ഫോട്ടോകള്‍ 'അഡള്‍ട്ട് സൈറ്റില്‍'; പരാതിയുമായി ചെന്നപ്പോള്‍ അതിലും വേദനിപ്പിക്കുന്ന അനുഭവം...

By hyrunneesa A  |  First Published Dec 13, 2022, 9:51 PM IST

''അവിടെ റിസപ്ഷനിൽ ഇരുന്ന ഓഫീസറോട് കാര്യം പറഞ്ഞപ്പോൾ ആദ്യം ചോദിച്ചത് പ്രൊഫൈൽ ലോക്ക് അല്ലേ എന്നാണ്. അല്ല എന്ന് പറഞ്ഞപ്പോൾ അപ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാകും, കണ്ടവർ ഫോട്ടോയും കൊണ്ടു പോയി തോന്നിയത് ചെയ്യും, അതിന് പരാതി പറഞ്ഞിട്ട് എന്താണ് കാര്യം എന്ന് പരിഹസിച്ചു കൊണ്ട് മറുപടി പറഞ്ഞു. ഇവിടെ ഫേസ്ബുക്ക് വഴി പണം തട്ടിയെടുത്തത് കണ്ടുപിടിക്കാൻ പറ്റുന്നില്ല - അപ്പോഴല്ലേ ലോക്ക് ചെയ്യാത്ത പ്രൊഫൈലിലെ ഫോട്ടോ പോയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു..''


സോഷ്യല്‍ മീഡിയ ഉപയോഗം ഇന്ന് എത്രമാത്രം സജീവമാണോ അത്രയും തന്നെ സൈബര്‍ ക്രൈമുകള്‍ അഥവാ സൈബറിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങളും കൂടിവരിക തന്നെയാണ്. എന്നാല്‍ പലപ്പോഴും ഇത്തരം കേസുകളില്‍ ഫലപ്രദമായ തീര്‍പ്പുകളോ ഇടപെടലുകളോ ഉണ്ടാകുന്നില്ലെന്നതാണ്. സത്യം.

സമാനമായൊരു പരാതിയാണ് യുവ എഴുത്തുകാരി ചിത്തിര കുസുമൻ ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെ തന്നെയാണ് ചിത്തിര തനിക്ക് നേരിടേണ്ടി വന്ന അപമാനകരമായ ദുരനുഭവത്തെ കുറിച്ച് പങ്കുവച്ചത്. 

Latest Videos

ഫേസ്ബുക്കില്‍ പലപ്പോഴായി പങ്കുവച്ച ചിത്തിരയുടെ ഫോട്ടോകള്‍ ഒരു അഡള്‍ട്ട് സൈറ്റില്‍ ഉണ്ടെന്ന് സുഹൃത്ത് വഴിയാണ് ചിത്തിര അറിയുന്നത്. ഗൂഗിളില്‍ പേരോ ഇമേജോ സര്‍ച്ച് ചെയ്യുന്ന കൂട്ടത്തിലാണ് സുഹൃത്ത് ഇക്കാര്യം കണ്ടെത്തുന്നത്. ജനുവരിയിലാണ് ചിത്തിരയുടെ ഫോട്ടോകള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം ഇവര്‍ അറിയുന്നത് നവംബറിലും. 

സംഭവം അറിഞ്ഞതോടെ ചിത്തിരയും ഈ സൈറ്റില്‍ കയറിനോക്കി. ഫോട്ടോകള്‍ അപ്ലോഡ് ചെയ്തതായി മനസിലാക്കിയ ശേഷം പൊലീസില്‍ പരാതിപ്പെടാൻ തീരുമാനിച്ചു. തുടര്‍ന്ന് കൊച്ചി ഇൻഫോപാര്‍ക്കിലുള്ള സൈബര്‍ സെല്‍ ഓഫീസില്‍ പോയി. 

എന്നാല്‍ പരാതി ബോധിപ്പിക്കാനെത്തിയപ്പോള്‍ സൈബര്‍ പൊലീസില്‍ നിന്നുണ്ടായ ആദ്യത്തെ അനുഭവം വേദനിപ്പിക്കുന്നതായിരുന്നു എന്ന് ചിത്തിര പറയുന്നു.

'ഞാൻ ആരാണെന്നോ എന്ത് ചെയ്യുന്നു എന്നോ പറയാതെ ഒരു സ്ത്രീ എന്ന നിലയില്‍, ഒരു വ്യക്തി എന്ന നിലയിലാണ് എന്‍റെ പരാതി അറിയിച്ചത്. ഉടനെ തന്നെ എന്‍റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ആണോ എന്ന ചോദ്യമായിരുന്നു അവര്‍ ചോദിച്ചത്. ഞാൻ അല്ലെന്ന് പറഞ്ഞു. പ്രൊഫൈല്‍ ലോക്ക് ചെയ്യാതെ ഫോട്ടോകള്‍ ഷെയര്‍ ചെയ്താല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന മട്ടിലായിരുന്നു പിന്നീട് അവരുടെ പെരുമാറ്റം. എല്ലാ ഉദ്യോഗസ്ഥരെയും കുറ്റപ്പെടുത്തി പറയുന്നില്ല. എങ്കിലും ഏതെങ്കിലും വിധത്തിലുള്ള പ്രശ്നത്തില്‍ പെട്ട് പ്രതിസന്ധിയിലാകുമ്പോള്‍ ഒരു ആശ്രയം എന്ന നിലയില്‍ നാം എപ്പോഴും ചെല്ലുന്നത് പൊലീസ് സ്റ്റേഷനിലേക്കാണല്ലോ. അവിടെ വച്ച് പ്രശ്നമുണ്ടാകാനുള്ള മൂലകാരണം നമ്മള്‍ തന്നെയാണെന്നുള്ള തരത്തിലുള്ള പ്രതികരണമുണ്ടാകുമ്പോള്‍ അത് നിരാശ നല്‍കുന്നത് തന്നെയാണ്....'- ചിത്തിര പറയുന്നു. 

ആദ്യം പരാതി സ്വീകരിക്കാൻ താല്‍പര്യം കാണിക്കാതിരുന്ന സൈബര്‍ പൊലീസ് പിന്നീട് പരാതി നല്‍കണമെന്ന ആവശ്യം അംഗീകരിച്ച് മെയിലായി പരാതി അയക്കാൻ ആവശ്യപ്പെട്ടു. തുടര്‍ന്ന് തന്‍റെ ഫോട്ടോകള്‍ വന്നിട്ടുള്ള സൈറ്റിലെ പേജിന്‍റെ യുആര്‍എല്ലുകള്‍ സഹിതം പരാതി മെയില്‍ ചെയ്തു. അന്ന് തന്നെ ഫേസ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ചെയ്യണമെന്ന് സമ്മതിപ്പിച്ച ശേഷം മാത്രമാണ് ചിത്തിരയെ അവര്‍ തിരികെ വിട്ടത്.

'നമ്മള്‍ ഏത് കാലത്താണ് ജീവിക്കുന്നത് എന്നോര്‍ക്കണം. എത്ര പുരോഗമനം അവകാശപ്പെടുമ്പോഴും സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് സ്ത്രീകളെ തന്നെ കാരണമായി ചൂണ്ടിക്കാട്ടുന്ന വ്യവസ്ഥ തന്നെ അല്ലേ ഇതും. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഇടുമ്പോള്‍ അത് ദുരുപയോഗപ്പെടുത്തപ്പെട്ടേക്കാം എന്ന് നമുക്കറിയാം. അതിനുള്ള സാധ്യത ഉണ്ട്. എന്നാല്‍ അങ്ങനെ സംഭവിക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കാത്തത് മൂലമാണ് എന്ന് പറയുന്നതിന്‍റെ യുക്തി എന്താണ്. ഒരു പ്രിവിലേജുമില്ലാതെ പരാതിയുമായി പൊലീസിനെ സമീപിക്കുന്ന ഒരു സ്ത്രീക്ക് കിട്ടിയേക്കാവുന്ന നീതി ഇങ്ങനെ ആയിരിക്കുമല്ലോ. നമുക്ക് പരിചയങ്ങളോ ബന്ധങ്ങളോ സ്ഥാനമാനങ്ങളോ ഉണ്ടെങ്കില്‍ ഇത്തരത്തിലായിരിക്കില്ല ഒരുപക്ഷേ പ്രതികരണം. എന്നാല്‍ എന്നെ സംബന്ധിച്ച് ഒറ്റക്ക് നില്‍ക്കാൻ തന്നെയായിരുന്നു തീരുമാനം. പരാതി നല്‍കാൻ എന്‍റെ കൂടെ വന്ന പെണ്‍കുട്ടി ആദ്യമായാണ് ഇങ്ങനെയൊരു അന്തരീക്ഷം കാണുന്നത്. പൊലീസും പരാതിയും എല്ലാം. ഇതെല്ലാം കണ്ടുനിന്ന അവള്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ചെയ്താണ് അവിടെ നിന്ന് അന്ന് ഇറങ്ങിയത്. നമുക്കെല്ലാം ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ടായാല്‍ ഇത്രയൊക്കെയേ പ്രതീക്ഷിക്കാനുള്ളൂ അല്ലേ ചേച്ചി എന്ന് അവള്‍ ചോദിച്ചപ്പോള്‍ വലിയ നിരാശ തോന്നി....'- ചിത്തിരയുടെ വാക്കുകള്‍. 

നവംബര്‍ 30ന് നല്‍കിയ പരാതിയില്‍ പിന്നീട് സൈബര്‍ പൊലീസില്‍ നിന്ന് പ്രതികരണമൊന്നും കാണാഞ്ഞതിനാല്‍ ഡിസംബര്‍ എട്ടിന് വീണ്ടും മെയില്‍ അയച്ചു. അതിനും പ്രതികരണം ഒന്നും ലഭിച്ചില്ല. എന്നാല്‍ ഇന്ന് ഫേസ്ബുക്കില്‍ ഈ അനുഭവങ്ങള്‍ സംബന്ധിച്ച് കുറിപ്പ് പങ്കുവച്ചതോടെ സൈബര്‍ പൊലീസ് ഇങ്ങോട്ട് ബന്ധപ്പെട്ടു. തങ്ങള്‍ പരാതിയില്‍ നടപടി എടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും ഇൻഫോപാര്‍ക്കിലെ സൈബര്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് മോശം പ്രതികരണം ഉണ്ടായിട്ടുള്ളതായി ഇതുവരെ ആരും പരാതിപ്പെട്ടിട്ടില്ലെന്നും എല്ലാം അവര്‍ അറിയിച്ചു. എന്തുകൊണ്ടാണ് രണ്ടുതവണ പരാതി നല്‍കിയിട്ടും യാതൊരു പ്രതികരണവും നല്‍കാതിരുന്നത് എന്ന് ചോദിച്ചപ്പോള്‍ പരാതി കൈപ്പറ്റിയെന്ന റെസീപ്റ്റ് ആവശ്യപ്പെട്ടാല്‍ മാത്രമേ നല്‍കാറുള്ളൂവെന്നും, പരാതിയിലുള്ള നമ്പറില്‍ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു- കിട്ടിയില്ല എന്നുമായിരുന്നു മറുപടി.

'എന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പലരും ഷെയര്‍ ചെയ്തിരുന്നു. പലരും കേരള പൊലീസിനെ മെൻഷൻ ചെയ്തിരുന്നു. അത് അവരുടെ ശ്രദ്ധയില്‍ പെട്ടത് കൊണ്ടാകാം ഇങ്ങനെയൊരു പ്രതികരണം വന്നത്. അതിനെ സ്വാഗതം ചെയ്യുന്നു. പക്ഷേ എന്നെ പോലെ ഒരു സ്ത്രീ അല്ലായിരുന്നുവെങ്കില്‍ ഇത്ര പോലും കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്ന ഒരാളല്ലായിരുന്നുവെങ്കില്‍ ഈ നടപടിയുണ്ടാകുമായിരുന്നോ, എത്രയോ സ്ത്രീകളുടെ ചിത്രങ്ങള്‍ അതേ സൈറ്റില്‍ തന്നെ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ സൈറ്റിനെതിരെ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് അക്കാര്യം പറഞ്ഞപ്പോള്‍ താൻ തന്‍റെ കാര്യം നോക്കിയാല്‍ മതി എന്ന മറുപടിയാണ് അവര്‍ തന്നത്. നാളെയും ഒറ്റക്കൊരു സ്ത്രീ ഇത്തരത്തിലുള്ള പരാതിയുമായി പൊലീസിനെയോ സൈബര്‍ പൊലീസിനെയോ സമീപിക്കുമ്പോള്‍ അവര്‍ക്കൊരു ദുരനുഭവമോ, വേദനിപ്പിക്കുന്ന പ്രതികരണമോ നിരാശയോ ഉണ്ടാകരുത് എന്ന് ഞാനാഗ്രഹിക്കുന്നുണ്ട്...' ചിത്തിര പറയുന്നു. 

ചിത്തിര ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് കൂടി വായിക്കാം...

ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള എന്‍റെ ഫോട്ടോകൾ ഡൗൺലോഡ് ചെയ്ത് Xossip Fap എന്നൊരു adult content സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് എന്ന് ഗൂഗിളിൽ എന്‍റെ  പേരോ ഇമേജൊ മറ്റോ സെർച്ച് ചെയ്തപ്പോൾ കണ്ടിട്ട് ഫേസ്ബുക്ക് വഴി പരിചയമുള്ള ഒരു സുഹൃത്ത് പറഞ്ഞാണ് ഞാൻ അറിഞ്ഞത്. ആ സൈറ്റ് എടുത്തുനോക്കിയപ്പോൾ ഒരുപാട് സ്ത്രീകളുടെ ഫോട്ടോകൾ അത്തരത്തിൽ ഉപയോഗിച്ചിട്ടുള്ളതായി കണ്ടു. അതിന് പരാതി കൊടുക്കാൻ ഇൻഫോപാർക്കിലുള്ള കൊച്ചി സൈബർ സെൽ ഓഫീസിൽ പോയി. അവിടെ റിസപ്ഷനിൽ ഇരുന്ന ഓഫീസറോട് കാര്യം പറഞ്ഞപ്പോൾ ആദ്യം ചോദിച്ചത് പ്രൊഫൈൽ ലോക്ക് അല്ലേ എന്നാണ്. അല്ല എന്ന് പറഞ്ഞപ്പോൾ അപ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാകും, കണ്ടവർ ഫോട്ടോയും കൊണ്ടു പോയി തോന്നിയത് ചെയ്യും, അതിന് പരാതി പറഞ്ഞിട്ട് എന്താണ് കാര്യം എന്ന് പരിഹസിച്ചു കൊണ്ട് മറുപടി പറഞ്ഞു. ഇവിടെ ഫേസ്ബുക്ക് വഴി പണം തട്ടിയെടുത്തത് കണ്ടുപിടിക്കാൻ പറ്റുന്നില്ല - അപ്പോഴല്ലേ ലോക്ക് ചെയ്യാത്ത പ്രൊഫൈലിലെ ഫോട്ടോ പോയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞാൻ നിർബന്ധമായും പരാതി കൊടുക്കണം എന്ന് പറഞ്ഞപ്പോൾ അദ്ദേഹം അകത്തുനിന്ന് മറ്റൊരു ഓഫീസറെ ഫോണിൽ വിളിച്ചു. വന്ന ഓഫീസർ കാര്യം ചോദിച്ചിട്ട് എന്‍റെ ഫോട്ടോകൾ ഉള്ള url എല്ലാം വെച്ചിട്ട് മെയിലിൽ ഒരു പരാതി കൊടുക്കാൻ പറഞ്ഞു. അതിൽ ഒരുപാട് പേജുകളിൽ ആയി ധാരാളം സ്ത്രീകളുടെ ഫോട്ടോകൾ ഉണ്ട് എന്നുപറഞ്ഞപ്പോൾ താൻ തന്‍റെ കാര്യം നോക്കെന്നും അവർക്ക് പരാതി ഉണ്ടെങ്കിൽ അവർ വന്ന് പറയട്ടെ ഇപ്പോൾ തന്‍റെ ഫോട്ടോ ഞങ്ങൾ റിമൂവ് ചെയ്യിക്കാം എന്നും പറഞ്ഞു. ആരെങ്കിലും വ്യക്തിവൈരാഗ്യം കൊണ്ട് ചെയ്തതാണോ എന്നറിയണം എന്ന് പറഞ്ഞപ്പോൾ അതും അന്വേഷിച്ചുനോക്കാം, ആദ്യം പരാതിപ്പെടാൻ പറഞ്ഞു. 

റിസപ്‌ഷനിൽ ഇരുന്ന ഓഫീസർ  ഇദ്ദേഹത്തോടും പ്രൊഫൈൽ ലോക്ക് അല്ല എന്നുള്ളത് ആവർത്തിച്ചു. മെയിൽ ഐഡി കാണിച്ചു തന്നിട്ട് ആ ഓഫീസർ അകത്തേക്ക് പോയപ്പോൾ ഈ ഫോട്ടോയൊക്കെ എടുത്തിട്ടുള്ള ഐപി അഡ്രസ്സ് അന്വേഷിച്ചു ചെല്ലുമ്പോൾ അത് വല്ല അമേരിക്കയിലും നൈജീരിയയിലും ഒക്കെ ആയിരിക്കുമെന്നും നമ്മളെ നമ്മൾ സൂക്ഷിച്ചാൽ നമ്മൾക്ക് കൊള്ളാമെന്നും ഒക്കെ വീണ്ടും പറഞ്ഞു.  പ്രൊഫൈൽ ലോക്ക് ചെയ്യാമെന്ന് ഞാൻ സമ്മതിച്ചിട്ടേ എന്നെ ഇറങ്ങാൻ വിട്ടുള്ളു.

അങ്ങനെ നവംബർ 30 ന് ഞാൻ url സഹിതം പരാതി മെയിൽ ചെയ്തു. അതിന് ഒരു മറുപടിയും കിട്ടാഞ്ഞതുകൊണ്ട് ഡിസംബർ 8 ന് വീണ്ടും ഒരു മെയിൽ കൂടെ ചെയ്തു. ഇന്നുവരെ അങ്ങനെ ഒരു പരാതി കിട്ടിയതിന്റെ acknowledgement പോലും കിട്ടിയില്ല, സാധാരണ മലയാളത്തിലെ പ്രമുഖവാരികകളിൽ കവിത അയക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കാറുള്ളത്.

ഇപ്പോഴും ആ url കളിൽ ഫോട്ടോകൾ കിടക്കുന്നുണ്ട്. രാത്രി പുറത്തിറങ്ങിയിട്ടല്ലേ റേപ്പ് ചെയ്യപ്പെട്ടത് എന്ന് ചോദിക്കുന്ന അതേ ന്യായമാണല്ലോ പ്രൊഫൈൽ ലോക്ക് ചെയ്യാഞ്ഞിട്ടല്ലേ ഫോട്ടോ എടുത്തോണ്ട് പോയത് എന്നോർത്ത് ആശ്വസിക്കാം, അല്ലാതെ എന്ത് ചെയ്യാനാണ്!

കൂടെ വന്ന പെൺകുട്ടി ആദ്യമായാണ് പോലീസ് സ്റ്റേഷനിൽ. നമ്മൾക്ക് എന്തേലും കുഴപ്പമുണ്ടായാൽ അപ്പോ ഇത്രയും ഒക്കെ നടപടി പ്രതീക്ഷിച്ചാൽ മതി അല്ലേ ചേച്ചീ എന്ന് അവൾ ചോദിച്ചപ്പോൾ സങ്കടം തോന്നിയിരുന്നു. അവിടെ നിന്ന് ഇറങ്ങും മുൻപ് അവൾ സ്വന്തം പ്രൊഫൈൽ ലോക്ക് ചെയ്യുകയും ചെയ്തു. പെൺകുട്ടികൾക്ക് നമ്മൾ അല്ലെങ്കിലും അടങ്ങാനും ഒതുങ്ങാനും ഉള്ള പരിശീലനം ആണല്ലോ കൊടുക്കേണ്ടത്.

 

Also Read:- 'ഈ രാത്രി നിനക്ക് ഉറക്കം ഇല്ലേ, ആരോടാ ഈ സംസാരം'; രാത്രികളിലെ സദാചാര മെസേജുകളെ കുറിച്ച് ഡോക്ടറുടെ കുറിപ്പ്

tags
click me!