ഏതാണ്ട് ഒന്നര ലക്ഷത്തോളം രൂപ ചെലവിട്ടാണ് ചികിത്സ ചെയ്തത്. ഹെയര്‍ എക്സ്റ്റൻഷൻ ചികിത്സയാണ് ഇവര്‍ ചെയ്തത്. ഇത് മുടി കൊഴിച്ചിലിന് വലിയ രീതിയില്‍ പരിഹാരമാകുമെന്നാണ് സലൂണിലെ ഹെയര്‍ എക്സ്റ്റൻഷൻ സ്പെഷ്യലിസ്റ്റ് പറഞ്ഞതെന്നാണ് ഷ്വാന പറയുന്നത്.
മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവരും പരാതിപ്പെടുന്ന ഒന്നാണ് മുടി കൊഴിച്ചില്‍. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചിലുണ്ടാകാം. അതിനാല്‍ തന്നെ മുടി കൊഴിച്ചിലിനുള്ള പരിഹാരങ്ങളും വ്യത്യസ്തമായിരിക്കും.
എന്നിരുന്നാലും ഇന്ന് മുടി കൊഴിച്ചിലിന് പരിഹാരമായ പലവിധത്തിലുള്ള ചികിത്സകളും ലഭ്യമാണ്. പക്ഷേ വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നല്ലാതെ ഇത്തരത്തിലുള്ള ചികിത്സകള്‍ക്ക് നില്‍ക്കരുത്. കാരണം ഇതുപോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്ന രീതിയില്‍ പരസ്യം ചെയ്ത് പിന്നീട് അത് വലിയ സങ്കീര്‍ണമായി മാറുന്ന അവസ്ഥ പലരുടെ കേസിലും സംഭവിച്ചിട്ടുള്ളതാണ്.
സമാനമായൊരു അനുഭവം പങ്കിട്ടിരിക്കുകയാണ് യുകെയില്‍ നിന്നുള്ള ഒരു ഇരുപത്തിനാലുകാരി. മുടി കൊഴിച്ചിലിനെ തുടര്‍ന്ന് ഒരു സലൂണില്‍ ചികിത്സ എടുത്ത ഇവര്‍ക്ക് പിന്നീട് സംഭവിച്ച ദുരന്തത്തെ കുറിച്ചാണ് പങ്കുവച്ചിരിക്കുന്നത്.
ഷ്വാന ഹിഗ്ഗിൻസ് എന്ന യുവതി ഏതാണ്ട് ഒന്നര ലക്ഷത്തോളം രൂപ ചെലവിട്ടാണ് ചികിത്സ ചെയ്തത്. ഹെയര്‍ എക്സ്റ്റൻഷൻ ചികിത്സയാണ് ഇവര്‍ ചെയ്തത്. ഇത് മുടി കൊഴിച്ചിലിന് വലിയ രീതിയില്‍ പരിഹാരമാകുമെന്നാണ് സലൂണിലെ ഹെയര്‍ എക്സ്റ്റൻഷൻ സ്പെഷ്യലിസ്റ്റ് പറഞ്ഞതെന്നാണ് ഷ്വാന പറയുന്നത്.
ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം വൈകാതെ തന്നെ ഹെയര്‍ എക്സ്റ്റൻഷൻ ഓരോ ഭാഗമായി അടര്‍ന്നുപോരാൻ തുടങ്ങി. ദിവസങ്ങള്‍ക്കകം സ്വന്തം മുടിയും ചേര്‍ത്ത് ഇത് ഭീമമായ അളവില്‍ അടര്‍ന്ന് പോരാൻ തടങ്ങിയതോടെ ഷ്വാന സലൂണുമായി ബന്ധപ്പെട്ടു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാൻ ചെറിയൊരു ചികിത്സ കൂടി എടുക്കാമെന്നാണ് അവര്‍ അറിയിച്ചത്. അങ്ങനെ അതും ചെയ്തു. ഇതിനായി വീണ്ടും തന്‍റെ പക്കല്‍ നിന്ന് സലൂണ്‍ പണം വാങ്ങിയെടുത്തുവെന്നും ഷ്വാന പറയുന്നു.
'മുടിയും ഹെയര്‍ എക്സ്റ്റൻഷനുമെല്ലാം അടര്‍ന്നുവീണ് തുടങ്ങിയതിന് പിന്നാലെ തലയോട്ടിയില്‍ ചെറിയ കുമിളകള്‍ വന്നു. അത് പഴുക്കാൻ തുടങ്ങി. തലയോട്ടിയാകെ ചുവന്ന നിറമായി. ഓരോ ദിവസവും തലയോട്ടിയുടെ ഓരോ ഭാഗമായി പുറമേക്ക് കാണാൻ കഴിയുന്ന അവസ്ഥയായി. കുമിളകളും പഴുപ്പും അതിന്‍റെ പ്രയാസങ്ങളും വേറെ. കുമിളകളൊക്കെ പൊട്ടി പഴുപ്പും രക്തവും വരികയും ചെയ്തുകൊണ്ടിരുന്നു...'- ഷ്വാന പറയുന്നു.
നാലാഴ്ച അങ്ങനെ പിന്നിട്ട ശേഷം ഇവര്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കണ്ടു. ഹെയര്‍ എക്സ്റ്റൻഷൻ ചികിത്സാപ്പിഴവിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ഇങ്ങനെയെല്ലാം സംഭവിച്ചത് എന്ന് ഡെര്‍മറ്റോളജിസ്റ്റ് അറിയിച്ചു. തുടര്‍ന്ന് സലൂണിനെതിരെ രംഗത്തിറങ്ങിയിരിക്കുകയാണ് യുവതി. താൻ ചെലവഴിച്ച പണമെങ്കിലും തിരികെ നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. തനിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പറയാൻ ശ്രമിച്ചപ്പോഴൊക്കെ അത് പരിഗണിക്കാൻ പോലും സലൂണുകാര്‍ തയ്യാറായില്ല, പക്ഷേ ഇനി തന്‍റെ പണമെങ്കിലും തിരികെ നല്‍കാൻ ഇവര്‍ തയ്യാറാകണമെന്നാണ് ഷ്വാനയുടെ അപേക്ഷ. ഇനിയാര്‍ക്കും ഇത്തരത്തിലൊരു അനുഭവമുണ്ടാകാതിരിക്കാനാണ് തന്‍റെ അനുഭവം തുറന്ന് പങ്കുവച്ചതെന്നും ഇവര്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-