എന്തും സാധ്യമെന്ന് ഉറക്കെ വിളിച്ചുപറയുന്നതാണ് 63 -കാരി റിയേർഡ് അധ്യാപിക സെലിന്റെ ഈ അപൂർവ്വ പ്രകടനം
കോട്ടയം: മനസിലെ ഇഷ്ടങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ പ്രായമൊരു തടസമേയല്ലെന്ന് തെളിയിക്കുന്ന ഒരു വനിതയെ പരിചയപ്പെടാം. അറുപത്തി മൂന്നാം വയസില്‍ നൃത്ത വേദിയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മുന്‍ കോളജ് അധ്യാപികയും പാലാ നഗരസഭയുടെ മുന്‍ അധ്യക്ഷയുമായ പ്രൊഫസര്‍ സെലിന്‍ റോയ്. പ്രായം വെറും നമ്പർ മാത്രമാണെന്ന് ഉറക്കെ പറഞ്ഞ കോട്ടയംകാരിയുടെ ഓരോ ചുവടുകളും ഏവർക്കും പ്രചോദനം പകരുന്നതാണ്.
അതെ, 63-ാം വയസിലും ചടുലമായ ചുവടുകളുമായി കാഴ്ചക്കാരെ അമ്പരപ്പിച്ചു കളഞ്ഞു സെലിന്‍ ടീച്ചര്‍. മുപ്പത്തി മൂന്ന് വര്‍ഷം അരുവിത്തുറ സെന്‍റ് ജോര്‍ജ് കോളജിലെ അധ്യാപികയായിരുന്നു സെലിന്‍ റോയ്. ഇടയിലൊരു പത്തു കൊല്ലക്കാലം നഗരസഭ കൗണ്‍സിലറായി.പാലായിലെ നഗരസഭ അധ്യക്ഷയായി. അപ്പോഴൊക്കെയും മനസില്‍ സൂക്ഷിച്ചിരുന്ന ആഗ്രഹമാണ് ഔദ്യോഗിക ജീവിതത്തിന്‍റെ തിരക്കൊഴിഞ്ഞപ്പോള്‍ ടീച്ചര്‍ പൂര്‍ത്തീകരിച്ചത്.
'റിട്ടയർ ചെയ്ത് ഫ്രീയായി കഴിഞ്ഞപ്പോ, അപ്പോഴേക്കും കുട്ടികളും വലുതായി, ജോലിയൊക്കെ ആയിക്കഴിഞ്ഞപ്പോൾ അവരുടെ കാര്യങ്ങളൊന്നും നോക്കണ്ടല്ലോ. അങ്ങനെ ഫ്രീ ടൈം ഒരുപാട് കിട്ടിയപ്പോൾ, ഞാൻ എന്റെ പാഷൻ തേടി തിരിച്ചു പോവുകയാണ് ഉണ്ടായത്' - ടീച്ചർ പറഞ്ഞു.
Read more: എന്തൊരു വാത്സല്യമാണ് ആ വാക്കുകളിൽ ! ഒന്നു കാണാം ആർക്കും ഉന്മേഷം നൽകുന്ന കിന്നാരക്കാഴ്ച!
അഞ്ചു വര്‍ഷം നീണ്ട പരിശീലനത്തിനൊടുവിലാണ് ടീച്ചര്‍ പാലാ ടൗണ്‍ഹാളില്‍ അരങ്ങേറ്റം നടത്തിയത്. ചലച്ചിത്ര താരം മിയ ഉള്‍പ്പെടെ കാഴ്ചക്കാരും ഒരുപാടെത്തിയിരുന്നു. 'എല്ലാവരുടെയും മനസിൽ മൂടിവച്ചുപോയ എന്തെങ്കിലും കഴിവുകളുണ്ടെങ്കിൽ, അത് ഓപ്പൺ ചെയ്യാനുള്ള സ്റ്റാർട്ട് ബട്ടനായിട്ടാണ്, സെലിൻ ടീച്ചർ ഇവിടെ നൃത്തം ചെയ്യുമ്പോൾ എനിക്ക് തോന്നുന്നത്' - എന്നായിരുന്നു മിയയുടെ വാക്കുകൾ. എന്തായാലും ഔദ്യോഗിക ജീവിതത്തിന്‍റെ തിരക്കൊഴിഞ്ഞതിനാല്‍ ഇനിയുളള കാലം നൃത്ത വേദികളില്‍ സജീവമാകാനുളള തീരുമാനത്തിലാണ് സെലിന്‍ റോയ്.