കുഞ്ഞിനെ പാര്‍ലമെന്‍റിനകത്ത് വച്ച് മുലയൂട്ടി സഭാംഗം; മറ്റ് അംഗങ്ങളുടെ പ്രതികരണം...

By Web Team  |  First Published Jun 8, 2023, 2:34 PM IST

മിക്കയിടങ്ങളും സ്ത്രീകള്‍ക്ക് സ്വസ്ഥമായി ഇരുന്ന് മുലയൂട്ടാൻ കഴിയുന്ന തരത്തില്‍ സൗഹാര്‍ദ്ദപരമായിരിക്കില്ല എന്നത് തന്നെ ഏറ്റവും വലിയ വെല്ലുവിളി. ചിലയിടങ്ങളിലാണെങ്കില്‍ മുലയൂട്ടല്‍ പാടില്ല എന്ന നയവും വിലങ്ങുതടിയാകും.


പൊതുവിടങ്ങളിലോ ജോലിസ്ഥലങ്ങളിലോ എല്ലാം കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിന് സ്ത്രീകള്‍ പല തരത്തിലുള്ള പ്രതിസന്ധികളും നേരിടാറുണ്ട്. മിക്കയിടങ്ങളും സ്ത്രീകള്‍ക്ക് സ്വസ്ഥമായി ഇരുന്ന് മുലയൂട്ടാൻ കഴിയുന്ന തരത്തില്‍ സൗഹാര്‍ദ്ദപരമായിരിക്കില്ല എന്നത് തന്നെ ഏറ്റവും വലിയ വെല്ലുവിളി.

ചിലയിടങ്ങളിലാണെങ്കില്‍ മുലയൂട്ടല്‍ പാടില്ല എന്ന നയവും വിലങ്ങുതടിയാകും. എന്നിരിക്കിലും പൊടിക്കുഞ്ഞുങ്ങളെ മുലയൂട്ടേണ്ടത് അമ്മമാരുടെ ധാര്‍മ്മികവും ജൈവികവുമായ ഉത്തരവാദിത്തമാണല്ലോ, ആര് അതില്‍ നിന്ന് അവരെ വിലക്കിയാലും അവര്‍ക്കതില്‍ നിന്ന് സ്വമേധയാ പിൻവാങ്ങുകയും സാധ്യമല്ല.

Latest Videos

undefined

എങ്കിലും പ്രതികൂലമായ സാഹചര്യങ്ങളാല്‍ ചുറ്റപ്പെടുമ്പോള്‍ അമ്മമാരും കുഞ്ഞുങ്ങളും ഒരുപോലെ നിസഹായരാകുന്ന കാഴ്ച തന്നെയാണ് അധികവും നാം കാണാറ്. 

പല വിദേശരാജ്യങ്ങളിലും ഈ അവസ്ഥകളില്‍ കാര്യമായ മാറ്റങ്ങളും ചലനങ്ങളും വന്നിട്ടുണ്ട്. ഇപ്പോഴിതാ ഇറ്റലിയില്‍ പാര്‍ലമെന്‍റിനകത്ത് കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ചരിത്രത്തില്‍ തന്നെ ഇടം നേടുകയാണൊരു വനിതാ സഭാംഗം. ഗില്‍ഡ സ്പോര്‍ട്ടീല്ലോ എന്ന യുവതിയാണ് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ പാര്‍ലമെന്‍റിനകത്ത് വച്ച് മുലയൂട്ടിയത്.

ഇതിന്‍റെ ചിത്രങ്ങളും ഇന്ന് വ്യാപകമായ രീതിയില്‍ പ്രചരിക്കുകയാണ്.  സഭ സജീവമായിരിക്കെ തന്നെയാണ് മറ്റ് അംഗങ്ങളുടെ സാന്നിധ്യത്തില്‍ ഗില്‍ഡ തന്‍റെ കുഞ്ഞിനെ മുലയൂട്ടിയത്. മറ്റ് അംഗങ്ങള്‍ ഇതിന് കയ്യടിച്ച് പിന്തുണ പ്രഖ്യാപിക്കുകയും അമ്മയ്ക്കും കുഞ്ഞിനും ആശംസകളറിയിക്കുകയും ചെയ്തു. 

രാജ്യത്തിന് പുറത്തും വാര്‍ത്ത ചര്‍ച്ചയാകുമ്പോള്‍ വലിയൊരു വിഭാഗം പേരും പോസിറ്റീവായ രീതിയിലാണ് പ്രതികരിക്കുന്നത്. ഇറ്റാലിയൻ പാര്‍ലമെന്‍റിനകത്ത് ഇങ്ങനെയൊരു സംഭവം നടക്കുന്നത് ആദ്യമായാണ്. ഇത് വിപ്ലവകരമായ പുതിയൊരു തുടക്കമാകട്ടെ എന്നും പല രാജ്യങ്ങള്‍ക്കും മാതൃകയാകട്ടെ എന്നുമാണ് അധികപേരും ആശംസിക്കുന്നത്. 

പോയ വര്‍ഷം ഒക്ടോബറിലാണ് ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോര്‍ജിയ മെലോനി അധികാരത്തിലെത്തിയത്. രാജ്യത്ത് സ്ത്രീകള്‍ മുന്നേറിവരുന്നതിന്‍റെ വലിയൊരു തെളിവായി ഇത് കണക്കാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ജനപ്രതിനിധികളുടെ കണക്കെടുക്കുമ്പോള്‍ മൂന്നില്‍ രണ്ട് ഭാഗവും ഇപ്പോഴും രാജ്യത്ത് പുരുഷന്മാര്‍ തന്നെയാണ്.

എന്തായാലും തൊഴില്‍മേഖലകളിലും അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന ആവശ്യം, പ്രത്യേകിച്ച് മുലയൂട്ടാനുള്ള അവകാശം സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായിട്ടുള്ള സാഹചര്യത്തില്‍ ഗില്‍ഡയുടെ അനുഭവം ഏറെ പ്രത്യാശ പകരുന്നത് തന്നെയാണെന്നാണ് പുരോമന സ്ത്രീ സമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന പ്രതികരണം.

Also Read:- അണുബാധകളൊഴിവാക്കാൻ സ്ത്രീകള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചിലത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

tags
click me!