അണുബാധകളൊഴിവാക്കാൻ സ്ത്രീകള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചിലത്...

By Web Team  |  First Published Jun 7, 2023, 8:45 PM IST

പലരും ഇതിനെ നിസാരമായി എടുക്കാറുണ്ട്. എന്നാലങ്ങനെയല്ല, മൂത്രാശയ അണുബാധ ശ്രദ്ധിച്ചില്ലെങ്കില്‍ ഒരുപാട് സങ്കീര്‍ണമാകാം. അത് നിത്യജീവിതത്തെ പല രീതിയിലും ബാധിക്കാം. 


നമ്മെ ബാധിക്കുന്ന പല വിധത്തിലുള്ള അണുബാധകളുമുണ്ട്. ഇതില്‍ സ്വകാര്യഭാഗങ്ങളെ ബാധിക്കുന്ന അണുബാധകളെ കുറിച്ച് അധികമാരും പങ്കുവയ്ക്കാൻ തയ്യാറാകാറില്ല. എന്നാലിത് ഏറെ ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്.

ഇക്കൂട്ടത്തിലൊന്നാണ് മൂത്രാശയ അണുബാധയും. പലരും ഇതിനെ നിസാരമായി എടുക്കാറുണ്ട്. എന്നാലങ്ങനെയല്ല, മൂത്രാശയ അണുബാധ ശ്രദ്ധിച്ചില്ലെങ്കില്‍ ഒരുപാട് സങ്കീര്‍ണമാകാം. അത് നിത്യജീവിതത്തെ പല രീതിയിലും ബാധിക്കാം. 

Latest Videos

അധികവും സ്ത്രീകളെയാണ് മൂത്രാശയ അണുബാധ പിടികൂടാറ്. ഇതിന് പിന്നില്‍ കാരണങ്ങളുമുണ്ട്. ആര്‍ത്തവ ശുചിത്വം, ലൈംഗികബന്ധം, മൂത്രമൊഴിക്കുമ്പോള്‍ ചെയ്യേണ്ട ചിലത് എന്നിങ്ങനെ പല ഘടകങ്ങളും സ്ത്രീകളില്‍ ഈ പ്രശ്നം കൂടുതലാക്കുന്നു. അത്തരത്തില്‍ മൂത്രാശയ അണുബാധയൊഴിവാക്കാൻ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ആര്‍ത്തവമാകുമ്പോള്‍ നിര്‍ബന്ധമായും പാഡ് ആണെങ്കിലും തുണി ആണെങ്കിലും കപ്പ് ആണെങ്കിലും സമയത്തിന് അനുസരിച്ച് മാറ്റുകയും വൃത്തിയാവുകയും ചെയ്യുക. ഇതിനുള്ള സൗകര്യം എവിടെ ആണെങ്കിലും ഉറപ്പ് വരുത്തേണ്ടതുണ്ട്. ആറ് മണിക്കൂറിലധികം പാഡോ ടാമ്പൂണ്‍സോ കപ്പോ ഉപയോഗിക്കാതിരിക്കുക.

രണ്ട്...

മൂത്രമൊഴിച്ച് കഴിയുമ്പോള്‍ നിര്‍ബന്ധമായും സ്വകാര്യഭാഗം വെള്ളമൊഴിച്ച് കഴുകുകയും അതിന് ശേഷം ടിഷ്യൂ വച്ചോ മറ്റോ തുടച്ചുണക്കുകയും വേണം.  അല്ലാത്തപക്ഷം അണുബാധയ്ക്ക് സാധ്യത കൂടുതലാണ്. ടിഷ്യൂ വച്ച് തുടയ്ക്കുമ്പോള്‍ മലദ്വാരത്തില്‍ നിന്ന് മുന്നോട്ടേക്കായി തുടയ്ക്കാതിരിക്കുക. ഇത്  മലദ്വാരത്തിന് സമീപത്ത് നിന്ന് ബാക്ടീരിയകള്‍ മൂത്രനാളിയിലേക്കോ പരിസരത്തേക്കോ വരികയോ അണുബാധയ്ക്ക് കാരണമാവുകയോ ചെയ്തേക്കാം. 

മൂന്ന്...

സ്ത്രീകള്‍ പലപ്പോഴും മൂത്രമൊഴിക്കാനുള്ള പ്രയാസം കൊണ്ട് വെള്ളം കുടിക്കുന്നത് കുറയ്ക്കാറുണ്ട്. ഇതും മൂത്രാശയ അണുബാധയിലേക്ക് നയിക്കാം. കാരണം നിറയെ വെള്ളം കുടിക്കുമ്പോഴാണ് മൂത്രനാളിയില്‍ നിന്നും മറ്റും ബാക്ടീരിയകള്‍ മൂത്രത്തിലൂടെ പുറത്തുപോകൂ. എന്നാല്‍ വെള്ളം കുടിക്കുന്നത് കുറയുമ്പോള്‍ രോഗകാരികളായ ബാക്ടീരിയകള്‍ മൂത്രനാളിയിലെല്ലാം കെട്ടിക്കിടക്കുന്നതിന് കാരണമാകുന്നു. ഇതും അണുബാധയിലേക്ക് നയിക്കാം. 

നാല്...

വിവിധ കെമിക്കലുകള്‍ ഉപയോഗിക്കുന്നതും സ്വകാര്യഭാഗങ്ങളില്‍ അണുബാധയ്ക്ക് കാരണമാകാറുണ്ട്. അതിനാല്‍ ഇത്തരത്തിലുള്ള ഉത്പന്നങ്ങളുടെ ഉപയോഗം ശ്രദ്ധിക്കുക. 

അഞ്ച്...

ലൈംഗികബന്ധത്തിന് മുമ്പും ശേഷവും മൂത്രമൊഴിക്കാനും ശ്രദ്ധിക്കുക. അല്ലാത്തപക്ഷം ബാക്ടീരിയല്‍ അണുബാധയുണ്ടാകാം. 

Also Read:- ഇടവിട്ടുള്ള മൂത്രശങ്ക എന്തുകൊണ്ടാകാം? കാരണങ്ങള്‍ ഇവയാകാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

click me!