ആര്‍ത്തവ വേദനയ്ക്ക് ഗുളിക കുടിച്ചതിന് പിന്നാലെ 16കാരിയുടെ മരണം!; സംഭവിച്ചത്...

By Web Team  |  First Published Dec 19, 2023, 4:45 PM IST

ആര്‍ത്തവ വേദനയ്ക്ക് ലേയ്‍ല കഴിച്ച ഗുളികകള്‍ തന്നെയാണ് പ്രശ്നമായത് എന്നാണ് നിലവിലെ വിലയിരുത്തല്‍. എന്നാലിത് മാത്രമാണോ കാര്യങ്ങള്‍ ഇത്രത്തോളം എത്തിച്ചത് എന്നതെല്ലാം അറിയേണ്ടതുണ്ട്.


ആര്‍ത്തവ വേദനയ്ക്ക് ഗുളിക- എന്നുവച്ചാല്‍ പെയിൻ കില്ലര്‍ കഴിക്കുന്നത് മിക്കവരുടെയും പതിവാണ്. എന്നാല്‍ പെയിൻ കില്ലറുകള്‍ ഇങ്ങനെ പതിവായി കഴിക്കുന്നത് നല്ലതല്ല. ഇത് ഡോക്ടര്‍മാര്‍ തന്നെ വ്യക്തമാക്കുന്ന കാര്യമാണ്. സഹിക്കാനാവാത്ത വിധം ആര്‍ത്തവവേദന വരുന്നത് 'നോര്‍മല്‍' അല്ല. അതിനാല്‍ ഡോക്ടറെ കണ്ട് ഇത് പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. അത് ചെയ്യാതെ പെയിൻ കില്ലറുകളില്‍ അഭയം തേടുന്നത് ആരോഗ്യകരമായ തീരുമാനമല്ല. അതേസമയം ഇടയ്ക്ക് ഒരു പെയിൻ കില്ലര്‍ കഴിക്കുന്നു എന്നത് അപകടകരവും അല്ല. അക്കാര്യവും നാം മനസിലാക്കേണ്ടതാണ്.

ഇപ്പോഴിതാ ഇതുമായെല്ലാം ബന്ധപ്പെടുത്തി വായിക്കാവുന്നൊരു വാര്‍ത്ത വളരെയേറെ ശ്രദ്ധ നേടുകയാണ്. ആര്‍ത്തവ വേദനയെ ലഘൂകരിക്കാനായി ഗുളിക കഴിച്ച പതിനാറുകാരിക്ക് ദാരുണാന്ത്യം സംഭവിച്ചുവെന്നതാണ് വാര്‍ത്ത. 

Latest Videos

യുകെയിലാണ് സംഭവം. ഇത് പക്ഷേ ആര്‍ത്തവ വേദനയ്ക്ക് കഴിച്ച ഗുളിക മാത്രമാണോ പ്രശ്നമായിരിക്കുന്നത് എന്നതില്‍ ഇനിയും വ്യക്തത വരാനിരിക്കുന്നതേ ഉള്ളൂ. 

ലേയ്‍ല ഖാൻ എന്ന പതിനാറുകാരി മൂന്നാഴ്ച മുമ്പാണത്രേ ആര്‍ത്തവ വേദനയ്ക്ക് ഗുളിക കഴിച്ചത്. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ മുതല്‍ ഇവര്‍ക്ക് തലവേദന വന്നുതുടങ്ങി. വൈകാതെ ഛര്‍ദ്ദിയും തുടങ്ങി. ഛര്‍ദ്ദി കൂടിക്കൂടി വരികയും ഓരോ അര മണിക്കൂറിലും ഛര്‍ദ്ദിക്കുന്ന അവസ്ഥ വരെയെത്തുകയും ചെയ്തതോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവിടെ വച്ച് ലേയ്‍ലയുടെ വയറിനകത്ത് വിരബാധയാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതിനുള്ള മരുന്ന് നല്‍കി ചികിത്സയും തുടങ്ങി. എന്നാല്‍ വീണ്ടും ലേയ്‍ലയുടെ ആരോഗ്യാവസ്ഥ മോശമാവുകയും വയറുവേദന സഹിക്കാനാകാതെ അലറിവിളിക്കുന്ന അവസ്ഥയിലാവുകയും ചെയ്തു. ഇതിന് പിന്നാലെ ഇവര്‍ ബാത്ത്റൂമിനകത്ത് തന്നെ കുഴഞ്ഞുവീണു. 

ഇത്തവണ വിശദപരിശോധനയില്‍ ലേയ്‍ലയുടെ തലച്ചോറിനകത്ത് രക്തം കട്ട പിടിച്ചിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ മനസിലാക്കി. ഇതിനുള്ള ശസ്ത്രക്രിയ ചെയ്തുവെങ്കിലും പിറ്റേന്ന് തന്നെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. ഇതോടെ ലേയ്‍ലയുടെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള തീരുമാനത്തിലേക്ക് ബന്ധുക്കളെത്തി. അക്കാര്യങ്ങളും ചെയ്തു. 

ആര്‍ത്തവ വേദനയ്ക്ക് ലേയ്‍ല കഴിച്ച ഗുളികകള്‍ തന്നെയാണ് പ്രശ്നമായത് എന്നാണ് നിലവിലെ വിലയിരുത്തല്‍. എന്നാലിത് മാത്രമാണോ കാര്യങ്ങള്‍ ഇത്രത്തോളം എത്തിച്ചത് എന്നതെല്ലാം അറിയേണ്ടതുണ്ട്. ഇതിനിടെ വയറ്റില്‍ വിരയാണെന്ന് തെറ്റായി ഡോക്ടര്‍മാര്‍ രോഗനിര്‍ണയം നടത്തിയതും പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. 

ലേയ്‍ലയ്ക്ക് പതിവായി ആര്‍ത്തവപ്രശ്നങ്ങളുണ്ടായിരുന്നതായി സുഹൃത്തുക്കളെ ഉദ്ദരിച്ചുകൊണ്ട് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അങ്ങനെ സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരമാണത്രേ അവരെല്ലാം ഉപയോഗിക്കുന്ന ഗുളികകള്‍ ആദ്യമായി ലേയ്‍ലയും കഴിച്ചത്. എന്തായാലും വിവാദമായിരിക്കുന്ന സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ കൂടി വന്നാല്‍ മാത്രമേ എന്താണ് മരണകാരണമായിരിക്കുന്നത്, ഈ ഗുളികകള്‍ എങ്ങനെ ഇവരില്‍ പ്രവര്‍ത്തിച്ചു എന്നെല്ലാമുള്ള വിവരങ്ങള്‍ അറിയാൻ സാധിക്കൂ. 

Also Read:- മരണശേഷം സ്മിഷയുടെ ആ കുറിപ്പ് നോവാകുന്നു- ഒരു ഓര്‍മ്മപ്പെടുത്തലും; വായിക്കാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

tags
click me!