിവസത്തെ ദേശീയ പങ്കാളിത്ത കൺസൾട്ടേഷനിൽ സുപ്രീം കോടതി ആംഗ്യഭാഷാ വ്യാഖ്യാതാക്കളെയും ഉൾപ്പെടുത്തിയിരുന്നു. കാഴ്ച വൈകല്യമുള്ളവരെ സഹായിക്കാൻ ബ്രെയിൽ ലിപിയിൽ ക്ഷണക്കത്തും പുറത്തിറക്കിയിരുന്നു. 

click me!