ശീതീകരിച്ച് സൂക്ഷിച്ചത് 27 വര്‍ഷം; മോളി പിറന്നിട്ട് ഒരുമാസം

By Web Team  |  First Published Dec 3, 2020, 6:21 PM IST

വന്ധ്യതാ സംബന്ധിയായ പ്രശ്നങ്ങള്‍ നേരിട്ടിരുന്ന ടീനയും ബെന്നും ഭ്രൂണം ദത്തെടുക്കുന്നത് സംബന്ധിച്ച സാധ്യതകളെക്കുറിച്ച് പ്രാദേശിക മാധ്യമത്തില്‍ വന്ന ഒരു വാര്‍ത്തയിലൂടെയാണ് അറിയുന്നത്


പിറന്നിട്ട് കഷ്ടിച്ച് ഒരുമാസം മാത്രമാണ് പ്രായമെങ്കിലും മോളി ഗിബ്സണ്‍ റെക്കോര്‍ഡിന് ഉടമയാണ്, അതും വേറിട്ടൊരു റെക്കോര്‍ഡിന്. ശീതീകരിച്ച നിലയില്‍ ഏറ്റവും അധികം കാലം കഴിഞ്ഞ ശേഷമാണ് മോളി പിറക്കുന്നത്. 1992 ഒക്ടോബറില്‍ ശീതീകരിച്ച ഭ്രൂണം 2020 ഒക്ടോബറിലാണ് പിറവിയെടുക്കുന്നത്. അമേരിക്കയിലെ ടെന്നെസിയിലാണ് സംഭവം

ഫെബ്രുവരി 2020ലാണ് ടിനയും ബെന്‍ ഗിബ്സണും മോളിയുടെ ഭ്രൂണം ദത്തെടുക്കുന്നത്. 27 വര്‍ഷമാണ് ശീതീകരിച്ച നിലയില്‍ മോളിയുടെ ഭ്രൂണം സൂക്ഷിച്ചത്. സഹോദരിയായ എമ്മയുടെ റെക്കോര്‍ഡാണ് മോളി തകര്‍ത്തത്. ഏറെക്കാലമായി വന്ധ്യതാ സംബന്ധിയായ പ്രശ്നങ്ങള്‍ നേരിട്ടിരുന്ന ടീനയും ബെന്നും ഭ്രൂണം ദത്തെടുക്കുന്നത് സംബന്ധിച്ച സാധ്യതകളെക്കുറിച്ച് പ്രാദേശിക മാധ്യമത്തില്‍ വന്ന ഒരു വാര്‍ത്തയിലൂടെയാണ് അറിയുന്നത്.29 കാരിയായ ടീന അധ്യാപികയാണ്. സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റാണ് 36കാരനായ ബെന്‍. നാഷണല്‍ എബ്രിയോ ഡൊണേഷന്‍ സെന്‍ററില്‍ നിന്നാണ് ഇവര്‍ മോളിയുടെ ഭ്രൂണത്തെ ദത്തെടുക്കുന്നത്. ഇവരുടെ കണക്കുകള്‍ അനുസരിച്ച് ഇത്തരത്തില്‍ പത്ത് ലക്ഷത്തോളം ഭ്രൂണങ്ങളാണ് എന്‍ഇഡിസിയില്‍ ഇത്തരത്തില്‍ ശീതീകരിച്ച് സൂക്ഷിച്ചിട്ടുള്ളത്.

Latest Videos

ഭ്രൂണം ദാനം ചെയ്യാന്‍ താല്‍പര്യമുള്ള ദമ്പതികളില്‍ നിന്നാണ് ഇത്തരത്തില്‍ ഭ്രൂണം ശേഖരിക്കുന്നത്. 2017ല്‍ ഇത്തരത്തില്‍ ഭ്രൂണം ദാനം സ്വീകരിച്ചാണ് ടീനയും ബെന്നും അവരുടെ ആദ്യ കുഞ്ഞിന് ജന്മം നല്‍കുന്നത്. വന്ധ്യതമൂലം നിരാശയിലെത്തിയ നിരവധിപ്പേര്‍ക്കാണ്  എന്‍ഇഡിസി സഹായമായിട്ടുള്ളത്. ജനിതകപരമായ ബന്ധമുള്ളവര്‍ തന്നെയാണ് എമ്മയും മോളിയുമെന്നാണ്  എന്‍ഇഡിസി അവകാശപ്പെടുന്നത്. 24 വര്‍ഷമാണ് എമ്മയുടെ ഭ്രൂണം ശീതീകരിച്ച സൂക്ഷിച്ചത്. 

click me!