വിവാഹക്കാര്യത്തില്‍ തിരക്കിട്ടുള്ള തീരുമാനങ്ങള്‍ നല്ലതല്ലെന്ന സൂചന തന്നെ പങ്കുവയ്ക്കുകയാണ് നടി കരീന കപൂര്‍. സെയ്ഫ് അലി ഖാന്‍റെ വിവാഹാലോചന വന്നപ്പോള്‍ രണ്ട് തവണ താൻ 'നോ' പറഞ്ഞുവെന്നാണ് ഇപ്പോള്‍ കരീന വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനുള്ള കാരണവും കരീന പറയുന്നു.
വിവാഹം കഴിക്കാൻ തീരുമാനമെടുക്കുകയെന്നത് അത്ര എളുപ്പമുള്ള സംഗതിയല്ല. പലപ്പോഴും കുടുംബങ്ങള്‍ തമ്മിലുള്ള ധാരണയ്ക്ക് മുകളിലും ചെറിയ ചടങ്ങുകള്‍ക്ക് പിന്നാലെയും വിവാഹം ഉറപ്പിക്കുമ്പോള്‍ ഈ തീരുമാനമെടുപ്പിലെ കാഠിന്യം ആളുകള്‍ തിരിച്ചറിയാതെ പോകാം.
എന്നാല്‍ ഇന്നത്തെ യുവതലമുറ ഇക്കാര്യത്തില്‍ വളരെയധികം ഉറച്ച നിലപാട് കാത്തുസൂക്ഷിക്കുന്നവരാണെന്ന് തന്നെ വേണം പറയാൻ. വിവാഹം കഴിക്കണമോ? അങ്ങനെയെങ്കില്‍ അതെപ്പോള്‍, ആരെ എന്നെല്ലാം തീരുമാനിക്കുന്നത് സ്വയം വേണമെന്ന ബോധ്യം ഇന്ന് മിക്ക ചെറുപ്പക്കാര്‍ക്കുമുണ്ട്. മുതിര്‍ന്നവരായാലും ഇതിനെ അംഗീകരിക്കാനും മാനിക്കാനും പരിശീലിച്ചുവരുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.
ഇത്തരത്തില്‍ വിവാഹക്കാര്യത്തില്‍ തിരക്കിട്ടുള്ള തീരുമാനങ്ങള്‍ നല്ലതല്ലെന്ന സൂചന തന്നെ പങ്കുവയ്ക്കുകയാണ് നടി കരീന കപൂര്‍. സെയ്ഫ് അലി ഖാന്‍റെ വിവാഹാലോചന വന്നപ്പോള്‍ രണ്ട് തവണ താൻ 'നോ' പറഞ്ഞുവെന്നാണ് ഇപ്പോള്‍ കരീന വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനുള്ള കാരണവും കരീന പറയുന്നു.
'കൃത്യമായി ഓര്‍ക്കുന്നില്ലെങ്കില്‍ പോലും രണ്ടോ അതില്‍ കൂടുതലോ തവണ സെയ്ഫിന്‍റെ പ്രപ്പോസലിനോട് ഞാൻ നോ പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ പ്രണയത്തില്‍ തന്നെയായിരുന്നു. പ്രണയം വിവാഹത്തിലേക്ക് എത്തിക്കാൻ സമയമായോ എന്ന സംശയത്തിന് മുകളിലാണ് നോ പറഞ്ഞത്. പരസ്പരം കുറെക്കൂടി മനസിലാക്കിയ ശേഷം മതി വിവാഹമെന്നത് എനിക്ക് നിര്‍ബന്ധമായിരുന്നു. അപ്പോഴും എനിക്കറിയാമായിരുന്നു ഞാൻ എന്തായാലും സെയ്ഫിനെ തന്നെ വിവാഹം കഴിക്കുമെന്ന്...'- കരീന പറയുന്നു.
2012ലായിരുന്നു സെയ്ഫിന്‍റെയും കരീനയുടെയും വിവാഹം. നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇത്. 2003ല്‍ 'എല്‍ഒസി കാര്‍ഗില്‍' എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇരുവരും ആദ്യമായി ഒരുമിച്ച് ജോലി ചെയ്യുന്നത്. ഇതിന് ശേഷം 2006ല്‍ 'ഓംകാര' എന്ന ചിത്രം ചെയ്തു. എങ്കിലും 2008ല്‍ വന്ന 'ടഷൻ'എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വച്ചാണ് ഇവര്‍ പ്രണയത്തിലായത്. ഈ വര്‍ഷം തന്നെ സെയ്ഫ് തന്‍റെ പ്രണയം പരസ്യമായി വെളിപ്പെടുത്തി. കയ്യില്‍ കരീനയുടെ പേര് ടാറ്റൂ ചെയ്തുകൊണ്ടാണ് സെയ്ഫ് തന്‍റെ പ്രണയം വെളിപ്പെടുത്തിയത്. ഇതിന് ശേഷം 2012ലാണ് ഇവരുടെ വിവാഹം കഴിയുന്നത്.
വിവാഹം കഴിഞ്ഞ് നാല് വര്‍ഷത്തിനുള്ളില്‍ തന്നെ ആദ്യകുഞ്ഞ് പിറന്നു. തയ്മൂര്‍ അലി ഖാൻ എന്ന താരപുത്രന് 2021 ഫെബ്രുവരിയില്‍ ഒരു കുഞ്ഞനിയനും പിറന്നു.
ബോളിവുഡില്‍ പ്രണയബന്ധങ്ങളും ദാമ്പത്യബന്ധങ്ങളുമെല്ലാം എളുപ്പത്തില്‍ ദുര്‍ബലമാവുകയും തകരുകയും ചെയ്യുമെന്ന തരത്തിലുള്ള വാദങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ തങ്ങളുടെ വിവാഹത്തിന്‍റെ പത്താം വാര്‍ഷികത്തിലാണിപ്പോള്‍ കരീനയും സെയ്ഫും. പരസ്പരം മനസിലാക്കാനും പിന്തുണയാകാനും സാധിച്ചാല്‍ വിള്ളലില്ലാതെ ദാമ്പത്യം കൊണ്ടുപോകാൻ സാധിക്കുമെന്നതിന്‍റെ ഉദാഹരണമാണ് ഈ സെലിബ്രിറ്റി ജോഡി.
അതേസമയം വിവാഹമോചനങ്ങളോട് മോശമായ കാഴ്ചപ്പാടോ സമീപനമോ വച്ചുപുലര്‍ത്തുന്നതും പുരോഗമന ആശയങ്ങളുള്ളൊരു സമൂഹത്തിന് യോജിച്ചതല്ല. കരീനയുടെ സഹോദരി കരീഷ്മയടക്കം നിരവധി സെലിബ്രിറ്റികള്‍ വിവാഹമോചനത്തിന് ശേഷവും കുട്ടികളെ വളര്‍ത്തുകയും ജോലി ചെയ്ത് ആത്മാഭിമാനപൂര്‍വം ജീവിക്കുകയും ചെയ്യുന്നു. വിവാഹവും വിവാഹമോചനവും വ്യക്തിപരമായ ഇഷ്ടാനിഷ്ടവും തീരുമാനവും ആകുമ്പോള്‍ അവയിലെ മാതൃകാപരമായ ഘടകങ്ങളെ അനുകരിക്കാനോ കടംകൊള്ളാനോ ശ്രമിക്കാമെന്നത് മാത്രമേ ഇക്കാര്യത്തില്‍ പുറത്തുനിന്നുള്ളവര്‍ക്ക് ചെയ്യാനുള്ളൂ.
Also Read:- എന്തുകൊണ്ട് വിവാഹം കഴിച്ചില്ല? മറുപടിയുമായി സുസ്മിത സെൻ