ഔട്ട്ഡോർ ഷൂട്ടിങ്ങുകൾ നടക്കുന്നത് ആർത്തവ ദിനങ്ങളിലാണെങ്കിൽ പലപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധ ചെന്നെത്താത്ത കുറ്റിക്കാടുകൾ കണ്ടുപിടിച്ച് അതിന്റെ മറവിൽ സാനിറ്ററി പാഡുകൾ മാറ്റേണ്ടി വന്നിട്ടുണ്ടെന്നാണ് ജയ ബച്ചൻ പറയുന്നത്.
പണ്ട് ഔട്ട്ഡോർ ഷൂട്ടിങ്ങുകൾക്കിടെ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് അമിതാഭ് ബച്ചന്റെ ഭാര്യയും നടിയുമായ ജയ ബച്ചന്‍. ലൊക്കേഷനുകളിൽ ശുചിമുറികൾ പോലും ഇല്ലാതിരുന്ന അക്കാലത്ത് ആർത്തവ ദിവസങ്ങളിൽ അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളെക്കുറിച്ചാണ് താരം തുറന്നുപറയുന്നത്. ചെറുമകള്‍ നവ്യ നവേലി നന്ദയുടെ 'വാട്ട് ദ ഹെല്‍ നവ്യ' എന്ന പോഡ്കാസ്റ്റിലാണ് ജയ ബച്ചന്‍ തന്റെ ജീവിത്തതിലെ ഇത്തരം അനുഭവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞത്.
ഔട്ട്ഡോർ ഷൂട്ടിങ്ങുകൾ നടക്കുന്നത് ആർത്തവ ദിനങ്ങളിലാണെങ്കിൽ പലപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധ ചെന്നെത്താത്ത കുറ്റിക്കാടുകൾ കണ്ടുപിടിച്ച് അതിന്റെ മറവിൽ സാനിറ്ററി പാഡുകൾ മാറ്റേണ്ടി വന്നിട്ടുണ്ടെന്നാണ് ജയ ബച്ചൻ പറയുന്നത്. അങ്ങേയറ്റം ലജ്ജാകരവും വിഷമകരവുമായ കാര്യമായിരുന്നു അതെന്നും ജയ പറയുന്നു.
'ഞങ്ങള്‍ ഔട്ട്‌ഡോര്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് വാനുകള്‍ ഇല്ലായിരുന്നു. കുറ്റിക്കാട്ടിന് പിന്നില്‍ വെച്ച് എല്ലാം മാറേണ്ടി വന്നു, എല്ലാം. ആവശ്യത്തിന് ശുചിമുറികൾ പോലുമില്ലായിരുന്നു. അന്നൊക്കെ മൂന്നും നാലും സാനിറ്ററി പാഡുകളാണ് ഒരേസമയം ഉപയോഗിച്ചിരുന്നത്. പാഡുകൾ യഥാസമയത്ത് മാറ്റുന്നതിന് മാത്രമല്ല നീക്കം ചെയ്തവ നിക്ഷേപിക്കുന്നതിനുള്ള സൗകര്യങ്ങൾ പോലും അക്കാലത്ത് ഉണ്ടായിരുന്നില്ല. ഉപയോഗിച്ച പാഡുകൾ നിക്ഷേപിക്കാൻ പ്ലാസ്റ്റിക് ബാഗുകൾ കയ്യിൽ കരുതിയിരുന്നു. ഈ ബാഗുകൾ ബാസ്കറ്റിനുള്ളിലാക്കി വീട്ടിലെത്തിച്ച ശേഷമാണ് കൃത്യമായി നിർമാർജനം ചെയ്തിരുന്നത്'- ജയ ബച്ചന്‍ പറയുന്നു.
അന്നത്തെ കാലത്ത് ഇതൊന്നും ആരും ചര്‍ച്ച ചെയ്യാറില്ലായിരുന്നു. ആർത്തവ സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സമയങ്ങളിൽ സ്ത്രീകൾക്ക് ഒന്നോ രണ്ടോ ദിവസത്തെ അവധി അനുവദിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനു പകരമായി മറ്റേതെങ്കിലും ദിവസങ്ങളിൽ ജോലി പൂർത്തിയാക്കണമെന്ന് ഉപാധിവച്ചാൽ പോലും തെറ്റില്ല എന്നും താരം പറയുന്നു.
പ്രത്യേകിച്ച് പുരുഷന്മാർ ഈ ഒരു അവസ്ഥയെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകേണ്ടതുണ്ട്. എന്നാൽ പുരുഷന്മാർ മാത്രമല്ല ഇത്തരം സാഹചര്യങ്ങൾ കൃത്യമായി അറിയുന്ന ചില സ്ത്രീകൾ പോലും ആർത്തവ ദിനങ്ങളിൽ മറ്റു സ്ത്രീകൾക്ക് വേണ്ട പരിഗണന നൽകാൻ മടിക്കുന്ന പ്രവണതയുണ്ട്. ഇതിന് മാറ്റം വരേണ്ടത് അനിവാര്യമാണെന്നും ജയ ബച്ചന്‍ കൂട്ടിച്ചേര്‍ത്തു.
Also Read: ബിപാഷ ബസുവിന് കുഞ്ഞ് പിറന്നു; ആശംസകളുമായി ആരാധകര്‍