പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് സാധാരണഗതിയില്‍ ഹൃദ്രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. പാരമ്പര്യ ഘടകം മുതല്‍ സ്ട്രെസ്- വിഷാദം പോലുള്ള മാനസികാരോഗ്യ ഘടകങ്ങള്‍ വരെ ഇതിന് കാരണമാകുന്നു.
ഹൃദ്രോഗങ്ങള്‍ തീര്‍ച്ചയായും ഏറെ പ്രാധാന്യമര്‍ഹിക്കുന്ന അസുഖങ്ങളാണ്. പ്രത്യേകിച്ച് ഹൃദയാഘാതം മൂലമുള്ള മരണം ആഗോളതലത്തില്‍ തന്നെ വര്‍ധിക്കുന്നുവെന്നും, യുവാക്കളിലും ഹൃദയാഘാതവും ഇതെത്തുടര്‍ന്നുള്ള മരണങ്ങളും വര്‍ധിക്കുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ഒരുപാട് ജാഗ്രത പുലര്‍ത്തേണ്ട വിഷയം തന്നെയാണിത്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് സാധാരണഗതിയില്‍ ഹൃദ്രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. പാരമ്പര്യ ഘടകം മുതല്‍ സ്ട്രെസ്- വിഷാദം പോലുള്ള മാനസികാരോഗ്യ ഘടകങ്ങള്‍ വരെ ഇതിന് കാരണമാകുന്നു. അത്തരത്തില്‍ സ്ത്രീകളെ ഹൃദ്രോഗങ്ങളിലേക്ക് നയിക്കുന്ന അഞ്ച് പ്രധാന കാരണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
പ്രമേഹം: സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്നതിന് പ്രമേഹം വലിയ രീതിയില്‍ കാരണമാകാറുണ്ട്. ഇത് കൂടാതെ ഒരിക്കല്‍ ഹൃദയാഘാതം സംഭവിച്ചിട്ടുള്ള സ്ത്രീകളില്‍ അടുത്തൊരു ഹൃദയാഘാതത്തിനുള്ള സാധ്യതയും ഹൃദയം അപകടപ്പെടാനുള്ള സാധ്യതയും പ്രമേഹം വര്‍ധിപ്പിക്കുന്നു.
രണ്ട്...
അമിതവണ്ണം : നമ്മുടെ നാട്ടില്‍ പുരുഷന്മാരെ അപേക്ഷിച്ച് അമിതവണ്ണം കൂടുതലും കാണുന്നത് സ്ത്രീകളിലാണ്. ഇതും ഇവരില്‍ ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്നു. പ്രത്യേകിച്ച് ആര്‍ത്തവവിരാമം കടന്നവരിലാണ് ഇതിനുള്ള സാധ്യത കൂടുന്നത്.
മൂന്ന്...
ബിപിയും കൊളസ്ട്രോളും : ഹൈപ്പര്‍ടെൻഷൻ അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും ഹൃദയത്തെ പെട്ടെന്ന് അപകടത്തിലാക്കാറുണ്ട്. സ്ത്രീകളിലാണ് താരതമ്യേന ബിപി പ്രശ്നങ്ങളും കൊളസ്ട്രോളും അധികവും കാണാറ്. ആര്‍ത്തവവിരാമം കടന്ന സ്ത്രീകളാണ് ഇക്കാര്യം കൂടുതലായി ശ്രദ്ധിക്കേണ്ടത്.
നാല്...
വ്യായാമമില്ലായ്മ; വീട്ടുജോലികള്‍ കാര്യമായും ചെയ്യുന്നത് ഇന്നും മിക്ക വീടുകളിലും സ്ത്രീകള്‍ തന്നെയാണ്. എന്നാലിത് വ്യായാമത്തിന്‍റെ ഗുണം ചെയ്യണമെന്നില്ല. സ്ത്രീകള്‍ പുരുഷന്മാരോളം വ്യായാമം ചെയ്യുന്നുമില്ല. ഇതും ക്രമേണ ഹൃദ്രോഗങ്ങളിലേക്ക് നയിക്കാം.
അഞ്ച്...
മദ്യവും പുകവലിയും: സ്ത്രീകളെ അപേക്ഷിച്ച് മദ്യപാനവും പുകവലിയും കൂടുതലുള്ളത് പുരുഷന്മാരില്‍ തന്നെയാണ്. എങ്കിലും സ്ത്രീകളിലും ഈ ദുശ്ശീലങ്ങള്‍ കാണുന്നുണ്ട്. ഇതും ക്രമേണ ഇവരെ ഹൃദ്രോഗങ്ങളിലേക്ക് നയിക്കാം.
Also Read:- 'ഷുഗര്‍' അധികവും കാണുന്നത് സ്ത്രീകളിലോ പുരുഷന്മാരിലോ?