എന്നാല്‍ പതിവായി സ്ട്രെസ് അനുഭവിക്കുന്നത് തീര്‍ച്ചയായും നമ്മുടെ ആരോഗ്യത്തെ പല രീതിയില്‍ ദോഷകരമായി ബാധിക്കും. ഇവിടെയിപ്പോള്‍ സ്ത്രീകളില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട് സ്ട്രെസ് ഉണ്ടാക്കുന്ന പ്രധാനപ്പെട്ട നാല് പ്രശ്നങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്.
'സ്ട്രെസ്' അല്ലെങ്കില്‍ മാനസിക സമ്മര്‍ദ്ദം ഇന്ന് മിക്കവര്‍ക്കും ജീവിതത്തിന്‍റെ ഭാഗം തന്നെയാണ്. ലോകം അതിവേഗം മുന്നോട്ട് കുതിക്കുമ്പോള്‍ നമ്മുടയെല്ലാം ജോലി, വിദ്യാഭ്യാസം തുടങ്ങി നിത്യജീവിതത്തിലെ എല്ലാ വ്യവഹാരങ്ങളിലും ഈ വേഗത പ്രതിഫലിക്കുകയാണ്.
ഈ തിരക്കിന്‍റെ ഭാഗമായിത്തന്നെയാണ് അധികപേരും ഇന്ന് സ്ട്രെസ് അനുഭവിക്കുന്നത്. എന്നാല്‍ പതിവായി സ്ട്രെസ് അനുഭവിക്കുന്നത് തീര്‍ച്ചയായും നമ്മുടെ ആരോഗ്യത്തെ പല രീതിയില്‍ ദോഷകരമായി ബാധിക്കും. ഇവിടെയിപ്പോള്‍ സ്ത്രീകളില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട് സ്ട്രെസ് ഉണ്ടാക്കുന്ന പ്രധാനപ്പെട്ട നാല് പ്രശ്നങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്.
ഒന്ന്...
ആര്‍ത്തവത്തിന്‍റെ തീയ്യതി മാറിക്കൊണ്ടേയിരിക്കുന്നത് ചില സ്ത്രീകളില്‍ കാണാം. അതുപോലെ തന്നെ ചില മാസം ആര്‍ത്തവമേ വരാതിരിക്കും. ഇതൊന്നും 'നോര്‍മല്‍' ആയി കണക്കാക്കാവുന്നതല്ല. എന്തെങ്കിലും തരത്തിലുള്ള ശ്രദ്ധ നാം കൊടുക്കേണ്ട സാഹചര്യമാണെന്ന് ഉറപ്പിക്കാം.
ഇത്തരം പ്രശ്നങ്ങള്‍ക്ക് പിന്നില്‍ പതിവായി വരാവുന്നൊരു കാരണമാണ് സ്ട്രെസ്. സ്ട്രെസ് അധികരിക്കുമ്പോള്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ആര്‍ത്തവചക്രത്തെ ഈ രീതിയില്‍ ബാധിക്കുന്നത്. ഇത് പ്രത്യുത്പാദന വ്യവസ്ഥയെയും ദോഷകരമായി തന്നെ ബാധിക്കും. സ്വാഭാവികമായും ഗര്‍ഭധാരണം സംബന്ധിച്ച ബുദ്ധിമുട്ടുകളും നേരിടാം.
രണ്ട്...
ആര്‍ത്തവമുണ്ടാകുമ്പോള്‍ അസഹനീയമായ വേദന അനുഭവപ്പെടുന്നതിന് പിന്നിലും സ്ട്രെസ് ഒരു കാരണമായി വരാം. സ്ട്രെസ് പേശീവേദനയ്ക്ക് കാരണമാകാറുണ്ട്. ഇതൊരു വിഷയം. മറ്റൊന്ന് സ്ട്രെസ് 'പ്രോസ്റ്റാഗ്ലാൻഡിൻസ്' എന്ന, ഹോര്‍മോണുകള്‍ പോലുള്ള കോമ്പൗണ്ടുകളുണ്ടാക്കം. ഇതും ആര്‍ത്തവവേദനയ്ക്ക് കാരണമാകും.
മൂന്ന്...
ആര്‍ത്തവസമയത്ത് പോകുന്ന രക്തത്തിന്‍റെ അളവ്- അല്ലെങ്കില്‍ ഒഴുക്കിനെയും സ്ട്രെസ് സ്വാധീനിക്കാം. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി അമിതമായ രക്തസ്രാവം അല്ലെങ്കില്‍ തീരെ കുറഞ്ഞ അളവില്‍ രക്തം പോകുന്നത് എല്ലാം ഇത്തരത്തില്‍ സ്ട്രെസുമായി ബന്ധപ്പെട്ട് സംഭവിക്കുന്നതാകാം. സ്ട്രെസ് മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനമാണ് ഇതിന് കാരണമായി വരുന്നത്.
നാല്...
'പ്രീമെൻസ്ട്രുവല്‍ സിൻഡ്രോം' അഥവാ പിഎംഎസ് എന്നൊരു അവസ്ഥയെ കുറിച്ച് നിങ്ങള്‍ കേട്ടിരിക്കും. ഇന്ന് മിക്കവാറും സ്ത്രീകള്‍ക്കും പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്കും പിഎംഎസിനെ കുറിച്ച് വിശദമായി തന്നെ അറിവുള്ളതാണ്. ഇതും വലിയ രീതിയില്‍ സ്ട്രെസുമായി ബന്ധപ്പെട്ടാണ് ഉണ്ടാകുന്നത്. മൂഡ് സ്വിംഗ്സ്, അമിതമായ ഗ്യാസ് പ്രശ്നം, തലവേദന എന്നിങ്ങനെയുള്ള പല ബുദ്ധിമുട്ടുകളും പിഎംഎസിന്‍റെ ഭാഗമായി വരുന്നു.
ചെയ്യേണ്ട കാര്യങ്ങള്‍...
സ്ട്രെസ് ഇത്രമാത്രം ആര്‍ത്തവത്തെ സ്വാധീനിക്കുന്നു എന്നതിനാല്‍ തന്നെ സ്ട്രെസിനെ കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. യോഗ, മെഡിറ്റേഷൻ, ജിമ്മിലെ വര്‍ക്കൗട്ട് എന്നിഹ്ങനെയുള്ള കാര്യങ്ങളെല്ലാം സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും. ഒപ്പം തന്നെ കലാ-കായികവിനോദങ്ങളും ഏറെ നല്ലതാണ്. ഓരോരുത്തരും അവരവരുടെ വ്.ക്തിത്വത്തിന് അനുയോജ്യമാകുംവിധത്തില്‍ സ്ട്രെസ് കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുകയാണ് വേണ്ടത്.
Also Read:- കുഞ്ഞിനെ പാര്‍ലമെന്‍റിനകത്ത് വച്ച് മുലയൂട്ടി സഭാംഗം; മറ്റ് അംഗങ്ങളുടെ പ്രതികരണം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-