" പപ്പ ഒരു ക്രിമിനൽ വക്കീലാണ്, അത് മറന്നുപോകരുത്", അച്ഛന്റെ പരിഭ്രമം കണ്ട് ഒരു മകളയച്ച മെസ്സേജുകൾ വൈറലാകുന്നു

By Web Team  |  First Published Nov 29, 2019, 4:21 PM IST

ടോയ്‌ലെറ്റിലേക്ക് ചെന്നാണ് അച്ഛന്റെ ഫോൺ സ്റ്റെഫി അറ്റൻഡ് ചെയ്തത്. മറുതലയ്ക്കൽ പപ്പയുടെ ശബ്ദത്തിന് പതിവില്ലാത്ത പതർച്ച. തൊണ്ടയിടറുന്നുണ്ടായിരുന്നു. അടുത്ത ബന്ധുക്കൾ ആരോ മരിച്ചു എന്നുതന്നെ സ്റ്റെഫി കരുതി. 


ഓഫീസ് ടൈമിൽ അച്ഛന്റെ ഫോൺ വന്നപ്പോൾ സ്റ്റെഫി വല്ലാതെ പേടിച്ചു. അങ്ങനെ ഈ നേരത്ത് വിളിക്കുന്ന പതിവുള്ളതല്ല സ്റ്റെഫിയുടെ അച്ഛന്. ഒരുപാട് ചിട്ടവട്ടങ്ങളും നിഷ്കർഷകളും ഒക്കെയുള്ള ഒരാളാണ് തിരക്കേറിയ ഒരു ക്രിമിനൽ അഭിഭാഷകനായ അച്ഛൻ ഡാനിയേൽ. ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ അതിനിടെ വീട്ടുകാര്യം പറഞ്ഞുകൊണ്ട് ആരെയും വിളിച്ചു ബുദ്ധിമുട്ടിക്കരുതെന്ന് എന്നും പറയും. തന്റെ ഓഫീസിലേക്കും വീട്ടിൽ നിന്ന് ആരും തന്നെ വിളിക്കുന്നത് തീരെ ഇഷ്ടമില്ലാത്ത ആളാണ്. 

ധൃതിപ്പെട്ട് പുറത്തിറങ്ങി, ടോയ്‌ലെറ്റിലേക്ക് ചെന്നാണ് അച്ഛന്റെ ഫോൺ സ്റ്റെഫി അറ്റൻഡ് ചെയ്തത്. മറുതലയ്ക്കൽ ഡാനിയേലിന്റെ ശബ്ദത്തിന് പതിവില്ലാത്ത പതർച്ച. തൊണ്ടയിടറുന്നുണ്ടായിരുന്നു. കരച്ചിലിന്റെ വക്കിലെത്തിയ ഒച്ച. പറയാൻ വാക്കുകൾ നേരെ കിട്ടുന്നില്ല. അടുത്ത ബന്ധുക്കൾ ആരോ മരിച്ചു എന്നുതന്നെ സ്റ്റെഫി കരുതി. ആകെ പരിഭ്രമിച്ചുപോയി നിമിഷനേരം കൊണ്ടവൾ. 

Latest Videos

undefined

" എന്തുപറ്റി പപ്പാ..? " സ്റ്റെഫി അച്ഛനോട് ചോദിച്ചു.

പ്രശ്നം വിചാരിച്ചത്ര ഗുരുതരമായിരുന്നില്ല. ചെസ്റ്ററിനെ കാണാനില്ല. അത്രതന്നെ. ആരാണ് ചെസ്റ്ററെന്നോ..?സ്റ്റെഫിയുടെ വളർത്തെലിക്കുഞ്ഞനാണ് ചെസ്റ്റർ. അവൾ കൂട്ടിലിട്ട് പാലും തേനുമൂട്ടി വളർത്തിയിരുന്ന അരുമ വളർത്തുമൃഗം, 'ചെസ്റ്റർ'. ജോലി കിട്ടുന്നതിന് മുമ്പുള്ള അവസാനത്തെ രണ്ടു വർഷം സ്റ്റെഫി പഠിക്കാൻ വേണ്ടി നാടുവിട്ട്  ബോസ്റ്റണിൽ പോയി നിന്നപ്പോൾ ചെസ്റ്ററിനെ നോക്കിയിരുന്നത് ഡാനിയേൽ ആയിരുന്നു. ആ കുഞ്ഞെലിയുമായി വല്ലാത്തൊരു ആത്മബന്ധമായിരുന്നു അയാൾക്ക്. 

വിവാഹമോചിതരാണ് സ്റ്റെഫിയുടെ അച്ഛനമ്മമാർ. അച്ഛന്റെ കൂടെയാണ് അവൾ താമസം. തികഞ്ഞ യാഥാസ്ഥിതികൻ,  നഗരത്തിലെ അറിയപ്പെടുന്ന ക്രിമിനൽ അഭിഭാഷകൻ, പുറമേക്ക് പരുക്കണെങ്കിലും, മകളുമായി ബന്ധപ്പെട്ട എന്തിലും ഏറെ ലോലഹൃദയനുമായിരുന്നു ആ അച്ഛൻ. 

ചെസ്റ്ററാണെങ്കിൽ ആളൊരു കൂൾ പെറ്റായിരുന്നു. ആളൊരു കുഞ്ഞെലിയാണ്, കൂട്ടിലടച്ചിരിക്കുകയാണ് എങ്കിലും, അതിനുള്ളിലെ പരിമിതമായ സൗകര്യങ്ങളിൽ ആൾ ഹാപ്പിയായിരുന്നു. ഓടി രക്ഷപ്പെടാനൊന്നും ഇന്നുവരെ ചെസ്റ്റർ ശ്രമിച്ചിരുന്നില്ല. മുടങ്ങാതെ കൊടുക്കുന്ന ഭക്ഷണവും നുണഞ്ഞ്, കൂട്ടിനുള്ളിലെ കുഞ്ഞുമെത്തയിൽ ചുരുണ്ടുകൂടിയങ്ങനെ കിടന്നുറങ്ങുക വലിയ ഇഷ്ടമുള്ള വേലയാണ് ആശാന്. അവനെയാണ് കാണാതായി എന്ന് അച്ഛൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

സ്റ്റെഫിക്ക് വിവരം കേട്ടപ്പോൾ ആദ്യം അലറിക്കരയാനാണ് തോന്നിയത്. അവളുടെ ജീവന്റെ ജീവനാണ് ചെസ്റ്റർ. പക്ഷേ, അപ്പുറത്തുള്ളത് ജീവന്റെ മറ്റേപ്പാതിയാണല്ലോ എന്നോർത്തപ്പോൾ അലർച്ച തൊണ്ടക്കുഴിയിൽ തട്ടി നിന്നു. ഉരുണ്ടുകൂടി വന്ന സങ്കടം കവിളിലൂടെ ഒലിച്ചിറങ്ങിയപ്പോഴും, കരച്ചിൽ നിയന്ത്രിച്ച് അവൾ സംയമനം പാലിച്ചുകൊണ്ട് അച്ഛനോട് ചോദിച്ചു, " എങ്ങനെ..?" 

ഹൃദയം നിലച്ചുപോവുന്നതുപോലെ തോന്നി സ്റ്റെഫിക്ക്. " ഡാനിയേലിന് ചെസ്റ്ററിനെ അല്ലെങ്കിലും ഇഷ്ടമായിരുന്നില്ലല്ലോ", അവൾ ഓർത്തു.  

അവളുടെ ആ വിചാരം പക്ഷേ, തെറ്റായിരുന്നു. ചെസ്റ്റർ ഡാനിയേലിന്റെയും ആത്മമിത്രമായിക്കഴിഞ്ഞിരുന്നു. ശരിയാണ്, ആദ്യമൊന്നും ചെസ്റ്ററിനെ ഡാനിയേലിന് വലിയ പ്രിയമൊന്നും ഉണ്ടായിരുന്നില്ല. ഘടാഘടിയന്മാരായ ജർമ്മൻ ഷെപ്പേർഡ് നായ്ക്കളെ വളർത്തി ശീലിച്ച ഡാനിയേലിന് ഈ കുഞ്ഞെലിയെ എങ്ങനെയാണ് ഒരു വളർത്തുമൃഗമെന്നുപോലും അംഗീകരിക്കാനാവുക? എന്നാൽ, സ്വന്തം മക്കൾക്കുവേണ്ടി അവനെ പരിചരിച്ചു തുടങ്ങി ഒടുവിൽ അവന്റെ കളികളിൽ ഡാനിയേലും മയങ്ങി. അവനെ ഏറെ ഇഷ്ടപ്പെട്ടു. 

കൂട്ടിൽ നിന്ന് പുറത്തിറക്കും ഇടക്കൊക്കെ ഡാനിയേൽ ചെസ്റ്ററിനെ. കൂട്ടിനു വെളിയിലെടുത്താലും അവൻ ഓടിപ്പോവില്ലായിരുന്നു. അവനെ ഷർട്ടിന്റെ പോക്കറ്റിൽ വെച്ച് ഫോട്ടോ എടുക്കുമായിരുന്നു ഡാനിയേൽ, മകൾക്ക് അയച്ചുകൊടുക്കാൻ. "നീയില്ലെന്നുവെച്ച് ഇവിടെ ചെസ്റ്ററിന് ഒരു സന്തോഷക്കുറവുമില്ല സ്റ്റെഫീ.." എന്ന് ഫോട്ടോയ്ക്ക് അടിക്കുറിപ്പിടും ഡാനിയേൽ. ചെസ്റ്ററിന് ഓടി എക്സർസൈസ് ചെയ്യാൻ വേണ്ടി ഒരു ക്ലിയർ ബോൾ വാങ്ങി വെച്ചിട്ടുണ്ടായിരുന്നു അയാൾ. കുറേ നേരം ഓടി ക്ഷീണിച്ചു കഴിഞ്ഞാൽ ഇറക്കി ഓഫീസ് മുറിയിൽ വിടും. ഡാനിയേൽ കൂടുവൃത്തിയാക്കിക്കഴിയുന്നതുവരെ ചെസ്റ്റർ അവിടെയൊക്കെ ഓടിനടക്കും. കുറേ നേരം കൂടി കഴിഞ്ഞ് തിരിച്ച് കൂട്ടിൽ കയറ്റി ഉറക്കും. അതായിരുന്നു പതിവ്. 

എങ്ങനെ എപ്പോൾ ചെസ്റ്റർ  തന്റെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെട്ടു എന്ന് ഡാനിയേലിന് നിശ്ചയമില്ല. പക്ഷേ, കൂടു വൃത്തിയാക്കി തിരിഞ്ഞു നോക്കിയപ്പോൾ ആളെ കാണാനില്ല. ചെസ്റ്റർ ഇറങ്ങി ഓടിക്കളഞ്ഞു എന്ന് ബോധ്യപ്പെട്ടതോടെ ഡാനിയേലിന്റെ ബോധക്ഷയം വന്നപോലായി. അത്, അടുത്ത 12 മണിക്കൂർ നീണ്ടു നിന്ന ദുരിതാന്വേഷണത്തിന്റെ  തുടക്കം മാത്രമായിരുന്നു എന്ന് ഡാനിയേൽ അപ്പോൾ തിരിച്ചറിഞ്ഞില്ല. 

" ചെസ്റ്റർ.. ചെസ്റ്റർ.." അവന് പേരൊക്കെ വിളിച്ചാൽ അറിയുമോ എന്ന് നല്ല നിശ്ചയമില്ലാതിരുന്നിട്ടും ആ പേരുതന്നെ ഉറക്കെ വിളിച്ചുകൊണ്ട് ഫ്ലാഷ് ലൈറ്റും കൊണ്ട് മുരിയായ മുറിയെല്ലാം ഡാനിയേൽ കേറിയിറങ്ങി. ഒരു മണിക്കൂർ നേരത്തോളം അരിച്ചുപെറുക്കി നോക്കിയിട്ടും ചെസ്റ്ററിനെ കിട്ടാഞ്ഞപ്പോഴാണ് ഡാനിയേൽ പരിഭ്രാന്തനായി മകളെ വിളിച്ചു പറഞ്ഞത്. " ആകെ പ്രശ്നമായി മോളെ.." 

കാര്യം പറഞ്ഞപ്പോൾ മകൾ പ്രതികരിച്ച രീതിയിൽ നിന്നുതന്നെ ഡാനിയേലിന് ഒരു കാര്യം ബോധ്യപ്പെട്ടു. അടുത്ത ദിവസം രാവിലെ തന്നെ അവൾ പുറപ്പെട്ടിങ്ങെത്തും. തന്നെ വേദനിപ്പിക്കാതിരിക്കാൻ, " സാരമില്ല പപ്പാ.. അവൻ വന്നോളും.. നോക്കൂ.. " എന്നൊക്കെ പറഞ്ഞെങ്കിലും തന്റെ മകളുടെ  നെഞ്ചു തകർന്നിരിക്കുകയാണെന്ന് ആ അച്ഛന് മനസ്സിലായി. അയാൾക്ക് ഇരിക്കപ്പൊറുതിയുണ്ടായിരുന്നില്ല. കുറച്ചുനേരം തേടും. പിന്നെ വന്ന് മകൾക്ക് രണ്ടു മെസ്സേജിടും. പിന്നെയും അന്വേഷിക്കും. പിന്നെയും മെസ്സേജിടും. അയാൾക്ക് വല്ലാത്ത കുറ്റബോധം തോന്നി. താൻ കൂടുതുറക്കാൻ പോയിട്ടല്ലേ അവൻ പുറത്തിറങ്ങിപ്പോയത് എന്ന് അയാൾ അവനവനെ പഴിച്ചു. "വല്ല കണ്ടൻപൂച്ചയുടെയും മുന്നിൽ ചെന്നുപെട്ട് അവന്റെ ജീവനുവല്ലതും പറ്റിയാൽ പിന്നെ, ദൈവമേ.. ഞാനെങ്ങനെ അവളുടെ മുഖത്ത് നോക്കും..? " നേരം ഇരുട്ടിത്തുടങ്ങിയതോടെ ഡാനിയേലിന് വേവലാതിയേറി. " മോളെ.. ഞാൻ നോക്കിക്കൊണ്ടിരിക്കുകയാണ്. ചെസ്റ്ററിന് ഒരു കുഴപ്പവും വരില്ല. പപ്പ, ഉറപ്പ്.. " അയാൾ പിന്നെയും ഒരു മെസ്സേജ് കൂടി അയച്ചു.

" ഇത് എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിവസമാണ്. ചെസ്റ്റർ തിരിച്ചു വന്നില്ലെങ്കിൽ എനിക്ക് ഒരിക്കലും അവനവന് മാപ്പുനൽകാൻ പറ്റില്ല. " ഡാനിയേൽ മകളെ സമാധാനിപ്പിക്കാൻ വീണ്ടും എഴുതി, " ഇന്ന് കിട്ടിയില്ലേൽ ഞാൻ നാളെ ഓഫീസിൽ പോവുന്നില്ല. ലീവെടുത്തിരുന്ന് നോക്കും. മോള് വിഷമിക്കണ്ട. നമുക്ക് ചെസ്റ്ററിനെ കണ്ടുപിടിക്കാം.. ഓക്കേ..? " 

ഒടുവിൽ സ്റ്റെഫിയുടെ മറുപടിയെത്തി, " പപ്പാ... കാം ഡൌൺ..! ചെസ്റ്റർ ഒരു എലിക്കുഞ്ഞ് മാത്രമാണ്. അവൻ ചാടിപ്പോയി. ഞാൻ പപ്പയെ കുറ്റപ്പെടുത്തില്ല. നാളെ ഓഫീസിൽ പോവാതിരിക്കരുത്. പപ്പ ഒരു ലോയറാണ്. അവൻ ഒരു എലികുഞ്ഞും, അത് മറക്കണ്ട..! ഡോണ്ട് വറി. അവനു വേണെങ്കിൽ അവൻ തിരിച്ചു വന്നോളും.." 

മകൾ അങ്ങനെ പറഞ്ഞെങ്കിലും, ഡാനിയേലിന്റെ മനസ്സിന് സമാധാനം കിട്ടിയില്ല. അത് അയാളുടെ ജീവിതത്തിലെ ഏറ്റവും മോശം ദിവസം തന്നെയായിരുന്നു. 

ഭൂമിയിൽ അന്വേഷിച്ചിട്ട് കാണാഞ്ഞപ്പോൾ ഡാനിയേൽ ഈ ലോകത്ത് തപ്പാൻ തീരുമാനിച്ചു. ഗൂഗിളിൽ കേറി " എലിക്കുഞ്ഞിനെ തപ്പിപ്പിടിക്കുന്നതെങ്ങനെ ? " എന്ന് തിരഞ്ഞു. ഗൂഗിൾ അയാൾക്ക് ഉപകാരപ്പെടുന്ന ഒരു വിവരം നൽകി, " എലിക്കുഞ്ഞുങ്ങൾ നിശാചരന്മാരാണ്. രാത്രി തപ്പി നോക്കൂ, ചിലപ്പോൾ രക്ഷകിട്ടും.." 

ചെസ്റ്ററിലെ പ്രലോഭിപ്പിക്കാൻ വേണ്ടി അവന്റെ കളിപ്പാട്ടങ്ങളൊക്കെ താഴെ കാർപ്പെറ്റിൽ തന്നെ നിരത്തിവെച്ചു. ഇനി അഥവാ അവനു വിശന്നാലോ എന്നുകരുതി ഒരു പിഞ്ഞാണത്തിൽ വെള്ളവും, മറ്റൊന്നിൽ ഭക്ഷണവും വെച്ചു. ഏതോ  ഒരു ബ്ലോഗൻ ഉപദേശിച്ച ബുദ്ധി പിന്തുടർന്ന് തറയിൽ ഗോതമ്പുമാവ് വിതറി ചെസ്റ്ററിന്റെ കാലടിപ്പാടുകൾ കണ്ടുപിടിക്കാൻ ശ്രമിച്ചു. ( എവടെ..! ) വീട്ടിലെ മർമ്മപ്രധാനമായ ഭാഗങ്ങളിൽ പീനട്ട് ബട്ടർ വെച്ച് ഇടയ്ക്കിടെ അവിടെല്ലാം റോന്തുചുറ്റി. 

കുട്ടിക്കാലത്ത് ഏറെ ഇഷ്ടമുണ്ടായിരുന്ന പട്ടിക്കുഞ്ഞനെ കളഞ്ഞുപോയപ്പോൾ അനുഭവിച്ച അതേ സങ്കടം തനിക്കിപ്പോൾ തോന്നുന്നു എന്നുപോലും ഡാനിയേൽ മകൾക്ക് മെസ്സേജിട്ടു. ചെസ്റ്ററിനെ കാണാതായി പന്ത്രണ്ടു മണിക്കൂർ നേരമാകുന്നു. ഡാനിയേൽ ഇതുവരെ ഒരുപോള കണ്ണടച്ചിട്ടില്ല. കാർപെറ്റിലേക്കും നോക്കി അറിയാതെ ഒന്ന് മയങ്ങിപ്പോയ അയാൾ, പെട്ടെന്ന് ഞെട്ടിയുണർന്നു. കാർപ്പെറ്റിലേക്ക് ഒട്ടും പ്രതീക്ഷയില്ലാതെ വീണ്ടും കണ്ണും നട്ടിരുന്നു. പെട്ടെന്ന്, ചുവന്ന പരവതാനിയുടെ അറ്റത്ത് ഒരു ബ്രൗൺ പൊട്ടുപോലെ. സ്വപ്നമാണോ എന്നറിയില്ല.. അയാൾ കണ്ണും തിരുമ്മി ഒന്നുകൂടി നോക്കി. മൂക്കും കൂർപ്പിച്ച്, മണത്ത് മണത്ത് വരുന്നത് ചെസ്റ്റർ തന്നെയോ? അയാൾക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല.  അയാൾ പതുങ്ങി, പതുങ്ങി അടുത്തുചെന്നു. പീനട്ട് ബട്ടർ രുചിച്ചുകൊണ്ടിരുന്ന ചെസ്റ്ററിനെ ചാടിപ്പിടിച്ചു. " കിട്ടിപ്പോയി.." അയാൾ നെടിയൊരു ദീർഘനിശ്വാസം ഉതിർത്തു. " കർത്താവേ... നിനക്ക് നന്ദി..ആമേൻ.." ഡാനിയേൽ ദൈവത്തെ സ്മരിച്ചു. 

പിടിച്ച പിടിക്ക് ചെസ്റ്ററിലെ നേരെ കൊണ്ട് അവന്റെ കൂട്ടിനുള്ളിൽ അടച്ച്, മൂക്കും വെളിയിലിട്ടിരിക്കുന്ന അവന്റെ ഒരു ഫോട്ടോ എടുത്ത് ചൂടോടെ മകളുടെ വാട്ട്സാപ്പിൽ ഇട്ട് അയാൾ കുറിച്ച്, " കിട്ടി, മോളേ, കിട്ടി...!"

my dad took over my hamster once i went back to college and ended up getting really attached and today he escaped and this goes to prove how truly pure my father is pic.twitter.com/JmTJl6jFBI

— Steph Veerman (@stephyj725)


 
അച്ഛൻ എന്ന പരുക്കനായ ക്രിമിനൽ അഭിഭാഷകന്റെ ഏറെ 'സിവിലായ' ഈ പരിഭ്രാന്തനിമിഷങ്ങളെപ്പറ്റി സരസമായി സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത് മകൾ സ്റ്റെഫി തന്നെയായിരുന്നു. ഇട്ട നിമിഷം തന്നെ ആ വിവരണങ്ങൾ വൈറലാവുകയായിരുന്നു. മറ്റുള്ളവരും തങ്ങളുടെ സമാനമായ നഷ്ടപ്പെടലുകളുടെയും, കണ്ടെത്തലുകളുടെയും കഥകളും പങ്കുവെച്ചു. 
 

click me!