Women Health : 'നീങ്ക വരുവിയാ അമ്മാ...' നിസഹായമായ ഒരു കരച്ചില്‍; കണ്ണ് നനയിക്കുന്ന അനുഭവം

By Web Team  |  First Published May 9, 2022, 3:25 PM IST

''എട്ടാമതു ഗര്‍ഭമായി. സുഖപ്രസവം. ഒന്നര വര്‍ഷത്തിനു ശേഷം വീണ്ടും ഗര്‍ഭിണി. ഒമ്പതാമത്തെ ആ ഗര്‍ഭിണിയാവലില്‍, അമ്മയാവാന്‍ രങ്കി തുടിച്ചു കാണില്ല. പക്ഷെ നാട്ടുകാരും വീട്ടുകാരുമൊക്കെ തുടിച്ചിരിയ്ക്കണം. കുട്ടി ചാപിള്ളയായി, തള്ള പ്രസവത്തിന്റെ ഒരു മണിയ്ക്കൂര്‍ ശേഷം മരിച്ചു..''


മാതൃദിനത്തോട് അനുബന്ധിച്ച് ( Mothers Day 2022) സെലിബ്രിറ്റികളടക്കം എത്രയോ പേരാണ് സമൂഹമാധ്യമങ്ങളില്‍ ( Social Media ) തങ്ങളുടെ അനുഭവങ്ങളും ഓര്‍മ്മകളും പങ്കുവച്ചത്. ചിലര്‍ സ്വന്തം അമ്മയെ കുറിച്ചോര്‍മ്മിക്കുമ്പോള്‍ മറ്റുചിലര്‍ തങ്ങള്‍ അമ്മയായതിനെ കുറിച്ചാണ് പങ്കുവച്ചത്. 

ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് പ്രമുഖ എഴുത്തുകാരി ഇന്ദു മേനോന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇന്ദു മേനോന്‍ കണ്ണ് നനയിക്കുന്ന അനുഭവക്കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 

Latest Videos

undefined

തന്റെ അമ്മയെ കുറിച്ചും താന്‍ അമ്മയായതിനെ കുറിച്ചുമെല്ലാം എഴുതിത്തുടങ്ങിയ കുറിപ്പ് പക്ഷേ, അവസാനിക്കുന്നത് മറ്റൊരു അമ്മയുടെ വേദനിപ്പിക്കുന്ന അനുഭവത്തിലൂടെയാണ്. വേണ്ടത്ര ശ്രദ്ധയോ കരുതലോ കിട്ടാതെ ഇത്തരത്തില്‍ ഇല്ലാതായിപ്പോകുന്ന എത്രയോ ജീവനുകളുണ്ടായിരിക്കുമെന്ന ഓര്‍മ്മപ്പെടുത്തലിലേക്കാണ് ഇന്ദു മേനോന്റെ എഴുത്ത് നമ്മെയെത്തിക്കുന്നത്. 

കുറിപ്പ് വായിക്കാം...

എനിക്ക് അമ്മയില്ല. മരിച്ചുപോയി. അമ്മ ഉള്ള കാലത്തും ഈ മാതൃദിനം, അമ്മദിവസമൊന്നും അധികമൊന്നും  ഓര്‍മ്മയില്‍ വന്നിട്ടില്ല. പിന്നെത്തെ സാധ്യത സ്വയം പെറ്റവകയില്‍ അമ്മദിനത്തെ കാണലാണ്. 

ആദ്യത്തെ കുട്ടിയെ വെളിയിലെത്തിക്കാനോ ഉരുവം കൊള്ളിക്കാനോ കൊള്ളാത്ത തള്ളയായിരുന്നു. 7 മാസത്തില്‍ തന്നെ ഭ്രൂണാവസ്ഥയില്‍ ആകുഞ്ഞു മരിച്ചു. മറ്റു രണ്ടു കുട്ടികള്‍ക്കും ഞാനൊരിക്കലും നല്ലൊരു അമ്മയല്ല. കനിവ്, അമ്മയലിവ്, അതൊക്കെ പൊതുവെ എനിക്ക് കുറവാണ്. ഞാന്‍ പെറ്റതിനാല്‍ പ്രിയം എന്നത് അത്രതോന്നിയിട്ടേ ഇല്ല. കിച്ച, കുഞ്ചു, കേശുവിനോടൊക്കെ തോന്നുന്നതില്‍ കൂടിയ വികാരമൊന്നും  ഒരു കാലത്തും  എനിയ്ക്കു തോന്നുന്നില്ലായിരുന്നു.. മുലകൊടുക്കുന്ന കാലത്തു പോലും മറ്റു കുഞ്ഞുങ്ങളെ മുലയൂട്ടിയവളായതു കൊണ്ട് മുലകുടിപ്പരിശവും എന്റെ മക്കള്‍ക്കേ എന്ന്, വിശേഷാല്‍ ഇല്ല. അമ്മത്തം, അമ്മ എന്നതൊക്കെ ഇഷ്ടമായിരിയ്ക്കുമ്പോഴും വൈകുന്നേരം തളര്‍ന്നു അവശയായി ചെന്നിക്കുത്തു മൂത്ത് വീട്ടിലെത്തുമ്പോള്‍ 'അമ്മ അമ്മാ' എന്നു ആവര്‍ത്തിക്കുന്ന കുഞ്ഞു വിളികള്‍ 'കമ്മ കമ്മ' എന്നു അസഹനീയമായിക്കൂടി എനിയ്ക്ക് തോന്നാറുണ്ട്. 

കുട്ടികള്‍ ചെയ്യുന്ന അന്യായങ്ങളോട് പൊറുക്കാനനുവദിയ്ക്കുന്ന അമ്മത്തവും സ്വതേ എനിയ്ക്ക് കമ്മിയാണ്. എനിയ്ക്കു വിശന്നാല്‍ ഞാന്‍ തിന്നും. കുട്ടി വരുമ്പോള്‍ അവര്‍ക്കിഷ്ടമുള്ളതല്ലെ എന്നു പറഞ്ഞു മാറ്റി വെക്കലൊന്നുമില്ല. മറ്റെന്തെങ്കിലും ഉണ്ടാക്കിക്കൊടുക്കും. സത്യത്തില്‍ ഞാനൊരു  നല്ല അമ്മയല്ല. ഒന്നിനെ സുരക്ഷിതായിട്ട് പ്രസവിക്കാനും കഴിഞ്ഞില്ല. ഉള്ള കുട്ടികള്‍ക്ക് ഒരു സ്‌നേഹമയീ ദേവതായാവനും കഴിഞ്ഞില്ല. ഭര്‍ത്താവിനോട് ദേഷ്യം തോന്നുമ്പോള്‍ 'മാറി നിന്നോ അല്ലേല്‍ നിനക്കും കിട്ടു ' മെന്നൊക്കെ തെമ്മാടിത്തരം കുട്ടിയോട് പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് അമ്മത്ത ഫോട്ടോ, കുട്ടികള്‍ കൂടെയുള്ള ഫോട്ടോകള്‍ ഒന്നും ഞാന്‍ അമ്മദിന സ്‌പെഷ്യലായി ഇടുന്നില്ല.

അമ്മ അമ്മയെന്ന് ഇത്രയേറെ വാഴ്ത്തുപാട്ടുകള്‍ കണ്ടപ്പോള്‍ എനിയ്ക്ക്  ശരിയ്ക്കും ആത്മപുച്ഛം തോന്നി. എനിയ്ക്ക് അമ്മയേം ഇഷ്ടാണ് കുട്ടികളേയും ഇഷ്ടമാണ്. അമ്മ പ്രസവിക്കാനെടുത്ത വേദനയോ ഞാന്‍ പ്രസവിച്ച വേദനയോ ഒന്നും ഈ തിയതിയെ എനിക്ക് വിശേഷമാക്കുന്നുമില്ല.

എന്നിട്ടും അമ്മ എന്നു കേള്‍ക്കുമ്പോള്‍ കോണ്ടമാണ് ഓര്‍മ്മ വരുന്നത്. തെറ്റായെങ്കില്‍ അമ്മമാര്‍ ക്ഷമിയ്ക്കണം. നിങ്ങളുടെ മഹത്വമാര്‍ന്ന തോന്നലിനെ കൊണ്ടവത്കരിക്കയല്ല. എന്നെ സംബന്ധിച്ച് ആറ്റു നോറ്റ രണ്ടു പ്രസവങ്ങള്‍ക്കപ്പുറം മൂന്നാമന്‍ കോണ്ടത്തിന്റെ ചെറുമുറിവ്വൗദാര്യത്തില്‍ ജനിച്ചതിനാലല്ല, അമ്മയാവുന്നതിന്റെ ആ സവിശേഷ ക്രൂരത തടയാന്‍ രങ്കിയ്ക്ക്  കടം വാങ്ങിയും അല്ലാതെയും വാങ്ങിക്കൊടുത്ത കോണ്ടങ്ങളാണ് അമ്മ എന്ന് കേള്‍ക്കുമ്പോള്‍ നിസ്സഹായതയോടെ ഓര്‍മ്മ വരിക.
 
എന്റെ കല്യാണത്തിന് മുമ്പ് ശേഷവുമായി ഞാന്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്നും കോണ്ടങ്ങള്‍ വാങ്ങിച്ചത് രങ്കിയ്ക്കും കല്യാണിയ്ക്കും വേണ്ടിയായിരുന്നു. ഞാന്‍ കണ്ട ഏറ്റവും പെരിയ തായ്, ഏറ്റവും മഹതിയായ അമ്മ രങ്കിയെ ഇനിയും അമ്മയാവാതിരിക്കാന്‍ സഹായിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അട്ടപ്പാടിയ്ക്കുള്ളിലെ ആനവായിലെവിടെയോ ഉള്ള ഒരു ഗോത്രഗ്രാമത്തിലെ അമ്മയാണവള്‍. 

കന്തച്ചാമിയാണ് ഭര്‍ത്താവ്. ഞാന്‍ കാണുമ്പോള്‍ അമ്മിഞ്ഞ കുടിക്കുന്ന ഒരുമാസപ്രായക്കുട്ടിയും കഷ്ടി ഒന്നരവയസ്സുള്ള മറ്റൊരു കുട്ടിയും മൂന്നു വയസ്സുള്ള ഒരു കുട്ടിയും നാല് വയസ്സുള്ള ഒരു കുട്ടിയും ഒപ്പമുണ്ടായിരുന്നു. ഊരില്‍, തന്റെ ഗ്രാമത്തില്‍ ഇനിയും ഒന്ന് ഒന്നര വയസ്സ് വ്യത്യാസത്തില്‍ ഇതിലും മുതിര്‍ന്നു മൂന്നു വലിയ കുട്ടികള്‍ കൂടി ഉണ്ട് എന്നും  മൂത്ത കുട്ടിയ്ക്ക് 9 വയസ്സേ ഉള്ളൂ എന്നും അവള്‍ പറഞ്ഞത് കേട്ട് ഞാന്‍ ആകെ ഭയന്നുപോയി. ഞാന്‍ ജോലി ചെയ്ത എന്‍ ജി ഓയില്‍ പരിശീലനാര്‍ത്ഥിയായി വന്നതാണ് രങ്കി. കുട്ടികളെ നോക്കാന്‍ കന്തച്ചാമിയും. സ്ത്രീയാരോഗ്യവും സുരക്ഷയുമൊക്കെയാണ് വിഷയം.

എല്ലോളം മെലിഞ്ഞിരുന്ന രങ്കിയുടെ വടി ഉടലില്‍ മുലകള്‍ കാറ്റയഞ്ഞു തുങ്ങിയ കുഞ്ഞ് ബലൂണുകള്‍ പോലെ ഒട്ടി കിടന്നു. ഒന്നോ രണ്ടോ  മാസം പ്രായമുള്ള ചെറിയ കുഞ്ഞ് അതില്‍ അതില്‍ കടിച്ചു വലിച്ച് വാവിട്ടു കരഞ്ഞു കൊണ്ടിരുന്നു.ഒരു തുള്ളി ഉള്ളി മുലപ്പാല്‍ അവളില്‍ നിന്നും ഉറന്നു വന്നില്ല.

''നിന്തു പോയിട്ടേന്‍'' അവള്‍ സങ്കടപ്പെട്ടു.
'' ഡോക്ടെറെ കാണിയ്ക്കാം'' 

ഞാന്‍ ആശ്വസിപ്പിച്ചു.

ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ചിലവില്‍ അങ്ങനെ ചില ഒപ്പിക്കലുകളില്‍ ഞാന്‍ പണ്ടേ മിടുക്കിയാണ്. ആര്‍ത്തവ പ്രശനം , പള്ള വേദന എന്നൊക്കെ പറഞ്ഞ് ആദ്യം ഇഖ്രയിലും അവിടന്ന് തള്ളിയപ്പോള്‍ മെഡിക്കല്‍ കോളേജിലെയും ഡോക്ടറെ കാണിച്ചു. 

മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ കൂടെപ്പോയ എന്നെ കൂടി വിളിച്ച് ചീത്തയ്ക്ക് കണക്ക് ഉണ്ടായിരുന്നില്ല. രംങ്കിയും  കന്തച്ചാമിയും  ഞാനും ഒരു പോലെ തല കുമ്പിട്ടു നിന്നു.

''മന്നിച്ചിടമ്മാ'' എന്ന ഭാവം രങ്കിയുടെ മുഖത്ത് തെളിഞ്ഞു.

പ്രസവം നിര്‍ത്താനുള്ള ഉള്ള ഓപ്പറേഷന്‍  നിര്‍ബന്ധമായും ചെയ്യണമെന്ന് എന്ന് മുതിര്‍ന്ന ഡോക്ടര്‍ അവരോട് പറഞ്ഞു. 

''ഇനി പ്രസവിച്ചാല്‍ ഇവരു ചത്തുപോകും. ഒരു തുള്ളി ചോരയോ കാല്‍സ്യമോ മറ്റൊന്നും തന്നെ ഇവളുടെ ശരീരത്തില്‍ അവശേഷിക്കുന്നില്ല'' ഡോക്ടര്‍ പറഞ്ഞു.

''കഞ്ഞിവെള്ളം പാലാക്കി മാറ്റുന്ന യന്ത്രമൊന്നും പെണ്ണിന്റെ മുലയിലില്ല'' മറ്റൊരു ഡോക്ടെര്‍ ദേഷ്യത്തോടെ മുഖം തടവി.

''കോപ്പര്‍ ടീ?'' ഞാന്‍ താത്കാലികമായി തീരുന്ന ഒരു ശ്രമം നടത്തി.

''പിന്നെ പിന്നെ.. കോപ്പര്‍ ടി'' 

ഒന്നു പോയേ പെണ്ണെ എന്ന ഭാവത്തില്‍ ഡോക്ടെര്‍ പുച്ഛിച്ചു.

''മൂന്നു ദിവസം കഴിഞ്ഞ് വരിക. പ്രസവം നിര്‍ത്താം ഏഴു കുട്ട്യോളൊക്കെ അധികമാണ്. പൊയ്‌ക്കോളി'' 

ഞാനാണ് രങ്കിയെ ഗര്‍ഭിണിയാക്കിയ ആള്‍ എന്ന മട്ടില്‍ എന്നോടാണ്  ആ ഡോക്ടര്‍ മെക്കിടുന്നത്.

തിരിച്ച് ജോലിസ്ഥലത്തെത്തിയതും എന്റെ സഹപ്രവര്‍ത്തകര്‍ എന്നെ പേടിപ്പിച്ചു. 

''ആദിവാസി സ്ത്രീയാണവര്. നിര്‍ബന്ധ വന്ധ്യംകരണം നടത്തിയാല്‍ നിങ്ങടെ മാത്രല്ല ഈ എന്‍ ജി ഓയുടെ മൊത്തം ജോലി പോകും''

''ഞാനതിന് അവരോട് വന്ധ്യംകരണം നടത്താന്‍ ആവശ്യപ്പെട്ടിട്ടില്ല. ഡോക്ടര്‍ കൃത്യമായി എന്താ പ്രശനന്ന് പറഞ്ഞിട്ടുണ്ട്. രോഗിക്ക് അത് ചെയ്യണമെന്ന് താല്പര്യമുണ്ട്.''

''നിങ്ങള്‍ പണി വാങ്ങാന്‍ വേണ്ടി നടക്കുകയാണ് സ്ത്രീയെ .ഇതിന്റെ സത്യമെന്ത്? നുണയെന്ത് എന്നൊന്നും ആരും അറിയാന്‍ പോകുന്നില്ല. ചോദിക്കാനും പോകുന്നില്ല. പത്രത്തില്‍ വരാന്‍പോകുന്ന തലക്കെട്ട് എന്തായിരിക്കുമെന്ന് അറിയാമല്ലോ.?'''

ഞാന്‍ ശരിക്കും ഭയന്നു. അന്നു ഞാന്‍ 25 വയസ്സുള്ള കുട്ടിയാണ്. വിവാഹം കഴിഞ്ഞിട്ടില്ല. വയനാട്ടിലെയും കുടകിലെയും ഗോത്രങ്ങള്‍ക്കിടയില്‍ നിര്‍ബന്ധം നടത്തിയ പത്രവാര്‍ത്തയും അതിനോടനുബന്ധിച്ച് പ്രശ്‌നങ്ങളും കണ്മുന്നിലൂടെ പാഞ്ഞുപോയി.

ഓപ്പറേഷന്‍ വേണ്ടി വരാന്‍ പറഞ്ഞ നാലാം ദിവസമായി. രങ്കി കാലുപിടിച്ചെന്ന പോലെ ആവശ്യപ്പെട്ടു.

''അമ്മാ നീങ്കെ കൂടെ വരുവിയാ?''
കന്തച്ചാമിയും കരയുന്ന മട്ടായിരുന്നു.

''പയമാറുക്കമ്മ. അമ്മ അമ്മ നീങ്കള്‍ കൂടെ വരുവിയാ?'' എന്ന് വീണ്ടും വീണ്ടും അപേക്ഷിച്ചു. ആ ഡോക്ടറെ എനിക്ക് പോലും പേടിയായിരുന്നു. അതിനൊപ്പം അറിവില്ലായ്മയുടെ പേടിയും.
എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല. ഒറ്റയ്ക്ക് പോകുവാന്‍ അവര്‍ക്കും ഭയമായിരുന്നു. അവര്‍ മെഡിക്കല്‍ കോളേജിലേക്ക് പോയില്ല. പരിപാടി കഴിഞ്ഞു ഊരിലേക്ക് തിരിച്ചു പോയി. കുറച്ചേറെ കാശു സംഘടിപ്പിച്ച്, കോണ്ടത്തിന്റെ പാക്കറ്റ് വാങ്ങിക്കുവാന്‍, രങ്കിയ്ക്കു കൊടുക്കാന്‍, എനിക്ക് കഴിഞ്ഞു. അതു പക്ഷേ വളരെയേറെ കാലത്തേക്ക് ഒന്നും  ഉള്ള എണ്ണം ഉണ്ടായിരുന്നില്ല.

അവളുടെ വിളറിയ മുഖം. കുഴിയിലാണ്ട കണ്ണുകള്‍. നിസ്സഹായമായ ഭാവം. നരവീണ തലമുടി, പൊട്ടിത്തുടങ്ങിയ നഖങ്ങള്‍, വിളര്‍ത്ത ഉടല്‍, എല്ലൊരു മുഴ പോലെ പൊന്തിയ കഴുത്ത്, എല്ലാം എല്ലാം എന്റെ മനസ്സില്‍ ഇപ്പോഴുമുണ്ട്.

കിട്ടുന്ന റേഷന്‍ മുഴുവനായി  കുട്ടികള്‍ക്ക് കൊടുത്തു കഴിഞ്ഞു എത്രയോ ദിവസങ്ങളില്‍ കഞ്ഞിവെള്ളം മാത്രം കുടിച്ചു കുഞ്ഞിനെ മുലയൂട്ടാന്‍ ശ്രമിക്കുന്ന രങ്കി. പച്ചവെള്ളം ഊതിക്കുടിച്ച് ഗോത്ര മന്ത്രമുരുവിട്ടു നോക്കി മുലപ്പാലായി മാറ്റുന്ന മാന്ത്രിക വിദ്യ ....

കഞ്ഞിവെള്ളം മുലപ്പാല്‍ ആകുന്ന മായിക മാന്ത്രികവിദ്യ .....
ഒരു വായ് ?
രണ്ടു വായ്?
മൂന്നു വായ്?
ഒരു തുള്ളിയെങ്കിലും? മുലപിഴിയവെ ഒരു തുള്ളി ചോരയിറ്റി. കുഞ്ഞതും മൊത്തി. ദൈവമേ..

എന്ത് അമ്മ ദിനം?
എന്റെ സമ്മാനമായ കോണ്ടങ്ങള്‍ രണ്ടുവര്‍ഷത്തോളം രങ്കിയെ അമ്മദേവതാ പദവിയില്‍ നിന്നും രക്ഷിച്ചു.

എട്ടാമതു ഗര്‍ഭമായി. സുഖപ്രസവം. ഒന്നര വര്‍ഷത്തിനു ശേഷം വീണ്ടും ഗര്‍ഭിണി. ഒമ്പതാമത്തെ ആ ഗര്‍ഭിണിയാവലില്‍, അമ്മയാവാന്‍ രങ്കി തുടിച്ചു കാണില്ല. പക്ഷെ നാട്ടുകാരും വീട്ടുകാരുമൊക്കെ തുടിച്ചിരിയ്ക്കണം. കുട്ടി ചാപിള്ളയായി, തള്ള പ്രസവത്തിന്റെ ഒരു മണിയ്ക്കൂര്‍ ശേഷം മരിച്ചു...  എട്ടു കുട്ടികളും കന്തച്ചാമിയും...

എന്തു മാതൃദിനം എന്തു മാങ്ങാത്തൊലി..

''നീങ്ക വരുവിയാ.. അമ്മാ നീങ്ക വരുവിയാ'' നിസ്സഹായമായ ഒരു കരച്ചില്‍. അതില്‍ പ്രതി നെഞ്ചിലൊരു കഴപ്പ്... അത്രമാത്രം....

 

Also Read:- ഇരുകൈകളുമില്ലാത്ത യുവതി കുഞ്ഞിനെ ഒരുക്കുന്ന വീഡിയോ

click me!