Women's Day 2023 : സാമ്പത്തിക സ്വാശ്രയത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍, തീരാത്ത വെല്ലുവിളികള്‍!

By Varsha Purushothaman  |  First Published Mar 8, 2023, 1:37 PM IST

പലപ്പോഴും കുടുംബത്തിന് വേണ്ടി സ്വന്തം ആരോഗ്യവും സ്വപ്നങ്ങളും സ്ത്രീകള്‍ക്ക് മാറ്റിവയ്ക്കേണ്ടി വരാറുണ്ട്. ജോലി ഇല്ലാതെ കുടുംബത്തെ ആശ്രയിച്ച് ജീവിക്കുന്ന  ഒരു സ്ത്രീക്ക്  പലപ്പോഴും  അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കപ്പെടാറുമുണ്ട്.


പെണ്‍കാലം. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം. മാറുന്ന പെണ്‍കാലത്തെക്കുറിച്ചുള്ള വ്യത്യസ്തമായ കുറിപ്പുകളും വീഡിയോകളും. 

Latest Videos

 

സ്ത്രീകള്‍ക്ക് അഭിപ്രായം പറയാനും വിദ്യാഭ്യാസം നേടാനുമുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലത്ത് നിന്നും മാറി സ്ത്രീകളുടെ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കാത് തുറന്നിരിക്കുന്ന സാമൂഹ്യ സാഹചര്യത്തിലാണ് നമ്മള്‍ ഇപ്പോള്‍. മികച്ച വിദ്യാഭ്യാസം നേടി, തന്റെ ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും വേണ്ടിയും മറ്റാരെയും ആശ്രയിച്ച് ജീവിക്കാതെ സ്വന്തം കാലില്‍ നില്ക്കാന്‍  വേണ്ടിയും സ്ത്രീകള്‍ ഇന്ന്  എല്ലാതരം പ്രതിസന്ധികളെയും തരണം ചെയ്ത്  അന്യനാടുകളില്‍ പോയി പഠിക്കുകയും ജോലി ചെയ്യുകയും പല മേഖലകളിലായി സ്വന്തം സ്ഥാനം ഉറപ്പിക്കുകയും ചെയ്യുന്നു.

ഒരുകാലത്ത് പുരുഷന്മാര്‍ മാത്രം സജീവമായിരുന്ന പല മേഖലകളിലും ഇന്ന് സ്ത്രീകള്‍ വ്യക്തി മുദ്ര പതിപ്പിച്ചു തുടങ്ങിയിരിക്കുന്നു. എങ്കിലും തുല്യത എന്ന അവകാശം സ്ത്രീക്ക്  വിദൂരത്താണ്. ജോലി സ്ഥലങ്ങളിലും കുടുംബങ്ങളിലും സ്ത്രീകള്‍ക്ക് പുരുഷനൊപ്പം തുല്യപരിഗണന ലഭിക്കാറില്ല  പലപ്പോഴും കുടുംബത്തിന് വേണ്ടി സ്വന്തം ആരോഗ്യവും സ്വപ്നങ്ങളും സ്ത്രീകള്‍ക്ക് മാറ്റിവയ്ക്കേണ്ടി വരാറുണ്ട്. ജോലി ഇല്ലാതെ കുടുംബത്തെ ആശ്രയിച്ച് ജീവിക്കുന്ന  ഒരു സ്ത്രീക്ക്  പലപ്പോഴും  അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കപ്പെടാറുമുണ്ട്.

അങ്ങനെ ഒരു പ്രതിസന്ധിയെ അതിജീവിച്ച ഒരാളാണ് തിരുവനന്തപുരം ആപ്റ്റിറ്റിയൂഡ് ഇന്റ്റിറ്റിയൂട്ടിലെ അധ്യാപികയായ രേഷ്മ. കൊല്ലത്തെ ഒരു കൊച്ചു ഗ്രാമത്തില്‍ നിന്നും തിരുവനന്തപുരത്തെത്തിയ രേഷ്മ പറയുന്നത് കേള്‍ക്കുക:

 

രേഷ്മ

 

''വീട്ടുകാരും ബന്ധുക്കളുമായി ഒരുപാട് ഇടപഴകി ജീവിച്ചിരുന്ന ഒരാളാണ് ഞാന്‍.  എന്ത് കാര്യം  ഉണ്ടെങ്കിലും അത് പരസ്പരം ചര്‍ച്ച ചെയ്യും. ഒരു ഘട്ടമെത്തിയപ്പോള്‍ എനിക്ക് മനസ്സിലായി, എനിക്ക് താല്‍പ്പര്യമില്ലാത്ത എന്ത് കാര്യം വന്നാലും എനിക്ക് അവരോടു 'നോ' പറയാനുള്ള അവകാശം ഉണ്ടാവില്ല എന്ന്. കാരണം ഞാന്‍ ജീവിക്കുന്നത് വീട്ടുകാരെ ആശ്രയിച്ചാണ്. ആ ഒരു തോന്നലിന്റെ പുറത്താണ് ഒരു ജോലി വേണം എന്ന തോന്നലുണ്ടാവുന്നത്.  അങ്ങനെയാണ് ബാങ്ക് കോച്ചിങിനായി ഞാന്‍ ആദ്യമായി തിരുവനന്തപുരത്ത് എത്തുന്നതും ആപ്റ്റിറ്റിയൂഡ് ഇന്‍സ്റ്റിട്യൂട്ടില്‍ ചേരുന്നതും. ഒട്ടും വൈകാതെ അതേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍  തന്നെ എനിക്ക് അധ്യാപികയുടെ ജോലി ലഭിച്ചു. ആ ജോലി ലഭിച്ചപ്പോള്‍ ഞാന്‍ ആദ്യം കരുതിയത്, നിസ്സാര ശമ്പളം ആണെങ്കില്‍ കൂടിയും സാരമില്ല, ഹോസ്റ്റല്‍ ഫീ എങ്കിലും ആരെയും ആശ്രയിക്കാതെ നല്‍കാമല്ലോ എന്നാണ്.

എന്നാല്‍, അത്ര ലളിതമായിരുന്നില്ല കാര്യങ്ങള്‍. വാടക കൊടുത്താല്‍ പിന്നെ തുച്ഛമായ സംഖ്യ ആണ് ബാക്കി ഉണ്ടാവുക. അത് ഒന്നിനും തികയില്ല. ഈ പ്രശനങ്ങള്‍ക്കിടയിലും ബന്ധുക്കളില്‍ പലരും എന്നോട് ചോദിച്ചിട്ടുണ്ട്, ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ട് എന്തിനാണ് ഇങ്ങനെ ഒരു ജോലി എന്ന്. നാട്ടിലേക്ക് തിരിച്ചു വന്നു കൂടെ എന്നും അവര്‍ ചോദിക്കും. ഈ ചോദ്യങ്ങള്‍ കേള്‍ക്കുമ്പോഴെല്ലാം എനിക്ക് വിഷമം തോന്നിയിട്ടുണ്ട്  എന്നലും ഇങ്ങനെ കടിച്ചു തൂങ്ങി തിരുവന്തപുരത്ത് നില്‍ക്കുന്നത് മറ്റൊരു നല്ല ജോലി ലഭിക്കും എന്ന പ്രതീക്ഷയിലാണ്. ഇന്നത്തെ കാലത്തെ പെണ്‍കുട്ടികളോട് എനിക്ക് പറയാനുള്ളത്, ജീവിതത്തില്‍ നമുക്ക് സ്വപ്നങ്ങള്‍ ഉണ്ടാവണം എന്നതാണ്. അത് നേടിയെടുക്കാന്‍ നമ്മള്‍ പ്രയത്‌നിച്ച് കൊണ്ടേയിരിക്കണം. പ്രതിസന്ധികള്‍ നേരിടേണ്ടി വന്നേക്കാം. അവ ക്ഷമയോടും പക്വതയോടും കൂടി തരണം ചെയ്തു മുന്‍പോട്ടു പോകുക. ആരെയും ആശ്രയിക്കാതെ ജീവിക്കുക.''

 

റജീന

 

''ഒരു സ്ത്രീ സാമ്പത്തികമായി സ്വതന്ത്രയായിരിക്കണം. എങ്കില്‍ മാത്രമേ  വ്യക്തി ജീവിതത്തിലെ ഏതൊരു പ്രശ്‌നത്തിലും പിടിച്ച് നില്ക്കാന്‍ സാധിക്കുകയുള്ളു''-ജീവിതത്തിലെ പ്രതിസന്ധികളെ നേരിട്ട് തിരുവന്തപുരത്തെ ഹൗസിങ്  ബോര്‍ഡ് ജംഗ്ഷനിനടുത്ത്  സ്വന്തമായി  ഹോസ്റ്റല്‍ തുടങ്ങിയ റജീനയുടെ വാക്കുകള്‍ ഇങ്ങനെയാണ്.

''2020 നവംബര്‍ മാസം ആണ് വീട് എന്ന പേരില്‍ ഒരു ഹോസ്റ്റല്‍ ഞാന്‍ ആരംഭിച്ചത്. ഹോസ്റ്റല്‍ എന്ന ആശയം മനസ്സില്‍ വന്നപ്പോള്‍ തന്നെ വീട് എന്ന് തന്നെ വേണം പേരെന്ന് ഉറപ്പിച്ചിരുന്നു. ഇവിടെ വരുന്ന ഓരോ കുട്ടിക്കും സ്വന്തം വീട് പോലെ താമസിക്കാന്‍ പറ്റിയ ഒരിടം അതായിരുന്നു ചിന്ത. ഡിവോഴ്‌സ് കഴിഞ്ഞ് സാമ്പത്തികമായും മാനസികമായും ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു കൊണ്ടിരുന്ന സമയമായിരുന്നു.  ഇനി മുന്നോട്ട് എന്ത്, എങ്ങനെ എന്ന ആലോചനയ്‌ക്കൊടുവില്‍  താമസിക്കാന്‍ ഒരു വാടക വീട്, ഭക്ഷണം, അത്യാവശ്യ വരുമാനം  എന്ന് മാത്രമേ  ചിന്തിച്ചുള്ളൂ. ഒറ്റയ്ക്ക് താമസിക്കാന്‍ ഉള്ള ധൈര്യവും ഇല്ല. അങ്ങനെ ആണ് ഹോസ്റ്റല്‍ തുടങ്ങുക എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. എന്നെ വിശ്വസിച്ച് ക്യാഷ് തന്ന് കൂടെ വന്ന ആറ് പേരില്‍ നിന്നാണ് തുടക്കം. ഇന്ന് മൂന്ന് ഹോസ്റ്റലുകളില്‍ എത്തി നില്‍ക്കുന്നു.

പലപ്പോഴും ജീവിതത്തില്‍ ആരും തുണയില്ലാതെ ഒറ്റപ്പെടേണ്ടി വന്നേക്കാം. അവിടെയൊന്നും  തളര്‍ന്നു പോകാതെ മുന്നോട്ട് പോകുക തന്നെ വേണം. മുന്നില്‍ ഒരുപാട് വഴികള്‍ ഉണ്ടാവും സാധ്യതകള്‍ ഉണ്ടാവും. സാമ്പത്തികമായി സ്വതന്ത്രരായിരിക്കുമ്പോള്‍ ആണ് വേണ്ടപ്പെട്ടവര്‍ പോലും നമ്മളെ അംഗീകരിക്കുക.''

നില്‌നില്‍ക്കുന്ന കുടുംബാന്തരീക്ഷത്തില്‍നിന്നും സാമൂഹ്യ അവസ്ഥകളില്‍നിന്നും മുന്നോട്ടു പോവുക എന്നത് സ്ത്രീകളെ സംബന്ധിച്ച് ഏറെ ദുഷ്‌കരമാണ്. വീട്ടില്‍നിന്നും നാട്ടില്‍നിന്നും ജീവിതാവസ്ഥകളില്‍നിന്നും വിട്ടുമാറി സ്വന്തമായി ജീവിതം കരുപ്പിടിപ്പിക്കുക എന്നത് അങ്ങേയറ്റം വെല്ലുവിളികള്‍ നിറഞ്ഞ ഒന്നാണ്. ഈ വെല്ലുവിൡളെ തരണം ചെയ്തു മുന്നോട്ട് നടക്കുമ്പോള്‍ മാത്രമാണ് സാമ്പത്തിക സ്വാശ്രയത്വം അടക്കമുള്ള വഴികളിലേക്ക് സ്ത്രീകള്‍ക്ക് എത്തിച്ചേരാനാവൂ എന്നാണ് ഈ സ്ത്രീകള്‍ സാക്ഷ്യപ്പെടുത്തുന്നത്.

പുരുഷന്മാരെ അപേക്ഷിച്ച് നോക്കുമ്പോള്‍ സ്ത്രീകളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ കൂടുതലാണ്. 'വെല്ലുവിളി' എന്ന വാക്കിനൊപ്പം ചേര്‍ത്തുവയ്ക്കുന്ന മനുഷ്യജന്മമായി സ്ത്രീ മാറുന്ന അവസ്ഥ അധികമൊന്നും മാറിയിട്ടില്ല.
 

click me!