ഈ ക്രിസ്മസിന് മക്കളെയും അവരുടെ പങ്കാളികളെയും കുട്ടികളെയുമെല്ലാം വീട്ടില്‍ വിരുന്ന് വിളിച്ചപ്പോള്‍ അവര്‍ക്കുള്ള ഭക്ഷണമൊരുക്കിയതിന് ഒരു തുക ഈടാക്കിക്കൊണ്ടാണ് അറുപത്തിമൂന്നുകാരിയായ കരോളിന്‍ ഡഡ്റിജ് എന്ന സ്ത്രീ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്.
ആഘോഷവേളകളിലോ വിശേഷാവസരങ്ങളിലോ എല്ലാം മിക്ക വീടുകളിലും സ്ത്രീകള്‍ ചേര്‍ന്ന് തന്നെയാണ് ഭക്ഷണമൊരുക്കാറ്. ചിലരെങ്കിലും ഇപ്പോള്‍ ഇത്തരത്തിലുള്ള വിരുന്നുകള്‍ക്കായി പുറത്തുനിന്ന് ഒന്നിച്ച് ഭക്ഷണം വാങ്ങിക്കുകയോ ഓര്‍ഡര്‍ കൊടുത്ത് തയ്യാറാക്കിക്കുകയോ ചെയ്യാറുണ്ട്. എങ്കിലും ചെറിയ പരിപാടികള്‍ക്കെല്ലാം അധികം വീടുകളിലും സ്ത്രീകള്‍ തന്നെയാണ് ഭക്ഷണമൊരുക്കുന്നത്.
ഇത് തീര്‍ച്ചയായും ആരോഗ്യകരമായ പ്രവണതയല്ല. മുൻകാലങ്ങളിലെല്ലാം ശീലിച്ചുവന്ന ഒരു രീതി ഇപ്പോഴും നിര്‍ബാധം തുടരുകയാണ് ഇതിലൂടെ. ഭക്ഷണമുണ്ടാക്കുകയെന്നത് സ്ത്രീകളുടെ ജോലിയായി മാത്രം കണക്കാക്കുന്ന രീതി ഇന്ന് പഴഞ്ചനായി മാറിക്കഴിഞ്ഞിരിക്കുന്നു. സ്ത്രീയും പുരുഷനും ഒരുപോലെ ഇക്കാര്യങ്ങളില്‍ പങ്കാളികളാകണമെന്ന വാദമാണ് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കാറ്.
എങ്കിലും ഇന്നും പല വീടുകളിലെയും അവസ്ഥകള്‍ മാറിയിട്ടില്ലെന്നത് സത്യമാണ്. പ്രധാനമായും അമ്മമാര്‍ക്കാണ് ഈ ജോലിയില്‍ നിന്ന് ഒരു മാറ്റം ലഭിക്കാത്തത്.
ഇതേ അനുഭവത്തിലൂടെ വര്‍ഷങ്ങളോളം കടന്നുപോയതിന് ശേഷം വ്യത്യസ്തമായ രീതിയില്‍ ചെറിയൊരു പ്രതികരണം നടത്തിയിരിക്കുകയാണ് ഒരു വീട്ടമ്മ. സംഭവം യുകെയിലാണ് നടന്നിരിക്കുന്നത്. ഈ ക്രിസ്മസിന് മക്കളെയും അവരുടെ പങ്കാളികളെയും കുട്ടികളെയുമെല്ലാം വീട്ടില്‍ വിരുന്ന് വിളിച്ചപ്പോള്‍ അവര്‍ക്കുള്ള ഭക്ഷണമൊരുക്കിയതിന് ഒരു തുക ഈടാക്കിക്കൊണ്ടാണ് അറുപത്തിമൂന്നുകാരിയായ കരോളിന്‍ ഡഡ്റിജ് എന്ന സ്ത്രീ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്.
ഇവരുടെ ഭര്‍ത്താവ് 2015ല്‍ മരിച്ചതാണ്. ഇതിന് ശേഷം സാമ്പത്തികമായി പ്രയാസങ്ങള്‍ നേരിട്ടുകൊണ്ടാത്രേ ഇവര്‍ ജീവിച്ചത്. വിശേഷാവസരങ്ങളിലാണെങ്കില്‍ എപ്പോഴും എല്ലാവരും ഒന്നിച്ചുകൂടുമ്പോള്‍ ഇവര്‍ തന്നെയാണ് സാധാരണഗതിയില്‍ ഭക്ഷണകാര്യങ്ങളെല്ലാം നോക്കാറ്.
എന്നാലിപ്പോള്‍ ചെലവുകളെല്ലാം കുത്തനെ വര്‍ധിച്ച സാഹചര്യമാണെന്നും എന്തിനാണ് എപ്പോഴും ആഘോഷാവസരങ്ങളില്‍ ഒരാള്‍ തന്നെ ചെലവുകളും മറ്റ് ജോലികളും എല്ലാ ഭാരവും ഒന്നിച്ച് വഹിക്കുന്നതെന്നും ഇവര്‍ ചോദിക്കുന്നു. പ്രാദേശികമാധ്യമങ്ങളില്‍ കരോളിനെ കുറിച്ച് വന്ന റിപ്പോര്‍ട്ടുകള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായതോടെയാണ് ഏവരും ഇതെക്കുറിച്ച് അറിയുന്നത്.
മക്കളുടെ എണ്ണം, അവരുടെ പങ്കാളികള്‍ ഓരോരുത്തരും, പേരക്കുട്ടികളുടെ എണ്ണം എല്ലാമെടുത്ത് ഓരോരുത്തരുടെയും പ്രായത്തിന് അനുസരിച്ചും സ്ഥാനത്തിന് അനുസരിച്ചും വ്യക്തിഗതമായി തന്നെയാണത്രേ ക്രിസ്മസ് വിരുന്നിന് കരോളിൻ ചാര്‍ജ് ഈടാക്കിയത്. ആകെ 18,000 രൂപയാണ് താൻ ഇവരുടെ പക്കല്‍ നിന്ന് വാങ്ങിയതെന്ന് ഇവര്‍ പറയുന്നു.
ഇതില്‍ നല്ലൊരു ഭാഗവും ഭക്ഷണസാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നതിന് തന്നെ ആയെന്നും ഇവര്‍ പറയുന്നു. തന്നെപ്പോലെ ജീവിക്കുന്ന സ്ത്രീകള്‍ക്ക് ഈ ആശയം വേണമെങ്കില്‍ അവലംബിക്കാമെന്നും അതുകൊണ്ടാണ് ഇത് തുറന്ന് പങ്കുവയ്ക്കുന്നതെന്നും കരോളിന്‍ പറയുന്നു. മക്കളും അവരുടെ പങ്കാളിമാരുമെല്ലാം സന്തോഷത്തോടെയാണ് പണം നല്‍കിയതെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
Also Read:- കൊവിഡ് 19: വീട്ടില്‍ കുട്ടികളും പ്രായമായവരുമുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍....