ഗര്‍ഭാശയ ക്യാൻസര്‍ എങ്ങനെയാണ് പിടിപെടുന്നത്?; സ്ത്രീകള്‍ക്ക് എന്തെല്ലാം ശ്രദ്ധിക്കാം?

By Web Team  |  First Published Jan 10, 2024, 10:14 AM IST

ലോകത്ത് ആകെയും തന്നെ ഗര്‍ഭാശയ ക്യാൻസര്‍ ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ ഗര്‍ഭാശയ ക്യാൻസറിനെ എങ്ങനെയെല്ലാം പ്രതിരോധിക്കാം എന്നറിയാം...


ക്യാൻസര്‍ രോഗം, ഇന്ന് നമുക്കറിയാം സമയബന്ധിതമായി കണ്ടെത്താനായാല്‍ ഫലപ്രദമായ ചികിത്സയും ലഭ്യമാണ്. പലപ്പോഴും വൈകി മാത്രം കണ്ടെത്തുന്നു എന്നതാണ് ക്യാൻസര്‍ ചികിത്സയില്‍ സങ്കീര്‍ണതകള്‍ കൊണ്ടുവരുന്നത്. ഏത് അവയവത്തെ ബാധിച്ചിരിക്കുന്നു, എത്രമാത്രം ബാധിച്ചിരിക്കുന്നു എന്നതിനെല്ലാം അനുസരിച്ചാണ് ക്യാൻസറിന്‍റെ തീവ്രതയും രോഗമുക്തിക്കുള്ള സാധ്യതയും വിലയിരുത്താൻ സാധിക്കൂ.

സ്ത്രീകളിലും പുരുഷന്മാരിലും ബാധിക്കുന്ന ക്യാൻസറുകളില്‍ പല വ്യത്യാസങ്ങളും കാണാറുണ്ട്.  സ്ത്രീകളെ പ്രധാനമായും ബാധിക്കുന്നത് ഗര്‍ഭാശയ ക്യാൻസര്‍ തന്നെയാണ്. അതുപോലെ സ്തനാര്‍ബുദവും. എങ്കിലും ഗര്‍ഭാശയ ക്യാൻസര്‍ തന്നെയാണ് അധികപേരെയും ബാധിച്ചുകാണുന്നത്. ലോകത്ത് ആകെയും തന്നെ ഗര്‍ഭാശയ ക്യാൻസര്‍ ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

Latest Videos

ഈയൊരു സാഹചര്യത്തില്‍ ഗര്‍ഭാശയ ക്യാൻസറിനെ എങ്ങനെയെല്ലാം പ്രതിരോധിക്കാം, ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാമെന്നതിനെ കുറിച്ച് സ്ത്രീകള്‍ക്ക് പ്രാഥമികമായ അറിവുണ്ടായിരിക്കുന്നത് ഏറെ നല്ലതാണ്. 

എങ്ങനെയാണ് ഗര്‍ഭാശയ ക്യാൻസര്‍ ഉണ്ടാകുന്നത്?

'ഹ്യുമണ്‍ പാപ്പില്ലോമ വൈറസ്' (എച്ച്പിവി) അണുബാധ ദീര്‍ഘകാലത്തേക്ക് നീളുന്നതാണ് ഗര്‍ഭാശയ ക്യാൻസറിലേക്ക് കാരണമാകുന്ന ഒരു പ്രധാന പ്രശ്നം. ഈ വൈറസാണെങ്കില്‍ ലൈംഗികബന്ധത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന വൈറസുമാണ്. സജീവ ലൈംഗികജീവിതമുള്ള ധാരാളം പേരുടെ ശരീരത്തില്‍ ഇത് കാണാം. ഇവരില്‍ നിന്ന് പങ്കാളികളിലേക്കും ഇത് പകര്‍ന്നുപോകുന്നു. അങ്ങനെ വലിയൊരു വിഭാഗം പേരിലും എച്ച്പിവി കാണാം. എന്നാല്‍ ഇവരില്‍ ഒരു വിഭാഗം പേര്‍ ഗര്‍ഭാശയ ക്യാൻസറിലേക്ക് എത്തുകയാണ് ചെയ്യുന്നത്. 

മുപ്പത് വയസ് കടന്നാല്‍ പിന്നെ ഗര്‍ഭാശയ ക്യാൻസറിനുള്ള സാധ്യത തുടങ്ങാം. അതിനാല്‍ തന്നെ മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധ നല്‍കേണ്ടതുണ്ട്. ജീവിതരീതികളില്‍ ചില കാര്യങ്ങള്‍ കരുതലോടെ ചെയ്യാനായാല്‍ വലിയൊരു പരിധി വരെ ഗര്‍ഭാശയ ക്യാൻസറിനെ പ്രതിരോധിക്കാൻ സാധിക്കും. അവ കൂടി അറിയൂ...

ഗര്‍ഭാശയ ക്യാൻസര്‍ പ്രതിരോധത്തിന്...

മുമ്പേ സൂചിപ്പിച്ചത് പോലെ എച്ച്പിവിയാണ് ഗര്‍ഭാശയ ക്യാൻസറുകളിലേക്ക് ഏറെയും നയിക്കുന്നത് എന്നതിനാലും ഇത് ലൈംഗികബന്ധത്തിലൂടെയാണ് കൈമാറ്റം ചെയ്യപ്പെട്ട് കിട്ടുന്നത് എന്നതിനാലും ലൈംഗികജീവിതത്തില്‍ തന്നെയാണ് ആദ്യം കരുതലെടുക്കേണ്ടത്. 

അച്ചടക്കമില്ലാത്ത ലൈംഗികജീവിതം നയിക്കാതിരിക്കുകയാണ് ലൈംഗികാരോഗ്യം സൂക്ഷിക്കുന്നതിന് ആദ്യം ചെയ്യേണ്ടത്. സുരക്ഷിതമായ ലൈംഗികബന്ധവും ഉറപ്പാക്കുക. പങ്കാളിയെ കുറിച്ചുള്ള വ്യക്തമായ ധാരണയില്ലായ്മയും പ്രശ്നം തന്നെ. 

മുപ്പത് കടന്നാല്‍ സാധ്യതകളേറുന്നു എന്നതിനാല്‍ സ്ത്രീകള്‍ മുപ്പതിന് ശേഷം ഗര്‍ഭാശയ ക്യാൻസര്‍ കണ്ടെത്തുന്നതിനുള്ള സ്ക്രീനിംഗ് (പരിശോധന) കൃത്യമായ ഇടവേളകളില്‍ നടത്തി രോഗം ബാധിക്കപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കുന്നത് നല്ലൊരു മുന്നൊരുക്കമായിരിക്കും. അതുപോലെ എച്ച്പിവി വാക്സിനേഷൻ എടുക്കുന്നതും നല്ലതാണ്. ഇതും ഗര്‍ഭാശയ ക്യാൻസര്‍ പ്രതിരോധിക്കുന്നതിന് സഹായിക്കും. 

ആരോഗ്യകരമായ ഭക്ഷണം (പൊടിക്കാത്ത ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയാല്‍ സമ്പന്നമായ ഡയറ്റ്), പുകവലി- മദ്യപാനം തുടങ്ങിയ ലഹരികളില്‍ നിന്ന് അകന്നുനില്‍ക്കല്‍, ശരീരഭാരം ആരോഗ്യകരമാംവിധം കാത്തുസൂക്ഷിക്കല്‍, സ്ട്രെസില്‍ നിന്ന് അകന്നുനില്‍ക്കല്‍ തുടങ്ങിയ മാര്‍ഗങ്ങളും ഗര്‍ഭാശയ ക്യാൻസറിനെ നല്ലതുപോലെ പ്രതിരോധിക്കും. 

Also Read:- സ്ത്രീകള്‍ ശ്രദ്ധിക്കാതെ പോകുന്ന ക്യാൻസര്‍ ലക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

tags
click me!