വാടക ഗര്‍ഭധാരണത്തിനെതിരെ നിലനില്‍ക്കുന്ന വാദത്തോട് സമാനമായ അനുഭവം തുറന്ന് പങ്കിടുകയാണ് അമേരിക്കയില്‍ നിന്നുള്ള പ്രമുഖ ടെലിവിഷൻ താരമായ ക്ലോ കര്‍ദാഷിയാൻ.
കുട്ടികളുണ്ടാകില്ലെന്ന് മെഡിക്കലി സ്ഥിരീകരിക്കപ്പെട്ടവരും അതുപോലെ തന്നെ ഒരുപാട് സെലിബ്രിറ്റികളുമെല്ലാം നിലവില്‍ ആശ്രയിക്കുന്നൊരു ഗര്‍ഭധാരണരീതിയാണ് വാടക ഗര്‍ഭധാരണം. ഇന്ത്യയിലും പല സെലിബ്രിറ്റികളും ഇത്തരത്തില്‍ മാതാപിതാക്കളായിട്ടുണ്ട്.
എന്നാല്‍ വാടക ഗര്‍ഭധാരണത്തിനെതിരെ എല്ലായ്പോഴും വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്. ഉദരത്തില്‍ കൊണ്ടുനടന്ന് പ്രസവിക്കുന്ന ഒരു കുഞ്ഞിനോട് തോന്നുന്ന സ്നേഹം വാടക ഗര്‍ഭധാരണത്തിലൂടെ നേടുന്ന കുഞ്ഞിനോട് എങ്ങനെയാണ് തോന്നുകയെന്നാണ് പൊതുവെ ഉയരാറുള്ള വിമര്‍ശനം.
എന്നാല്‍ അമ്മയാകാൻ ഒരു സ്ത്രീ പ്രസവിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും അത് വൈകാരികമായ ഒരവസ്ഥയാണെന്നും, പ്രസവിച്ചത് കൊണ്ട് മാത്രം ഒരു സ്ത്രീയെ അമ്മയെന്ന് വിശേഷിപ്പിക്കാനാകില്ല- അതിനൊരുപാട് വേറെയും 'ക്വാളിറ്റി'കള്‍ വേണമെന്നുമെല്ലാം വാദിക്കുന്നവരും ഉണ്ട്.
ഇപ്പോഴിതാ വാടക ഗര്‍ഭധാരണത്തിനെതിരെ നിലനില്‍ക്കുന്ന വാദത്തോട് സമാനമായ അനുഭവം തുറന്ന് പങ്കിടുകയാണ് അമേരിക്കയില്‍ നിന്നുള്ള പ്രമുഖ ടെലിവിഷൻ താരവും മോഡലുമെല്ലാമായ ക്ലോ കര്‍ദാഷിയാൻ.
ക്ലോയ്ക്ക് രണ്ട് മക്കളാണുള്ളത്. മൂത്ത മകനെ ഇവര്‍ വാടക ഗര്‍ഭധാരണത്തിലൂടെയാണ് സ്വന്തമാക്കിയത്. മകളെ ഗര്‍ഭം ധരിച്ച് പ്രസവിക്കുകയും ചെയ്തു.
ഇപ്പോള്‍ ഒരു ഷോയിലൂടെ ക്ലോ പറഞ്ഞ കാര്യങ്ങളാണ് ഏറെ ചര്‍ച്ചയാകുന്നത്. വാടക ഗര്‍ഭധാരണത്തിലൂടെ ഉണ്ടായത് കൊണ്ട് തനിക്ക് മകനോട് ആത്മബന്ധം ഉണ്ടാക്കാൻ പ്രയാസം തോന്നിയിരുന്നുവെന്നും അതേസമയം മകളോട് ആ പ്രശ്നം തോന്നിയിരുന്നില്ലെന്നും ഇവര്‍ പറയുന്നു.
'വാടക ഗര്‍ഭധാരണം മോശപ്പെട്ടൊരു കാര്യമാണെന്ന് ഞാനൊരിക്കലും പറയില്ല. അത് മഹനീയം തന്നെയാണ്. എന്നാലത് തീര്‍ത്തും വ്യത്യസ്തമായൊരു അനുഭവമാണ്. മകനെ പ്രസവിച്ച സ്ത്രീയില്‍ നിന്ന് അവനെയും കൊണ്ട് അടുത്ത മുറിയിലേക്ക് പോകുമ്പോള്‍ എനിക്കതൊരു വ്യവഹാരമായിട്ടാണ് തോന്നിയത്. ആകെ ആ ചടങ്ങുകള്‍ എനിക്ക് പൊതുവില്‍ ഒരു ഷോക്കിംഗ് അനുഭവം ആയി മാറി. ആ അമ്മയില്‍ നിന്ന് മകനെ വേര്‍പെടുത്തിയെടുക്കുന്നത് പോലെ തോന്നി. എനിക്ക് കുറ്റബോധം തോന്നി... ആ ഘട്ടം പൂര്‍ണമായും ഉള്‍ക്കൊള്ളാൻ എനിക്കൊരുപാട് സമയം വേണ്ടിവന്നു...
...വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയായ ആരെങ്കിലും എനിക്കുണ്ടായ അതേ അനുഭവത്തിലൂടെ കടന്നുപോയിട്ടുണ്ടെങ്കില്‍ അവര്‍ അക്കാര്യം പരസ്യമായി പങ്കിട്ടിരുന്നുവെങ്കില്‍ എന്ന് ഞാനാഗ്രഹിക്കുന്നു. മകള്‍ ജനിച്ചപ്പോഴാകട്ടെ എനിക്ക് കൂടുതല്‍ അടുപ്പം തോന്നി. അവള്‍ വയറ്റില്‍ കിടന്നിരുന്നപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയായിരുന്നു. പ്രപഞ്ചത്തില്‍ ഇങ്ങനെയൊരു ഭാഗ്യം ആര്‍ക്ക് ലഭിക്കുമെന്ന് തോന്നി. ഒരാള്‍ നമ്മുടെ അകത്തിരുന്ന് നമ്മളെ ഓരോ നിമിഷവും ഫീല്‍ ചെയ്യുന്നു...'- ക്ലോ പറഞ്ഞു.
അടുത്ത കാലത്തായി വാടക ഗര്‍ഭധാരണത്തിന്‍റെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ട താരങ്ങളാണ് തെന്നിന്ത്യൻ നടിയായ നയൻ താരയും ബോളിവുഡ് നടിയായി പ്രിയങ്ക ചോപ്രയും.
Also Read:- മുപ്പതുകളുടെ തുടക്കത്തില്‍ തന്നെ ഭാവിയിലേക്ക് വേണ്ടി അണ്ഡം സൂക്ഷിച്ചു; പ്രിയങ്ക ചോപ്ര