പാചകപ്രേമികള്‍ക്കോ അല്ലെങ്കില്‍ ഭക്ഷണപ്രേമികള്‍ക്കോ സന്തോഷവും കൗതുകവും തോന്നുന്നൊരു വാര്‍ത്തയാണിനി പങ്കുവയ്ക്കുന്നത്. തുടര്‍ച്ചയായി 93 മണിക്കൂര്‍ നിന്ന് പാചകം ചെയ്തതിന് പിന്നാലെ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു വനിതാ ഷെഫ്.
പാചകം ചെയ്യുകയെന്നത് പലര്‍ക്കും മടിയും ഇഷ്ടമില്ലാത്തതുമായ ജോലിയാണ്. എന്നാല്‍ ചിലര്‍ക്ക് പാചകമെന്നത് ഏറെ താല്‍പര്യവും ആവേശവുമുള്ള കാര്യമായിരിക്കും. മിക്കവാറും ഷെഫ് ആയി മാറുന്നവരെല്ലാം തന്നെ ഇത്തരത്തില്‍ നേരത്തെ പാചകത്തോട് ഇഷ്ടമുള്ളവര്‍ ആയിരിക്കും.
പാചകപ്രേമികള്‍ക്കോ അല്ലെങ്കില്‍ ഭക്ഷണപ്രേമികള്‍ക്കോ സന്തോഷവും കൗതുകവും തോന്നുന്നൊരു വാര്‍ത്തയാണിനി പങ്കുവയ്ക്കുന്നത്. ഒപ്പം തന്നെ പാചകം ചെയ്യാൻ മടിയുള്ളവരും കേള്‍ക്കണം ഇത്. മറ്റൊന്നുമല്ല- തുടര്‍ച്ചയായി 93 മണിക്കൂര്‍ നിന്ന് പാചകം ചെയ്തതിന് പിന്നാലെ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു വനിതാ ഷെഫ്.
നൈജീരിയയില്‍ നിന്നുള്ള ഹില്‍ഡ ബകി എന്ന ഇരുപത്തിയാറുകാരിയായ ഷെഫ് ആണ് ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയിരിക്കുന്നത്. നേരത്തെ ഇന്ത്യക്കാരിയായ ലത ടണ്ടൺ ആണ് ഈ റെക്കോര്‍ഡിന് ഉടമയായിരുന്നത്. 87 മണിക്കൂര്‍ 45 മിനുറ്റ് തുടര്‍ച്ചയായി പാചകം ചെയ്തുകൊണ്ടാണ് ലത റെക്കോര്‍ഡ് സ്വന്തമാക്കിയത്.
ഈ റെക്കോര്‍ഡാണ് ഇപ്പോള്‍ ഹില്‍ഡ തകര്‍ത്തിരിക്കുന്നത്. ഇവരുടെ പാചക മാരത്തോണിന്‍റെ വീഡിയോ 'ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ്' തങ്ങളുടെ യൂട്യൂബിലൂടെ പങ്കുവച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ 100 മണിക്കൂര്‍ പാചകമായിരുന്നു ഹില്‍ഡ പ്ലാൻ ചെയ്തിരുന്നത്. എന്നാല്‍ ഏതാനും മണിക്കൂറുകളുടെ കാര്യത്തില്‍ ഇവര്‍ക്ക് സാങ്കേതികമായി തെറ്റ് സംഭവിക്കുകയായിരുന്നു. എങ്കിലും മുമ്പുള്ള റെക്കോര്‍ഡ് തകര്‍ത്ത് പുതിയത് സ്ഥാപിക്കാൻ ഇവര്‍ക്ക് കഴിഞ്ഞു.
മെയ് 11 വ്യാഴാഴ്ചയാണ് ഇവര്‍ തന്‍റെ മാരത്തണ്‍ പാചകം തുടങ്ങിയത്. 12, 13, 14 തീയ്യതികള്‍ പിന്നിട്ട് 15ഉം കടന്നു പാചകം. 100ഓളം പാത്രങ്ങളില്‍ നിറയെ ഇവര്‍ വിഭവങ്ങളുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. നൈജീരിയൻ ഭക്ഷണസംസ്കാരത്തെ കുറിച്ച് ലോകമെമ്പാടുമുള്ളവര്‍ അറിയുന്നതിനും തന്നെ പോലെയുള്ള സ്ത്രീകള്‍ക്ക് മുന്നോട്ട് വരാൻ പ്രോത്സാഹനവും പ്രചോദനവുമാകുന്നതിനുമാണ് താൻ ഇത്തരത്തിലൊരു ഉദ്യമത്തിന് തയ്യാറായതെന്ന് റെക്കോര്‍ഡ് സ്വന്തമാക്കിയ ശേഷം ഹില്‍ഡ പറഞ്ഞു.
ഇവരുടെ വീഡിയോ കാണാം...
Also Read:- മരിച്ചെന്ന് ഡോക്ടര്‍മാര്‍, 'ബോഡി' പെട്ടിയിലാക്കിയ ശേഷം അകത്തുനിന്ന് തട്ടലും മുട്ടലും...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-