ശരീരത്തെ അടിസ്ഥാനപ്പെടുത്തി വ്യക്തികളെ വിലയിരുത്തുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണതയോട് ഫോട്ടോയിലൂടെ ശക്തമായ പ്രതികരണം അറിയിച്ചിരിക്കുകയാണ് ഇല്യാന. ആപ്പുകളുടെയൊന്നും സഹായം കൂടാതെ എഡിറ്റ് ചെയ്യാതെ സ്വന്തം ചിത്രം സ്റ്റോറിയായും പോസ്റ്റായും പങ്കുവച്ചിരിക്കുകയാണ് ഇല്യാന
ചുരുക്കം സിനിമകള്‍ മാത്രമേ ചെയ്തുവെങ്കിലും തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ രീതിയില്‍ ആരാധകരെ സമ്പാദിക്കാന്‍ സാധിച്ച നടിയാണ് ഇല്യാന ഡിക്രൂസ് ( Ileana D'Cruz). അധികവും തമിഴ് ചിത്രങ്ങളിലാണ് ( Tamil Movies ) ഇല്യാന വേഷമിട്ടിട്ടുള്ളത്.
ഇപ്പോള്‍ സിനിമകളില്‍ സജീവവുമല്ല ഇല്യാന. എങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ഇല്യാന ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വ്യക്തമായ നിലപാടുകളും കാഴ്ചപ്പാടുകളുമെല്ലാമുള്ള ഒരു നടി കൂടിയാണ് ഇല്യാന. ഇത് പലപ്പോഴും അഭിമുഖങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും ഇല്യാന വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോഴിതാ ശരീരത്തെ അടിസ്ഥാനപ്പെടുത്തി വ്യക്തികളെ വിലയിരുത്തുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണതയോട് ഫോട്ടോയിലൂടെ ശക്തമായ പ്രതികരണം അറിയിച്ചിരിക്കുകയാണ് ഇല്യാന. ആപ്പുകളുടെയൊന്നും സഹായം കൂടാതെ എഡിറ്റ് ചെയ്യാതെ സ്വന്തം ചിത്രം സ്റ്റോറിയായും പോസ്റ്റായും പങ്കുവച്ചിരിക്കുകയാണ് ഇല്യാന.
'ഇന്ന് നമുക്ക് പലവിധത്തിലുള്ള ആപ്ലിക്കേഷനുകള്‍ എളുപ്പത്തില്‍ ലഭിക്കും. അതുവഴി നമ്മളെ മെലിഞ്ഞതായും ഭംഗിയുള്ളതായുമൊക്കെ അവതരിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ ഞാനതെല്ലാം ഡിലീറ്റ് ചെയ്തുകളഞ്ഞ ശേഷം ഇങ്ങനെയൊരു മാര്‍ഗ തെരഞ്ഞെടുത്തുവെന്നതില്‍ അഭിമാനിക്കുന്നു. ഇതാണ് ഞാന്‍. ഈ എന്നെ ഞാന്‍ പൂര്‍ണമായി ചേര്‍ത്തുപിടിക്കുന്നു. ഓരോ ഇഞ്ചും, ഓരോ മടക്കും, എന്നെ ആകെയും തന്നെ...' എന്ന അടിക്കുറിപ്പുമായാണ് ഇല്യാന ചിത്രം സ്റ്റോറിയായി പങ്കുവച്ചത്.
പല സെലിബ്രിറ്റികളും ഇതിന് മുമ്പ് ബോഡി ഷെയിമിംഗ് അഥവാ, ശരീരത്തെ മുന്‍നിര്‍ത്തി വ്യക്തിയെ വിലയിരുത്തുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണതയ്‌ക്കെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. ബോളിവുഡ് നടി വിദ്യാ ബാലന്‍, സാറ അലി ഖാന്‍, പരിണീതി ചോപ്ര തുടങ്ങി പല പ്രമുഖരും ഇത്തരത്തിലുള്ള അനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്.
സെലിബ്രിറ്റികള്‍, പ്രത്യേകിച്ച് സ്ത്രീകള്‍ സോഷ്യല്‍ മീഡിയയിലൂടെ ഇന്നും ബോഡി ഷെയിമിംഗിന് ഇരകളാകുന്നുവെന്നത് ഏറെ ദുഖകരമായ വസ്തുതയാണ്. ഇതിനെതിരെ സ്ത്രീപക്ഷവാദികളടക്കമുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ പലതവണ രംഗത്തുവന്നിട്ടും ഇന്നും ഈ പ്രവണത നിര്‍ബാധം തുടരുകയാണ്.
Also Read:- 'ഒരു പ്ലാസ്റ്റിക് സര്‍ജറിയുടെ പേരില്‍ മൂന്ന് വര്‍ഷം പീഡനം നേരിട്ടു'