82 വയസുകാരിയായ ഡോക്ടർ ലെനിയുടെ ജീവിതം ഈ വനിതാ ദിനത്തിലൊരു വാർത്തയാകുന്നത് ഡോക്ടർ കടന്നു വന്ന ജീവിത വഴികളുടെ പേരിലാണ്
കോട്ടയം: പത്താം ക്ലാസിനു ശേഷം പഠനം ഉപേക്ഷിച്ച് വിവാഹം കഴിക്കാൻ നിർബന്ധിതയായ ഒരു പെൺകുട്ടി. 25 വയസിനിടെ ഭർത്താവിന്റെയും ഒരു മകളുടെയും മരണത്തോടെ അവളുടെ ജീവിതം അവസാനിച്ചെന്ന് ചുറ്റുമുള്ളവർ വിധിയെഴുതി. ജീവിതത്തിലെ ആ തിരിച്ചടികളിൽ നിന്ന് അവൾ തിരികെ കയറി. പഠിച്ചു നാടറിയുന്ന ഡോക്ടറായ ആ പെൺകുട്ടിയുടെ ജീവിത കഥ, പ്രതിസന്ധികളിൽ പതറിപോകുന്ന എല്ലാ പെണ്ണുങ്ങളെയും പ്രചോദിപ്പിക്കുമെന്ന് ഉറപ്പാണ്. കോട്ടയത്തെ മുതിർന്ന ഡോക്ടർ ലെനി മാർക്കോസിന്റെ ജീവിതത്തിലേക്ക്.
കേരളത്തിലെ ആയിരക്കണക്കിന് വനിതാ ഡോക്ടർമാരിൽ ഒരാൾ മാത്രമാണ് കോട്ടയം പാക്കിൽ സ്വദേശിനി ഡോ. ലെനി സൂസൻ മാർക്കോസ്. 82 വയസുകാരിയായ ഡോക്ടർ ലെനിയുടെ ജീവിതം ഈ വനിതാ ദിനത്തിലൊരു വാർത്തയാകുന്നത് ഡോക്ടർ കടന്നു വന്ന ജീവിത വഴികളുടെ പേരിലാണ്.
1960 ൽ പത്തൊമ്പതാം വയസിൽ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ഡോക്ടർ ലെനിയുടെ വിവാഹം. നാലു വർഷത്തിനിടെ ജനിച്ച രണ്ടു മക്കളിൽ ഒരാൾ മരിച്ചു. ഇരുപത്തി അഞ്ചാം വയസിൽ ഭർത്താവിന്റെ മരണം. ജീവിതത്തിലെ മുഴുവൻ സ്വപ്നങ്ങളും അവസാനിച്ചു എന്നു കരുതിയിടത്തു നിന്നാണ് അന്നത്തെ ആ ഇരുപത്തിയഞ്ചുകാരി തന്റെ ഇച്ഛാശക്തിയുടെ കരുത്തിൽ വീണ്ടും അക്ഷര വഴിയിലേക്ക് തിരിച്ചു വന്നതും നാടറിയുന്ന ഡോക്ടറായതും.
ചുറ്റും നിന്ന് ഉയർന്ന എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലെനി പഠിച്ചു. ആദ്യം പിഡിസിയും പിന്നെ എംബിബിഎസും പഠിച്ചു. മുപ്പത്തിയഞ്ചാം വയസിൽ വെല്ലൂർ മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കി ലെനി ഇറങ്ങിയ വർഷം തന്നെ മകൾ ഗ്രെറ്റ അതേ കോളജിൽ എംബിബിഎസ് വിദ്യാർഥിയായി ചേർന്നു.
നാട്ടിൽ വീണ്ടും മടങ്ങിയെത്തിയ ലെനി തൊഴിൽ വഴിയിൽ പരിചയപ്പെട്ട ഡോക്ടർ എം എം മാർക്കോസിനെ വിവാഹം കഴിച്ചു. ഭാര്യ നഷ്ടപ്പെട്ട ദുഖത്തിൽ കഴിഞ്ഞിരുന്ന ഡോക്ടർ മാർക്കോസിന്റെ ആദ്യ വിവാഹത്തിലെ മക്കൾ ലെനിയുടെയും മക്കളായി. ഇന്ന് മക്കളെയെല്ലാം വിദേശത്താണ്. കോട്ടയത്തെ വീട്ടിൽ ഭർത്താവിനൊപ്പം കഴിയുന്നതിനിടെയാണ് കടന്നു വന്ന ജീവിത വഴിയിലെ പ്രതിസന്ധികൾ അതിജീവിച്ച കഥ ഡോക്ടർ ലെനിയൊരു പുസ്തകമാക്കിയത്. ചെറിയ പ്രതിസന്ധികളിൽ തളർന്നു പോകുന്ന ഒരു സ്ത്രീയ്ക്കെങ്കിലും പ്രചോദനം പകരുന്നൊരു പുസ്തകം.