പരിപൂര്‍ണമായ സുരക്ഷിതത്വം പലപ്പോഴും ലഭ്യമായ പല ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്കും ഉറപ്പ് നല്‍കാനാവില്ല. ഇങ്ങനെയുള്ള കേസുകളില്‍ ഗര്‍ഭധാരണമുണ്ടായാല്‍ അത് തിരിച്ചറിയാതെ പോകാം. ഇങ്ങനെയല്ലാത്ത കേസുകളിലും - അതായത്, ഗര്‍ഭധാരണത്തിന് തയ്യാറായിട്ടുള്ള ദമ്പതികളിലും ചില സമയങ്ങളില്‍ ഗര്‍ഭധാരണം നടന്നിട്ടുണ്ടെന്ന് തിരിച്ചറിയപ്പെടാതെ പോകാം.
വിവാഹിതരായ സ്ത്രീകളെ സംബന്ധിച്ച് അവര്‍ ഏറ്റവുമധികം ശ്രദ്ധിക്കുന്നൊരു സംഗതി ഗര്‍ഭധാരണം എന്നതായിരിക്കും. ഇന്ന് മിക്കവരും വിവാഹം കഴിഞ്ഞ് അല്‍പം കഴിഞ്ഞ് മതി കുട്ടികള്‍ എന്ന് തീരുമാനിക്കുന്നവരാണ്. ദാമ്പത്യജീവിതം ആസ്വദിച്ച ശേഷം, അല്ലെങ്കില്‍ സാമ്പത്തികമായി സുരക്ഷിതമായ ശേഷം മതി കുട്ടികള്‍ എന്ന് തീരുമാനിച്ച് ഇതിനെ നീട്ടിവയ്ക്കുന്നവര്‍ തീര്‍ച്ചയായും ഗര്‍ഭധാരണത്തിനുള്ള സാധ്യതകളെല്ലാം തടഞ്ഞുവയ്ക്കും.
അങ്ങനെയാണെങ്കില്‍ പോലും ഗര്‍ഭധാരണം സംഭവിക്കാം. പരിപൂര്‍ണമായ സുരക്ഷിതത്വം പലപ്പോഴും ലഭ്യമായ പല ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്കും ഉറപ്പ് നല്‍കാനാവില്ല. ഇങ്ങനെയുള്ള കേസുകളില്‍ ഗര്‍ഭധാരണമുണ്ടായാല്‍ അത് തിരിച്ചറിയാതെ പോകാം. ഇങ്ങനെയല്ലാത്ത കേസുകളിലും - അതായത്, ഗര്‍ഭധാരണത്തിന് തയ്യാറായിട്ടുള്ള ദമ്പതികളിലും ചില സമയങ്ങളില്‍ ഗര്‍ഭധാരണം നടന്നിട്ടുണ്ടെന്ന് തിരിച്ചറിയപ്പെടാതെ പോകാം.
പ്രത്യേകിച്ച് ആര്‍ത്തവപ്രശ്നങ്ങള്‍ നേരത്തെ ഉള്ള സ്ത്രീകളിലാണ് ഗര്‍ഭധാരണം മനസിലാകാതെ പോകുന്ന അവസ്ഥയുണ്ടാവുക. ഈ പ്രശ്നമൊഴിവാക്കുന്നതിന് ഗര്‍ഭധാരണത്തിന്‍റെ മറ്റ് ചില സൂചനകള്‍ കൂടി അറിഞ്ഞുവയ്ക്കാം. ഇവയാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
ശരീരത്തില്‍ ചൂട് കൂടുതലായി അനുഭവപ്പെടുന്നത് ഗര്‍ഭധാരണത്തിന്‍റെ ഒരു സൂചനയാണ്. അണ്ഡോല്‍പാദനത്തിന് തൊട്ടുപിന്നാലെയും ശരീര താപനില സ്ത്രീകളില്‍ ഉയരാറുണ്ട്. ഇതുതന്നെ ഗര്‍ഭാവസ്ഥയിലും കാണപ്പെടാം. കുഞ്ഞ് വളരുന്നതിന് അനുസരിച്ച് കൂടുതല്‍ ഊര്‍ജ്ജം വേണ്ടിവരുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
രണ്ട്...
വയറ്റില്‍ ഗ്യാസ് വന്ന് നിറഞ്ഞതുപോലുള്ള അനുഭവവും ചിലപ്പോള്‍ ഗര്‍ഭധാരണത്തെ സൂചിപ്പിക്കുന്നതാകാം. ഇത് രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കാം. ഗര്‍ഭപാത്രം വികസിച്ചുതുടങ്ങുന്നതിന്‍റെ ഭാഗമായാണ് ഇങ്ങനെ സംഭവിക്കുന്നത്.
മൂന്ന്...
ചില ഭക്ഷണങ്ങളോട് വിരക്തി തോന്നുന്നതും ഗര്‍ഭധാരണത്തിന്‍റെ സൂചനയാകാം. അസാധാരണമായ രീതിയില്‍ ഭക്ഷണസാധനങ്ങളുടെ ഗന്ധത്തിനോടും രുചിയോടും മനംപിരട്ടലുണ്ടാകുന്നുവെങ്കില്‍ ആര്‍ത്തവക്രമക്കേടും ഉണ്ടെങ്കില്‍ ഗര്‍ഭിണിയാണോ എന്ന് പരിശോധിക്കാവുന്നതാണ്. ഹോര്‍മോണ്‍ വ്യതിയാനം മൂലമാണ് ഗര്‍ഭാവസ്ഥയില്‍ ഇങ്ങനെ സംഭവിക്കുന്നത്.
നാല്...
ഗര്‍ഭിണിയാകുമ്പോള്‍ അസാധാരണമായ തളര്‍ച്ചയോ വിളര്‍ച്ചയോ തലകറക്കമോ എല്ലാം അനുഭവപ്പെടാം. ഇത്തരം ലക്ഷണങ്ങളും സ്ത്രീകള്‍ക്ക് ശ്രദ്ധിക്കാവുന്നതാണ്. ഗര്‍ഭപാത്രത്തിലേക്കുള്ള രക്തയോട്ടം കൂടുന്നതിന്‍റെ ഭാഗമായി ബിപി കുറയുന്നതോടെയാണ് ഇങ്ങനെ സംഭവിക്കുന്നത്. ചിലരില്‍ മാനസിക സമ്മര്‍ദ്ദം, ഷുഗര്‍ കുറയല്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങളും കാണാം.
ചില സ്ത്രീകളില്‍ ഗര്‍ഭധാരണത്തോട് അനുബന്ധിച്ച് കാര്യമായ മാനസികപ്രശ്നങ്ങളും കാണാം. മൂഡ് ഡിസോര്‍ഡര്‍ അഥവാ മാനസികാവസ്ഥ പെട്ടെന്ന് മാറിമറിയുന്ന അവസ്ഥയാണ് ഇതില്‍ കാര്യമായും കാണുക. തളര്‍ച്ചയും ഒപ്പമുണ്ടാകാം. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തന്നെ ഇതിനും കാരണം.
അഞ്ച്...
സ്ത്രീകളില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കുമ്പോള്‍ ദ്രവരൂപത്തിലുള്ള ഡിസ്ചാര്‍ജ് പുറത്തേക്ക് വരാറുണ്ട്. ആര്‍ത്തവത്തോട് അനുബന്ധിച്ചാണ് മിക്ക സ്ത്രീകളിലും ഇത് കാണാറ്. എന്നാല്‍ ക്ലിയറായ, വെളുത്ത നിറത്തിലുള്ള, നല്ലരീതിയില്‍ ഒട്ടുന്ന ഡിസ്ചാര്‍ജ് ആണെങ്കില്‍ ഇത് ഗര്‍ഭധാരണത്തിന്‍റെ സൂചനയാകാം.
ആറ്...
ദഹനസംബന്ധമായ പ്രശ്നങ്ങളും ഗര്‍ഭധാരണത്തിന്‍റെ ഭാഗമായി സ്ത്രീകളിലുണ്ടാകാം. വയറിളക്കം, രാവിലെ ഉണരുമ്പോള്‍ അസ്വസ്ഥത, ദഹനക്കുറവ് എന്നിവയാണ് പ്രധാനമായും ഇത്തരത്തില്‍ കാണുന്ന ലക്ഷണങ്ങള്‍.
ഏഴ്...
ഗര്‍ഭധാരണത്തിന്‍റെ ആദ്യ രണ്ടാഴ്ചകളില്‍ സ്തനങ്ങളില്‍ വേദന അനുഭവപ്പെടാം. ഇതും സാധാരണഗതിയില്‍ ആര്‍ത്തവത്തോട് അനുബന്ധമായി ഉണ്ടാകുന്ന പ്രശ്നമാണ്. എന്നാല്‍ ആര്‍ത്തവസമയത്ത് ഇത് നിശ്ചിത ദിവസത്തേക്കേ ഉണ്ടാകൂ. ഗര്‍ഭാവസ്ഥയില്‍ രണ്ടാഴ്ചയെങ്കിലും ഈ വേദന അനുഭവപ്പെടാം.
എട്ട്...
ശരീരത്തില്‍ രക്തയോട്ടം വര്‍ധിക്കുന്നതിന്‍റെ ഭാഗമായി ഗര്‍ഭിണികളില്‍ വൃക്കകള്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നു. ഇതോടെ മൂത്രമൊഴിക്കുന്നതും കൂടുതലാകാം. ഇതാണ് ഗര്‍ഭധാരണത്തിന്‍റെ മറ്റൊരു ലക്ഷണമായി വരുന്നത്.
ഏത് ലക്ഷണങ്ങള്‍ കണ്ടാലും രണ്ട് തവണയെങ്കിലും പ്രെഗ്നൻസി ടെസ്റ്റ് ചെയ്യുകയും ഗൈനക്കോളജിസ്റ്റിനെ കാണുകയും ചെയ്ത ശേഷം മാത്രം ഗര്‍ഭധാരണം ഉറപ്പിക്കുക. ഗര്‍ഭധാരണം വേണ്ടെന്ന് വയ്ക്കുകയാണെങ്കിലും അതിനും നിര്‍ബന്ധമായും ഡോക്ടറുടെ സഹായം തന്നെ തേടുക. അല്ലാത്തപക്ഷം അത് സ്ത്രീകളുടെ ജീവന് തന്നെ ഭീഷണിയായി വരാമെന്ന് മനസിലാക്കുക.
Also Read:- ഗർഭനിരോധന മാർഗങ്ങൾ ഇല്ലെങ്കിലും സുരക്ഷിതമായിട്ടുള്ള ദിവസങ്ങള്‍!