Women's Equality Day : സ്ത്രീകള്‍ അറിയാൻ; നിങ്ങള്‍ക്ക് വെല്ലുവിളിയാകുന്ന രോഗങ്ങള്‍...

By Web Team  |  First Published Aug 26, 2022, 11:08 AM IST

വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സ്ത്രീകളുടെ പോരാട്ടം തുടരുക തന്നെയാണ്. സാമൂഹികമായി ഏറെ മാറ്റങ്ങള്‍ സ്ത്രീകള്‍ക്ക് അനുകൂലമായി വന്നെങ്കിലും ആകെ സമൂഹം ഇപ്പോഴും സ്ത്രീസൗഹാര്‍ദ്ദപരമായാണ് മുന്നോട്ട് പോകുന്നതെന്ന് പറയാൻ സാധിക്കില്ല.


ഇന്ന് സ്ത്രീകളുടെ തുല്യതാദിനമാണ്. സ്ത്രീകളുടെ പോരാട്ടങ്ങളെയും അവരുടെ അവകാശസമരങ്ങളെയും മാനിക്കുന്നതിന് വേണ്ടിയാണ് ഇന്നേ ദിവസം സ്ത്രീകളുടെ തുല്യതാ ദിനമായി ആചരിക്കുന്നത്. 1920ല്‍ അമേരിക്കയില്‍ ലിംഗാടിസ്ഥാനത്തില്‍ മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂ എന്ന നിയമ ഭേദഗതി ചെയ്യപ്പെട്ടതിന്‍റെ ഓര്‍മ്മയ്ക്കാണ് ഈ ദിവസം സ്ത്രീകളുടെ തുല്യതാദിനമായി കണക്കാക്കാൻ തുടങ്ങിയത്. 

വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സ്ത്രീകളുടെ പോരാട്ടം തുടരുക തന്നെയാണ്. സാമൂഹികമായി ഏറെ മാറ്റങ്ങള്‍ സ്ത്രീകള്‍ക്ക് അനുകൂലമായി വന്നെങ്കിലും ആകെ സമൂഹം ഇപ്പോഴും സ്ത്രീസൗഹാര്‍ദ്ദപരമായാണ് മുന്നോട്ട് പോകുന്നതെന്ന് പറയാൻ സാധിക്കില്ല. ഇതിനിടെ ആരോഗ്യകാര്യങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ വേറെയും.

Latest Videos

ഈ വനിതാ തുല്യതാദിനത്തില്‍ ഇന്നത്തെ സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് വെല്ലുവിളിയാകുന്ന അഞ്ച് തരം രോഗങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. 

ഒന്ന്...

സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ക്യാൻസര്‍ അഥവാ അര്‍ബുദം. എങ്കിലും സ്ത്രീകള്‍ക്കിടയില്‍ സ്തനാര്‍ബുദം, ഗര്‍ഭാശയ ക്യാൻസര്‍ എന്നിവ കൂടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. സമയത്തിന് രോഗനിര്‍ണയം നടത്താത്തതാണ് ഇവയെല്ലാം സങ്കീര്‍ണമാകാൻ കാരണമാകുന്നത്. അതിനാല്‍ തന്നെ സ്ത്രീകള്‍ ഇടവിട്ട് മെഡിക്കല്‍ ചെക്കപ്പിന് വിധേയരാകുന്നത് വളരെ നല്ലതാണ്. 

രണ്ട്...

പ്രത്യുത്പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളും സ്ത്രീകള്‍ക്കിടയില്‍ കൂടിവരികയാണ്. ലൈംഗികപ്രശ്നങ്ങളും ഇതിലുള്‍പ്പെടുന്നു. ഗര്‍ഭനിരോധന ഗുളികകള്‍ വലിയ തോതില്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

മൂന്ന്...

പ്രസവത്തെ തുടര്‍ന്നോ പ്രസവത്തോട് അനുബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ മൂലമോ ജീവൻ നഷ്ടപ്പെടുന്ന സ്ത്രീകളുടെ എണ്ണം ഇന്ന് കുറഞ്ഞുവരികയാണ്. എങ്കില്‍ പോലും നിലവിലുള്ള ആരോഗ്യരംഗത്തെ പുരോഗതിയെ അടിസ്ഥാനപ്പെടുത്തി നോക്കുമ്പോള്‍ ഇക്കാര്യത്തില്‍ ഇനിയും നാം മെച്ചപ്പെടേണ്ടതുണ്ട്. ഇന്ത്യയില്‍ തന്നെ പ്രാഥമികശുശ്രൂഷയ്ക്ക് പോലും അവസരമില്ലാത്ത എത്രയോ ഗ്രാമങ്ങളുണ്ട്. ഇവിടങ്ങളില്‍ നിന്നെല്ലാം ഇത്തരത്തിലുള്ള സംഭവങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടാറുമുണ്ട്. 

നാല്...

എച്ച്ഐവിയാണ് സ്ത്രീകള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. ഇത് പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്നത് തന്നെയാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് പലപ്പോഴും പുരുഷന്മാരുടെ അത്ര പോലും ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ കിട്ടുന്നില്ല എന്നതിനാല്‍ തന്നെ എച്ച്ഐവിയും സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളുടെ കൂട്ടത്തിലുള്‍പ്പെടുത്താം. 

അഞ്ച്...

ഇന്ന് മിക്ക സ്ത്രീകളും പരാതിപ്പെടാറുള്ളൊരു പ്രശ്നാണ് പിസിഒഡി അഥവാ പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്. പ്രധാനമായും ജീവിതരീതികളിലെ പോരായ്മകളാണ് ഇന്ന് പിസിഒഡി വര്‍ധിക്കുന്നതിന് കാരണമായി വന്നിട്ടുള്ളത്. എന്തായാലും പിസിഒഡി കേസുകളില്‍ വര്‍ധനവുണ്ടായിട്ടുണ്ട് എന്നതില്‍ അവ്യക്തതയില്ല.

Also Read:- രാത്രി 'കറങ്ങാൻ' പോകേണ്ടെന്ന് യുവതിയോട് ഉപദേശം; പ്രതിഷേധവുമായി കമന്‍റുകള്‍

click me!