ഒരോ ദിവസവും ലോകം പുതുക്കപ്പെടുകയാണ്. പഴയ കാലത്തില്‍ കാലൂന്നി നാമ്മള്‍ മുന്നോട്ട് കുതിക്കുന്നു. കാലങ്ങള്‍ കൊഴിഞ്ഞ് പോകുമ്പോള്‍ തൊണ്ണൂറുകളില്‍ ഒരു പെണ്‍കുട്ടിയുടെ ലോകം എന്തായിരുന്നുവെന്ന അന്വേഷണമാണിവിടെ.
പെണ്‍കാലം. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം. മാറുന്ന പെണ്‍കാലത്തെക്കുറിച്ചുള്ള വ്യത്യസ്തമായ കുറിപ്പുകളും വീഡിയോകളും.
undefined
'നീ പെണ്ണാണ്, നീ പെണ്ണാണ്' എന്ന വാചകം നിരന്തരം കേട്ടുകൊണ്ടിരുന്ന ഒരു കാലം. തൊണ്ണൂറുകളിലെ കുട്ടിക്കാലം ഓര്‍ക്കുമ്പോള്‍ എനിക്കാദ്യം ഓര്‍മ്മവരുന്നത് രണ്ട് വാക്കുകളില്‍ പെണ്‍ജീവിതത്തെ കുരുക്കിയിടുന്ന ഈ പറച്ചിലുകളാണ്. പിന്നീടും പലര്‍ക്കും കേള്‍ക്കേണ്ടി വന്നിരുന്ന ഈ വാചകങ്ങള്‍ അന്നത്തെ ഏതു പെണ്‍കുട്ടിക്കും പിന്നാലെ വായനോക്കി നടക്കുന്നുണ്ടായിരുന്നു. അന്യന്‍റെ വീട്ടില്‍ പോയി ജീവിക്കേണ്ടവളാണ് എന്ന അസംബന്ധം നിറഞ്ഞ ഓര്‍മ്മപ്പെടുത്തലുകള്‍. അവയുടെ ചൂണ്ടമുനകളിലായിരുന്നു അന്നത്തെ പെണ്‍ജീവിതം. മുറ്റത്തും പാടത്തും പറമ്പിലുമൊക്കെ തുള്ളിക്കളിച്ചും, തോട്ടിലെ മാനത്തുകണ്ണികളെ തോര്‍ത്തിട്ട് പിടിച്ച് കുപ്പിയിലാക്കിയും തിരികെ വീട്ടിലേക്ക് നടക്കുമ്പോള്‍ മീനുകള്‍ വിഷമിച്ചാലോന്ന് കരുതി അവരെ തിരികെ തോട്ടിലേക്ക് വിടുകയും മാവിലും മരത്തിലുമൊക്കെ വലിഞ്ഞ് കയറുകയും ചെയ്‌തൊരു കാലത്ത്, പൊടുന്നനെ അതൊക്കെ നിലച്ചു. കാരണം നീ പെണ്ണാണ്, നീ പെണ്ണാണ് എന്ന പതംപറച്ചിലുകള്‍ തന്നെ.
മുഖത്തേക്ക് നീളുന്ന ചൂണ്ടുവിരലുകള്‍. ഓരോ വിരലിലും അച്ചുകുത്തിയിട്ടുണ്ടാവും, 'നീ പെണ്ണാണ്, നീ പെണ്ണാണ്' എന്നെഴുതിയ വാചകങ്ങള്‍. കുട്ടിക്കാലത്ത് നിന്നും പൊടുന്നനെ മറ്റേതോ ലോകത്തെത്തിയത് പോലുണ്ടായിരുന്നു വളര്‍ച്ചയിലെ ആ ഘട്ടം. എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലായില്ല. പതിവിന് വിപരീതമായ ചിട്ടകള്‍. ഇഷ്ടമില്ലാത്ത വസ്ത്രങ്ങള്‍. നിയന്ത്രണങ്ങള്‍. അങ്ങനെയങ്ങനെ നമ്മള്‍ പെട്ടെന്ന് മറ്റാരോ ആയി മാറുന്നു. കാലുകള്‍ മറ്റാരുടെയോ കാലുകള്‍ ആയി മാറുന്നു. അവര്‍ നടന്ന വഴികളലൂടെ നമ്മളും നടക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. എല്ലാ മാസവും നാല് ദിവസങ്ങള്‍ പൂമുഖം കാണാതെ അകത്ത് കഴിയേണ്ടി വരുന്നു. ഏറെ ഇഷ്മുള്ള വസ്തുക്കളിലൊന്നും തൊടാന്‍ പോലും പറ്റാതാവുന്നു.
ഏതു പെരുമഴയിലും വെളുപ്പിനെണീറ്റ് എണ്ണ തേച്ച് കുളിക്കണം. എണ്ണയും ഉടുക്കുന്ന വസ്ത്രങ്ങളും വീട്ടിലുള്ള മറ്റാരെങ്കിലും എടുത്ത് തരും. രാവിലെ സ്‌കൂളില്‍ പോയാല്‍ ക്ലാസ് കഴിഞ്ഞെത്തും വരെ ഒരൊറ്റ പാഡില്‍ കഴിഞ്ഞ്, കൂട്ടുകാരോട് പോലും പറയാന്‍ പറ്റാത്ത രഹസ്യത്തിന്‍റെ ഭാരവും പേറി മുള്‍മുനയില്‍ നില്‍ക്കണം. ശരിക്കും കൂട്ടിലകപ്പെട്ട അവസ്ഥ. അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കണം, മുട്ടിന് താഴേക്കുള്ള വസ്ത്രങ്ങള്‍ മാത്രമേ ഇടാന്‍ പാടുള്ളു, ഉച്ചത്തില്‍ സംസാരിക്കാനോ ചിരിക്കാനോ പാടില്ല , ആണ്‍ സുഹൃത്തുക്കളെ കണ്ടാല്‍ മിണ്ടാനേ പാടില്ല, അടങ്ങിയൊതുങ്ങി ഇരുന്നോണം, നിയന്ത്രണങ്ങളുടെ നീണ്ട ക്യൂ. എല്ലാറ്റിനും കാരണം ആ ഓര്‍മ്മപ്പെടുത്തല്‍ തന്നെ, നീയൊരു പെണ്ണാണെന്നുള്ള ഓര്‍മ്മ വേണം. അത് കേട്ടുകേട്ട് അവസാനം എനിക്കും തോന്നിത്തുടങ്ങിയിരുന്നു, പെണ്ണാവുക എന്നത് എന്തോ മോശം കാര്യമാണെന്ന്. ആ തോന്നലിന്‍റെ കനം താങ്ങി നടക്കുമ്പോഴും, ഇടവഴികളിലൂടെ ആര്‍ത്തലച്ചു പായുന്നുണ്ടായിരുന്നു, സമപ്രായക്കാരായ ആണ്‍കുട്ടികള്‍.
തൊണ്ണൂറുകളിലെ പെണ്‍കുട്ടിക്കാലത്തക്കുറിച്ച് പറയാന്‍ ഒരുങ്ങുമ്പോള്‍, തൊണ്ടയില്‍വന്ന് തങ്ങി നില്‍ക്കുന്നത്, ഈ കാര്യങ്ങള്‍ തന്നെയാണ്. അതു കഴിഞ്ഞേ ഉണ്ടായിരുന്നുള്ളൂ, മറ്റെന്തും. ഓര്‍മ്മയുടെ കരുക്കള്‍ ആ മറ്റെന്തിലും ചെന്ന് നില്‍ക്കുമ്പോള്‍, മുന്നില്‍ വരുന്ന മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്. ഒരു പക്ഷേ, അക്കാലത്ത് ജീവിച്ചിരുന്ന എല്ലാ കുട്ടികളുടെയും ഓര്‍മ്മ കൂടിയാവും അത്. ആ കാര്യങ്ങള്‍ വെറുതെ ഒന്നോര്‍ത്തെടുക്കുകയാണ് ഇവിടെ.
1. സ്‌കൂള്‍ നേരങ്ങള്‍: ഇടവേളകളില്‍ ഓടിപ്പോയി ബബ്ലൂസ് നാരങ്ങയും കാരക്കയും ലൗലോലിക്കയും ഇരുപത്തിയഞ്ചും അന്‍പതും പൈസയ്ക്ക് കൈ നിറയെ കിട്ടി കൂട്ടുകാരുമായി പങ്കിട്ടെടുത്ത കാലം.
2. പച്ചപ്പ് നിറഞ്ഞ നാട്ടിടവഴികള്‍: അതിലൂടെ, സ്‌കൂള്‍ വിട്ടാല്‍ കൂട്ടം കൂടി, കൂട്ടി വച്ച ചില്ലറത്തുട്ടുകളെടുത്ത് തേന്‍ മിഠായി വാങ്ങി നുണഞ്ഞ് സൊറ പറഞ്ഞ് വീട്ടിലേക്ക് നടക്കുന്ന ഞങ്ങള്‍.
3. എരിവും പുളിയും: മാഷിന്‍റെ കയ്യില്‍ നിന്നും തല്ല് കിട്ടുമെന്ന് ഉറപ്പാക്കിയ ദിവസങ്ങളില്‍ കുഞ്ഞിക്കുരുമുളക് മണികളുടെ എരിവ് വിരിഞ്ഞ ദിവസങ്ങളുണ്ട്. ഒപ്പം, പുളിമരച്ചോട്ടില്‍ നിന്ന് നാവിലേക്ക് പടര്‍ന്നുകയറിയ പുളിപ്പും നെല്ലിക്ക തിന്നപാടെ കുളിച്ച വെള്ളത്തിന്റെ മധുരവും!
4. ക്രഷുകള്‍, ക്രഷുകള്‍: അന്നുമുണ്ടായിരുന്നു ക്രഷ്. കിംഗ് ഖാന്‍മാരുടെ കിടിലന്‍ ഫോട്ടോകളുള്ള നോട്ട് ബുക്കിന്‍റെ പുറംചട്ടകള്‍. ദൂര്‍ദര്‍ശനിലെ രംഗോലിയും ചിത്രഹാറും പകര്‍ന്ന് തന്ന കിനാവുകള്‍.
5. സാരിക്കൊതി: അഞ്ചര മീറ്റര്‍ സാരി അമ്മയുടെ കണ്ണുവെട്ടിച്ച് കണ്ണാടിക്ക് മുന്നില്‍ നിന്ന് അലസാ കൊലാസാ ഉടുത്ത് നിര്‍വൃതിയടഞ്ഞ നാളുകളുണ്ടായിരുന്നു. പെട്ടെന്ന് വലുതാവാനുള്ള രഹസ്യങ്ങള്‍ പങ്കുവെച്ചിരുന്ന കൂട്ടുകാരികളും.
6. ടിവിക്കാലം: ടെലിവിഷന്‍ സെറ്റുകള്‍ വന്നു തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. ദൂരദര്‍ശന്‍ മാത്രമായിരുന്നു ആദ്യ കാലങ്ങളില്‍. മലയാളം പരിപാടികള്‍ വൈകിട്ടു മാത്രം. പിന്നീട് ഏഷ്യാനെറ്റ് വന്നു. ഓര്‍ക്കാനിഷ്ടമുള്ള കുറച്ചെറേ നല്ല പരിപാടികളാണ് ആ കാലത്തിന്‍റെ ബാക്കി.
7 . പോസ്റ്റ് ഓഫീസ്: ഇന്‍ലന്‍റുകളുടെയും പോസ്റ്റ് കവറുകളുടെയും കാലമായിരുന്നു അത്. സ്‌കൂളടച്ചാല്‍ കൂട്ടുകാരിക്ക് കത്തയക്കാന്‍ ഇന്‍ലന്‍ഡ് വാങ്ങാന്‍ പോസ്റ്റോഫീസിലേയ്ക്ക് പാഞ്ഞിരുന്നു.
8 . ആണും പെണ്ണും: രണ്ട് ഗ്രഹങ്ങളിലായിരുന്നു അന്ന് ആണും പെണ്ണും. ക്ലാസ്സിലെ ആണ്‍കുട്ടികളോട് പെണ്‍കുട്ടികള്‍ മിണ്ടാറേയില്ല. കമന്‍റടി അന്നുമുണ്ടായിരുന്നു. അന്നേരം മുഖം താഴ്ത്തി സ്പീഡ് കൂട്ടിയൊരു നടത്തം മാത്രം.
9. ടേപ്പ് റെക്കോര്‍ഡര്‍: നീളമുള്ള ടേപ്പ് റെക്കോര്‍ഡറായിരുന്നു സങ്കല്‍പ്പലോകത്തേക്കുള്ള പാലം. അതില്‍ പല നിറങ്ങളിലുള്ള കാസറ്റിട്ട് ഉറക്കെ ഉറക്കെ പാട്ടുകള്‍ വയ്ക്കും. പാട്ടിനൊത്ത് മനസ്സ് പല ലോകങ്ങളില്‍ കറങ്ങി നടക്കും.
10 . വി സി ആര്‍: വൈകി വന്ന വസന്തമായിരുന്നു വിസിആറുകള്‍. അതില്‍ വീഡിയോ കാസറ്റിടുന്ന ദിവസം അയല്‍പക്കം മുഴുവന്‍ വീട്ടിലുണ്ടാകും. കഥയും തിരക്കഥയും മുതിര്‍ന്നവര്‍ ഏറെ കുറെ അവരവര്‍ക്കിഷ്ടമുള്ള രീതിയില്‍ സിനിമയ്ക്കൊപ്പം പറഞ്ഞുകൊണ്ടിരിക്കും
11. ടെലിഫോണ്‍ മണികള്‍: അപൂര്‍വ്വമായിരുന്നു ടെലിഫോണുകള്‍. അയല്‍വാസികള്‍ക്കുള്ള കോളുകള്‍ വരിക വീട്ടിലായിരുന്നു. ആ വിവരം അയല്‍വീട്ടില്‍ അറിയിക്കാന്‍ പോവുന്നത് ചെറിയൊരു ഗമ ആയിരുന്നു.
12. സമയസൂചികള്‍: സമയം നോക്കാനുള്ള മാര്‍ഗം കൂടിയായിരുന്നു റേഡിയോ. രാവിലെയുള്ള കാര്യങ്ങള്‍ ചിട്ടപ്പെടുത്തിയിരുന്നത് റേഡിയോയിലെ പ്രോഗ്രാമുകള്‍ അനുസരിച്ചായിരുന്നു.
13 . വളപ്പൊട്ടുകള്‍: വളപ്പൊട്ടുകള്‍ സ്വകാര്യമായ സ്വപ്‌ന ലോകങ്ങളിലേക്കുള്ള താക്കോലുകളായിരുന്നു. പൊട്ടിക്കുമ്പോള്‍ കയ്യിലേക്ക് വീഴുന്ന വളപ്പൊടികളുടെ എണ്ണത്തില്‍ നിറയുന്നത് സ്നേഹത്തിന്റെ അളവുകളായിരുന്നു.
14 . തൊണ്ടിമുതലുകള്‍: ബാലരമയും പൂമ്പാറ്റയും അത്ര സുലഭമായിരുന്നില്ല. ഉള്ളവര്‍ അത് സ്‌കൂളിലേക്ക് കൊണ്ടുവരും. ടീച്ചര്‍ അറിയാതെ രഹസ്യമായി അവ കൂട്ടുകാരികള്‍ക്കിടയില്‍ കൈമാറും. ചിലപ്പോള്‍ അവ പിടിക്കപ്പെടും. തൊണ്ടിമുതല്‍ കൈമോശം വരും.
15 . പപ്പാച്ചിലുകള്‍: ഓണം പൂക്കാലം കൂടിയായിരുന്നു. നാലു ചുറ്റിനുമുണ്ടാവും പൂക്കള്‍. അത്തമിടാന്‍ അനിയത്തിയുമൊത്ത് അതിരാവിലെ അയലത്തെ വീട്ടിലും ഇടവഴികളിലും പൂ തേടി പാറി നടന്നിരുന്നു
16. ആര്‍ത്തവം എന്ന കള്ളം: ആര്‍ത്തവം വലിയൊരു രഹസ്യമായിരുന്നു. അതു പുറത്തുകാണിക്കാന്‍ കൊള്ളില്ല. ആ പേരു പോലും പരസ്യമായി പറഞ്ഞുകൂടാ. പനിയായിരുന്നെന്ന് പച്ചക്കള്ളം പറഞ്ഞൊഴിവായിരുന്ന സ്‌കൂള്‍ ദിവസങ്ങളുണ്ടായിരുന്നു.
17. ഓട്ടോഗ്രാഫുകള്‍: ഓരോ സ്‌കൂള്‍ കാലവും കഴിഞ്ഞിരുന്നത് ഓട്ടോഗ്രാഫുകളിലായിരുന്നു. സ്ഥിരം വാചകങ്ങളായിരുന്നു അതിലെങ്കിലും, ഓരോ താളിലുമുണ്ടായിരുന്നു മറ്റാരുമറിയാതെ കാത്ത രഹസ്യങ്ങള്‍. സ്‌നേഹസ്മൃതികള്‍.
പെണ്‍കാലം: ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം.
റിനി രവീന്ദ്രന്‍: പുതുകാലത്തിലേക്ക് വണ്ടി കിട്ടാത്തവരോട്, നടക്കുകയെങ്കിലും വേണം, ഞങ്ങള്‍ പറന്ന് തുടങ്ങി
നിത്യ റോബിന്‍സണ്‍: സിനിമയിലെ സ്ത്രീകള്‍: മാറ്റത്തിന്റെ കൊടുങ്കാറ്റായി ഡബ്ല്യൂ സി സി
രമ്യ മഹേഷ്: സ്വര്‍ണ്ണത്തിന് വിട, ഓണ്‍ലൈനില്‍ വിരിയുന്ന പുത്തന്‍ ആഭരണഭ്രമങ്ങള്‍ !
ബിസ്മി ദാസ് ബി: തൊണ്ണൂറുകളില്‍ ചില പെണ്‍കുട്ടിക്കാലങ്ങള്‍
ഫസീല മൊയ്തു: ഏക സിവില്‍ കോഡ് അല്ല ഞങ്ങളുടെ ആവശ്യം, ഭരണഘടന അനുവദിക്കുന്ന തുല്യാവകാശമാണ്!
അനൂജ :'ഏലിയനെ പോലെ ജീവിക്കേണ്ട കാര്യമില്ല'; മാറിയ വസ്ത്ര ധാരണത്തെക്കുറിച്ച് വനിതാ നേതാക്കള്‍...
എല്‍സ ട്രീസ ജോസ്: ക്രിസ്തീയ സഭകളിലെ സ്ത്രീ പ്രാതിനിധ്യം; സഭകള്‍ എന്ന് കണ്ണുതുറക്കും
നിര്‍മലാ ബാബു: 'പെണ്ണിനെന്താ കുഴപ്പം'; വിവാദങ്ങളോട് പൊരുതി വളര്‍ന്ന അഞ്ച് സ്ത്രീകള്‍!
ആതിര നാരായണന്‍: വിവാഹം അത്യാവശ്യമോ? ലിവിംഗ് ടുഗെദര്‍, വിവാഹ മോചനങ്ങള്‍; അടിമുടി മാറി വിവാഹ സങ്കല്‍പ്പം!
ജിതിരാജ്: പൊട്ടിത്തെറികള്‍, തെറിവിളികള്‍, തുറന്നെഴുത്തുകള്‍; സോഷ്യല്‍ മീഡിയയിലെ സ്ത്രീ
പവിത്ര ജെ ദ്രൗപതി: അത്ര ഇഷ്ടമാണെങ്കില്‍ കലിപ്പന്‍ ഇടട്ടെ ഷോള്‍, അതല്ലേ ഹീറോയിസം!
അസ്മിത കബീര്‍: ക്രമേണ ആര്‍ത്തവം വിലക്കപ്പെട്ട വാക്കായി, കൂടെ ആര്‍ത്തവമുള്ള സ്ത്രീയും...
രശ്മി: മാറിയ ജീവിതരീതി സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുമ്പോള്‍...
ആര്‍ദ്ര എസ് കൃഷ്ണ: സോഷ്യല്‍ പോരാട്ടത്തിലെ പെണ്ണുങ്ങള്‍; സെലിബ്രേറ്റി വ്‌ളോഗേഴ്‌സും വരുമാന വഴിയും!
വര്‍ഷ പുരുഷോത്തമന്‍: സാമ്പത്തിക സ്വാശ്രയത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍, തീരാത്ത വെല്ലുവിളികള്‍!
റിനി: മാറുന്ന ലോകവും നിരന്തരം അക്രമിക്കപ്പെടുന്ന സ്ത്രീയും